ജോര്‍ജ് ജെ കാഞ്ഞിരപ്പള്ളി എന്നായിരുന്നു രണ്ടായിരത്തിരണ്ടില് വര്‍ത്തമാനം ദിനപ്പത്രത്തില്‍ വന്ന ആ ബൈലൈനിന്റെ പേര്. കോഴിക്കോട്ടെ ട്രെയിനിംഗിനു ശേഷം പുതിയ പത്രത്തിന്റെ കാസര്‍ക്കോട്ടെ പുതിയ ബ്യൂറോയില്‍ ജോലി ചെയ്യവേ ആരാണിയാളെന്ന് ആസ്ഥാനകാര്യാലയത്തിലെ പത്രാധിപക്കുഞ്ഞുങ്ങളോട് ചോദിച്ചു. കോഴിക്കോട്ടെ ഫെബ്രുവരിച്ചൂടില് സ്യൂട്ട് ധരിച്ച് ഡെല്‍ഹിയില്‍ നിന്ന് വന്ന ഒരാളെന്നായിരുന്നു മറുപടി.
ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അയാളെ നേരില്‍ കണ്ടു. എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്ന് തോന്നിക്കുന്ന വിധമുള്ള ഒരു ചരക്ക്. ഭക്ഷണം കഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു പങ്ക് കോട്ടിനു കൊടുക്കും. അടുത്തപ്പോള്‍, സംസാരിച്ചപ്പോള്‍, ആള് ശരിക്കും ഒരു ബയോഗ്രാഫി മെറ്റീരിയലാണെന്ന് മനസ്സിലായി. അന്നു ഞാന്‍ ജോലി ചെയ്തിരുന്ന ചന്ദ്രിക ദിനപ്പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ഒരു പ്രൊഫൈല്‍ ചെയ്യണമെന്ന് മോഹിച്ചു നടന്നു. ശ്രമമില്ലാത്ത മോഹം മാത്രമായിരുന്നതിനാല്‍ അത് നടന്നേയില്ല, ഒന്നു രണ്ടു തവണ സൂചിപ്പിച്ചപ്പോള്‍ എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ലെന്ന് മാത്രമോര്‍ക്കുന്നു.
കാണുമ്പോഴൊക്കെ ജോര്‍ജില്‍ നിന്ന് കഥകള്‍ ഒഴുകും. എന്നോട് മാത്രമല്ല, ആരോടും. ഐഎന്‍എസിലെ അഞ്ചാം നിലയിലെ ദീപികയായിരുന്നു ജോര്‍ജിന്റെ ക്യാമ്പുകളിലൊന്ന്. മറ്റൊരു ജോര്‍ജുമൊത്തുള്ള- ജോര്‍ജ് കള്ളിവയലില്‍- ജോര്‍ജിന്റെ ബഡായികള്‍, ഒരു ജുഗല്‍ബന്ദിയായി രൂപപ്പെടും ചില വൈകുന്നേരങ്ങളില്‍. കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങി കാശ്മീരില്‍ അവസാനിക്കാത്ത കഥകള്‍. സക്കറിയയെയും ജോണ്‍ അബ്രഹാമിനെയും തൊട്ട് മുഫ്തി മുഹമ്മദ് സഈദിലും ഭീംസിംഗിലും തീരാത്ത കഥാപാത്രങ്ങള്‍. മാധ്യമസ്ഥാപനങ്ങളിലെയും രാഷ്ട്രീയകുടുംബങ്ങളിലെയും അന്തപ്പുരരഹസ്യങ്ങള്‍.
വാഹനമില്ലാത്ത സ്വലേകളെന്ന നിലയില്‍ കേരള ഹൗസിലേക്കും എഐസിസി കാര്യാലയത്തിലേക്കുമുള്ള ഓട്ടോയാത്രകളില്‍ ജോര്‍ജും ഞാനും പങ്കുപറ്റി. ആദ്യം ചാര്‍ജ് ചോദിച്ച് ഉറപ്പുവരുത്തിയിട്ടേ ജോര്‍ജ് ഓട്ടോയില്‍ കയറൂ. ചാര്‍ജ് കൂട്ടിപ്പറഞ്ഞാല്‍ ഗര്‍ജിക്കും. തേരാ ബാപ്കാ രാജ് ഹെ ക്യാ? അസംഘടിതരും ചേരിനിവാസികളും ആയിരുന്നതിനാല്‍ ഡെല്‍ഹിയിലെ ഓട്ടോക്കാരില്‍ ഭൂരിഭാഗവും വലുതായി തര്‍ക്കിക്കാന്‍ നില്‍ക്കില്ല. ഓട്ടോക്കാരോട് മാത്രമേ ജോര്‍ജ് ജോസഫ് തര്‍ക്കിക്കുന്നതായി ഞാന്‍ കണ്ടിട്ടുള്ളൂ. ദരിദ്രവര്‍ഗ വിരോധത്തിന്റെ ലാഞ്ഛനകള്‍ ജോര്‍ജില്‍ ആരോപിക്കുകയല്ല, ഈ പ്രസ്താവനയിലൂടെ. മറിച്ച് അമിത ചാര്‍ജ്ജ് ഈടാക്കുന്ന ഓട്ടോക്കാരെ നിലക്കുനിര്ത്തുക എന്നത് മൂപ്പരുടെ ഒരു പെറ്റ് കോസ് ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ്.
സകലതിലും ജാതി കാണുക, അല്ലെങ്കില്‍ ഓരോ വിജയകഥക്കു പിന്നിലും ഒരു എലൈറ്റ് കണക്ഷന് കാണുക എന്നതായിരുന്നു ജോര്‍ജിന്റെ മറ്റൊരു ഹോബി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഒരു ഡയറക്ടറി കിട്ടിയാല്‍ ജോര്‍ജ് ഒന്നു മറിച്ചു നോക്കും. എന്നിട്ടൊരു പ്രഖ്യാപനമാണ്: ഇന്ത്യയിലെ അക്രഡിറ്റേഷനുള്ള ക്രിസ്ത്യന്‍ പത്രക്കാരില്‍ 90 ശതമാനം പേരും കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്ന് വരുന്നവരാണ് എന്ന്. ഇ അഹമ്മദ് ഒന്നാം യുപിഎ മന്ത്രിസഭയില്‍ വിദേശസഹമന്ത്രിയായി ചുമതലയേറ്റപ്പോള്‍ സൗത്ത് ബ്ലോക്കിലെ പത്രസമ്മേളനത്തില്‍ ഞാനും പങ്കെടുത്തു. വടക്കേ മലബാറില്‍ നിന്ന് സൗത്ത് ബ്ലോക്ക് കയറുന്ന ആദ്യത്തെ മാപ്പിള പത്രക്കാരന്, അല്ലെങ്കില്‍ ഇ അഹമ്മദിനുശേഷമുളള ആദ്യത്തെ മാപ്പിള. അതിന്റെയൊക്കെ ബലത്തില്‍ സ്ഥലത്തെ ഏറ്റവും പ്രധാനപ്പെട്ട പയ്യനും സലീം സിനായിയുമൊക്കെയായി ഞാന്‍ സങ്കല്പ്പിക്കാന് തുടങ്ങി.
എക്കണോമിക് ടൈംസില്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെ ഉദ്ധരിച്ചുള്ള ഒരു കൂട്ടം വാര്‍ത്തകള്‍ വന്നിരുന്നു ആ കാലത്ത്. ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഉഡുപ്പിക്കാരിയായ ആ ക്രിസ്ത്യന്‍ പത്രക്കാരിക്ക് ചോര്ത്തിക്കൊടുക്കുന്നതാണ് അവയെന്ന് പുള്ളി നിസ്സംശയം പറയും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഭക്ഷണത്തിന് എപ്പോഴും വില കുറവായിരിക്കുമെന്ന് കരീംസില്‍ നിന്ന് ഒരിക്കല്‍ ചിക്കന്‍ ജഹാംഗീരിയെ ശരിപ്പെടുത്തുമ്പോള്‍ ജോര്‍ജ് പറഞ്ഞു. ഡല്‍ഹിയിലെ ജാമിഅ നഗര്‍, ഓള്‍ഡ് ഡെല്‍ഹി, സാക്കിര്‍നഗര്‍, മദ്രാസിലെ പെരിയമേട്ട് എന്നീ സ്ഥലങ്ങളിലെങ്കിലും ജോര്‍ജിന്റെ പ്രസ്താവന അച്ചട്ടാണെന്ന് ഞാന്‍ നേരിട്ടറിഞ്ഞു.
സോന്താലിയയുടെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്നു ജോര്‍ജ്ജ് അക്കാലത്ത്. വളരെ സൗകര്യം കുറഞ്ഞ ഒരു ഓഫീസില്‍ ഗ്രൂപ്പിന്റെ മറ്റുപത്രങ്ങളെയെല്ലാം കുടിയിരുത്തിയിരുന്നു. ബ്യൂറോ ചീഫ് അനിതാ സലൂജ, കന്നഡപ്രഭയിലെ ഉമാപതി, പൂട്ടിപ്പോയ തെലുങ്കുപത്രത്തിലെ പ്രഭാകര്‍ റാവു വൊറുഗന്തി, ദിനമണിയിലെ തങ്കവേലു എന്നിവരെയൊക്കെ ജോര്‍ജ് എനിക്ക് പരിചയപ്പെടുത്തിത്തന്നു. അവരൊക്കെ പിന്നീട് പലഘട്ടങ്ങളില്‍ എനിക്ക് ഉപകാരപ്പെട്ടു ബിബിസി വെബ്സൈറ്റ് തുറന്ന് മിനുട്ടുകള്‍ക്കുള്ളില്‍ വാര്‍ത്ത മാറുന്നത് ജോര്‍ജ് എനിക്ക് കാട്ടിത്തന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് ഗൂഗിള്ന്യൂസും ഗൂഗിള്അലര്ട്ടും എന്തെന്ന് ഞാന്‍ ജോര്‍ജിനും പരിചയപ്പെടുത്തിക്കൊടുത്തു.
കേരള ഹൗസും എകെജി, അജോയ് ഭവനുകളുമല്ലാതെ, മറ്റൊരിടത്ത് നിന്ന് മലയാള പത്രക്കാര് വളരെ അപൂര്‍വമായേ ഒറിജിനല്‍ സ്റ്റോറികള്‍ ചെയ്തുള്ളൂ. മുത്തശ്ശിയും യഥാര്ഥപത്രവും പാര്‍ട്ടിപത്രവും ഇമെയില്‍ പത്രവും എല്ലാം കേരളത്തില്‍ എഡിഷനുകളില്ലാത്ത പത്രങ്ങളില്‍ നിന്നു വാര്‍ത്തകള്‍ കട്ടു. വിവര്‍ത്തനം ചെയ്തു. മുത്തശ്ശിപ്പത്രങ്ങളുടെ ബ്യൂറോ ചീഫുമാരുടെ പേരില്‍ പോലും അത്തരം വാര്‍ത്തകള്‍ പിറ്റേ ദിവസം ലീഡായി വന്നു. ഭാഗ്യത്തിന് എക്സ്പ്രസും ഹിന്ദുവും മാത്രമേ അന്ന് കേരളത്തില്‍ നിന്ന് അടിച്ചിരുന്നുള്ളൂ. പിന്നീട് കുറച്ചുകാലത്തേക്ക് പയനിയര്‍ വന്നു. ഇപ്പോള്‍ ടൈംസും ക്രോണിക്കിളും വന്നതിനാല്‍ രണ്ടു പത്രങ്ങളില്‍ നിന്ന് കൂടി എടുക്കാന്‍ സാധിക്കില്ല. ടെലിഗ്രാഫ്, സ്റ്റേറ്റ്സ്മാന്, ട്രിബ്യൂണ്‍, തുടങ്ങിയ നിരവധി പത്രങ്ങള്‍ ഇപ്പോഴുമുണ്ട്.
അതിഗുരുതരമായ ധാര്‍മികരോഷം ജോര്‍ജിന് ഒന്നിനോടുമുണ്ടായിരുന്നില്ല. പക്ഷെ പത്രപ്രവര്‍ത്തനത്തോട് വളരെ കാല്പനികമായ ഒരു പ്രണയം ജോര്‍ജ് അവസാനം വരെ കാത്തുസൂക്ഷിച്ചു. റുബയ്യാ സഈദിനെ തട്ടിക്കൊണ്ടുപോയപ്പോള്‍, ഹസ്രത്ത് ബാല്‍ പള്ളി പ്രശ്നമുണ്ടായപ്പോള്‍ ആഴ്ചകളോളം ഇന്ത്യന്‍ എക്സ്പ്രസില്‍ ജോര്‍ജിന്റെ ബൈലൈനില്‍ സ്റ്റോറികള്‍ വന്നെങ്കിലും ജീവന് ടിവിയില്‍ പിറ്റുസി കൊടുക്കുന്നതുവരെ തന്നെ മലയാളികളാരും അറിഞ്ഞില്ലെന്ന് ജോര്‍ജ് പലതവണ തമാശ പറഞ്ഞു. ജീവന് ടിവിയില്‍ ജോര്‍ജിനെ കണ്ട് മുപ്പതുവര്‍ഷം മുമ്പുള്ള കലാലയ സുഹൃത്ത് ജോര്‍ജിനെ വിളിച്ചത്രെ. ഏഷ്യന്‍ ഏജില് ജോലി ചെയ്യവെ ഐഡിയ ഇല്ലാതെ ഉഴലുകയായിരുന്ന എന്നെ ഐഡിയ തന്നും ടിപ്സ് തന്നും സഹായിച്ചു.
ജോര്‍ജിന്റെ ഭാര്യ ആശാ ഖോസയും മോശക്കാരിയായിരുന്നില്ല. എക്സ്പ്രസിലെ വേജ് ബോര്‍ഡിന്റെ കീഴിലുള്ള ഒരു പക്ഷെ അവസാനത്തെ ജീവനക്കാരിയായിരിക്കാം അവര്‍. പിന്നീട് അവര്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ ചേര്‍ന്നു. അവരുടെ മകളുടെ പേര് ജോര്‍ജ് എനിക്ക് പരിചയപ്പെടുത്തിത്തന്നത് വിതസ്ത ജോര്‍ജ് എന്നായിരുന്നു. മരണദിവസം പത്രങ്ങളില്‍ കണ്ടത് കാതറിന് ലില്ലി എന്നായിരുന്നു. ഒരു പക്ഷെ അവര്‍ക്ക് രണ്ടു പേരും ഉണ്ടായിരിക്കാം. പേരിലോ പേരുമാറ്റത്തിലോ അല്ലല്ലോ, പെരുമാറ്റത്തിലല്ലേ എല്ലാം ഇരിക്കുന്നത്. ജോര്ജു പോയി. ജോര്‍ജിനെ ഓര്‍ക്കുന്നു, അത്രമാത്രം.
എ പി മുഹമ്മദ് അഫ്സല്
(വിവിധ പത്രമാസികകളില്‍ ജേണലിസ്റ്റായിരുന്നു ലേഖകന്‍, ഇപ്പോള്‍ അവധിയില്‍)
ചിത്രങ്ങള്‍: ജോണ്‍ മാത്യു, ദീപിക ഫോട്ടോഗ്രാഫര്‍, ന്യൂ ഡല്‍ഹി







