ലണ്ടന്‍: ലയണല്‍ മെസ്സിയുടെ ബാഴ്സലോണയ്ക്കെതിരെ മാഞ്ചസ്റ്റര്‍ കളിക്കുന്ന കലാശപ്പോരാട്ടത്തിന് വെംബ്ലിയില്‍ ഇന്നുരാത്രി കളമുണരും. ഇതു ഫുട്ബോളിലെ ക്ലാസിക് കളികളിലൊന്നായിരിക്കുമെന്നു കരുതപ്പെടുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലിലാണ് സ്പാനിഷ് ടീമും ഇംഗ്ലീഷ് ടീമും ഏറ്റുമുട്ടുക.
ആറുവര്‍ഷത്തിനിടെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം തേടിയിറങ്ങുന്ന ബാഴ്സലോണയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ലിയോണല്‍ മെസ്സി തന്നെ. ഇവിടെ 2008-ലെ ജേതാക്കളാണ് എതിരാളികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 2009-ലെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ ബാഴ്സലോണയോടു തോറ്റിരുന്നു. ഈ തോല്‍വിക്ക് ബാഴ്സലോണയോട് കണക്കുതീര്‍ക്കുകയും വേണം.
ലോകതാരങ്ങളിലൊരാളായ ലയണല്‍ മെസ്സി ഉജ്ജ്വല ഫോമിലാണ്. ഈ സീസണില്‍ 11 ഗോളുകള്‍ നേടിക്കഴിഞ്ഞു മെസ്സി. മെസ്സിയാണു ടോപ് സ്കോററും. ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടം 12 ഗോള്‍ ആണ്. ആ റെക്കോഡു മറികടക്കാനോ ഒപ്പമാക്കാനോ മെസ്സിക്ക് ഇന്നു കഴിഞ്ഞേക്കും. റൂഡ് വാന്‍ നിസ്റ്റല്റോയുടെ പേരിലാണിപ്പോള്‍ റെക്കോഡ്.
സ്പെയിനിനെ ലോകചാമ്പ്യന്മാരാക്കിയ താരങ്ങളാണ് ബാഴ്സയുടെ കരുത്ത്. മിഡ്ഫീല്‍ഡില്‍ ആന്ദ്രെ ഇനിയേസ്റ്റ-സാവി സഖ്യവും പ്രതിരോധത്തില്‍ കാര്‍ലോസ് പുയോള്‍-ജെറാര്‍ഡ് പിക്വെ ദ്വയവും അവരുടെ കേളീതന്ത്രങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നു. മെസ്സിക്കൊപ്പം ഡേവിഡ് വിയകൂടി ചേരുന്നതോടെ, ആക്രമണത്തിലും അവര്‍ മുന്നിലെത്തുന്നു.
മാഞ്ചസ്റ്ററിന്റെ പ്രതീക്ഷ മുഴുവന്‍ വെയ്ന്‍ റൂണിയുടെ ഗോളടി മികവിലാണ്. റൂണിയും തകര്‍പ്പന്‍ ഫോമിലാണ്. മെക്സിക്കന്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസും അവരെ പ്രതീക്ഷയുള്ളവരാക്കുന്നു. ഗോള്‍കീപ്പര്‍ വാന്‍ ഡെര്സാറിനെ കാവല്‍ അവരെ സുരക്ഷിതത്വബോധമുള്ളവരാക്കും.








