വൈറല്‍ മാര്‍ക്കറ്റിങ് ആണു് ഇപ്പോഴത്തെ ട്രെന്‍ഡ്. വളരെ എളുപ്പത്തില്‍ ശ്രദ്ധപിടിച്ചുപറ്റാനും ഒരു പ്രോഡക്ടിലേക്കോ വ്യക്തിയിലേക്കോ പ്രേക്ഷകരെ ആകര്‍ഷിക്കാനും ഇത്രയും മെച്ചപ്പെട്ട മാര്‍ഗ്ഗം വേറെയില്ല. എത്രയും കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്നുവോ, അത്രയും കൂടുതല്‍ പരസ്യപ്പെടുന്നു എന്നതാണു് ഇതിന്റെ മെച്ചം. പങ്കുവയ്ക്കല്‍ ഒരിക്കലും കടല്‍ക്കൊള്ളയല്ലെന്നും അതു് കൂടുതല്‍ വരുമാനം നേടിത്തരുകയേയുള്ളുവെന്നും തെളിയിക്കാന്‍ ഇതില്‍ പരം എന്തുദാഹരണമാണവശ്യം? മ്യൂസിക് പൈറസി എന്ന പേരില്‍ ബഹളം വയ്ക്കുന്നവര്‍ക്കെതിരെ എടുത്തുപിടിക്കാന്‍ പറ്റുന്ന ഉഗ്രനൊരു വാദം!
ഈ ജനുസ്സിലുള്ള ഏറ്റവും പുതിയ മ്യൂസിക് വീഡിയോയാണു് why this kolaveri di എന്ന പാട്ടു്. രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നു് എന്ന തമിഴ് ചിത്രത്തിലേതാണു് ഈ കൊലകൊമ്പന്‍ ഗാനം. ബ്രൂസ്ലി ധനുഷ് നായകനും കമലഹാസന്റെ മകള്‍ ശ്രുതി ഹാസന് നായികയുമായി തകര്‍ത്തഭിനയിക്കുന്ന മൂന്ട്രിനു് ഈ ഒറ്റ പാട്ടുകാരണം അപാരമായ പബ്ലിസിറ്റിയാണു ലഭിച്ചതു്. ധനുഷ് തന്നെയാണു് ഗാനം ആലപിക്കുന്നതും.
ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി സോണി മ്യൂസിക് ഇന്ത്യ, ഈ പാട്ടിന്റെ ചിത്രീകരണ ആല്‍ബം പുറത്തുവിട്ടതോടെയാണു് ഫേസ്ബുക്കിലും ട്വിറ്ററിലും ഗാനം ട്രെന്ഡിയായതു്. മൂന്നു ദിവസമായി ഇന്ത്യയിലെ ട്വിറ്റര്‍ സ്ട്രീമില്‍ ടോപ് ടെന്നില്‍ കളിക്കുന്ന കൊലവെറി ഇന്നു് അതില്‍ തന്നെ ഏറ്റവും ടോപ്പിലേതാണു്. എന്തിനധികം പറയുന്നു, ആനന്ദ് മഹീന്ദ്ര വരെ #kolaveri എന്ന ഹാഷ് ടാഗ് ഉപയോഗിച്ചു് പാട്ടിനു പബ്ലിസിറ്റി കൊടുക്കുന്നു. അതും പോരാഞ്ഞു്, #kolaViral എന്ന പുതുപുത്തന്‍ ഹാഷ് ടാഗ് ഉപയോഗിച്ചു പിന്നെയും ട്വീറ്റ് ചെയ്യുന്നു, മഹീന്ദ്ര.
എന്താണു് ഈ പാട്ടിന്റെ പ്രത്യേകതയെന്നല്ലേ? തമിഴന്റെ സ്വതസിദ്ധമായ ദ്രാവിഡതാളത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ തമിഴില്‍ കോര്‍ത്തു് അണിയിച്ചൊരിക്കിയിരിക്കുന്ന പാട്ടാണിതു്. തംഗ്ലീഷ് എന്നു വേണമെങ്കില്‍ പറയാം. ഷാരൂഖ് ഖാന്റെ രാ1 എന്ന ചിത്രത്തിനു് കൊണ്ടുപിടിച്ചുശ്രമിച്ചിട്ടും എത്തിപ്പിടിക്കാന്‍ കഴിയാഞ്ഞ സോഷ്യല്‍മീഡിയ മാര്‍ക്കറ്റിങ് വിജയമാണു്, ഈ തംഗ്ലീഷ് പാട്ടിലൂടെ മൂന്നു് കൈവരിച്ചതു്. ഇന്ത്യന്‍ സിനിമയിലെ തെക്കുവടക്കു് വേലിയെ പൊളിച്ചടുക്കിയാണു് ഈ പാട്ടു് ഇന്ത്യയൊട്ടുക്കു തരംഗമാകുന്നതു്.
എന്താണു്, ഈ #kolaveriയെ ഇത്രയും വൈറല്‍ ആക്കുന്നതു്? ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് പ്രൊഫഷണലായ കെന്നി ജേക്കബ് പറയുന്നു:
"ഹഹ, ഞാനും അതുതന്നെയാലോചിച്ചു് അത്ഭുതപ്പെട്ടുകൊണ്ടിരിക്കയാണു്. 'കൊലവെറി' എന്നതു് ശക്തമായ വാക്കാണു്. അതിനോടു ചേര്‍ത്തു് സ്ത്രീയെ സംബോധനചെയ്യുന്ന "ഡീ" എന്ന വിളികൂടി ചേര്‍ത്തതാവാം അതിനെ തരംഗമാക്കിയതു്..."
താന്‍ ഒരിക്കലും ഈ വിഡിയോ ഷെയര്‍ ചെയ്യില്ലായിരുന്നു എന്നുകൂടി കെന്നി കൂട്ടിച്ചേര്‍ക്കുന്നു.
മലയാളത്തിലെ പ്രമുഖ സിനിമ, സംഗീത വെബ്സൈറ്റായ m3dbയുടെ അഡ്മിന് കിരണ്‍സ് എന്ന കിരണ്‍ ജോസിന്റെ അഭിപ്രായത്തില്‍ ഇതൊരു 'കൊച്ചു സന്തോഷ് പണ്ഡിറ്റ് ഇഫക്ട്' ആണു്. മൂന്നുകാരണങ്ങളാലാണു് #kolaveri ഹിറ്റായതെന്നു കിരണ്‍ പറയുന്നു: 1) അതിന്റെ താളം, 2) ധനുഷ് പാടുന്നു, 3) ധനുഷ് കാഴ്ചയില്‍ ഏതൊരു സാധാരണക്കാരനെപ്പോലെയുമാണിരിക്കുന്നതു്. അതുകൊണ്ടുതന്നെ ആര്‍ക്കും ധനുഷുമായും ഈ പാട്ടുമായും എളുപ്പത്തില്‍ കണക്ട് ചെയ്യാനാവുന്നു.
"വെളുത്തപെണ്ണ് കറുത്തമനസ്സ് എന്നിങ്ങനെ സ്റ്റീരിയോടൈപ്പിങ് ആയ പ്രയോഗങ്ങള്‍ , കൌവ് കൌവ് ഹോളി കൌവ്വ് തുടങ്ങിയ രസകരമായ ലിറിക്സ്, സാധാരണക്കാരന്റെ ഇംഗ്ലീഷ് ഉച്ചാരണം, ഇതൊക്കെ ക്ലിക്കായി. താരജാഡയില്ലാതെ പാടിയതും ഏറ്റു. ഇതിനുംപുറമേ ഹൈടെക്കുകാര്ക്ക് വേണ്ട എല്ലാ ജാഡയും ഉണ്ടുതാനും: 720 പിക്സല്‍ ഹൈ ഡെഫനിഷന്‍ വീഡിയോ ഉള്‍പ്പടെ..."
കിരണ്‍സ് വാചാലനാകുന്നു.
എന്തിനും ഉണ്ടാകുമല്ലോ, ഒരു ചരിത്രമൊക്കെ. ഈ പാട്ട് ട്രെന്ഡിയാവുമ്പോള് അതിനു നന്ദി പറയേണ്ടതു് വേറെ രണ്ടുപേരോടുകൂടിയാണു്. ഒന്നു് മലയാളിയായ ഡോക്യുമെന്ററി സംവിധായകന് കെ പി ശശിയോടു്. വര്‍ഷങ്ങള്‍ക്കു മുമ്പു് ശശി നിര്‍മ്മിച്ച അമേരിക്ക അമേരിക്ക എന്ന യുദ്ധവിരുദ്ധ മ്യൂസിക് ആല്‍ബമാണു് ഈ രീതിയുടെ മുന്‍ഗാമി. ശശിയുടെ ഈ പാട്ടു് ഛത്തീസ്ഗഡിലെയും ഝാര്‍ഖണ്ഡിലെയും മറ്റും സമരമുഖങ്ങളിലടക്കം മുഴങ്ങിയതാണു്. "സുരാംഗിണി, സുരാംഗിണി, സുരാംഗിണി കാ മാല് ഗണാവാ..." എന്ന പാട്ടിന്റെ ഈണത്തില്‍ കെ പി ശശിയൊരുക്കിയ അമേരിക്ക അമേരിക്ക എന്ന ഗാനം ഇവിടെ.
എന്നാല്‍ ഇതു് കൊമേഴ്സ്യലായി ഉപയോഗിക്കാനാവുന്ന സൂത്രവാക്യമാണെന്ന ധാരണ പകര്‍ന്നതു് തമിഴിലെ നാക്കുമുക്ക നാക്കുമുക്ക എന്ന പാട്ടിനു് തമിഴ്നാട്ടില്‍ തന്നെ ഇറങ്ങിയ തംഗ്ലീഷ് പാരഡിയിലൂടെയാണു്. കാതലിന് വിഴുന്തേന്‍ എന്ന ചിത്രത്തിലെ ഗാനമാണു് തിമോത്തി മധുകറിന്റെ മേല്‍നോട്ടത്തില്‍ മധുരൈ ചിന്നപ്പൊണ്ണു് എന്ന ആര്‍ട്ടിസ്റ്റ് തംഗ്ലീഷിലാക്കി പാടി ഹിറ്റാക്കിയതു്. ഇതും വൈറല്‍ വീഡിയോയായിരുന്നു. ഒറിജിനല്‍ പാട്ട് അഞ്ചുമിനിറ്റോളമുള്ളപ്പോള് പാരഡി ഒരു മിനിറ്റ് 42 സെക്കന്‍ഡ് മാത്രമേയുള്ളു. പക്ഷെ ഈ നാട്ടുകൂത്തു് യൂട്യൂബിലൂടെ ഇന്‍സ്റ്റന്റ് ഹിറ്റായി. ടൈംസ് ഓഫ് ഇന്ത്യ മധുരയില്‍ എഡിഷന് തുടങ്ങുന്നതിന്റെ പരസ്യമായിരുന്നു, അതെന്നുമാത്രം.
ഒറിജിനല്‍ നാക്കുമുക്ക ഇവിടെ:
ചിന്നപ്പൊണ്ണു് - മധുകുമാര്‍ ടീമിന്റെ ടങ്ക് നോസ് ഇവിടെ:
വൈറല്‍ വീഡിയോകള്‍ മലയാളത്തിലുമുണ്ടു്. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം ഹിറ്റായതു് അതിലെ ഗാനങ്ങള്‍ ഉപയോഗിച്ചു നടത്തിയ വൈറല്‍ മാര്ക്കറ്റിങ്ങിലൂടെയാണു്. അതിനുമുന്നെ ഹരിശങ്കറിന്റെ സില്‍സില ഹോ സില്‍സില എന്ന ഗാനവും വൈറല്‍ ആയി പടര്ന്നതാണു്. മാതൃഭൂമിയുടെ മാര്‍ക്കറ്റിങ് വിഭാഗം ബാംഗ്ലൂര്‍ എഡിഷനു വേണ്ടി തയ്യാറാക്കിയ ഒരു പരസ്യവും ഇന്നിപ്പോള്‍ വൈറല്‍ ആയി പടര്‍ന്നുകൊണ്ടിരിക്കുന്നു. കൊച്ചിയിലെ മൈത്രി അഡ്വര്‍ടൈസിങ് എന്ന പരസ്യസ്ഥാപനമാണു് പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം Lost in Banglore എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം പോലെ അണിയിച്ചൊരിക്കിയതു്. ആഷിക് അബുവാണു് സംവിധായകന്. പരസ്യം ഇവിടെ കാണാം:
ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ രണ്ടു വൈറല്‍ വീഡിയോകള്‍ കൂടി പരിചയപ്പെടുത്താം.
മെമെന്റോ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ ഗജിനി പിന്നീടു ഹിന്ദിയിലും റീമേക്ക് ചെയ്തു. അമീര്‍ ഖാനാണ് നായകനായി അഭിനയിച്ചതു്. ഈ ചിത്രം ബോക്സ് ഓഫീസ് തകര്‍ത്തോടുന്ന സമയത്താണു് makemytrip[dot]com എന്ന കമ്പനിയുടെ പുതിയ ട്രാവല്‍ കമ്മ്യൂണിറ്റി സൈറ്റായ oktatabyebyeക്കു വേണ്ടി ഗജോധര്‍ എന്ന സ്പൂഫ് അഡ്വര്‍ടൈസ്മെന്റ് ഇറങ്ങുന്നതു്. അമീര്‍ ഖാന്റെ ക്യാരിക്കേച്ചര് രൂപമായിരുന്നു, ഡല്‍ഹിയിലെ ഇന്ററാക്ടീവ് മാര്‍ക്കറ്റിങ് കമ്പനിയായ webchutney ഒരുക്കിയ ഈ പരസ്യചിത്രത്തില്‍. വീഡിയോ യൂട്യൂബിലും വിമിയോയിലും പരതിയെങ്കിലും കണ്ടെത്താനായില്ല. അതിനെക്കുറിച്ചു് ഇന്ത്യയിലെ അഡ്വര്‍ടൈസിങ് ഇന്ഡുസ്ട്രിയുടെ വെബ്സൈറ്റായ afaqവില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം.
നേഹ ഭാസിന് എന്ന ഇന്‍ഡിപോപ്പ് ഗായികയുടെ ആപ്പിള്‍ ബോട്ടംസ് എന്ന വീഡിയോ ആല്‍ബമാണു് യൂട്യൂബിലൂടെ ഹിറ്റായ മറ്റൊന്നു്.
പി കെ ശ്രീമതിയുടെ ഇംഗ്ലീഷ് പ്രസംഗവും പി കെ ജയലക്ഷ്മിയുടെ ചമ്മിയ ചിരിയുമൊക്കെ മലയാളത്തില്‍ വൈറല്‍ ആയി പടര്‍ന്ന വീഡിയോ ശകലങ്ങളാണെങ്കിലും അവ വ്യക്തികളെ തേജോവധം ചെയ്യാന്‍ ഉദ്ദേശിച്ചു് പടര്ത്തിയവയാണു്. തോക്കുസ്വാമിയുടെ പ്രതികരണങ്ങളാണു് ഈ ഇനത്തില്‍ മലയാളത്തിലെ മറ്റൊരു വൈറല്‍ തരംഗം.
ഇവയ്ക്കൊന്നിനും കൊമേഴ്സ്യല്‍ വാല്യു ഇല്ലെന്നു പറയാം. കൃത്യമായ കച്ചവടലക്ഷ്യങ്ങളോടെ ലോഞ്ച് ചെയ്യുന്നതും എന്നാല്‍ കാണുന്നവര്‍ പങ്കുവയ്ക്കുന്നതിലൂടെ മാത്രം ലക്ഷ്യംകാണുന്നതുമായ വീഡിയോകളെ മാത്രമേ വൈറല്‍ മാര്‍ക്കറ്റിങ് സെന്‍സേഷനുകളായി എണ്ണാനാവൂ. അത്തരം ലക്ഷ്യത്തോടെ വന്ന ഏതാനും വീഡിയോകള്‍ ഇവിടെ പരിചയപ്പെടാം.
ഈ വളരെയടുത്തു് അന്താരാഷ്ട്ര തലത്തില്‍ ഹിറ്റായ രണ്ടു വൈറല്‍ വീഡിയോകള്‍ കൂടി പരിചയപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കാം. മാത്യു എപ്സ്റ്റീന് എന്ന വ്യക്തി സ്വയം നിര്‍മ്മിച്ച വീഡിയോ റെസ്യൂമെ ആണു് ഒന്നു്. ഗൂഗിള്‍ പ്ലീസ് ഹയര്‍ മി എന്ന ഒരു വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്താണു് ഈ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് പ്രൊഫഷണല്‍ തന്റെ കഴിവുകള്‍ ലോകത്തിനു ബോധ്യപ്പെടുത്തിയതു്. എപ്സ്റ്റീന്റെ വീഡിയോ റെസ്യൂമെ ഇവിടെ:
മാത്യു എപ്സ്റ്റനു് ലോകത്തെമ്പാടുനിന്നും വലിയ കമ്പനികള്‍ തൊഴില്വാഗ്ദാനങ്ങള് വച്ചുനീട്ടിയെങ്കിലും ഒടുവില്‍ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയാണു് അദ്ദേഹം തെരഞ്ഞെടുത്തതു്. അക്കാര്യം മറ്റൊരു വീഡിയോയിലൂടെ അദ്ദേഹം പുറംലോകത്തെത്തിക്കുകയും ചെയ്തു:
അഡ്വഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍ എന്ന കാര്‍ട്ടൂണ്‍ സീരിസിലെ ദ സീക്രട്ട് ഓഫ് യൂണികോണ്‍ എന്ന കഥ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് അഭ്രപാളിയിലെത്തിച്ചതു് കഴിഞ്ഞയാഴ്ചയാണു്. ടിന്‍ടിന്‍ ഫാന്‍ ആയ ഒരു ചെറുപ്പക്കാരന് ഈ സിനിമ പുറത്തിറങ്ങുന്നതിനുമുന്നേ, സ്വതന്ത്രമായി ടൈറ്റില്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു് വീഡിയോ ഷെയറിങ് സൈറ്റായ വിമിയോയിലൂടെ പ്രസിദ്ധീകരിച്ചു. ലോകമാകെയുള്ള ടിന്‍ടിന്‍ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്ത ഈ വീഡിയോ കണ്ടു് ഇഷ്ടപ്പെട്ട സംവിധായകന് ചിത്രത്തിന്റെ ലണ്ടന്‍ പ്രീമിയറിന് ഈ കലാകാരനെ ക്ഷണിച്ചു. അതുംപോരാഞ്ഞ് തന്റെ അടുത്ത അനിമേഷന്‍ ചിത്രത്തിലേക്കു് ജയിംസ് കുറാന് എന്ന ഈ ഗ്രാഫിക് ആര്‍ട്ടിസ്റ്റിനെ സ്പില്‍ബര്‍ഗ് കരാര്‍ ചെയ്തുകഴിഞ്ഞു. ജയിംസ് കുറാന്റെ ഗ്രാഫിക് വീഡിയോ ഇവിടെ:
സെബിന് ഏബ്രഹാം ജേക്കബ്










