എന്റെ കുട്ടിക്കാലത്ത് സ്ഥിരമായി കേള്‍ക്കാറുള്ള ഒന്നായിരുന്നു, ബാധ കൂടല്‍ എന്ന പദം. അടുത്ത വീടുകളിലെ ഏതെങ്കിലുമാള്‍ക്ക് ബാധ കൂടിയിരിക്കയാണെന്ന് പറഞ്ഞ് കൂട്ടുകാര്‍ ഓടി വരുന്നതും, എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആ വീട്ടിന്റെ പരിസരങ്ങളില്‍ ഞങ്ങള്‍ ചുറ്റിപ്പരതി നടക്കുന്നതും സാധാരണമായിരുന്നു. കുട്ടികളെ ബാധ കൂടിയ ആളിനടുത്തേക്ക് വിടുമായിരുന്നില്ല. ആരുമറിയാതെ ജനലിലൂടെ ഒളിഞ്ഞുനോക്കുമ്പോള്‍ അഴിഞ്ഞുലഞ്ഞ മുടിയുമായി, വിചിത്രമായ അംഗ വിക്ഷേപങ്ങളുമായി 'ബാധ' ഉറഞ്ഞു തുള്ളുന്നത് കാണാമായിരുന്നു. സ്ഥിരം ബാധ കൂടുന്ന ചില അമ്മായിമാരെ എനിക്ക് പരിചയമുണ്ടായിരുന്നു. എന്നാല്‍ ആ കാഴ്ച ഇപ്പോള്‍ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു. അവരൊക്കെ തീര്‍ത്തും ഉല്ലാസവതികളായി മാറിയിരിക്കുന്നു. ഒരു പക്ഷെ അക്കാര്യത്തില്‍ മെഗാപരമ്പരകള്ക്ക് നാം നന്ദി പറയേണ്ടി വരും.
ഈ അമ്മായിയെ പതിമൂന്നു വയസ്സില്‍ എന്റെ കുടുംബത്തിലെ മൂത്തമ്മാവന്മാരില് ഒരാള്‍ കല്യാണം കഴിച്ചു കൊണ്ടു വന്നതായിരുന്നു. ഒരു ധനിക കുടുംബത്തില്‍ നിന്നുംനിറയെ സ്വര്ണപ്പണ്ടങ്ങളുമണിഞ്ഞെത്തിയ കൊച്ചു സുന്ദരിയായിരുന്നുവത്രേ അവര്‍. അങ്ങനെ സുഖദമായി ജീവിക്കുന്നതിനിടെയാണ് അമ്മാവന്റെ കച്ചവടം തകര്‍ന്നതും അഞ്ചു കുട്ടികളുമായി അവര്‍ ദാരിദ്ര്യത്തിലേക്ക് വീണു പോയതും. ഈ അമ്മായിയെ പണ്ട് ഗന്ധര്വന് ബാധിച്ചുവെന്നൊരു കഥയുണ്ട്. അമ്മായിയില്‍ അനുരക്തനായ ഗന്ധര്വന് അവരെ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല എന്ന് ഉഗ്രശപഥം ചെയ്തിരുന്നുവത്രേ. തത്ഫലമായി അവര്‍ ഗര്‍ഭിണിയായാല്‍ മൂന്നാം മാസത്തില്‍ ഗര്‍ഭം അലസിപ്പോകുമായിരുന്നു. ഒടുവില്‍ ഏതോ മന്ത്രവാദിയെ കൊണ്ടു വരികയും, ദിവസങ്ങള്‍ നീണ്ട പൂജയ്ക്ക് ശേഷം ഗന്ധര്‍വനെ ഒഴിപ്പിക്കുകയും ചെയ്തുവെന്നാണ് കഥ.
എന്റെ വീടിനോട് ചേര്‍ന്നുള്ള ആല്‍ത്തറയില്‍ ഇത്തരത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട നിരവധിഗന്ധര്വന്മാര് പാര്‍ക്കുന്നു. സന്ധ്യയ്ക്ക് ആല്‍ത്തറയില്‍ വിളക്ക് തെളിച്ചശേഷം ഞാന്‍ കണ്ണടച്ചു കാതോര്‍ത്തിരുന്നു, പ്രണയപരവശനായ ഏതെങ്കിലും ഗന്ധര്‍വന്റെ ശബ്ദത്തിനായി. ഒരു ഗന്ധര്‍വ്വനും ആ വഴി വന്നില്ല. അക്കാര്യത്തില്‍ എനിക്ക് അമ്മായിയോട് അസൂയ തോന്നുകപോലുമുണ്ടായി.
അതൊക്കെ പഴയ കഥ. ഞാന്‍ കാണുമ്പോള്അമ്മായിയ്ക്ക് വയസ്സായി തുടങ്ങിയിരുന്നു. അതിനാലാകണം അക്കാലത്ത് അവരില്‍ കൂടുന്ന ബാധ ചില വല്യമ്മാവന്മാരുടെത് ആയി മാറിയിരുന്നു.
ചിലപ്പോള്‍ അടുത്ത വീട്ടില്‍ നിന്നും പെണ്ണുങ്ങള് വന്ന് ബാധയോട് സംസാരിക്കാറുണ്ട്; 'വല്യച്ചന് എന്താ വേണ്ടത്,' എന്നും മറ്റും ചോദിച്ചു കൊണ്ട്. വല്യച്ചന് വേണ്ടി കരിക്കും പഴവുമൊക്കെ അവര്‍ കയ്യില്‍ കരുതാറുമുണ്ട്. കുടുംബത്തെപ്പറ്റിയും കുടുംബാംഗങ്ങളെപ്പറ്റിയും ബാധയപ്പോള് വിസ്തരിച്ച് വെളിപാടുകള്‍ നല്‍കും. ഒടുവില്‍ എല്ലാവരെയും അനുഗ്രഹിച്ചാണ് ഒഴിഞ്ഞു പോകുന്നത്.
മറ്റു ചിലബാധകള് ആകട്ടെ ഒരു വാക്കു പോലും ഉരിയാടിയിരുന്നില്ല. പല്ലുകള്‍ കോര്‍ത്തു പിടിച്ചും, കൈകളും കാലുകളും തടി പോലെ മരവിച്ചും, നിലത്ത് നീണ്ടു നിവര്‍ന്നു കിടക്കും. ഇങ്ങനെ ബാധ ഉപദ്രവം സ്ഥിരമായി വരുന്ന കുറെ സ്ത്രീകള്‍ ഉണ്ടായിരുന്നു ഈ ചുറ്റുവട്ടത്തെല്ലാം.
അരോമാറ്റിക് അമോണിയ സ്പിരിറ്റ് എന്ന ലായനി ഉണ്ട്. എറിഞ്ഞു കയറുന്ന ഇതിന്റെ മണം മൂക്കില്‍ എത്തിയാല്‍, ഒരു വിധപ്പെട്ട ബോധക്കേടുകള്‍ പമ്പ കടക്കും. ഒരിക്കല്‍ അമോണിയ സ്പിരിറ്റ് ആരോ അമ്മായിയെ മണപ്പിച്ചു. കൊണ്ടുവാടാ എന്റെ മക്കളേ എന്ന് അലറുന്നതിനിടെ ഒരു അപ്രതീക്ഷിത ആക്രമണം. ബാധ അലറിക്കരഞ്ഞു കൊണ്ട് ഒഴിഞ്ഞു പോയി. പിന്നെ കുറേക്കാലം ഈ ഔഷധം മന്ത്രവാദിയുടെ വേഷം അഭിനയിച്ചു തകര്‍ത്തു. മിക്ക ബാധകളും ഈ പരീക്ഷണത്തെ അതിജീവിച്ചില്ല. പലര്‍ക്കും ബാധോപദ്രവം അതോടെ തീര്‍ന്നു കിട്ടി. ഇതിനെ അതിജീവിച്ച ബാധകള്‍ ആകട്ടെ തങ്ങളുടെ വരവ് മുറി അടച്ചു ഭദ്രമാക്കിയതിനു ശേഷം മാത്രമാക്കി. ബാധകള്‍ക്കു നേരെയുണ്ടായ കടുത്തമനുഷ്യാവകാശലംഘനം ആയിരുന്നുവത്.
ബാധകളുടെ പേരില്‍ തന്നെ വന്നിരിക്കുന്നു കാര്യമായ മാറ്റം. അന്നു ഞാന്‍ കേട്ട ബാധകളുടെ പേരുകളില്‍ ഒന്നു തന്നെ ഉദാഹരണമായി പറയാം, ആ ബാധയുടെ പേര് 'പാണ്ടിയാന്‍ അറുകൊല' എന്നായിരുന്നു. പണ്ട് അന്യനാട്ടില്‍നിന്നും മരക്കച്ചവടത്തിനായി വന്ന്, ഇവിടെ താമസമാക്കിയ ഒരാളായിരുന്നു പാണ്ടിയാന്‍. ഒരിക്കല്‍ മരം മുറിക്കുന്നതിനിടെ, ഒടിഞ്ഞു വീണ കൊമ്പിനടിയില്പ്പെട്ടു ഞെരിഞ്ഞുമരിച്ച അയാള്‍ നാട്ടിലെ അറിയപ്പെടുന്ന ബാധയായി മാറുകയും, ആ മരത്തിന്റെ അവശേഷിച്ച കുറ്റിയില്‍ താമസം ഉറപ്പിക്കുകയും ചെയ്തു. ആ വഴിയിലൂടെ രാത്രിയില്‍ ആരു നടന്നാലും വിറയ്ക്കുന്ന മരച്ചില്ലകളും ഒടിച്ചെടുത്ത് പാണ്ടിയാന്‍ അവരെ പിന്തുടരും. അങ്ങനെ പാണ്ടിയാനെ കാണുന്നവര്‍ പനിച്ചു കിടപ്പാവും എന്നുറപ്പ്. അതൊക്കെ പഴം കഥയായി മാറിയെങ്കിലും പാണ്ടിയാന്‍ അറുകൊല ഒരൊന്നാന്തരം പേരാണെന്ന് സമ്മതിക്കാതെ വയ്യ. ഇക്കാലത്താണ് ഈ സംഭവമെങ്കില്‍ എന്താകും അവസ്ഥ ! പി. പി. ഷിജുവിനെ ഓര്മ വരുന്നു. അതൊരു കാലം !
സ്വന്തമായി വരുമാനം ഇല്ലാതെ, സ്വന്തം വ്യക്തിത്വത്തെ വെളിപ്പെടുത്താന്‍ ഒരുവിധ മാര്‍ഗവുമില്ലാതെ, സമൂഹത്തിന്റെ എല്ലാ നിയമങ്ങളും അനുസരിച്ച് സത്ചരിതകളായി ജീവിക്കുന്ന സ്ത്രീകള്‍ ആയിരുന്നു മിക്കപ്പോഴും ഇത്തരം വെളിപാടുകളുടെ ഇരകള്‍. ഭര്‍ത്താവിനോ, മുതിര്‍ന്ന മറ്റുള്ളവര്‍ക്കോ മുന്നില്‍ തങ്ങളുടെ നിലപാടുകള്‍ വെളിപ്പെടുത്താന്‍ അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സഹനത്തിന്റെ ദേവതകളായി അവര്‍ കാലം കഴിക്കുന്നതിനിടയില്‍ കണ്ടെത്തിയ സ്വയംചികിത്സാമാര്ഗ്ഗം കൂടിയായിരുന്നിരിക്കണം ഈ ബാധ കൂടല്‍. അടക്കിവച്ച ആഗ്രഹങ്ങളുടെ ബഹിര്‍സ്ഫുരണം എന്ന നിലയില്‍, തന്റെ സംരക്ഷകനായ പുരുഷനെ ഒരു ദിവസം എങ്കിലും തന്റെ കല്‍പ്പനകള്‍ കേട്ടു നില്ക്കുന്നവനാക്കാന് ഉപകരിച്ചിരുന്നിരിക്കണം ഈ ബാധകള്‍.
അഴിഞ്ഞുലഞ്ഞ മുടിയും ഒരു പ്രതീകമാണ്. അഴകില്‍ കോതിയ മുടിയുമായി എക്കാലവും ജീവിക്കേണ്ടിവരുന്നതില്‍ ഇടയ്ക്കെങ്കിലും പ്രതിഷേധിക്കേണ്ടതുമാണ്.
ഇത്തരം ബാധ കൂടല്‍ ഇപ്പോള്‍ മാഞ്ഞുമാഞ്ഞുപോകാന് തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷങ്ങളില്‍ ഉണ്ടായ പ്രധാന മാറ്റം ആശയവിനിമയ രംഗത്തെ പുരോഗതികളും, സാങ്കേതികമായ ഉന്നമനവുമാണ്. വൈകാരികമായ അടിച്ചമര്‍ത്തലുകളെ അതിജീവിക്കാന്‍ ഇവയൊക്കെ ഉപകരിച്ചിട്ടുണ്ട് എന്നതും അപ്രത്യക്ഷമായ മനോസഞ്ചാരങ്ങളുമായികൂട്ടി വായിക്കണം. അകലങ്ങള്‍ സൃഷ്ടിക്കുന്ന മാനസികാഘാതം കുറയ്ക്കാന്‍ ടെലിഫോണുകളും മൊബൈല്‍ ഫോണുകളും ഉപകരിച്ചിരിക്കണം.
ഒറ്റപ്പെടലുകള്‍ മൂലമുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ നിവര്‍ത്തിക്കാന്‍ ടെലിവിഷന്‍ വഹിച്ച പങ്ക് തള്ളിക്കളയാന്‍ ആകുന്ന ഒന്നല്ല. സ്വകാര്യ ചാനലുകളുടെ കടന്നുവരവും, മെഗാപരമ്പരകള്‍ എന്ന നവ വിനോദോപാധിയും, നിരവധി പേരുടെ സായന്തനങ്ങളെ വര്‍ണ്ണാഭമാക്കി എന്ന് സമ്മതിക്കാതെ തരമില്ല. തന്റെ സ്വകാര്യ ജീവിതത്തിന്റെ ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് കടന്നുവന്ന ഒരു കൂട്ടം ബന്ധുക്കളായി മാറി, അവര്‍ക്കീ കഥാപാത്രങ്ങള്‍. എത്ര ആവര്‍ത്തനവിരസമെങ്കിലും, സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്നവയെങ്കിലും, വിരസമായ വൈകുന്നേരങ്ങളേക്കാള് ഭേദമാണവയെന്ന നയവും വ്യക്തമാണ്. ഈ മെഗാപരമ്പരകള്‍ ഒഴിപ്പിച്ചുകൊണ്ടുപോയതാകുമോ ആ കൊച്ചുകൊച്ചു ബാധകളെയും?
പൊങ്കാലയിടുന്നത് മനോഹരമായ അനുഭവമാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ഒരു സ്ത്രീ - അവര്‍ നിരത്തിയത് ഭക്തിയുടെ അവകാശവാദങ്ങള്‍ ആയിരുന്നില്ല. റോഡിലൂടെ മധുരമുള്ള പാനീയങ്ങള്‍ കുടിച്ചും, മിഠായികള്‍ രുചിച്ചും അലഞ്ഞു നടന്നാലും, ആരും ആ ദിവസം നമ്മെ ശ്രദ്ധിക്കില്ല എന്നതായിരുന്നു അവരെ പ്രലോഭിപ്പിച്ചിരുന്നത്. സദാചാരപരമായ കാരണങ്ങളാല്‍ ചില്ലറ കൌതുകങ്ങളെപ്പോലും പ്രോത്സാഹിപ്പിക്കാത്ത സ്ത്രീ ആയിരുന്നു അവര്‍. എങ്കിലും ഇതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ അസാധാരണമാംവിധം തിളങ്ങിയിരുന്നു. വ്യവസ്ഥകളില്‍ നിന്നുള്ള സ്വാതന്ത്ര്യം ഒരുപക്ഷെ ഏതൊരാളുടെയും സ്വപ്നമായിരിക്കാം.
ഇത്തരം സ്വാതന്ത്ര്യം തന്നെയാകണം ആ അമ്മായിമാര് ബാധകൂടലില് കൂടി ആഘോഷിച്ചതും. കരിക്കും പൂവുകളുമായി തന്നെ പൂജിക്കാന്‍ എത്തിയ തറവാട്ടുകാര് അവരുടെ ആനന്ദഹേതുവായി മാറിയിരിക്കണം. ഭയപ്പാടോടെ തന്നെ നോക്കി തൊഴുതുനില്ക്കുന്ന ഭര്‍ത്താവ് അവളില്‍ അഹങ്കാരമെന്ന ആഘോഷം ജനിപ്പിചിരുന്നിരിക്കണം. അഴിഞ്ഞുലഞ്ഞ മുടിയിഴകള്‍ക്കിടയില്‍ തെളിഞ്ഞു നിന്നവിലാസിനിയായ ഒരുവള്‍ അവളെ മദിപ്പിച്ചിരുന്നിരിക്കണം. അങ്ങനെ നോക്കുമ്പോഴാണ് സ്പിരിറ്റ് അമോണിയ ചെയ്ത മനുഷ്യാവകാശലംഘനത്തിന്റെ കടുപ്പം നമുക്ക് ബോധ്യപ്പെടുന്നത് !
അനില ബാലകൃഷ്ണന്








