രണ്ടു മരണങ്ങള്‍

കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കിടെ രണ്ടു മരണങ്ങള്‍ മലയാളസിനിമയുമായി ബന്ധപ്പെട്ടു നടന്നു. രണ്ടാളും മലയാളികളല്ലായിരുന്നു. ആദ്യത്തെയാള്‍, ഒന്നു രണ്ടു മലയാളചിത്രങ്ങളില്‍ മാത്രം അഭിനയിച്ച തരുണി എന്ന ബാലിക. രണ്ടാമത്തേത്, ഒരു പതിറ്റാണ്ടെങ്കിലും മുന്‍പ് മലയാളസിനിമയില്‍ നിന്നു വിരമിച്ച വില്ലന്‍നടന്‍ ഗാവന്‍. തരുണി ഉത്തരേന്ത്യക്കാരിയെങ്കില്‍ ഗാവന്‍ ശരിക്കും വിദേശി.

വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെയാണ് തരുണി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. വിനയന്‍ സംവിധാനം ചെയ്തതായിരുന്നു വെള്ളിനക്ഷത്രം. ആ പ്രേതസിനിമയിലെ കുഞ്ഞുപ്രേതമായെത്തിയ തരുണിയുടെ ബാല്യകൌതുഹലം നിറഞ്ഞ പെരുമാറ്റവും പ്രകടനവും മലയാളികള്‍ക്കുണ്ടാക്കിയ ആനന്ദത്തിന്റെ കൂടി വിജയമായിരുന്നു ആ ചിത്രത്തിനു സ്വന്തമാക്കാന്‍ സാധിച്ചത്. സത്യത്തില്‍ തരുണി എന്ന കുഞ്ഞുപ്രേതമായിരുന്നു അത്രയൊന്നും ഹൊറര്‍ (പ്രമേയമപരമായി) അനുഭവപ്പെടുത്താന്‍ സാധിക്കാതെ പോയ ആ ഹൊറര്‍ ചിത്രത്തിന്റെ വിജയത്തിന്റെ കാതലായത്. അതിനുശേഷം വിനയന്റെതന്നെ സത്യം എന്ന ചിത്രത്തിലും കുഞ്ഞുതരുണിയെ നാം കണ്ടു. തരുണി നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത നമ്മെ വിഷാദഭരിതരാക്കി. തരുണിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ കൂപ്പുകൈ.

വെള്ളിനക്ഷത്രവും സത്യവും തമ്മിലുള്ള ദൂരം മലയാളസിനിമയുടെ സമീപകാലചരിത്രത്തിലെ സവിശേഷമായ അകലമാണ്. വെള്ളിനക്ഷത്രമെടുക്കുമ്പോള്‍ വിനയന്‍ മലയാളസിനിമയിലെ സംഘടനാപരമായ തലങ്ങളിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. അതിനുശേഷം സത്യത്തിലേക്കെത്തുമ്പോള്‍ സംഘടനകളുടെ പടലപിണക്കങ്ങള്‍ രൂക്ഷമായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയും സാങ്കേതികവിദഗ്ദ്ധരുടെ സംഘടനയായ മാക്ടയും തമ്മിലുള്ള തര്‍ക്കം അതിന്റെ പാരമ്യത്തിലായിരുന്നു. അമ്മയെ അനുസരിക്കാതെ വിനയന്റെ ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ച പൃഥ്വിരാജ് മുതല്‍ ബാബുരാജ് വരെയുള്ളവരുടെ സിനിമാരാജായിരുന്നു സത്യത്തില്‍ സത്യം.

എന്നാല്‍, ചിത്രം പരാജയമടഞ്ഞു. മേല്‍പ്പറഞ്ഞ താരങ്ങള്‍ നോട്ടപ്പുള്ളികളായി. പിന്നീട്, വിനയനില്‍നിന്നു തെന്നിമാറി അമ്മയോടു മാപ്പുപറഞ്ഞ് അവര്‍ പഴയ കൂടാരത്തിന്റെ ഇളംതിണ്ണയില്‍ കയറിപ്പറ്റി. ഇപ്പോള്‍ ഇവരില്‍ പൃഥ്വിരാജ് മലയാളത്തിന്റെ യൂത്ത് സൂപ്പര്‍സ്റ്റാര്‍. ബാബുരാജ് മുഖ്യവിദൂഷകന്‍. തിലകനെ തിരിച്ചെടുത്തു. വിനയന്‍ പോകാവുന്ന എല്ലാ വഴികളിലൂടെയും പോയി, ഇപ്പോഴൊടുവില്‍ പളനിയില്‍പ്പോയി തല മൊട്ടയടിച്ചു കിട്ടുണ്ണിസ്റ്റൈലില്‍ തിരിച്ചെത്തിയിരിക്കുന്നു. വെള്ളിനക്ഷത്രം മുതല്‍ സത്യം വരെ മാത്രം തന്റെ മലയാളചലച്ചിത്രാഭിനയ കരിയര്‍ സൃഷ്ടിച്ച ആ കുഞ്ഞുതാരത്തിന്റെ വിയോഗം മലയാളസിനിമയിലെ ആ വിചിത്രകാലത്തെക്കൂടി ഓര്‍ക്കാന്‍ കാരണമാകുന്നു.

രണ്ടാമത്തെയാള്‍ ഗാവന്‍.

എണ്‍പതുകളുടെ രണ്ടാം പാതിയിലാണ് ഗാവന്‍ എന്ന താരം മലയാളത്തില്‍ മിന്നിമറഞ്ഞത്. വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം. എഴുപതുകളില്‍ അല്പകാലം അരങ്ങുവാണ ബോബ് ക്രിസ്റ്റോയ്ക്കു ശേഷം മലയാളം നിറഞ്ഞ മറുനാടന്‍ വില്ലന്‍. ബോബ് ക്രിസ്റ്റോയും അടുത്തകാലത്താണ് മരണമടഞ്ഞത്.

പത്മരാജന്റെ സീസണ്‍ എന്ന ചിത്രത്തിലാണ് ഗാവന്റെ സുപ്രധാനമായൊരു റോള്‍ ഉള്ളത്. സീസണ്‍ പ്രതികാരത്തിന്റെ സംഹാരശേഷി ഉഗ്രമായി വിളയിച്ചൊരു ചിത്രമാണ്. ആ പ്രതികാരനിര്‍വഹണത്തിന്റെ ആഖ്യാനത്തെ അത്രമേല്‍ ഭീകരഭാവത്തിലാവാഹിക്കാന്‍ പത്മരാജനെ സഹായിച്ചത് ഗാവന്റെ അപാരമായ പ്രകടനമായിരുന്നു. മരണം പോലും അഭിനയത്തിന്റെ അനുപമനിമിഷമാക്കിക്കൊണ്ട് സീസണില്‍ നിറഞ്ഞുനിന്ന ഗാവനെ മലയാളികള്‍ മറക്കില്ല.

ആര്യനിലെ ബോക്സറും ചെറുതെങ്കിലും തനിമയുള്ള വേഷം. മോഹന്‍ലാല്‍ അവതരിപ്പിച്ച ദേവനാരായണന്റെ അധോലോകഭാവമാറ്റത്തിന്റെ ആദ്യപടിയായിരുന്നു ഗാവന്റെ ബോക്സറുമായുള്ള യുദ്ധവിജയം. താഴേക്കിടയില്‍നിന്നുവന്ന് അധോലോകനായകനാകുന്ന എല്ലാ കഥാപാത്രങ്ങളുടെയും പ്രാഗ്രൂപം ഒരുപക്ഷേ, അല്‍ പച്ചീനോയുടെ സ്കാര്‍ഫേസ് ആയിരിക്കാം. ആര്യന്റേതു പ്രത്യേകിച്ചും. സ്കാര്‍ഫേസിലെ കഥാപാത്രത്തിന്റെ ക്രമാനുഗതവും യുക്തിപരവുമായ വളര്‍ച്ചയൊന്നും ആര്യനില്ല. എന്നാല്‍, ആ പരാധീനതയെ മറികടക്കാന്‍ സാധിക്കുന്ന ഗാവന്റെ കഥാപാത്രത്തിന്റെ സൃഷ്ടിയും ആ കഥാപാത്രവും ദേവനും തമ്മിലുള്ള പോട്ടിയും ഭംഗിയായി സിനിമയില്‍ ചിത്രീകരിക്കപ്പെട്ടു എന്നതിനാലാണ്.

ഗാവന്റെ മറക്കാനാകാത്ത മറ്റൊരു വേഷം ആയുഷ്‌കാലത്തിലെ റൊസാരിയോ എന്ന പിടികിട്ടാപ്പുള്ളിയാണ്. അതിമനോഹരമായാണ് ഈ കഥാപാത്രത്തെ ഗാവന്‍ അഭിനയിച്ചുഫലിപ്പിച്ചത്. ഒരു നൊട്ടോറിയസ് ക്രിമിനലും ഒരു നൊട്ടോറിയസ് പോലീസ് ഓഫീസറും തമ്മിലുള്ള യുദ്ധമായി ഇതിലെ ശ്രീനി - ഗാവന്‍ പോരാട്ടം മാറുന്നത് അവരുടെ ശരീരഭാഷകളുടെ വൈരുദ്ധ്യം കൊണ്ടുകൂടിയായിരുന്നു. ആനവാല്‍ മോതിരത്തിലും ഇതേ ദ്വയം രസകരമായ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു.

ഗാവന്റെ എണ്‍പതുകളുടെ രണ്ടാംപാതി സാന്നിദ്ധ്യം ചെറുതെങ്കിലും മോഹന്‍ലാലിന്റെ ആക്ഷന്‍ ഹീറോ പരിവേഷത്തെ വളര്‍ത്തുന്നതില്‍ ഒരു നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ട്.

ഈ രണ്ടു മരണങ്ങളും മലയാളസിനിമാപ്രേമികളില്‍ ഓര്‍മകളുടെ ചില ചിത്രങ്ങള്‍ പടര്‍ത്താതിരിക്കില്ല. ഗാവന്റെ സ്മരണയ്ക്കു മുന്നിലും കൂപ്പുകൈ.

ബി അബുബക്കര്‍

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
2 + 5 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback