ജനത്തെ വടിയാക്കുന്ന "അതിരാത്ര"ശാസ്ത്രം

ഏപ്രില്‍ മാസം പാഞ്ഞാള്‍ നടന്ന മാസ് ഹിസ്റ്റീരിയാ പേക്കൂത്തില്‍ നിന്ന് ഇപ്പോള്‍ ശാസ്ത്രീയ "ഗുണ്ടുകള്‍" നിര്‍ത്താതെ പൊഴിയുന്ന കാലമാണല്ലോ. ആദ്യസെറ്റ് "ഗവേഷണക്കണ്ടെത്തലുകള്‍"പത്രങ്ങളിലൂടെ നമ്മുടെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു, ഇക്കഴിഞ്ഞ ജൂണ്‍ 9-10 തീയതികളില്‍. കിണ്ടി-കുളം-കല്പടവ്-കാവിലമ്മ സംസ്കാരത്തിന്റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയ്ക്ക് കിട്ടുന്ന സുഖദമായ തലോടല്‍ മാത്രമല്ല, പാതഞ്ജല യോഗം കൊണ്ട് ക്യാന്‍സര്‍ ചികിത്സിക്കാന്‍ നടക്കുന്ന ന്യൂ ഏജ് ആള്‍‌ദൈവങ്ങളിലൂടെയും സോഫ്റ്റ്‌വെയര്‍ കോഡെഴുതാന്‍ ലോകത്തേറ്റവും നല്ല ഭാഷ സംസ്കൃതമാണെന്ന് സായിപ്പ് പറഞ്ഞതിന്റെ കുളിര്‌ പ്രസംഗിച്ച് നടക്കുന്ന നിയോബ്രാഹ്മണിക്കല്‍ ഹിന്ദുത്വരിലൂടെയും മധ്യവര്‍ഗ ഭാരതീയന്റെ ഇന്‍ഫീരിയോരിറ്റി കോംപ്ലക്സിനു കിട്ടുന്ന സമാശ്വാസവും അതിരാത്രക്കൂത്തിനോടുള്ള പത്രലോകത്തിന്റെ അനുഭാവത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്‌.

ഈ സാംസ്കാരികവിജൃംഭനത്തില്‍ ശാസ്ത്രീയതയ്ക്ക് എന്ത് സ്ഥാനം? 3800 ഡിഗ്രി സെല്‍ഷസ് വരെ യാഗാഗ്നിക്ക് ചൂടുണ്ടായി എന്ന് നമ്പൂരിവര്യന്മാരായ "ശാസ്ത്ര-അജ്ഞര്‍" തട്ടിമൂളിക്കുമ്പോള്‍ "സാറേ, സ്വല്പം വിട്ട് പിടി" എന്ന് പറയാനുള്ള ബോധം പൂര്‍‌വസൂരികളുടെ "ടെക്നോളജിക്കല്‍ ബ്രില്യന്‍സില്‍" അന്തം വിട്ട് വായപൊളിച്ചിരിക്കുന്ന പത്രപുംഗവര്‍ക്കും ജേര്‍ണലിസ്റ്റ് ട്രെയിനികള്‍ക്കും ഇല്ലെങ്കില്‍ അവരെ കുറ്റം പറയുന്നതെങ്ങനെ? മഹാത്മാഗാന്ധി സര്‍‌വകലാശാലയിലെയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍‌വകലാശാലയിലെയും നമ്പൂരി-നായര്‍-മേനോന്‍ സംഘമാണ്‌ യാഗശാലയുടെ മൂലയ്ക്ക് നട്ട നാലു കുരു "വേഗം വളര്‍ന്ന" അതിപ്രാചീന കാര്‍ഷിക ടെക്നോളജിയുടെ പുനരാവിഷ്കൃത വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓടവെള്ളം തീര്‍ത്ഥമായ് മോന്തുക കൈരളീ...

ആദ്യം മലയാളമാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്താ സാമ്പിളെടുക്കാം. അതിരാത്രം പ്രഖ്യാപിച്ച 2010 ഒക്ടോബര്‍ മാസം മുതല്‍ അത് നടന്ന ഏപ്രില്‍ 2011 വരെ ഈ ആര്യവൈദികാചാരത്തിന്റെ പബ്ലിക് റിലേഷന്‍സ് പണി ആഞ്ഞ് ചെയ്ത പത്രമാണ്‌ മാതൃഭൂമി. എല്ലാ എഡീഷനിലും വന്ന ദിനം‌പ്രതിവാര്‍ത്തകള്‍ കൂടാതെ പാഞ്ഞാള്‍ വാര്‍ത്തകള്‍ക്ക് പ്രാദേശികപ്രാധാന്യമുള്ള തൃശൂര്‍ മുതലായ ജില്ലാ എഡീഷനുകളില്‍ യജ്ഞാത്ഭുതങ്ങളുടെ വിവരണം വേറെയും ഉണ്ടായിരുന്നു. കുട്ടികളില്ലാത്തവര്‍ക്ക് സല്പുത്ര ലബ്ധിക്ക് ഉണക്കലരി കരിച്ചുണ്ടായ സൗമ്യം എന്ന ചാരം വിതരണം ചെയ്തതു വര്‍ണിച്ചുകേള്‍പ്പിച്ചതും, അതിരാത്രത്തില്‍ അവസാന ദിവസം പുരയ്ക്ക് തീകൊടുക്കുന്നതിനും നാലോ അഞ്ചോ മണിക്കൂര്‍ മുന്‍പ് പെയ്ത (വേനല്‍ മഴ സ്ഥിരമായി പെയ്തിരുന്ന ഏപ്രില്‍ മാസത്തിലെ) മഴയെ "യജ്ഞപ്രസാദ"മാക്കി ജനത്തെ "ആനന്ദനൃത്തം ചവിട്ടി"ച്ചതും മാതൃഭൂമിയിലെ വി. മുരളിയാണ്‌ .

ഏതായാലും അതിരാത്രത്തിന്റെ "ശാസ്ത്രീയ ഗുണഫലങ്ങള്‍" അവിടെ പണി നടത്തിയ ശാസ്ത്രസംഘം തന്നെ വിവരിച്ച് കൊടുത്തതുകൊണ്ട് സ്വ.ലേ.മാര്‍ക്ക് വലിയ കൈവേല വേണ്ടി വന്നിട്ടില്ല സംഭവം പൊലിപ്പിക്കാന്‍ ...

മാതൃഭൂമി ജൂണ്‍ 10ലെ വാര്‍ത്ത :

പാഞ്ഞാള്‍ അതിരാത്രം ഗുണഫലങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രഗവേഷക സംഘം

കൊച്ചി: അതിരാത്രം നടത്തിയ പാഞ്ഞാളിന്റെ പരിസര പ്രദേശങ്ങളില്‍ ഏറെ ഗുണഫലങ്ങളുണ്ടായതായി ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തിയതായി സംഘാടകരായ വര്‍ത്തതേ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതിരാത്രത്തിന്റെ സ്വാധീനം ജൈവരംഗങ്ങളില്‍ അനുഭവപ്പെടുന്നതിന്റെ ഭാഗമായി പരിസരപ്രദേശങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുന്നതിന്റെ വേഗം കൂടുന്നതായും ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം ഗണ്യമായി കുറയുന്നതായും കണ്ടെത്തിയതായി ശാസ്ത്രപഠനത്തിന് നേതൃത്വം നല്‍കിയ കുസാറ്റ് ഫോട്ടോണിക്‌സ് വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ.വി.പി.എന്‍ നമ്പൂതിരി വ്യക്തമാക്കി. പ്രധാന യാഗവേദിയായ ചിതിയുടെ പടിഞ്ഞാറുഭാഗത്ത് പാകിയ കടലവിത്തുകള്‍ ഇത്തരത്തില്‍ മറ്റു ഭാഗങ്ങളില്‍ പാകിയ വിത്തുകളെക്കാള്‍ അതിവേഗം വളരുന്നതായി കണ്ടെത്തി. അതിരാത്ര ചടങ്ങുകളിലൂടെയുണ്ടാകുന്ന എന്തെങ്കിലും ജൈവമാറ്റങ്ങളുടെ സ്വാധീനമാകാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

യാഗശാലയുടെ 500 മീറ്റര്‍ പരിധിയിലും ഒന്നര കിലോമീറ്റര്‍ പരിധിയിലും നടത്തിയ പ്രാഥമിക പരിശോധനയില്‍ യാഗശാലയോട് അടുക്കുംതോറും സൂക്ഷ്മജീവികളുടെ തോത് കുറയുന്നതായും വായുവും ജലവും മണ്ണും വളരെ ശുദ്ധമായിരിക്കുന്നതായും കണ്ടെത്തി - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരാത്രത്തിന്റ പ്രതിഭാസങ്ങള്‍ പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റി തുടര്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് മാസത്തിനകം ഇതേപ്പറ്റിയുള്ള വിശദവിവരങ്ങള്‍ കണ്ടെത്താനാകുമെന്നും ഡോ. നമ്പൂതിരി വ്യക്തമാക്കി. ഡോ. വി.പി.എന്‍. നമ്പൂതിരിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി ഡോ. രാജലക്ഷ്മി സുബ്രഹ്മണ്യന്‍ (കുസാറ്റ്), ഡോ. പാര്‍വതി മേനോന്‍ (എം.ജി. കോളേജ്, തിരുവനന്തപുരം), ഡോ. മായ ആര്‍. നായര്‍ (പട്ടാമ്പി ഗവ. കോളേജ്), പ്രൊഫ. സക്‌സേന (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ്, ബാംഗ്ലൂര്‍), പ്രൊഫ. റാവു (ആന്ധ്ര യൂണിവേഴ്‌സിറ്റി) എന്നിവരാണ് പാഞ്ഞാള്‍ അതിരാത്രത്തെപ്പറ്റി ശാസ്ത്രീയ ഗവേഷണം നടത്തിവരുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പരീക്ഷണശാലകളില്‍ ഗവേഷണവിദ്യാര്‍ഥികളുടെ ഒരു സംഘം ഇവരോടൊപ്പം ഇതേപ്പറ്റി പഠിക്കുന്നുണ്ട്. പ്രവര്‍ഗ്യം എന്ന ചടങ്ങിലുണ്ടായ തീനാളങ്ങളുടെ സവിശേഷതകള്‍ പഠനവിധേയമാക്കിയ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോ ഫിസിക്‌സില്‍ നിന്നുള്ള പ്രൊഫ. സക്‌സേന ഈ തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്മികളുടേതുപോലെ അപൂര്‍വമായ താപനില രേഖപ്പെടുത്തിയതായി കണ്ടെത്തി. അതിരാത്രം നടന്ന പ്രദേശങ്ങളിലെ ഈ വൈവിധ്യങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നവയാണെന്നും ശാസ്ത്രഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. 1956ല്‍ അതിരാത്രം നടന്ന ചിതിക്ക് സമീപമുള്ള കുളത്തില്‍ ഇപ്പോഴും സൂക്ഷ്മ ജീവികളുടെ അഭാവവും ശുദ്ധവായുവിന്റെ സാന്നിധ്യവും നിലനില്‍ക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ആത്മീയതയും ആധുനികതയും തമ്മില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം ബന്ധങ്ങളുണ്ടെന്ന് പരിശോധിക്കുകയാണ് ഇത്തരം പഠനങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡോ. വി.പി.എന്‍. നമ്പൂതിരി വ്യക്തമാക്കി. വര്‍ത്തതേ ട്രസ്റ്റ് ഭാരവാഹികളായ ഡോ. ശിവകരന്‍ നമ്പൂതിരി, മധു കുട്ടാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ക്യുസാറ്റിലെ ഫോട്ടോണിക്സ് മേധാവിയായി വിരമിച്ച ഒരു വി.പി.എന്‍ നമ്പൂതിരിയാണ്‌ അതിരാത്ര ശാസ്ത്രീയതയുടെ മൊത്തം /ചില്ലറ വില്പന ഏറ്റിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശാസ്ത്രലോകത്തെ നിലയെന്താണെന്ന് ഇതെഴുതുന്നയാള്‍ക്ക് അറിയില്ല. അറിയാനൊട്ട് താല്പര്യവുമില്ല. പക്ഷേ മുകളില്‍ പറഞ്ഞ പത്രക്കുറിപ്പിന്റെ പിതൃത്വം ഇദ്ദേഹത്തിനാണെങ്കില്‍ ക്യുസാറ്റിന്റെ ഫോട്ടോണിക്സ് വിഭാഗം തലപ്പത്ത് എങ്ങനെ പുള്ളി എത്തിപ്പെട്ടു എന്ന് സംശയിക്കണം. അത്രയ്ക്കാണ്‌ ഈ വാര്‍ത്തയിലെ പ്രത്യക്ഷ വെളിവുകേടുകളും ശാസ്ത്രവിഡ്ഢിത്തങ്ങളും.

വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ നോക്കാം :

[...] അതിരാത്രത്തിന്റെ പരിസരപ്രദേശങ്ങളില്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം ഗണ്യമായി കുറയുന്നതായും കണ്ടെത്തി... യാഗശാലയുടെ 500 മീറ്റര്‍ പരിധിയിലും ഒന്നര കിലോമീറ്റര്‍ പരിധിയിലും നടത്തിയ പ്രാഥമിക പരിശോധനയില്‍ യാഗശാലയോട് അടുക്കുംതോറും സൂക്ഷ്മജീവികളുടെ തോത് കുറയുന്നതായും വായുവും ജലവും മണ്ണും വളരെ ശുദ്ധമായിരിക്കുന്നതായും കണ്ടെത്തി...1956ല്‍ അതിരാത്രം നടന്ന ചിതിക്ക് സമീപമുള്ള കുളത്തില്‍ ഇപ്പോഴും സൂക്ഷ്മ ജീവികളുടെ അഭാവവും ശുദ്ധവായുവിന്റെ സാന്നിധ്യവും നിലനില്‍ക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. [...]

അണുനാശം ഉണ്ടാകുന്നു, ബാക്റ്റീരിയയുടെ സാന്നിധ്യം കുറയുന്നു എന്നതൊക്കെ വാര്‍ത്തകളിലുടനീളം എന്തോ "നല്ല"കാര്യമായിട്ടാണ്‌ ഘോഷിച്ചിരിക്കുന്നത്. അണുജീവി എന്ന് വച്ചാല്‍ ഏതാണ്ട് ഭീകരജീവിയാണെന്നും "സൂക്ഷ്മജീവി = രോഗാണു = കണ്ടാണുലുടന്‍ അടിച്ച് കൊല്ലേണ്ടവ" എന്നും കരുതിവശായിരിക്കുന്ന പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഈ നൊടുക്കു വിദ്യ മതിയാവുമായിരിക്കും! ഓപ്പറേഷന്‍ തീയറ്ററോ ലാബോറട്ടറിയോ അണുനശീകരണം നടത്തി സ്റ്റെറിലൈസേഷന്‍ പ്രക്രിയ ചെയ്യാന്‍ മുറികള്‍ക്കകത്ത് ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള ചില അണുനാശക വാതകങ്ങള്‍ പരത്തി (കുന്തിരിക്കം പുകയ്ക്കുന്ന മട്ടില്‍) അണുനാശനം ചെയ്യുന്ന പരിപാടി സാധാരണയാണ്‌. എന്നാല്‍ പൊതുജനത്തിനിടക്ക് വച്ച് ഒരു ഓലപ്പുര കെട്ടി നടത്തുന്ന പരിപാടിയില്‍ അണുനാശനം സംഭവിച്ചിട്ട് എന്ത് കാര്യമെന്നോ മണ്ണിലുള്ള അണുക്കള്‍ നശിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമെന്നോ "ശാസ്ത്രജ്ഞവര്യന്മാര്‍ക്ക്" ഒരു സംശയവും ഉള്ളതായി വാര്‍ത്തകണ്ടിട്ട് തോന്നുന്നില്ല.

"മഹാത്മാഗാന്ധി സര്‍‌വകലാശാലയിലെയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍‌വകലാശാലയിലെയും നമ്പൂരി-നായര്‍-മേനോന്‍ സംഘമാണ്‌ യാഗശാലയുടെ മൂലയ്ക്ക് നട്ട നാലു കുരു "വേഗം വളര്‍ന്ന" അതിപ്രാചീന കാര്‍ഷിക ടെക്നോളജിയുടെ പുനരാവിഷ്കൃത വിജയം പ്രഖ്യാപിച്ചിരിക്കുന്നത്."
കാടുകള്‍ക്ക് തീയിട്ട് കരിച്ചാണ്‌ ലോകത്തെ ഏതാണ്ടെല്ലാ നാഗരികതകളും കൃഷി ആരംഭിച്ചിട്ടുള്ളത്. കാട്ടുതീയോ സാദാ വിറകുകൂട്ടിയിട്ട തീയോ ഉണ്ടായിടത്തെ ജീവാണുജാലത്തിന്റെ മാറ്റങ്ങളുമായി താരതമ്യം പോലും പറയാതെയാണ്‌ അതിരാത്രത്തിന്റെ ചുറ്റുവട്ടത്ത് "ഗുണഫല"ങ്ങള്‍ ഉണ്ടായെന്ന് തട്ടിമൂളിച്ചിരിക്കുന്നത്. അങ്ങനൊരു തീകൂട്ടല്‍ പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി എന്തെന്ത് ജൈവ-രാസ മാറ്റങ്ങള്‍ ഭൂമിക്കുണ്ടാകാം എന്ന താരതമ്യം ആണ്‌ ഇത്തരമൊരു "ഗവേഷണ"ഫലപ്രഖ്യാപനത്തിനു മുന്‍പ് ചെയ്യേണ്ടിയിരുന്നതെന്ന പ്രാഥമികമായ വിവരം പോലുമില്ലാത്തവരാണോ സര്‍‌വകലാശാലകളിലിരുന്ന് നമ്മുടെ നികുതിപ്പണം തട്ടുന്നത് ?

തുടര്‍ന്നുള്ള ഭാഗം കോമഡിയുടെ പാരമ്യമാണ്‌ : 1956ല്‍ നടന്ന അതിരാത്രച്ചിതിയുടെ ചുറ്റുവട്ടത്ത് ഇപ്പഴും സൂക്ഷ്മജീവികള്‍ നേരാം വണ്ണം എഴുന്നേറ്റ് നടക്കാറായിട്ടില്ലത്രെ. ആവൂ ... ഹിരോഷിമ-നാഗസാക്കിയില്‍ പോലും കാണുകയില്ല ഇങ്ങനെ ഞൊണ്ടിയും ഇഴഞ്ഞും നടക്കുന്ന സൂക്ഷ്മ ജീവികള്‍ !

ഒരു പത്രമല്ല, ഏതാണ്ടെല്ലാ പത്രവും ഒരേ രീതിക്കാണ്‌ അതിരാത്രഗവേഷണ വാര്‍ത്ത കൊടുത്തിരിക്കുന്നത്. സ്വന്തമായി ശാസ്ത്രകാര്യങ്ങളില്‍ ഉപദേഷ്ടാക്കള്‍ തന്നെയുള്ള ദ് ഹിന്ദു പോലൊരു പത്രം പോലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു ആന മണ്ടത്തരമാണ്‌ :

The Hindu reports (9 June 2011) :

"[...] Temperature of the flame from the Pravagya was estimated to be 3,870 degree centigrade, according to a scientist from the Indian Institute of Astrophysics, Bangalore. The fire ball that rose from the Pravagya had unusually high intensity and a particular wavelength that is similar to what is observed in typical laser beams of the same degree... "

 

പാഞ്ഞാള്‍ അതിരാത്രം

പാഞ്ഞാള്‍ അതിരാത്രത്തിനിടയില്‍ നിന്നുള്ള ദൃശ്യം, ചിത്രത്തിനു കടപ്പാട്: മാതൃഭൂമി

വീക്ഷണം വാര്‍ത്ത നോക്കുക

പ്രവര്‍ഗ്യം എന്നു ചടങ്ങിലുണ്ടായ തീ നാളങ്ങളുടെ സവിശേഷതയാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സില്‍ നിന്നുള്ള പ്രൊഫ സക്‌സേന പഠനവിധേയമാക്കിയത്. സവിശേഷ വേവ്‌ലെംഗ്‌തോടെ ലേസര്‍ രശ്മികളില്‍ കാണുന്നവിധം അസാധാരണമാം വിധം ത്രീവ്രമായ 3870 ഡിഗ്രി സെന്റിഗ്രേഡ് എന്ന ഉയര്‍ന്ന താപനിലയാണ് പ്രവര്‍ഗ്യത്തില്‍ ഉയര്‍ന്നു പൊന്തിയ അഗ്നിഗോളങ്ങള്‍ രേഖപ്പെടുത്തിയത്.

സൂര്യന്റെ ഉപരിതലതാപം 5500 ഡിഗ്രി സെല്‍ഷസാണ്‌. 3000 ഡിഗ്രി സെല്‍ഷസ് എന്ന് പറഞ്ഞാല്‍ അത് സൂര്യനോളം പോന്നതല്ലെങ്കിലും ചെറിയൊരു നക്ഷത്രത്തിന്റെ ഉപരിതല താപത്തോളമാണ്‌. ഒരു സാധാരണ ഇരുമ്പ് ഉരുക്കല്‍ ചൂളയിലെ (blast furnace) താപനില ഉദ്ദേശം 1000-2300 ഡിഗ്രി സെല്‍ഷസ് വരെയാണ്‌.

മണല്‍ ഉരുക്കിയാണ്‌ സാധാരണ ചില്ല് പാത്രങ്ങളുണ്ടാക്കുന്നതെന്ന് അറിയാമല്ലോ. മണലിന്റെ മുഖ്യഘടകമായ സിലിക്കണ്‍ ഡയോക്സൈഡ് ഉരുകുന്നത് 1700 ഡിഗ്രി സെല്‍ഷസിലാണ്‌. 2230 ഡിഗ്രി സെല്‍ഷസില്‍ ഈ ഉരുകിയ മണല്‍ തിളയ്ക്കാന്‍ തുടങ്ങുമെന്ന് കൂടി ഓര്‍ക്കുക ! അങ്ങനെയിരിക്കെ, 3,800 ഡിഗ്രി സെല്‍ഷസോളം താപമുയര്‍ന്ന അഗ്നികുണ്ഡത്തിനു ചുറ്റുമിരുന്നാണ്‌ യാഗകര്‍മ്മങ്ങള്‍ ഈ വൈദികരെല്ലാം കൂടി അനുഷ്ഠിച്ചതെന്ന് ജനം വിശ്വസിച്ചോണമെന്ന രീതിക്കാണ്‌ വാര്‍ത്തയുടെ പടപ്പ്!

"മണലിന്റെ മുഖ്യഘടകമായ സിലിക്കണ്‍ ഡയോക്സൈഡ് ഉരുകുന്നത് 1700 ഡിഗ്രി സെല്‍ഷസിലാണ്‌. 2230 ഡിഗ്രി സെല്‍ഷസില്‍ ഈ ഉരുകിയ മണല്‍ തിളയ്ക്കാന്‍ തുടങ്ങുമെന്ന് കൂടി ഓര്‍ക്കുക ! അങ്ങനെയിരിക്കെ, 3,800 ഡിഗ്രി സെല്‍ഷസോളം താപമുയര്‍ന്ന അഗ്നികുണ്ഡത്തിനു ചുറ്റുമിരുന്നാണ്‌ യാഗകര്‍മ്മങ്ങള്‍ ഈ വൈദികരെല്ലാം കൂടി അനുഷ്ഠിച്ചതെന്ന് ജനം വിശ്വസിച്ചോണം..."
ഇങ്ങനെ "ഉഗ്രമായ താപനം" കൊണ്ടൊന്നും ലേസര്‍ രശ്മികള്‍ ഉണ്ടാകില്ല. തെര്‍മല്‍ ഇക്വിലിബ്രിയം അവസ്ഥയില്‍ ഇരിക്കുന്ന ഒരു വ്യൂഹത്തില്‍ നിങ്ങള്‍ അന്തമായ ഊര്‍ജ്ജം നല്‍കിയാലും ലേസര്‍ രശ്മികളുല്പാദിപ്പിക്കാന്‍ ആവശ്യമായ "പോപ്പുലേഷന്‍ ഇന്‍‌വേര്‍ഷന്‍ " പ്രതിഭാസം ഉണ്ടാകില്ല.

പ്രവര്‍ഗ്യത്തിന്റെ തീനാളത്തിന്റെ മാത്രം താപമാണ്‌ ഇതെങ്കില്‍ ശാസ്ത്രീയമായി അസാധ്യമെന്ന് പറയാനാവില്ല. വെല്‍ഡിംഗിനും മറ്റും ഉപയോഗിക്കുന്ന ഗ്യാസ് വെല്‍ഡറുകളിലെ നാളങ്ങള്‍ക്ക് 3500 ഡിഗ്രി സെല്‍ഷസ് വരെ താപമുയരാം. ഒരുനിമിഷം കൊണ്ട് കത്തിത്തീരുന്ന തീഗോളമാണെങ്കില്‍ ചുറ്റുമുള്ള മനുഷ്യരെ പൊള്ളിക്കണമെന്നുമില്ല പക്ഷേ ഇത്ര ഉയര്‍ന്ന താപത്തില്‍ "ഊര്‍ജ്ജ" സംബന്ധിയായതും "പ്രകാശ"സംബന്ധിയായതുമായ പ്രതിഭാസങ്ങള്‍ പലതും സംഭവിക്കാമെന്നും അതിനൊക്കെ വിശദീകരണം തേടുകയാണ്‌ ശാസ്ത്രലോകമെന്നും ഒക്കെയുള്ള ഒരു തെറ്റിദ്ധാരണ പൊതുജനത്തിനിടയിലും ഇതിനെ അല്പമെങ്കിലും സംശയത്തോടെ നോക്കുന്നവര്‍ക്കിടയിലും സൃഷ്ടിക്കാന്‍ തന്നെയായിരുന്നു ഈ അവ്യക്തത എന്നൂഹിക്കാം.

ഇത് The Hindu-വില്‍ വന്ന അല്പം പഴയൊരു വാര്‍ത്തയാണ്‌, published on 12th April, 2011 :

"[...] A researcher from the Indian Institute of Astrophysics is studying the molecular presence in smoke from the yagashala. If hydrogen is found in excess, it could hint purification of air. Strong air flow is reported before Pravargyam (a prefatory ceremony related to the rite, ‘Agnishtoma' or sacrifice of Soma). The speed of air flow is being studied using laserbeam deflection"

ഈ വാര്‍ത്തയില്‍ എണ്ണിപ്പറയുന്ന "ശാസ്ത്രജ്ഞസംഘ"ത്തില്‍ വിശ്വാസ്യതയുള്ളതെന്ന് പറയാവുന്നത് ബാംഗളൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സ് ആയതുകൊണ്ടും ലേസര്‍ രശ്മി കണ്ടെന്ന് പറയുന്ന ടീമിനെ നയിച്ചത് ഏ.കെ സക്സേന (Ajay Kumar Saxena) എന്ന അവിടുത്തെ സീനിയര്‍ സയന്റിസ്റ്റായതുകൊണ്ടും അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്മെന്റല്‍ പേജില്‍ നിന്ന് കിട്ടിയ ജിമെയില്‍ ഐഡിയിലേക്ക് വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടും പത്രറിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥയെന്തെന്ന് ആരാഞ്ഞും ഒരു മെയില്‍ ലേഖകന്‍ അയച്ചിരുന്നു.

അദ്ദേഹത്തിന്റെ മറുപടി ഒട്ടും അത്ഭുതപ്പെടുത്തിയില്ല: ഇങ്ങനെയൊരു നിരീക്ഷണവും അവരുടെ സംഘം പ്രാരംഭഘട്ടത്തില്‍ പോലും കണ്ടെത്തിയിട്ടില്ല. പ്രവര്‍ഗ്യത്തിലെ ഫ്ലാഷ് ഫയര്‍ സ്പെക്ട്രം അനലൈസ് ചെയ്തതൊഴിച്ചാല്‍ പുകയിലെ ഹൈഡ്രജന്‍ കണ്ടെന്റ് അനലൈസ് ചെയ്യുകയോ "ലേസര്‍ രശ്മികള്‍ക്ക് സമാനമായ തരംഗം" കിട്ടുകയോ ഒന്നും ഉണ്ടായില്ല എന്നാണ്‌ ഡോ: സക്സേന അയച്ച മറുപടിയിലുള്ളത്.  

(അദ്ദേഹത്തോട് മെയില്‍ സംഭാഷണം അതേപടി പ്രസിദ്ധീകരിക്കാനോ എടുത്തുചേര്‍ക്കാനോ അനുവാദം ചോദിച്ചിട്ടുണ്ട്, അനുമതി ലഭിക്കുന്ന പക്ഷം ഈ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് - ലേഖകന്‍ )

ഫോട്ടോണിക്സ് മേധാവിയായിരുന്നെന്ന പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ട് വി.പി.എന്‍ നമ്പൂതിരിയെപ്പോലുള്ളവര്‍ നടത്തുന്ന തെറ്റിദ്ധരിപ്പിക്കലും പ്രചാരണവും പൊതുസമൂഹം തന്നെ ഉണര്‍ന്ന് ചോദ്യം ചെയ്യേണ്ടതാണ്‌. യാഗശാലയുടെ ഏതോ മൂലയ്ക്ക് നട്ട നാലോ ആറോ കുരു വേഗം വളര്‍ന്നത് (2000 ഇരട്ടി വേഗത്തില്‍ !) ഒരു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ മുന്നിലൊക്കെ കൊണ്ട് ചെന്ന് വിളമ്പിയാല്‍ അവര്‌ പുച്ഛിച്ച് വിടുകയേയുള്ളൂ, നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ ബിസി 1500 കാലത്തെ കാര്‍ഷിക വിജ്ഞാനീയമെന്ന് പറഞ്ഞ് വേണമെങ്കില്‍ ഇതിനെ പൊക്കിക്കോണ്ട് നടക്കുമെങ്കിലും.  

[2000 ഇരട്ടി വേഗത്തില്‍ വിത്തുമുളച്ചു് പച്ചപൊടിക്കണമെങ്കില്‍ ആ മുളയ്ക്ക് ഒരു ദിവസം കൊണ്ട് അഞ്ചുവര്‍ഷത്തെ വളര്‍ച്ച സംഭവിക്കണമെന്ന് ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ രാം വി. ഗോപാല്‍ - എഡിറ്റര്‍ ]

പാഞ്ഞാള്‍ അതിരാത്രത്തിന്റെ സമാപനച്ചടങ്ങില്‍ യാഗശാലയ്ക്ക് തീയിട്ടപ്പോള്‍

പാഞ്ഞാള്‍ അതിരാത്രത്തിന്റെ സമാപനച്ചടങ്ങില്‍ യാഗശാലയ്ക്ക് തീയിട്ടപ്പോള്‍ . ചിത്രത്തിനു കടപ്പാട് : വെബ് ദുനിയ

ആര്യവൈദിക സംസ്കാരം കാര്‍ഷികസംസ്കാരമായല്ല, ഏറെക്കുറേ നാടോടിരൂപത്തിലെ കന്നുകാലിപരിപാലന സംസ്കാരമായിട്ടാണ്‌ ഉരുത്തിരിഞ്ഞത് ഇന്ന് ഏറെക്കുറേ അനിഷേധ്യമായ ചരിത്രമാണ്‌. ആടുമാടുകളെക്കൊണ്ട് കിട്ടുന്ന വസ്തുവഹകള്‍ (പാല്‍, നെയ്യ്, മൃഗക്കുരുതിക്ക് നാല്‍ക്കാലികള്‍ എന്നിങ്ങനെ) ആണുപയോഗിക്കുന്നത്. ഇരുമ്പോ ചെമ്പോ കണ്ടെത്തുമ്മുന്നേയുള്ള കാലത്ത് സ്ഥാപനവല്‍കൃതമായ ചിട്ടവട്ടങ്ങള്‍ അതുപടി തുടരുന്നതിനാല്‍ തടികൊണ്ടും എളുപ്പം കത്തുന്ന വസ്തുക്കള്‍ കൊണ്ടുമുള്ളതാണ്‌ അഗ്നിചയനത്തിന്റെ സകലമാന ദ്രവ്യങ്ങളും ഉണ്ടാക്കുക. യാഗം നടത്തിയ സ്ഥലത്തിന്റെ ശേഷിപ്പായി ചുട്ട കല്ലുകൊണ്ട് കെട്ടുന്ന "ചിതി" (ഇവിടെ പക്ഷിരൂപത്തിലെ ശ്യേനച്ചിതി) മാത്രമാണ്‌ അവശേഷിക്കാറ്.

"ശതപഥബ്രാഹ്മണത്തില്‍ അഗ്നിചയനവര്‍ണനയുടെ ആരംഭത്തില്‍ പറയുന്ന വിധിപ്രകാരമാണെങ്കില്‍ ആടുമാടുകളോടൊപ്പം ഒരു മനുഷ്യനെക്കൂടി ചേര്‍ത്ത് 5 ജന്തുക്കളെ (മനുഷ്യന്‍ ഒന്നാം മൃഗമാണ്‌ പോല്‍) ബലികൊടുക്കാനാണ്‌ പറയുന്നത്. അതും കൂടി സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കില്‍ ചാവുന്ന ജന്തുക്കള്‍ ഹവിര്‍‌ഭാഗങ്ങളും കൊണ്ട് "ലേസര്‍ രശ്മി"കള്‍ക്കൊപ്പം പ്രപഞ്ചത്തില്‍ വിലയിക്കുന്നതിന്റെ ശാസ്ത്രപഠനം കൂടി നടത്തിയേനെ ഇക്കൂട്ടര്‍!"
വേദകാലത്തെ മതാചാരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വശം വിഗ്രഹാരാധനയുടെ അഭാവമാണ്‌; ഇന്ദ്രനും അഗ്നിയും വരുണനുമടക്കം (ഗ്രീക്ക്-ഈജിപ്ത് മാതൃകയിലെ) ശക്തരായ ഒരു കൂട്ടം ദേവതകളുണ്ടായിരുന്നെങ്കിലും ഇന്നയാള്‍ക്ക് ഇന്നരൂപമെന്ന് കല്പിച്ച് ബിംബം കൊത്തുന്ന പതിവ് ഉണ്ടായിരുന്നില്ല. ആരാധന വേണ്ടിവരുമ്പോള്‍ കെട്ടിയുയര്‍ത്തുന്ന യജ്ഞശാല, കുരുതിയും മറ്റും കഴിച്ച് യജ്ഞപൂര്‍ത്തിക്ക് ശേഷം കത്തിച്ചുകളയുന്ന താല്‍ക്കാലിക സെറ്റപ്പുകളാണ്‌ ഈ ചിതിസ്ഥലങ്ങള്‍ / ചൈത്യങ്ങള്‍ എന്നാണ്‌ റോമിള ഥാപ്പറിനെപ്പോലുള്ളവര്‍ പറയുന്നത്. പല സ്ഥലങ്ങളില്‍ നിന്നും ആര്‍ക്കിയോളജിക്കാര്‍ തോണ്ടിയെടുത്ത ചിതിയവിശിഷ്ടങ്ങളിലധികവും സൂചിപ്പിക്കുന്നത് നിരന്തരാരാധനയോ പ്രതിഷ്ഠകളോ ഒന്നും ഉണ്ടായിരുന്ന സൂചന അവിടങ്ങളിലില്ലായിരുന്നുവെന്നാണ്‌. ചിതിയുടെ പരിസരങ്ങള്‍ കൃഷിക്കും ഉപയോഗിച്ചിരുന്നോ എന്ന് സംശയമാണ്‌.

ചുരുക്കത്തില്‍, സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് കാലിമേച്ച് നടന്ന ഒരു സമൂഹം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന പുരകളില്‍ ദേവ പ്രീതിക്കായി നടത്തിയിരുന്ന ഒരു ആരാധനാനുഷ്ഠാനത്തെ ഊതിവീര്‍പ്പിച്ച് ലാര്‍ജ് ഹാഡ്റോണ്‍ കൊളൈഡറില്‍ ഹിഗ്സ് ബോസോണ്‍ കണങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ നടത്തുന്ന പരീക്ഷണം മാതിരി ആക്കിയെടുക്കുമ്പോള്‍ "യജ്ഞ-ശാസ്ത്ര"ത്തിന്റെ പേരില്‍ ഉഡായ്പ്പുകളിറക്കുമ്പോള്‍ ഇതിലേക്കൊക്കെയുള്ള ചരിത്രപരമായ അന്വേഷണത്തിലേക്കുള്ള വഴികളാണ്‌ അടഞ്ഞുപോകുന്നത്. ചര്‍ച്ച, ബിസി അഞ്ചാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലുമുള്ള ആര്യന്മാര്‍ക്ക് ലേസര്‍ ടെക്നോളജി അറിയാമായിരുന്നോ, പുരാണങ്ങളിലെ "ദിവ്യാസ്ത്രങ്ങള്‍" ഉത്തരാധുനിക മിസൈല്‍ സാങ്കേതികതയോട് കിടപിടിക്കുമോ എന്നതിനെയൊക്കെ ചുറ്റിപ്പറ്റിയായിപ്പോകുക സ്വാഭാവികം. നവഹിന്ദുത്വയുടെ പതാകാവാഹകര്‍ക്ക് വേണ്ടതും അതുതന്നെയാണല്ലോ.

ശതപഥ ബ്രാഹ്മണത്തിലും ശ്രൗതസൂത്രങ്ങളിലുമൊക്കെ സോമയജ്ഞങ്ങളില്‍ മൃഗബലിവേണ്ടതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട് - എത്രതരം മൃഗങ്ങള്‍ വേണം, എങ്ങനെ കെട്ടിയിടണം, എങ്ങനെ അവയുടെ സകലദ്വാരങ്ങളും അടച്ച് ശ്വാസം‌മുട്ടിച്ച് കൊല്ലണം, എങ്ങനെ അവയുടെ ആന്തരാവയവങ്ങളോരോന്നായി കീറിയെടുത്ത് സമര്‍പ്പിക്കണം എന്നൊക്കെ. ശതപഥബ്രാഹ്മണത്തില്‍ അഗ്നിചയനവര്‍ണനയുടെ ആരംഭത്തില്‍ പറയുന്ന വിധിപ്രകാരമാണെങ്കില്‍ ആടുമാടുകളോടൊപ്പം ഒരു മനുഷ്യനെക്കൂടി ചേര്‍ത്ത് 5 ജന്തുക്കളെ (മനുഷ്യന്‍ ഒന്നാം മൃഗമാണ്‌ പോല്‍) ബലികൊടുക്കാനാണ്‌ പറയുന്നത്. അതും കൂടി സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കില്‍ ചാവുന്ന ജന്തുക്കള്‍ ഹവിര്‍‌ഭാഗങ്ങളും കൊണ്ട് "ലേസര്‍ രശ്മി"കള്‍ക്കൊപ്പം പ്രപഞ്ചത്തില്‍ വിലയിക്കുന്നതിന്റെ ശാസ്ത്രപഠനം കൂടി നടത്തിയേനെ ഇക്കൂട്ടര്‍ !

ഡോ. സൂരജ് രാജന്‍

(ബോധികോമണ്‍സിനു വേണ്ടി തയ്യാറാക്കിയ ലേഖനം)

__________________________________________

References

  1. Max Muller F (Ed.), Eggeling J (Tr) 1894.The Satapatha-Brahmana Part 3, Books V,VI and VII; in The Sacred Books of the East, Vol. XLI. Low Price Publications Delhi (Reprint 1996).
  2. Kashikar CG, 1964. Bharadwaja Srauthasutra. Vaidik Samsodhana Mandala, Pune.
  3. Thappar R, 1983. The Archeological Background to the Agnicayana Ritual in F.Staal (Ed), Agni: The Vedic Ritual of the Fire Altar. Asian Humanities Press, Berkeley.
  4. Jha DN, 2001.The Myth of the Holy Cow. Matrix Books, New Delhi.
  5. The Hindu online : Athirathram had impact on germination of seeds: study. Report from Kochi, June 9, 2011
  6. The Hindu News: Findings from Athirathram to be revealed by May 15 by K. Santhosh . Tuesday, Apr 12, 2011
  7. മാതൃഭൂമി ഓണ്‍ ലൈന്‍ വാര്‍ത്ത : പാഞ്ഞാള്‍ അതിരാത്രം ഗുണഫലങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രഗവേഷക സംഘം. 10 June 2011, Friday.

Recommended Reading

  • ഡോ: മനോജ് കോമത്ത്, 2005. വേദപാരമ്പര്യത്തിന്റെ കപടമുഖങ്ങള്‍. മൈത്രി ബുക്സ്, തിരുവനന്തപുരം.

നന്ദി

  • ഡോ: മനോജ് കോമത്ത്, സയന്റിസ്റ്റ് : ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
  • സെബിന്‍ എബ്രഹാം ജേക്കബ്, എഡിറ്റര്‍ : www.malayal.am പോര്‍ട്ടല്‍
  • ഡോ: ചിത്രഭാനു. ഗവേഷകന്‍, അഹമ്മദാബാദ്. (Blogger ID)
  • Fourth Estate Critique Google Group.

42 Comments

ഇതു പോലുള്ള ഉഡായിപ്പുകള്‍ പൊളിച്ചടുക്കാന്‍ ഇ-മീഡിയയിലൂടെ മാത്രമേ കഴിയൂ എന്നവസ്ഥയാണിപ്പോള്‍. സുരജിനും മലയാളത്തിനും ബോധികോമണ്‍സിനും അഭിനന്ദനങ്ങള്‍.

നല്ല ഉദ്യമം സൂരജ്.

അന്ധമായ ഭക്തിയെന്ന അടിത്തറയിന്മേല്‍ ആണു നമ്മുടെ നാട്ടില്‍ ശാസ്ത്രമുള്‍പ്പെടെ സകല വിദ്യകളും അഭ്യസിക്കപ്പെടുന്നത്. സയന്‍സ് പരീക്ഷ എഴുതാന്‍ പോകുന്നതിനു മുന്നെ നേര്‍ച്ച, വഴിപാട്, പേനയ്ക്ക് പൂജ, മറ്റ് മന്ത്രവാദങ്ങള്‍. ലാബുകളില്‍ സയന്‍സ് പരീക്ഷണങ്ങള്‍ നടത്തുമ്പോഴും, നേര്‍ച്ച, വഴിപാട്, യന്ത്രസാമഗ്രികള്‍ക്കും, ഉപകരണങ്ങള്‍ക്കും പൂജ, കുറിവെയ്പ്പ്. ഈ പൂജക്കുറി തൊട്ട് വെയ്ക്കുന്നതുകൊണ്ടാണു അള്‍ട്രാസെന്‍ട്രിഫ്യൂജും,എഫ്.പി.എല്‍.സിയും ഒക്കെ നേരാം വണ്ണം വര്‍ക്ക് ചെയ്യുന്നതെന്ന് കരുതുന്ന ഭക്തശിരോമണികള്‍ക്ക് യാതൊരു പഞ്ഞവുമില്ല നാട്ടില്‍. സയന്റിഫിക് തീസിസ് കൊടുക്കുന്നതിനു മുന്നേ അത് വെച്ച് പൂജ, മന്ത്രവാദം. സയന്റിഫിക് പേപ്പര്‍ അച്ചടിച്ച് വന്നാല്‍ തേങ്ങയുടപ്പ് തുടങ്ങിയ കലാപരിപാടികള്‍. റോക്കറ്റ് വിടുന്നതിനുമുന്നെ അതിന്റെ മോഡല്‍ വെച്ച് പൂജ, തുലാഭാരം നടത്തുന്നവര്‍. ഇങ്ങനെ ശാസ്ത്രവീക്ഷണത്തെ തന്നെ അട്ടിമറിക്കുന്ന ഭക്തിയുടെയും അന്ധവിശ്വാസത്തിന്റെയും ഇടയിലാണു ശാസ്ത്രം നിലനില്‍പ്പ് തേടുന്നത്. യാതൊരുവിധ ശാസ്ത്രാവബോധവും ഇല്ലാത്ത സമൂഹത്തെ സ്രിഷ്ടിക്കുന്ന ഈ അന്ധഭക്തിപ്രസ്ഥാനത്തിന്റെ അടിത്തറ ഇളകാതെ ഇരിക്കുന്നിടത്തോളം കാലം, അവിടെ ഇമ്മാതിരി ഉടായിപ്പുകള്‍ നടന്നുകൊണ്ടേയിരിക്കും.

ഒരു കോടി രൂപയോളം മുടക്കി ചുടുകട്ടകൂട്ടി പലവ്യഞ്ജനം കത്തിക്കുന്നതിന്റെ കൃത്യം പടിഞ്ഞാറുഭാഗത്ത് മാത്രം ഒരു നുള്ള് കടല അതിവേഗം മുളപ്പിക്കുന്ന ജൈവവളപ്രയോഗം ലോകകാര്‍ഷികരംഗത്തിനു മുതല്‍ക്കൂട്ട് തന്നെയെന്ന് ജനം കരുതിപ്പോയാല്‍ അല്‍ഭുതമില്ല. ഒപ്പം അഞ്ഞൂറു മീറ്റര്‍ പരിധിയില്‍ സൂക്ഷ്മജീവികളുടെ തോത് കുറയ്ക്കുന്ന ഫ്യൂമിഗേഷന്‍ പരിപാടിയും. അതിനുവേണ്ടി ഉള്ള പി.ആര്‍. വര്‍ക്ക് അല്ലേ പത്രമാധ്യത്തിലൂടെ ചില ഭക്തന്മാര്‍ ചെയ്ത് വെയ്ക്കുന്നത്.

ആര്‍ഷഭാരതത്തില്‍ വിജയിച്ച ഒരു ബിസിനസ് മോഡല്‍ ആണു ഭക്തി. അതിനു കുറച്ച് സയന്റിഫിക് ക്രെഡിബിലിറ്റി ഉണ്ടാക്കി കൂടുതല്‍ ലാഭകരമാക്കിയെടുക്കുക എന്നതാണു അടുത്ത ലക്ഷ്യം.

വെറുതെ വേണ്ടാതീനം ഒക്കെ എഴുതി വച്ചാല്‍ ശാപം കിട്ടും ട്ടോ ..!!.ഇതൊക്കെ ശാസ്ത്രീയമായി തെളിയിച്ചതാണ് ഹേ... വെറുതെ പറയുന്നത് ഒന്നും അല്ലെ അല്ല !! ആ ചെടിയുടെ വളര്‍ച്ച.. അത്ഭുതം തന്നെ ..ഇനി ഇപ്പൊ ബയോ ടെക്നോലോജിയുടെയും ജി എം വിത്തിന്റെയും ഒന്നും ആവശ്യം വരില്ല ..ഹായ് !

ഈ ബോധവല്‍ക്കരണത്തിനു സമയം കണ്ടെടുത്തിയതിനു സൂരജിനും അതു പ്രസിദ്ധീകരിച്ചതിനു സെബിനും നന്ദി.

ഇതാണു കേരളത്തിന്റെ വിദ്യഭ്യാസമേന്മ. ഒരോ സമൂഹത്തിലും രാജ്യത്തിലും ജനങ്ങള്‍ക്കുണ്ടാകുന്ന ശാസ്ത്രാവലംബമായ നവീനചിന്തകള്‍ക്ക് അവിടെനിലവില്‍ വരുന്ന വിദ്യാഭ്യാസ രീതികള്‍ ഉത്തരവാദിത്വം വഹിക്കുന്നുണ്ട്.

പക്ഷെ കേരളത്തിലെ വിദ്യാഭ്യാസം വളര്‍ത്തുന്നത് ശാസ്ത്രീയതയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അഥവാ ശാസ്ത്രപാഠങ്ങള്‍ മാര്‍ക്കു വാങ്ങുന്നതിനുള്ള ഒരുപാധി മാത്രമാകുന്നു.

സുരേഷ് കുമാര്‍ മുകളിലത്തെ കമന്റില്‍ പറഞ്ഞതുപോലെയുള്ള ശാസ്ത്ര വിദ്യാര്‍ഥികളുടെ ദൈവഭ്രാന്തിനു ഉത്തരവാദികള്‍ അവരുടെ വീട്ടുകാര്‍/ അല്ലെങ്കില്‍ നമ്മുടെ സമൂഹമാണ്.

ഇതു വളരെ ഭീതിയുളവാക്കുന്ന ഒരു സ്ഥിതി വിശേഷമാണ് കേരളത്തില്‍ ഉണ്ടാക്കുന്നത്.

ഇയാള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ?
ഇതൊക്കെ ശരിയോ തെറ്റോ എന്തായാലും ഇയാള്‍ക്ക് എന്താണ് ഹേ?

കുറച്ചു പേര്‍ ചേര്‍ന്ന് നുണ സത്യമാണ് എന്ന രീതിയില്‍ പറഞ്ഞാല്‍ വിശ്വസിക്കാതെ നിവര്‍ത്തിയില്ല എന്ന സ്ഥിതിയാണ്.

ഈ സന്ദര്‍ഭത്തില്‍ തുറന്നെഴുത്തുകള്‍ അത്യവശ്യമാണ്

ഇതിലും വലിയ അതിരാത്രം ഇനിയും വരും. പത്രങ്ങള്‍ ഇതിലും വലുതായി ഇനിയുമെഴുതും.

ലേഖകന്‍ 'butterfly effect' എന്താണെന്ന് ഒന്ന് മനസിലാക്കിയാല്‍ കൊള്ളാം. യാഗങ്ങളും യജ്ഞങ്ങളും ഒക്കെ chaos theory യില്‍ പറയുന്ന ഈ പ്രതിഭാസമാനുസരിച്ചാകില്ലേ പ്രവര്‍ത്തിക്കുന്നത്. യാഗങ്ങളുടെയോ മന്ത്രങ്ങളുടെയോ effect അത്ര എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്ന ഒന്നാകില്ല. dark energy പോലെ നിഗൂഡമായ എന്തെങ്കിലും ഊര്‍ജം ഇവയില്‍ ഉണ്ടാകാം. അത് മനസിലാക്കാതെ വെറുതെ ആര്‍ഷഭാരത സംസ്കാരത്തെയും വേദങ്ങളെയും യാഗ-യജ്ഞങ്ങളെയും തള്ളിപ്പറയുന്നത് ശരിയല്ല. യുക്തി എന്നത് അവനവന്റെ തലച്ചോറിന്റെ സമാധാനത്തിന് അവനവന്‍ തന്നെ കണ്ടെത്തുന്ന reasons അല്ലെ ? അത് ഒരു പ്രപഞ്ച സത്യം ആകുന്നതെങ്ങനെ ? നമ്മുടെ reasoning ഇനെ തന്നെ ചോദ്യം ചെയ്തിട്ടുള്ള discoveries ഉണ്ടായിട്ടില്ലേ ? യാഗങ്ങളിലും യജ്ഞങ്ങളിലും ഒക്കെയുള്ള ശക്തി ഒരുകാലത്ത് നമ്മള്‍ മനസിലാക്കും. അന്ന് ലേഖകന്റെ അഹന്തയ്ക്ക് അവസാനമുണ്ടാകും.

സൂരജ് 'butterfly effect' എന്താണെന്ന് തീര്‍‍ച്ചയായും മനസ്സിലാക്കണം. യാഗങ്ങളും യജ്ഞങ്ങളും അതിരാത്രക്കടല തിന്ന മനുഷ്യന്‍ പുറപ്പെടുവിക്കുന്ന അധോവായു വരെ chaos theory യില്‍ പറയുന്ന ഈ പ്രതിഭാസമാനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത് (ഉറപ്പാന്ന്! പണ്ട് നിയാണ്ടര്‍‍താല്‍ മനുഷ്യന്‍ പുറപ്പെടുവിച്ച അധോവായുവല്ലേ ഇപ്പം കൊള്ളാവുന്ന പെണ്‍പേരുകളില്‍ കൊടുങ്കാറ്റായി വീശിയടിക്കുന്നത്).

യാഗങ്ങളുടെയോ മന്ത്രങ്ങളുടെയോ അധോവായുവിന്‍റെയോ effect അത്ര എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്ന ഒന്നല്ല(ഉറപ്പാന്ന്!). dark energy പോലെ നിഗൂഡമായ എന്തെങ്കിലും ഊര്‍ജം ഇവയില്‍, പ്രത്യേകിച്ച് അധോവായുവില്‍ ഉണ്ട് (ഉറപ്പാന്ന്!) . അത് മനസിലാക്കാതെ വെറുതെ ആര്‍ഷഭാരത സംസ്കാരത്തെയും വേദങ്ങളെയും യാഗ-യജ്ഞങ്ങളെയും തള്ളിപ്പറയുന്നത് ഒട്ടും ശരിയല്ല.

യുക്തി എന്നത് അവനവന്റെ തലച്ചോറിന്റെ സമാധാനത്തിന് അവനവന്‍ തന്നെ കണ്ടെത്തുന്ന reasons അല്ലെ (ആണെന്ന്!)? അത് ഒരു പ്രപഞ്ച സത്യം ആകുന്നതെങ്ങനെ (ഞെരിപ്പന്‍ ചോദ്യം) ? നമ്മുടെ reasoning ഇനെ തന്നെ ചോദ്യം ചെയ്തിട്ടുള്ള discoveries ഉണ്ടായിട്ടില്ലേ (പിന്നല്ലാണ്ട്? ഗണപതി മില്മാ പാല്‍ കുടിക്കുന്നു, പോത്ത് കാലപ്പന്‍ ബീഫ് ഫ്രൈയടിക്കുന്നു)?

യാഗങ്ങളിലും യജ്ഞങ്ങളിലും അധോവായുവിലും ഒക്കെയുള്ള ശക്തി ഒരുകാലത്ത് നമ്മള്‍ മനസിലാക്കും. അന്ന് ലേഖകന്റെ അഹന്തയ്ക്ക് അധോവായു ഉറപ്പായിട്ടും ഒരു അവസാനമുണ്ടാകും (അതിരാത്രം വേണോ അതോ ജെലൂസില്‍ വേണോ?‍ ഇപ്പം തീരുമാനിച്ചോണം. സൂരജ് കാരണം അമേരിക്കന്‍ ഐക്യനാടുകളുടെ തീരങ്ങളില്‍ എ. ഡി. 5000 ത്തില്‍ അതിരാത്ര എന്ന ടൊര്‍ണാഡോ ആഞ്ഞടിക്കാന്‍ ഇടയാക്കരുത്).

എന്താവോ ഈ ബട്ടര്‍ ഫ്ലൈ എഫ്ഫക്റ്റ്‌ ? See mr. Haarish please dont use these things without the proper understanding. I too had a fascination towards the metaphysical meaning of butterfly effect. On a seminar I met Prof. Lakshmanan of bharathidasan university. He is the greatest contributor in the field of nonlinear dynamics and chaos in Asia. I asked about the so called effect. His reply was interesting. These are some physical impossible example which is used to make the subject easily understandable and don't take these seriously. Similarly if you talk about Schodenger's cat (if not you some other will raise this) its only for a micro world particle and cannot be applied for the macro world. So please try to understand the concept and where these can be applied. There are indeed, many mysteries in science which is to be understood. Thats why we are saying science is incremental.

ഹരിഷിനെ പോലുള്ള മണ്ട ശിരോമണികള്‍ അല്ലെ ഈ ഗമണ്ടന്‍ അതിരാത്രങ്ങള്‍ വിജയിപ്പിക്കുന്നത്? സ്വബോധം ഇവര്‍ക്കൊക്കെ എവിടുന്നെങ്കിലും മേടിച്ചു കൊടുക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ അതിനും ഏതെങ്കിലും യാഗം ഉണ്ടോ?

I totally agree with you on yagam, but not with Sanskrit. It is very rich, even Noam Chomsky have written about it.

ഹരീഷ്,

''അത് മനസിലാക്കാതെ വെറുതെ ആര്‍ഷഭാരത സംസ്കാരത്തെയും വേദങ്ങളെയും യാഗ-യജ്ഞങ്ങളെയും തള്ളിപ്പറയുന്നത് ശരിയല്ല. യുക്തി എന്നത് അവനവന്റെ തലച്ചോറിന്റെ...''

ഈ ‘ആര്‍ഷ്ഭാരത സംസ്കാരം’ എന്നു പറയുന്നത് നിങ്ങളെ പോലെയുള്ളവര്‍ക്ക് വലിയ കാര്യമായിരിക്കാം. അതന്ധവിശ്വാസത്തിന്റെയും അസത്യങ്ങളായ വര്‍ഗ്ഗീയ ശ്രേണിയുടെയും പേരിലുണ്ടാക്കിയ ഒരു ഉഡായിപ്പ് മാത്രമാണത്. ആ ഉഡായിപ്പ് ശാസ്ത്രത്തിന്റെ പേരില്‍ തുടരാനുള്ള പുതിയ ഉഡായിപ്പുകളെ തെളിവുകള്‍ അനുസരിച്ച് സൂരജ് എതിര്‍ക്കുന്നു. അതു ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയോടുള്ള സൂരജിന്റെ മാനവിക കടപ്പാടായാണ് അയാള്‍ ചെയ്യുന്നത്. ഇത്രയും നാള്‍ പലരുടെയും നാവടപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇനിയും അതു സാദ്ധ്യമല്ല എന്നു വന്നിരിക്കുമ്പോള്‍ താങ്കളേപ്പോലെയുള്ളവരുടെ വേവലാതി മനസിലാക്കുന്നു.

പിന്നെ ഒന്നു കൂടി. ഇന്ത്യന്‍ സംസ്കാരം എന്നു പറയുന്നത് ഈ നൊമാഡികള്‍ ഉണ്ടാക്കിയതൊന്നുമല്ല. മനുഷേനേം മൃഗങ്ങളേം ചുട്ടുകരിച്ചു തിന്നു ജീവിച്ച്, നാടു മുഴുവന്‍ അഭയാര്‍ദ്ധികളായി നടന്നവര്‍ക്കെങ്ങനെ സംസ്കാരങ്ങള്‍ സൃഷ്ടിക്കാനാകും?

പ്രസന്ന,

ഈ ആര്‍ഷ ഭാരതം എന്നുള്ളത് താങ്കളെയും സൂരജിനെയും പോലെയുള്ളവര്‍ക്ക് പുച്ഛം ആയിരിക്കാം. എല്ലാര്‍ക്കും അങ്ങിനെ ആകണമെന്നില്ല. താങ്കളുടെ കമന്റില്‍ നിന്ന് മനസിലായത് താങ്കളുടെ വിജ്ഞാനത്തെ കുറിച്ചാണ്. BBC documentary "The Story of India" recommend ചെയ്യുന്നു.

ലേഖകന്‍ ഡ്രാഗണ്‍ ഫ്രൈ എഫക്റ്റിനെ പറ്റി പഠിക്കുന്നതും നല്ലതായിരിക്കും, അതില്‍ പറയുന്ന സൂപ്പര്‍സ്ടിംഗ് സിമട്രി ഫ്രൈ ചെയ്തു വയ്ക്കുമ്പോള്‍ ഡ്രാഗണിന്റെ വാല്‍ സ്ട്രിങ്ങ് പോലെ ചുരുളുകയും അതില്‍ അതിന്റെ വൈബ്രേഷന്‍ ഉണ്ടാക്കുന്ന പോസിറ്റീവ് എനര്‍ജിയെപ്പറ്റിയും ലേഖകന്‍ മനസ്സിലാക്കുന്നത് നന്നു

യാഗ ഗവേഷണം എന്ന പ്രഹസനത്തിനെതിരെ കേരളയുക്തിവാദിസംഘത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞര്‍, യാഗാനുകൂല ശാസ്ത്രജ്ഞരുടെ(?) കള്ളപ്രചരണങ്ങളെ തുറന്നു കാണിച്ചുകൊണ്ട് ഇന്ന് (ജൂണ്‍ 18 ന്) പത്ര സമ്മേളനം നടത്തി. പ്രസ്താവന ഇവിടെ വായിക്കാം

@സുനിഷ്...തന്റെ അധോവായു മുതല്‍ വായില്‍ നിന്നും വീഴുന്ന ഭോഷത്തരങ്ങള്‍ വരെ പ്രകൃതിയില്‍ (microenvironment ഇല്‍ എങ്കിലും) മാറ്റം ഉണ്ടാക്കും (പരീക്ഷണം ആകാം, നാലാള്‍ കൂടി നില്‍ക്കുന്നിടത്ത്).

@ജോണ്‍ , ഫലസിദ്ധി ഇല്ലായിരുന്നെങ്കില്‍ ഒരു ആചാരവും നിലനില്‍ക്കില്ലയിരുന്നു.

@പ്രസന്ന, വേദങ്ങളും ഉപനിഷത്തുകളും ഒക്കെ അന്ധവിശ്വാസമാനെന്നു പറയുന്നത് മണ്ടത്തരമാണ്. ഇന്നത്തെ theoretical physicists (Stephen Hawking നെ പോലുള്ളവര്‍ ) ചെയ്യുന്നതായിരിന്നു അന്നത്തെ മഹര്‍ഷിമാരും ചെയ്തിരുന്നത്. യജ്ഞങ്ങളും യാഗങ്ങളും ഒക്കെ നടത്തിയിരുന്നത് weather modulation നു വേണ്ടി ആയിരുന്നു. (cf. Ramanathan, A.S. (1986). Contribution to weather science in ancient India. Indian J. Hist. Sci.,21(1): 7-14 ). അതില്‍ ഉപയോഗിക്കുന്ന വസ്തുക്കളും വര്‍ത്തിക്കുന്ന അനുഷ്ടാനങ്ങളും symbolic ആണ്. പ്രകൃതിയില്‍ നിന്നും നമ്മള്‍ എടുത്ത ഊര്‍ജവും വസ്തുക്കളും പ്രകൃതിയിലേക്ക് കുറച്ചെങ്കിലും തിരികെ കൊടുക്കുക (replenishment) എന്നതാണ് അതിന്റെ ഉദ്ദേശം. ഇതൊന്നും അന്ധവിശ്വാസമല്ല, (albeit, deeply based on philosophy, spirituality and metaphysics.).

@നളന്‍, Stephen Hawking ന്‍റെ Grand Design എന്ന book വായിക്കുക.

പിന്നെ, comments എഴുതിയ എല്ലാവരോടും : ഗണപതി പാല് കുടിച്ചതും, പോത്ത് ഇറച്ചി തിന്നതും ഒന്നും vedic science ഉമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ല. ഇതൊന്നും discoveries അല്ല, hoaxes/pranks ആണ്. Discoveries എന്നുദ്ദേശിച്ചത് ഭൂമി ഉരുണ്ടതാണ് - മുതലായ കണ്ടുപിടുത്തങ്ങളെ ആണ് .

ഏതാണ് വിശ്വസിക്കേണ്ടത്, എതാണ് തള്ളേണ്ടത് എന്നുള്ള വിവേചന ബുദ്ധിയാണ് യുക്തി ചിന്ത. അല്ലാതെ, 'തനിക്ക് വിശ്വാസമില്ലാത്തതെല്ലാം അന്ധവിശ്വാസം' എന്നുള്ള കാഴ്ച്ചപ്പാടല്ല. ഈ പറഞ്ഞ ആര്‍ഷ ഭാരത സംസ്കാരം തന്നെ ആണ് മനുഷ്യര്‍ക്ക്‌ ഗണിത ശാസ്ത്രത്തിലും, ജ്യോതിശാസ്ത്രത്തിലും ഒക്കെ വിസ്മരിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയത് എന്ന് മനസിലാക്കുക. ഈ പറഞ്ഞ nomadic ( aryans ???) കള്‍ അല്ലെങ്കില്‍ ആരാണാവോ വേദങ്ങളും, ഉപനിഷത്തുകളും ഒക്കെ എഴുതിയതും ആര്‍ഷ ഭാരത സംസ്കാരം സ്ഥാപിച്ചതും ? Nom Chomsky ? Mao ? Lenin ? ഒരാള്‍ മലര്‍ന്നു കിടന്നു തുപ്പുന്നു, മറ്റൊരാള്‍ വളഞ്ഞു കിടന്നു മൂക്കിലേക്ക് അധോവായു വിടുന്നു. ആത്മാഭിമാനമുള്ള ഭാരത മക്കള്‍!

പ്രിയപ്പെട്ട ശ്രീലാല്‍,
താങ്കളുടെ മറുപടി നന്നായി. അതിരാത്രം നടത്തിയ സമയത്ത് ആ ചടങ്ങിനെ വാനോളം പുകഴ്ത്തിയ കുറെ മാധ്യമ പ്രവര്‍ത്തകരാണ് ഇപ്പൊ ഫെയ്സ്ബുക്കിലുടെയും മറ്റും ആക്ഷേപം ഉന്നയിക്കുന്നത്. ഇവരുടെ മുഖംമൂടിയാണ് ആദ്യം വലിച്ചുകീറേണ്ടത്...

ഇതൊക്കെ വായിച്ച് കരയണോ..ചിരിക്കണോ..അതാ ഇപ്പോ കണ്‍ഫ്യൂഷ്യസ്. വേദ സംസ്ക്കാരം അങ്ങനെയൊന്നും എളുപ്പത്തില്‍ ഒളിച്ചു കടത്താന്‍ കഴിയില്ലന്നറിയാം. എന്നാലും ശാസ്ത്ര-അജ്ഞന്മാരുടെ പൈലറ്റ് ജീപ്പുണ്ടങ്കില്‍ കുറച്ചെന്തെങ്കിലും..അതുമതി.

നന്നായി സൂരജ് ഭായ്.
മലയാളത്തിനും സൂരജിനും അഭിനന്ദനങ്ങള്‍.
നമ്പൂതിരി സമുദായം പഴയ നൂറ്റാണ്ടിലേക്ക് തിരിച്ചുപോവാന്‍ നടത്തുന്ന പാഴ്ശ്രമങ്ങള്‍ അവരെ ഒറ്റപ്പെടുതുകയെ ഉള്ളൂ എന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്.
മാതൃഭൂമി ഇത്രയും നുണ എഴുതി പുതിയ തലമുറയെ വഴി തെറ്റിക്കുന്നത് നല്ലതല്ല.

പ്രിയപ്പെട്ട സുഹൃത്തേ,

ശാസ്ത്രീയ അടിത്തറ അവകാശപെട്ടവര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ തിരുത്തട്ടെ. താങ്കളുടെ ഈ ലേഖനം അതിനു ഉപകാരപ്പെടും. പക്ഷെ 3000 വര്‍ഷമായി തുടര്‍ന്ന് വരുന്ന ഒരു സംസ്കാരം ആരെയും ഉപദ്രവിക്കുന്നില്ലെങ്കില്‍ താങ്കള്‍ക്ക് എന്താണ് പ്രശ്നം. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ സംസ്കാരമാണ് അത്. അതും കൂടെ നശിപ്പിച്ചു ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം പൂര്‍ണമായി ഇളക്കാന്‍ ആണോ താങ്കളുടെ ശ്രമം. കഴിയുമെങ്കില്‍ നിങ്ങളെ പോലെ കഴിവുള്ളവര്‍ ഭക്തി വിറ്റു കാശാക്കുന്ന കപട പാസ്റ്റര്‍ മാരെയും സന്യാസി മാരെയും കുറിച്ച് ലേഖനങ്ങള്‍ എഴുതു. ഹിന്ദു സംസ്കാരത്തെ പറഞ്ഞാല്‍ ആരും ചോദ്യം ചെയില്ല, അത് കൊണ്ട് ബ്ലോഗ്‌ ലേഖകന്മാര്‍ക്ക് തോനിയത് എഴുതാം. നായര്‍ നമ്പൂതിരി മേനോന്‍ തുടങ്ങിയ ജാതി വേര്‍തിരിച്ചു ശാസ്ത്രജ്ഞന്മാരെ കുറ്റം പറയാനും നിങ്ങള്‍ മിടുക്കറാണ്. ശാസ്ത്രിയ അടിത്തറ ഇല്ലാത്ത എല്ലാ കാര്യങ്ങള്‍ക്കും നിങ്ങള്‍ എതിര് ആണെങ്കില്‍ അമ്പലത്തിലും പള്ളിയിലും പോകുന്നതിനും 5 നേരം നിസ്ക്കരിക്കുന്നതിനും എതിരെ നിങ്ങള്‍ എഴുതു. ശാസ്ത്രിയമായി ഗുണങ്ങള്‍ ഉള്ള കാര്യമേ ചെയ്യാവു എന്നുണ്ടെങ്കില്‍ താങ്കള്‍ ഈ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തൂ . ശാസ്ത്രീയമായി നോക്കിയാല്‍ അതുകൊണ്ട് ഒരു പ്രയോജനം ആര്‍ക്കും ഇല്ല.

എന്ന്
മനുഷ്യന്‍

ഹോമം വന്നാല്‍ ഇന്നേതു തന്ത്രീം പൂച്ചയെപ്പോലെ...
പതിയെപ്പതിയെ അതിരാത്രമെല്ലാം നടത്തിപ്പറ്റിക്കും...
പാഞ്ഞാളില്‍ യാഗം... കുണ്ടൂരില്‍ യാഗമിന്നാകവേ യാഗം...
അവിടെയും യാഗം... ഇവിടെയും യാഗമിന്നടിമുടിയതിരാത്രം....

നന്ദി ശ്രീ സൂരജ് ..

മാതൃഭുമി വായിച്ചു കുട്ടികള്‍ വളര്‍ന്നാല്‍ നാളെ അവര്‍ സ്വന്തം കുട്ടികളെ തന്നെ ദൈവപ്രീതിക്ക് വേണ്ടി ബലി കൊടുത്തു എന്ന് കേട്ടാല്‍ അത്ഭുതപ്പെടെണ്ട .

കേരളത്തിലെ ജനങ്ങളെ ഇത്രത്തോളം പുറകോട്ടു വലിക്കുന്ന ''യഥാര്‍ത്ഥ സംസ്കാര'' വക്താക്കള്‍ , ശാസ്ത്രത്തെയും വളച്ചൊടിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് നമ്മുടെ ദുര്യോഗം . സ്വദേശാഭിമാനി പോലുള്ള നട്ടെല്ലുള്ള പത്രപ്രവര്‍ത്തകര്‍ വിട്ടു പോയ ഇടങ്ങളില്‍ മുരളിമാര്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു .

സവര്‍ണ ഫാസിസ്റ്റ് ചിന്താഗതി സമൂഹത്തില്‍ ഉറപ്പിക്കുന്ന മാതൃഭുമി , ഏഷ്യനെറ്റ തുടങ്ങിയ തട്ടിപ്പുകളെ കുറിച്ച് സൈബര്‍ മാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു .

Editor's picture

പാഞ്ഞാള്‍ അതിരാത്രം: അവകാശവാദങ്ങള്‍ ശാസ്‌ത്രവിരുദ്ധം
പാഞ്ഞാളില്‍ നടത്തിയ അതിരാത്ര യാഗത്തിന്റെ ഫലത്തെ സംബന്ധിച്ച്‌ അശാസ്‌ത്രീയമായ അവകാശവാദങ്ങളാണ്‌ പുറത്തുവരുന്നതെന്ന്‌ യാഗപരിസരം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ശാസ്‌ത്രസംഘം വിലയിരുത്തി. കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ 11 ശാസ്‌ത്രപണ്ഡിതരും സംഘം നേതാക്കളായ അഞ്ചുപേരുമാണ്‌ പഠനം നടത്തിയത്‌. വെള്ളിയാഴ്‌ച രാവിലെ 9.30 മുതല്‍ 11.30 വരെ സംഘം യാഗപരിസരത്തെ ഒട്ടേറെ പേരെ കണ്ട്‌ വസ്‌തുതകള്‍ ചോദിച്ചറിയുകയും ചെയ്‌തു.

യാഗഫലമായി കാര്‍ഷിക വളര്‍ച്ച മെച്ചപ്പെട്ടുവെന്ന ഡോ. വി പി എന്‍ നമ്പൂതിരി എന്ന ശാസ്‌ത്രജ്ഞന്റെ അവകാശവാദം തെറ്റാണെന്ന്‌ നാട്ടുകാര്‍ സംഘത്തോട്‌ വിശദീകരിച്ചു. യാഗം നടത്തിയ വയലില്‍ നേരത്തെ മൂന്നു വിള കൃഷി നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ വിത്തിറക്കുകപോലുമുണ്ടായിട്ടില്ല.

മൊത്തത്തില്‍ കാര്‍ഷികരംഗത്ത്‌ സ്‌തംഭനാവസ്ഥയാണെന്ന്‌ കര്‍ഷകരടക്കമുള്ള ജനങ്ങള്‍ സംഘത്തോട്‌ വിശദീകരിച്ചു. മാത്രമല്ല, യാഗശാല നിര്‍മാണം മഴമൂലം തടസ്സപ്പെടുകയും ചെയ്‌തു. മഴയാകട്ടെ യാഗഫലമായിരുന്നില്ല. യാഗഫലമായി വായു, ജലം, മണ്ണ്‌ എന്നിവ ശുദ്ധമായി എന്ന വാദവും ശാസ്‌ത്രീയമായിരുന്നില്ല. യാഗപരിസരത്തുള്ള അമ്പലക്കുളത്തിലെ ജലം ശുദ്ധമായെന്നാണ്‌ യാഗാനുകൂലികള്‍ പറയുന്നത്‌. എന്നാല്‍ പാഞ്ഞാള്‍ പഞ്ചായത്ത്‌ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം 2010 നവംബര്‍ ഒമ്പതിനു മുമ്പ്‌ അമ്പലക്കുളം ശുദ്ധീകരിച്ചിരുന്നു. ഇതിനായി 1,23,540 രൂപ ചെലവാക്കുകയും ചെയ്‌തതായി സ്ഥലവാസിയായ എന്‍ എസ്‌ ജെയിംസ്‌ പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത്‌ സെക്രട്ടറി സ്ഥിരീകരിച്ചതായും സംഘം വ്യക്തമാക്കി.
യാഗത്തിന്റെ ഫലമായി സസ്യവളര്‍ച്ച കൂടുകയോ വിത്ത്‌ മുളയ്‌ക്കല്‍ ത്വരിതപ്പെടുകയോ ഉറക്കത്തില്‍ മാറ്റമോ ആരോഗ്യത്തില്‍ മാറ്റമോ അനുഭവപ്പെട്ടിട്ടില്ലെന്ന്‌ അന്തര്‍ജനങ്ങളായ ഗൗരി(78), സ്‌മിത(38) എന്നിവര്‍ പറഞ്ഞു. ഇക്കാര്യം ശരിയാണെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും വ്യക്തമാക്കി.

യാഗമന്ത്രത്തില്‍ നിന്നുള്ള വൈബ്രേഷന്‍സാണ്‌ വിത്തു മുളയ്‌ക്കാന്‍ കാരണമെങ്കില്‍ പടിഞ്ഞാറ്‌ ഭാഗത്തെ വിത്തു മാത്രം 2000 ഇരട്ടി വേഗത്തില്‍ മുളച്ചതെങ്ങനെ എന്നാണ്‌ സംശയം. സമാനകമ്പനങ്ങള്‍ സമാനഗുണങ്ങളേ ഉല്‌പാദിപ്പിക്കൂ എന്നും ഡോ. വി പി എന്‍ നമ്പൂതിരിയുടെ അവകാശവാദം അശാസ്‌ത്രീയമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാനകോശം ഡയറക്‌ടര്‍ ഡോ കെ പാപ്പുട്ടി പറഞ്ഞു.

പ്രവര്‍ഗ്യത്തിലെ തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്‌മികളുടേതുപോലെ അപൂര്‍വമായ താപനില രേഖപ്പെടുത്തിയെന്നും യാഗശാലയുടെ ശുദ്ധിക്ക്‌ തെളിവായി ഹൈഡ്രജന്‍ കണ്ടെത്തിയെന്നും പരാമര്‍ശമുണ്ടായി.

യാഗസ്ഥലത്ത്‌ പരിശോധന നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അസ്‌ട്രോഫിസിക്‌സിലെ പ്രഫ സക്‌സേന ഇങ്ങനെ പറഞ്ഞെന്നാണ്‌ യാഗവക്താക്കള്‍ പ്രചരിപ്പിച്ചത്‌. എന്നാല്‍ ഇക്കാര്യത്തില്‍ സംശയം തോന്നിയ ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്‌ത്രജ്ഞന്‍ ഡോ. മനോജ്‌ കോമത്ത്‌ പ്രഫ. സക്‌സേനയോട്‌ നേരിട്ട്‌ എഴുതി ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള നിരീക്ഷണം നടത്തിയിട്ടില്ലെന്നും ഹൈഡ്രജന്റെ വികിരണങ്ങള്‍ ദര്‍ശിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത്‌ മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതാകാമെന്നും സക്‌സേന വ്യക്തമാക്കി.

ദുരാചാരമായി ഭാരതത്തെ വേട്ടയാടിയിരുന്ന യാഗങ്ങള്‍ പുനരുദ്ധരിക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങള്‍ക്ക്‌ ശാസ്‌ത്രത്തിന്റെ മേലങ്കി അണിയിക്കാനുള്ള പ്രചാരണമാണിതെന്ന്‌ യുക്തിവാദിസംഘം പ്രസിഡന്റ്‌ യു കലാനാഥന്‍ പറഞ്ഞു.

വികലമായ പരീക്ഷണങ്ങള്‍ നടത്തി അതിന്റെ ഫലങ്ങള്‍ ഊതിപ്പെരുപ്പിച്ചു യാഗത്തിനു ഗുണഫലങ്ങള്‍ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ്‌ പാഞ്ഞാള്‍ അതിരാത്രത്തോടനുബന്ധിച്ച്‌ നടന്നതെന്ന്‌ പ്രഫ. കെ പാപ്പുട്ടി, ഡോ കെ പി അരവിന്ദന്‍ (ആലപ്പുഴ മെഡി. കോളജ്‌), ഡോ. എസ്‌ ശങ്കര്‍(ശാസ്‌ത്രജ്ഞന്‍ കെ എഫ്‌ ആര്‍ ഐ പീച്ചി), യു കലാനാഥന്‍, ഡോ. സി പി രാജേന്ദ്രന്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ബാംഗ്ലൂര്‍), ഡോ. എന്‍ ശങ്കരനാരായണന്‍ (മുന്‍ ശാസ്‌ത്രജ്ഞന്‍, ബാബ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റര്‍, മുംബൈ), ഡോ മനോജ്‌ കോമത്ത്‌, ഡോ. കെ ആര്‍ വാസുദേവന്‍ (ചെയര്‍മാന്‍, കോവൂര്‍ ട്രസ്റ്റ്‌), ഡോ. സി രാമചന്ദ്രന്‍ (മുന്‍ ശാസ്‌ത്രജ്ഞന്‍ ഐ എസ്‌ ആര്‍ ഒ), ഡോ. പി കെ നാരായണന്‍ (മനശ്ശാസ്‌ത്രജ്ഞന്‍), ഡോ. പി ടി രാമചന്ദ്രന്‍ (കോഴിക്കോട്‌ സര്‍വകലാശാല), പ്രഫ. സി രവിചന്ദ്രന്‍ (യൂണിവേഴ്‌സിറ്റി കോളജ്‌, തിരുവനന്തപുരം), ഡോ. ടി വി സജീവ്‌ (ശാസ്‌ത്രജ്ഞന്‍ കെ എഫ്‌ ആര്‍ ഐ പീച്ചി), അഡ്വ. കെ എന്‍ അനില്‍കുമാര്‍ (ജന. സെക്രട്ടറി യുക്തിവാദിസംഘം), ഇരിങ്ങല്‍ കൃഷ്‌ണന്‍ (യുക്തിവാദിസംഘം), കെ പി ശബരിഗിരീഷ്‌ (പവനന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ്‌), ടി കെ ശശിധരന്‍ (യുക്തിവാദിസംഘം) എന്നിവര്‍ പറഞ്ഞു.

ജനയുഗം 19-06-11

രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ . ഇതിനെ എതിര്‍ക്കുന്നവരും അംഗീകരിക്കുന്നവരും മൂഢന്മാര്‍ തന്നെ..

തീ കത്തിച്ചാല്‍ നശിക്കാത്തതായ് ഒന്നുമില്ല... സൂക്ഷ്മ ജന്തുക്കള്‍ കുറയാന്‍ കാരണം തീ കൊണ്ടാണ്.. തീ കൊണ്ട് ശുദ്ധമായ സ്ഥലത്ത് എന്ത് കുഴിച്ചിട്ടാലും വേഗത്തില്‍ മുളയ്ക്കും.. യജ്ഞം ചെയ്തു സൂക്ഷ്മാണുക്കള്‍ നശിച്ചു. എന്നാല്‍ ഈ സൂക്ഷ്മ ജീവികള്‍ക്കും ഇവിടെ ജീവിക്കാന്‍ ഉള്ള അവകാശം ഇല്ലേ ? വേദങ്ങള്‍ പഠിച്ചത് കൊണ്ട് ഇവര്‍ക്ക് അതിന്റെ അര്‍ത്ഥസംഹിത മനസിലാക്കാന്‍ സാധിച്ചിട്ടില്ല... അത് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം...

സഹാറയില്‍ മഴ പെയ്യിക്കാന്‍ കഴിവുള്ള യോഗികള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കുറവാണ്, അങ്ങിനെ ഉള്ളവര്‍ ഉണ്ടെങ്കിലും അവര്‍ അത് പുറത്തു പ്രകടിപ്പിക്കില്ല...

ഒന്നിനെയും അന്വേഷിക്കാതെ യുക്തിവാദം എന്ന് പറയുന്നത് വിഡ്ഢിത്തരം ആണ്...
അന്വേഷിക്കൂ.. മനസിലാക്കൂ .. പ്രതികരിക്കൂ...

പലരും വിചാരിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ് ഇത്തരം 'ആഭാസ ശാസ്ത്ര വാദങ്ങളുടെ' social impact . മധ്യ വര്‍ഗ്ഗങ്ങള്‍ക്ക് ശാസ്ത്രത്തിലും ശാസ്ത്രീയതയിലും എന്നതില്‍ ഏറെ താല്‍പ്പര്യം അവരുടെ വര്‍ഗ്ഗ പദവി കോട്ടം കൂടാതെ നില നിര്‍ത്തുന്നതില്‍ ആണ് . ജാതീയ സവര്‍ണത , സ്ത്രീവിരുദ്ധത, ഇവയുടെ പ്രത്യയ ശാസ്ത്ര പിന്‍ബലം ഇല്ലാതെ കോര്‍പ്പറേറ്റ് മുതലാളിത്തത്തിനു ഇന്ത്യയില്‍ അധികം ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി നില്‍ക്കാന്‍ ആവില്ലെന്ന അവസ്ഥ ഉണ്ട് . അതിനാല്‍ സങ്കീര്‍ണ്ണം ആയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് അതീവ ലളിതം എന്ന് തോന്നിപ്പിക്കുന്ന ഉത്തരങ്ങള്‍ ആണ് ഈ ശക്തികള്‍ ജനങ്ങള്‍ക്ക്‌ offer ചെയ്യുന്നത്. വെളുത്ത നിറക്കാര്‍ ആയ വിദേശികള്‍, വെള്ളം പോലെ ഇംഗ്ലിഷ് പറയുന്ന ഇന്ത്യക്കാര്‍, ശാസ്ത്രജ്ഞര്‍ ആയി ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിക്കുന്ന ജാതിക്കോമരങ്ങളും, മൂരാച്ചികളും, ശാസ്ത്ര വിരുദ്ധരും ആയ അധികാരി വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍, മാധ്യമ കുത്തകകള്‍ ഇവരെല്ലാം ചേര്‍ന്ന് ഒരുക്കുന്ന അസംബന്ധ നാടകങ്ങള്‍ തുറന്നു കാട്ടേണ്ടത്‌ തന്നെ.
ബ്ലോഗ്‌ വളരെ ഇഷ്ട്ടപ്പെട്ടു ; അഭിനന്ദനങ്ങള്‍!

ഗുഡ് ഈവെനിങ് മൈ ഫ്രണ്ട് ; നല്ലത് മാത്രം ചെയ്യൂ അല്ലാത്ത അന്തുപര്യന്‍ . വരും തലമുറ കണ്ടു പഠിക്കട്ട .

ബട്ടര്‍ഫ്ലൈ എഫക്റ്റ് എവിടെ കിടക്കുന്നു അതിരാത്രം എവിടെ കിടക്കുന്നു. അതിരാത്ര ശാസ്ത്രികള്‍ പറയുന്നത് വച്ചു നോക്കിയാല്‍ തീയിട്ടപ്പോള്‍ സ്ഥലത്തെ ജീവജാലങ്ങള്‍ ഒക്കെ ചത്തൊടുങ്ങി എന്ന ലോജിക്ക് പോലെയാണ് .

അല്ല, ഇനി അണുനശീകരണം ആണ് ലക്ഷ്യമെങ്കില്‍ ചവറു കൂട്ടിയിട്ടു കത്തിച്ചാല്‍ പോരെ? തീകൊണ്ട് ശുദ്ധീകരണം നടത്താന്‍ കഴിയും എന്നതൊക്കെ ലോകത്ത് പണ്ടുകാലം മുതലേയുള്ള നാട്ടറിവുകള്‍ ആണ്. സംഗതി അതൊന്നുമല്ല, പണ്ടത്തെ ചില ആചാരങ്ങള്‍ ശാസ്ത്രീയമായ എന്തോ വലിയ സംഭവം ആണെന്ന് കാണിച്ച് അന്ധ വിശ്വാസങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനം കൂട്ടിയെടുക്കണം.

@വില്‍സണ്‍, ശാസ്ത്രവിധി എന്നൊരു സംഭവമുണ്ട്. വെറുതെ ചവറു കൂട്ടിയിട്ട് തീയിടുന്നതല്ല ഹോമം. താങ്കള്‍ വലിയ ബുദ്ധിമാനും, വേദാചാര്യന്മാര്‍ മണ്ടന്മാരും ആണെന്ന് വിചാരിക്കരുത്. സഹസ്രാബ്ദങ്ങളുടെ നിരീക്ഷണങ്ങള്‍ക്കു ശേഷം ഉരുത്തിരിഞ്ഞു വന്ന ചില axioms ഇല്‍ അധിഷ്ടിതമായ ചില ക്രിയകള്‍ ആണ് യാഗങ്ങളും യജ്ഞങ്ങളും. ചുമ്മാതെ ഒരു ദിവസം ആര്‍ക്കോ തോന്നിയ ഭ്രാന്തന്‍ ചിന്തകള്‍ അല്ല. അക്കാലത്തു ലഭ്യമായ ശാസ്ത്ര വിജ്ഞാനവുമായി ഒത്തു പോകുന്നതായിരുന്നു ആ ആചാരങ്ങള്‍. homeopathy um ആയുര്‍വേദവും യുനാനിയും ഒക്കെ പല രോഗങ്ങളിലും ഫലിക്കുന്നില്ലേ ? ഇവയുടെ ഒക്കെ അടിസ്ഥാന തത്വം (principle) ആധുനിക ശാസ്ത്രത്തിന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. (അതുകൊണ്ട് ഇതിനൊക്കെ ഒരു placebo effect മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു ആധുനിക ശാസ്ത്രം കൈ കഴുകുന്നു). യാഗങ്ങളുടെയും യജ്ഞങ്ങളുടെയും ഒക്കെ കാര്യം ഇങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

ഒന്നിനെ നശിപ്പിക്കാന്‍ വേണ്ടി ഒരു യജ്ഞങ്ങളും നടക്കാറില്ല... ഒരു യജ്ഞകാരന്‍ യജ്ഞം നടത്തുന്നു എങ്കില്‍ അതില്‍ സമൂഹത്തിനു വേണ്ടി നല്ല ഉദേശം ആയിരിക്കും ഉണ്ടാകുക... അതിന്റെ റിസള്‍ട്ട് അവര്‍ പറയാറും ഇല്ല...

യാഗങ്ങളും യജ്ഞങ്ങളും എല്ലാം തിരിച്ചറിവിന് വേണ്ടി എഴുതിയിട്ടുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആണ്... അതിനെ മോഡേണ്‍ സയന്‍സുമായ് ഉപമിക്കാന്‍ പറ്റില്ല.. കാരണം മോഡേണ്‍ സയന്‍സ് എന്ന് പറയുന്നത് എത്രയോ പുറകിലാണ് എന്ന് വേദവും / ഉപനിഷദ് പഠിച്ച ആളുകള്‍ക്ക് മനസിലാകും, ഇത് പഠിച്ചിട്ടും വിഡ്ഢികള്‍ അയി ഇരിക്കുന്നവര്‍ എത്രയോ ഉണ്ട് ...

ഉം ,,കോമഡി കോമഡി...

"കാരണം മോഡേണ്‍ സയന്‍സ് എന്ന് പറയുന്നത് എത്രയോ പുറകിലാണ് എന്ന് വേദവും / ഉപനിഷദ് പഠിച്ച ആളുകള്‍ക്ക് മനസിലാകും"

ഹ ഹ ...പക്ഷെ ഉപനിഷദ്‌ പഠിച്ചവര്‍ക്ക്‌ ഈ സാമാനം അന്യം നിന്ന് പോകാതിരിക്കാന്‍ മോഡേണ്‍ സയന്‍സിന്റെ സഹായം ഇല്ലാതെ പറ്റില്ല. അതും സയന്‍സിന്റെ അടിസ്ഥാന തത്വങ്ങളെ വളച്ചൊടിച്ച് ശാസ്ത്രാവബോധം ഇല്ലാത്ത പലരെയും പറ്റിച്ചുകൊണ്ട്.

"ഇവയുടെ ഒക്കെ അടിസ്ഥാന തത്വം (principle) ആധുനിക ശാസ്ത്രത്തിന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്."

താന്കള്‍ തന്നെ പറഞ്ഞു ശാസ്ത്രത്തിനു ആചാരങ്ങളുടെ ശാസ്ത്രീയത വിശദീകരിക്കാന്‍ കഴിയില്ല എന്ന്. ശാസ്ത്രീയമായി വിവരിക്കാന്‍ കഴിയാത്തവ എന്നാല്‍ ശാസ്ത്രീയ അടിത്തറ ഇല്ലാത്തവ എന്നാണു അര്‍ഥം. അത്തരം ആചാരങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. അതൊരു വിശ്വാസം എന്ന രീതിയില്‍ ആളുകള്‍ക്ക് മനസമാധാനം പ്രധാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തുടരുന്നതില്‍ തെറ്റില്ല.

പക്ഷെ ജനങ്ങള്‍ കൂടുതല്‍ ശാസ്ത്രബോധമുള്ളവരായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ ആധുനിക ശാസ്ത്രത്തിന്റെ സഹായം കൂടാതെ ഇത്തരം ആചാരങ്ങല്‍ക്കൊന്നും നിലനില്‍പ്പില്ല എന്ന ബോധ്യത്താല്‍ ശാസ്ത്രീയമായി ഇതൊക്കെ വിശദീകരിച്ചേ അടങ്ങൂ എന്നും പറഞ്ഞ ചിലര്‍ ശാസ്ത്രീയ തത്വങ്ങളെ വ്യഭിച്ചരിച്ചുകൊണ്ട്‌ ഇവിടെ നടത്തുന്ന "ശാസ്ത്രീയ ഉടായിപ്പുകളെ" ആണ് വിമര്‍ശന വിധേയമാക്കുന്നത്.

അവിടെ കപടശാസ്ത്ര പൂങ്കവന്മാര്‍ ഐന്‍സ്ടയിനും ക്വാണ്ടം മെക്കാനിക്സും ആയി ഇത്തരം ചരക്കുകളെ കൂട്ടികെട്ടാന്‍ രാപകലില്ലാതെ അധ്വാനിക്കുമ്പോള്‍ ആണ് ഇവിടെ ശാസ്ത്രത്തിന്റെ സഹായമില്ലെങ്കില്‍ ഇന്നത്തെ കാലത്ത്‌ ഓടിഞ്ഞുതൂങ്ങി വീഴും എന്ന നിലയിലുള്ള ഇത്തരം ആചാരങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ തന്തയാക്കാന്‍ ഉള്ള ചിലരുടെ അപഹാസ്യമായ ശ്രമം

ലോകത്തിലെ എന്ത് കാര്യങ്ങള്‍ക്ക് വേണമെങ്കിലും ഇത്തരം "ശാസ്ത്രീയത" നമുക്ക്‌ ഉണ്ടാക്കിയെടുക്കാം..ഉദാഹരണത്തിന് കുറച്ചു നാള്‍ മുന്‍പ്‌ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ ആമേന്‍ , ഓം, അള്ളാ .. തുടങ്ങിയ നീട്ടിപിടിച്ചുള്ള ദൈവസ്തുതികള്‍ക്ക് അന്തരീക്ഷത്തില്‍ എന്തോം കാന്തിക പ്രഭാവം ഉണ്ടാക്കാന്‍ കഴിയുമെന്നും അതുവഴി പ്രകൃതിയില്‍ മാറ്റം ഉണ്ടാകും എന്നൊക്കെയാണ്. ഇതുപോലെയുള്ള മൂന്നുനാല് ശാസ്ത്രീയ -കാന്തിക എന്നൊക്കെ കൂട്ടിച്ചേര്‍ത്ത്‌ എന്തിനെ പറ്റി വേണമെങ്കിലും, എന്തിന് - സതിയെയും, മനുഷ്യകുരുതിയെയും കുറിച്ചു പോലും നമുക്ക്‌ 'ശാസ്ത്രീയ" വ്യാഖ്യാനങ്ങള്‍ ചമയ്ക്കാം, വിശ്വസിക്കാന്‍ ആളുണ്ടാകുമെന്നു നൂറു തരം..

ശാസ്ട്രീയതയെ അടിസ്ഥാനമാക്കി ഏതെങ്കിലും ഒരു സംഭവം നീ കണ്ടെത്തിയതും ശാസ്ട്രീയതയും വച്ച് ഉദാഹരണസഹിതം പറയു

വെറുതെ വായില്‍വരുന്നത് പുറത്തേക്കു ഛര്‍ദ്ദിക്കരുത് ................

@രാജീവ്‌ - അങ്ങിനെയെങ്കില്‍ ഉപനിഷദ് പഠിക്കൂ താങ്കള്‍ എന്നിട്ട്‌ നമുക്ക് സംവദിക്കാം...

പഠിച്ചിട്ടു എതിര്‍ക്കൂ... !!!

ആഡംബര പൂര്‍വ്വം ജീവിക്കാനായി പ്രാക്തന സമൂഹങ്ങളെ ചൂഷണം ചെയ്തു ജീവിച്ച ഒരു പരാദ വര്‍ഗത്തിന് ഇപ്പോള്‍ നില നില്പ് വെല്ലു വിളി ആയപ്പോള്‍ പഴയ പരിപാടികള്‍ വീണ്ടും പയറ്റി നോക്കുന്നു. ആര്‍ഷ ഭാരത ശില്പികളെ ഇങ്ങോട്ട് കേട്ടിയെടുക്കുന്നതിനും മുമ്പേ ഇവിടെ മനുഷ്യര്‍ ജീവിച്ചിരുന്നു അവര്‍ക്ക് അവരുടെതായ ജ്ഞാന ശേഖരങ്ങലുമുണ്ടായിരുന്നു. അതൊക്കെ സൌകര്യപൂര്‍വ്വം മറന്നിട്ടു മേലനങ്ങി ജീവിക്കാന്‍ ശീലമില്ലതവരെയെല്ലാം കൂട്ട് പിടിച്ചു പിന്നേം മനുഷ്യരെ പറ്റിക്കാന്‍ ഇറങ്ങുമ്പോള്‍ 'മ്ലെച്ചം' എന്ന് പടിയിറക്കി പിണ്ഡം വെച്ച ആധുനിക ശാസ്ത്രത്തെ കൂട്ട് പിടിച്ചു ജനത്തെ വടി ആക്കുന്നതെന്തിനു?

ശാസ്ത്ര സത്യങ്ങള്‍ അന്വേഷിക്കാനുള്ള മനുഷ്യ ത്വരയെ തളച്ചിടാനും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനും മാത്രമേ ഇത്തരം യാഗങ്ങള്‍ കൊണ്ട് സാധിക്കുകയുള്ളൂ.

നല്ല ലേഖനം. ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സമൂഹത്തെ ചരിത്രാതീത കാലത്തേക്ക് വലിക്കാനുള്ള ശ്രമത്തിനെ തുറന്നു കാണിക്കേണ്ടത് അത്യാവശ്യം. അതിരാത്രത്തിന് അത്ര ശക്തിയുണ്ടെങ്കില്‍ ഈ പെട്രോള്‍ - ഡീസല്‍ - മണ്ണെണ്ണ വില വര്‍ദ്ധനയെ ഒന്ന് നിയന്ത്രിച്ചാല്‍ തരക്കേടില്ലായിരുന്നു.

സമൂഹത്തിനു ഒന്നും തിരിച്ചു നല്‍കാന്‍ കഴിയാത്ത ഒന്നിനെയും സംസ്കാരമായി അംഗീകരിക്കുന്നതാണ് നമ്മുടെ ശീലം. അതാണ്‌ നമ്മളെ തലമുറകളായി ശീലിപ്പിച്ചിട്ടുള്ളതും. എത്രയോ അനേകം പട്ടിണിപ്പാവങ്ങള്‍ ഉള്ള നാട്ടില്‍ യാഗത്തിന്റെ പേരിലും മറ്റും ലക്ഷക്കണക്കിന്‌ രൂപയുടെ പലവ്യഞ്ചനങ്ങളും സുഗന്ധദ്രവ്യങ്ങളും കത്തിച്ചുകളയുന്നതാണോ സംസ്കാരം? ഇത്രയും തുക കഷ്ടപ്പെടുന്നവരുടെ പട്ടിണി മാറ്റാന്‍ ഉതകുന്ന രീതിയില്‍ വിനിയോഗിച്ചു നോക്ക്. അവര്‍ക്കുണ്ടാകുന്ന സന്തോഷം തന്റെ സന്തോഷമായി കാണാന്‍ ശ്രമിക്കൂ. അപ്പോള്‍ മനസ്സിന് കിട്ടുന്ന പുണ്യവും സമാധാനവും ഇത്തരം നശിപ്പിക്കല്‍ സംസ്കാരം കൊണ്ടും മലിനീകരണ സംസ്കാരവും കൊണ്ട് കിട്ടുകയില്ല. ഏതു മതത്തിന്റെതായാലും സംസ്കാരം എന്നത് മനുഷ്യസൃഷ്ടിയാണെന്നും ആ മനുഷ്യന് തിരിച്ചു നല്‍കാന്‍ കഴിയാത്ത എന്തിനെയും സംസ്കാരം എന്ന് വിളിക്കേണ്ടി വരുന്നതില്‍ ലജ്ജിക്കുകയുമാണ് നാം ചെയ്യേണ്ടത്.

സംസ്കാരം സംസ്കാരം എന്ന് പറയുന്ന സുഹുര്‍തെ എന്താണ് സംസ്കാം എന്ന പദത്തിന്റെ അര്‍ഥം ?

മതത്തിന്റെ പേരില്‍ എന്തിനെയും കുറ്റപെടുത്തുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം ,കേരളത്തിലെ കാര്യം മാത്രം എടുത്താല്‍ മതി എത്ര ക്ഷേത്രങ്ങള്‍ ഇവിടെ അന്നദാനം നടത്തുന്നു ... എത്ര പേരുടെ പട്ടിണി മാറ്റുന്നു , എത്ര കുടുംബങ്ങള്‍ ക്ഷേത്രവുമായി ബെന്ടപെട്ട കാര്യങ്ങള്‍ കൊണ്ട് ജീവിക്കുന്നു? ഇതൊകെ കാണാതെ എന്തെക്കിലുമൊക്കെ എഴുതരുത് യുക്തിവാദികള്‍ എന്നൂമ് പാര്‍ട്ടി എന്നും പറഞ്ഞു നടക്കുന്നവരും കോടതി കയറി ഇറങ്ങുകയും കൊലയാളികളെ സംരക്ഷിക്കാനും പിരിവു എടുക്ക്കുനതലാതെ എത്ര പേരുടെ പട്ടിണി മാറ്റുന്നുണ്ട് എന്ന് ഒന്ന് ചിന്തിക്കു...

വന്ദേ ഭാരത മാതരം.........

ഭാരതം അനേകയിരം വര്‍ഷങളായി ദരിദ്രമായി തുടര്‍ന്നതിനു കാരണം, ചൂഷണത്തിലധിഷ്ടിതമായ ഒരു മത വ്യവസ്തയാണു. യാഗം പോലുള്ള ഈ സംഭവങള്‍ ഹിന്ദു മതത്തിലെ ഒരു പ്രതേക വിഭാഗത്തിനു മാത്രം അധികാരമുള്ളവയും അതു വഴി ആ മതത്തിലെ മറ്റു വിഭാഗക്കാരുടെ മേല്‍ മാനസികാധിപത്യവും, സാംസ്കാരികാധിപത്യവും, സാമ്പത്തികാധിപത്യവും സ്ഥാപിക്കാനുമാണു ഉപകരിക്കുക. ഒരു പക്ഷെ അതുതന്നെയാകാം അതിന്റെ ഉദ്ദ്യേശ്യവും. അതു കൊണ്ടു തന്നെ, ഹിന്ദു മതത്തിലെ ആരാധ്യരായ പരമഹംസന്‍, വിവേകാനന്ദന്‍, നാരയണ ഗുരു മുതലായവര്‍ ഇത്തരം ക്രിയകളെ സമൂഹത്തില്‍ പ്രോത്സാഹിപ്പിച്ചില്ല. ഏന്തു യാഗം വേണമെങ്കിലും നടത്തിക്കോട്ടെ, പക്ഷെ അതിനു ആസൂത്രിതമായ പ്രചരണവും തദ്വാര ഉള്ള ചൂഷണവും എതിര്‍ക്കപെടേണ്ടതുണ്ടു. കാരണം ഈ ചൂഷണതിനു ഇരയാകാന്‍ പോകുന്നതു മറ്റു മതക്കാരല്ല, നൂറ്റാണ്ടുകളായി ആധിപത്യങ്ങള്‍ക്കു വിധേയരായി കഴിയുന്ന ലക്ഷക്കണക്കിനു ഹിന്ദുക്കളാണു.

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
5 + 2 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback