റംസാന് പെരുന്നാള്‍ വന്നണയുകയാണ്. കര്മശുദ്ധിയുടെയും ബോധശുദ്ധിയുടെയും ചിന്താശുദ്ധിയുടെയും തീവ്രവ്രതമായ ഒരുമാസത്തിനു ശേഷമാണ് റംസാന്റെ ആഘോഷം. ആ ആഘോഷത്തിലേക്ക് ശുദ്ധചര്യകളിലൂടെ മാത്രമേ പ്രവേശനമുള്ളൂ. ഇസ്ലാം എന്ന മതം ജീവിതചര്യക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്. ശുദ്ധി അതിന്റെ മുഖ്യപ്രമാണങ്ങളിലൊന്നാണ്. ദിവസം അഞ്ചു നമസ്കാരങ്ങളുള്ളതില് ഓരോന്നിനും മുന്നേ ശരീരത്തെ അംഗപ്രത്യംഗം ശുദ്ധമാക്കുന്നത് അനുഷ്ഠാനം പോലെ ക്രമപ്പെടുത്തിയിട്ടുണ്ട്. അത് ശരീരത്തിന്റെ ശുദ്ധിയുടെ കാര്യമാണെങ്കില്‍ നോമ്പ് ആത്മാവിന്റെ ശുദ്ധിയുടെ കാര്യമാണ്. തനുമനങ്ങളൊരുപോലെ ശുദ്ധമാകുന്ന ഒരു ജീവിതചര്യയാണ് ഇസ്ലാമിന്റെ ജീവിതദര്‍ശനമെന്ന് ലളിതമായി പറയാം.
പലരും കരുതിയിട്ടുള്ളത് നോമ്പെന്നത് പട്ടിണിയിരിക്കലാണ് എന്നാണ്. എന്നാല്‍, ഭക്ഷണവുമായി നോമ്പിന് സത്യത്തില്‍ പരോക്ഷബന്ധമേയുള്ളൂ എന്നതാണ് സത്യം. ഭക്ഷണവും ജലവും ഉപേക്ഷിക്കുകയെന്നത് വെറും അടയാളം മാത്രമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും അകത്തേക്ക് കൊതി തോന്നിപ്പിക്കുന്നതും പ്രലോഭനപ്രദങ്ങളുമായ ഒന്നും കടത്തിവിടാതെ, അവയെ പരിത്യജിക്കുന്നതാണ് നോമ്പ്. അതിന്റെ പ്രത്യക്ഷ അടയാളം മാത്രമാണ് അന്നപാനീയതിരസ്കാരം. നോമ്പിന്റെ നിബന്ധനകളിലെ ഇളവുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെ അന്തരാര്‍ത്ഥം ഗ്രഹിക്കാനാകും. ഒരാള്‍ നോമ്പിലിരിക്കെ, മറവി പറ്റി ഭക്ഷണം കഴിച്ചുവെന്നിരിക്കട്ടെ, അയാളുടെ നോമ്പു മുറിയുമോ? ഇല്ലെന്നുള്ളതാണു വാസ്തവം. ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാള്‍ക്ക് പൊടുന്നനെ താന്‍ നോമ്പിലാണെന്ന കാര്യം ഓര്മ വരുന്നതെങ്കില്‍, ആ നിമിഷം ആഹാരം ഉപേക്ഷിച്ചാല്‍ നോമ്പു മുറിയില്ല. അതേസമയം, എന്തായാലും വാരിപ്പോയതല്ലേ, ഈ ഉരുള കൂടി കഴിച്ചേക്കാം എന്നു കരുതി ഒരു വറ്റെങ്കിലും നോമ്പിലാണെന്ന ഓര്‍മയോടെ കഴിച്ചാല്‍ നോമ്പ് നഷ്ടപ്പെടുകയും ചെയ്യും. ഇതില്‍ നിന്ന് വ്യക്തമാകുന്നത്, നോമ്പിലെ ആഹാരത്യാഗം പട്ടിണിയെ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച്, സുഖാനുഭവങ്ങളെ തിരസ്കരിച്ചുകൊണ്ട് ആത്മീയവിശുദ്ധി പ്രാപിക്കാനുള്ള മാര്‍ഗം മാത്രമാണെന്നു തന്നെയാണ്.
ആഹാരവും വെള്ളവും ഉപേക്ഷിച്ച്, മതമനുശാസിക്കുന്ന നോമ്പെടുക്കുന്ന പലരും നല്ല വിശപ്പു കയറിക്കഴിഞ്ഞാല്‍ മറ്റുള്ളവരോടു കയര്‍ക്കുന്നതും നിസ്സാരകാരണങ്ങള്‍ക്കു പോലും കോപിഷ്ഠരാകുന്നതും കാണാം. ഇതൊക്കെ നോമ്പ് ആ വ്യക്തിക്ക് ഫലം ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ്. നോമ്പുകാലം ഹൃദയശുദ്ധിക്കള്ള നാളുകളായി കണക്കാക്കുന്നവര്‍ക്ക് വിശപ്പു തോന്നില്ല. അവര്‍ കോപത്തെയും മോഹത്തെയും ഒക്കെ ത്യജിക്കുന്നു. ഭക്ഷണത്തിന്റെ മണം അവരെ സ്പര്‍ശിക്കുക പോലും ചെയ്യില്ല.
ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതുപോലെ പ്രധാനമാണ് പ്രലോഭനം തോന്നിപ്പിക്കുന്ന മറ്റു പലതിനെയും പുറംതള്ളുന്നത്. സുഗന്ധലേപനങ്ങളുടെയും മറ്റും രൂക്ഷഗന്ധങ്ങള്‍ സ്വീകരിക്കുന്നതും കാമമുണര്‍ത്തുന്ന പുസ്തകങ്ങള്‍ വായിക്കുന്നതും അത്തരം ചിത്രങ്ങള്‍ കാണുന്നതും അത്തരം സംസാരത്തിലേര്പ്പെടുന്നതുമൊക്കെ നോമ്പിന്റെ ഫലത്തിനെതിരാണ്. എന്തിനേറെപ്പറയുന്നു, പരദൂഷണത്തിലേര്പ്പെടുന്നതുപോലും നോമ്പിന്റെ ഉദ്ദേശ്യത്തെ റദ്ദുചെയ്യുന്നു.
നോമ്പ് മലയാളികളായ പ്രവാസികളുടെ ഒരു പ്രധാനജീവിതാനുഭവമാണ്. ഇസ്ലാമിന്റെ ഉദയദേശങ്ങളായ മദ്ധ്യപൂര്വേഷ്യയില് കഴിയുന്ന നാനാജാതിമതസ്ഥരായ മലയാളികളും സ്വന്തം ജീവിതത്തിന്റെ ഉരകല്ലായി ഈ അവസരം കാണുന്നു. ഇസ്ലാം തന്നെ പ്രവാസത്തിന്റെ മതമാണ്. ഇസ്ലാമിക കലണ്ടറായ ഹിജ്റ പ്രവാചകന്റെ പ്രവാസത്തിന്റെ സ്മരണയാണ്. അതുകൊണ്ടുതന്നെ അറേബ്യന്‍ നാടുകളില്‍ കഴിയുന്ന ആളുകള്‍ ഈ മതത്തിന്റെ ഏറ്റവും പുണ്യകരമായ റംസാന്നാളുകളുടെ പ്രവാസസ്മൃതികളാല് ധന്യരാകുന്നുണ്ട്.
നോമ്പുകാലത്ത് നോമ്പു വീടുന്ന വൈകുന്നേരങ്ങളെ ആഹാരധൂര്ത്താക്കി മാറ്റുന്ന ഒരു ശീലം മലയാളിക്കുണ്ട്. പകലന്തിയോളം പട്ടിണിയിരിക്കുകയും സന്ധ്യാനേരത്ത് അമിതമായി ഭക്ഷിക്കുകയും ചെയ്യുന്നത് നോമ്പിന്റെ ഉദ്ദേശ്യമല്ല. നേരേമറിച്ച്, സമ്പുഷ്ടിയില്‍ സമ്പന്നവും അളവില്‍ മിതവുമായ ഭക്ഷണമാണു ഗുണം ചെയ്യുക. അതിന് ഏറ്റവും പറ്റിയത് മരുഭൂമികളില്‍ വളരുന്ന ഉണക്കപ്പഴങ്ങളാണ് (ഡ്രൈ ഫ്രൂട്ട്സ്). നോമ്പിന്റെ അടയാളമായി ഈന്തപ്പഴവും കാരയ്ക്കയും മാറുന്നത് അതുകൊണ്ടുകൂടിയാണ്. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും ഗള്‍ഫില്‍ സ്വപ്നങ്ങള്‍ കൊയ്യാന്‍ മലയാളി കടലു കടന്നതോടെയാണ് കേരളത്തിന്റെ നോമ്പുവൈകുന്നേരങ്ങളിലും ഈന്തപ്പഴവും കാരയ്ക്കയും ഇടംപിടിക്കുന്നത്.
നോമ്പ് മൃഷ്ടാന്നതയിലേക്കല്ല, സമ്പന്നതയിലേക്കാണ് നയിക്കുന്നത്; ധൂര്ത്തിലേക്കല്ല, മിതത്വത്തിലേക്കാണ്. ഇന്ന് ലോകത്തിന്റെ ഒരു ചെറിയ ആള്‍ക്കൂട്ടം തിന്നുതടിക്കുകയും തീറ്റപ്പണ്ടങ്ങള്‍ വെറുതെ കളയുകയും ഒരു വലിയ ആള്‍ക്കൂട്ടം തിന്നാനില്ലാതെ മരിക്കുകയും ചെയ്യുകയാണ്. ഈ കാലത്തിന് നോമ്പും റംസാനും നല്കുന്ന സന്ദേശം വളരെ വ്യക്തമാണ്. അതു ഗ്രഹിക്കാന്‍ കഴിയുകയാണ് ഇന്ന് കാലമാവശ്യപ്പെടുന്ന ഏറ്റവും വലിയ ശുദ്ധി.
അന്‍വര്‍ അബ്ദുള്ള








