എംടി വാസുദേവന്‍ നായര്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ചുവളരുകയും ഇവിടത്തെ ഇതിഹാസകഥകള്‍ കേട്ടുറങ്ങുകയും ചെയ്യുന്ന കുട്ടികളെ മുഴുവന്‍ വശത്താക്കിയ രണ്ടു കഥാപാത്രങ്ങളേയുള്ളൂ. ഒന്നാമത്തെ ആള് രാമായണത്തിലെ ഹനൂമാന്. രണ്ടാമത്തെയാള്‍ മഹാഭാരതത്തിലെ ഭീമസേനന്. ഒരുപാടു തിന്നുകയും പോത്തുപോലെ ഉറങ്ങുകയും ആര്‍ക്കോ വേണ്ടി ആളെക്കൊല്ലുകയും ചെയ്യുന്ന പാവത്തുങ്ങളായ രണ്ടു കഥാപാത്രങ്ങള്‍. രണ്ടാളും മാരുതിയുടെ മക്കള്‍.
എംടി വാസുദേവന്‍ എന്ന കുട്ടിക്ക് ഭീമസേനനോടു തോന്നിയ അതിരറ്റ ഇഷ്ടമാണ് പില്ക്കാലത്ത് അദ്ദേഹത്തെക്കൊണ്ട് രണ്ടാമൂഴം എഴുതിച്ചത്.
രാമായണകഥ കേട്ടിട്ടുള്ള കുട്ടികള്‍ പില്ക്കാലത്ത് മുതിര്‍ന്നു വലിയവരായി. പക്ഷേ, എക്കാലവും ആ ഹനൂമാന്പ്രിയം അവരിലുണ്ടായിരിക്കാനാണു സാദ്ധ്യത. മനുഷ്യന്റെ പൂര്വജന്മസ്മൃതിയുമായിരിക്കാം അത്തരമൊരു നിഷ്കളങ്കമര്ക്കടനോടുള്ള പ്രിയം.
ഇങ്ങനെയൊക്കെയുള്ള ഹനൂമാന് എന്ന കഥാപാത്രത്തെ എണ്‍പതുകള്‍ക്കുശേഷം വെറും ശിവകാശി കലണ്ടര്‍ പടത്തിനും അമര്ചിത്രകഥാവരകള്ക്കും അപ്പുറമൊരു ചലിക്കുന്ന, സംസാരിക്കുന്ന ഓര്‍മയാക്കി മാറ്റിയത് ദാരാസിംഗാണ്. രാമാനന്ദസാഗറിന്റെ രാമായണം പരമ്പരയിലൂടെ ഹനൂമാനായി രംഗത്തെത്തി നാളുകളോളം അന്നത്തെ കുട്ടികളുടെ പ്രിയതോഴനായി നിന്ന ദാരാസിംഗ്. അതിനും ഒന്നരപ്പതിറ്റാണ്ടു മുന്‍പ് ഹിന്ദിയിലിറങ്ങിയ ബജ്റംഗ് ബലി എന്ന സിനിമയില്‍ ഹനൂമാനായതും ദാരാസിംഗ് ആയിരുന്നു.
ആ പരമ്പര അതിന്റെ ഗുണനിലവാരം കൊണ്ട് താഴേക്കിടയിലുള്ളതായിരുന്നെന്ന് ഇന്നു നമുക്കു വ്യക്തമായി അറിയാം. അതുതന്നെയല്ല, ഹനൂമാന്റെയും മറ്റു കുരുങ്ങുവേഷക്കാരുടെയും വേഷവിധാനമവും മേക്കപ്പുമൊക്കെ പരിതാപകരമാംവണ്ണം ഭീകരമായിരുന്നുവെന്നും. എല്ലാ കുഴപ്പങ്ങള്ക്കുമപ്പുറം ദാരാസിംഗിന്റെ ഹനൂമാന് ഒരു കഥാപാത്രമെന്നതിലപ്പുറം പില്ക്കാലസമൂഹത്തിന്റെ ഓര്‍മയില്‍ ഒരു നൊസ്റ്റാള്‍ജിയയായി നില്ക്കുക തന്നെ ചെയ്യുന്നു.
മഹാഭാരതം സീരിയലായിത്തീര്ന്നപ്പോള് അതിലെ ഭീമസേനനെ അവതരിപ്പിച്ച നടന് സങ്കല്പങ്ങള്ക്കൊത്തുയരാതിരുന്നത് ആ സീരിയലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പകരം കര്ണനായെത്തിയ പങ്കജ് ധീറും ദുര്യോധനനായെത്തിയ പുനീത് ഇസ്സാറുമാണ് പിടിച്ചുനിന്നത്.
മഹാഭാരതത്തില്‍ ഒരു രംഗമുണ്ട്. കല്യാണസൌഗന്ധികം പറിക്കാന്‍ പോകുന്ന ഭീമന് ഹനൂമാനെ കണ്ടുമുട്ടുന്നത്. കുഞ്ചന്‍ നമ്പ്യാരെ നോക്കെടാ നമ്മുടെ മാര്‍ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിട ശെടാ! എന്നു പറയിക്കാന്‍ പോന്ന നാടകീയരംഗം. ഇതു സീരിയലില്‍ ആവര്‍ത്തിച്ചപ്പോള്‍, രാമായണത്തില്‍നിന്നു ദാരാസിംഗ് തന്നെവന്നു മഹാഭാരതം സീരിയലില്‍ ഹനൂമാനാകാന്. അങ്ങനെ രാമായണത്തിലും മഹാഭാരതത്തിലും അഭിനയിച്ച നടനുമായി അദ്ദേഹം.
അറുപതുകളില്‍ ലോകഗുസ്തിചാംപ്യനായതോടെ പ്രശസ്തിയിലേക്കു നടന്നുകയറിയ ദാരാസിംഗ് പില്ക്കാലത്ത് ഇടവേളകളിലൂടെയാണെങ്കിലും ബോളിവുഡില്‍ ചുവടുറപ്പിച്ചിരുന്നു. മഹാനായ അലക്സാണ്ടറോട് ഇടഞ്ഞ് ഇന്ത്യന്‍ പ്രതാപത്തിന്റെ കൊടിക്കൂറയുയര്ത്തിയ പോറസിന്റെ കഥ പറഞ്ഞ പഴയകാല ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ഷോ ബിസിനസിന്റെ പ്രാരംഭമുഖമായ പൃഥ്വിരാജ് ചൌഹാന് പോറസായപ്പോള് അലക്സാണ്ടറായെത്തിയത് ദാരാസിംഗാണ്. ഇന്ന്, പുതുകാലസിനിമയുടെ, ബോളിവുഡ് ജനപ്രിയനവതരംഗത്തിന്റെ തുടക്കചിത്രങ്ങളിലൊന്നായ ജെബ് വീ മെറ്റ് വരെ അദ്ദേഹത്തിന്റെ അഭിനയമുഖങ്ങള് വ്യാപിച്ചുകിടക്കുന്നു.
മലയാളികള്‍ക്കും ദാരാസിംഗ് ഒരു പ്രിയസ്മരണയാണ്. സിബി മലയിലിന്റെ ആദ്യചിത്രമായ മുത്താരംകുന്നു പിഒയില്‍ ഗുസ്തി ചാംപ്യന്‍ ധാരാസിംഗായിത്തന്നെ അദ്ദേഹം അവതരിച്ചു. പില്ക്കാലത്ത് ബോളിവുഡിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്ന പ്രിയദര്‍ശനും ആ ചിത്രത്തിന്റെ പിന്നണിയിലുണ്ടായിരുന്നു. എന്നാല്‍, അന്ന് ദാരാസിംഗിനോടു സംസാരിക്കാന്‍ നിയുക്തനായിരുന്നത് ഹിന്ദിയില്‍ അത്യാവശ്യം പ്രാവീണ്യമുണ്ടായിരുന്ന, ആ ചിത്രത്തിന്റെ കഥാകൃത്തു കൂടിയായ, നടന് ജഗദീഷായിരുന്നു.
വളരെ സൌമനസ്യത്തോടെ ആ വേഷം കെട്ടാന്‍ അദ്ദേഹം തയ്യാറായി. ഈയിടെ ഈ ചിത്രം കുസ്തി എന്ന പേരില്‍ ബോളിവുഡിലുമെത്തിയെന്നത് കൌതുകമുള്ള കഥ. ഹിന്ദിയില്‍ പ്രിയദര്‍ശന്റെ മുഖ്യസഹായിയായി പ്രവര്‍ത്തിക്കുന്ന സംവിധായകന് ടി കെ രാജീവ് കുമാറാണ് ചിത്രം ഹിന്ദിയിലെത്തിച്ചത്. പ്രിയനായിരുന്നു രാജീവിനോട് ഈ ചിത്രം നിര്‍ദേശിച്ചത്.
അങ്ങനെ ഹനൂമാന് കടന്നുപോകുകയാണ്. ഹനൂവില് ഇന്ദ്രനേല്പിച്ച മുറിവുമായി വീണുപോയ ബാലഹനൂമാനെയുമെടുത്ത് വായുദേവന് ഒരു ഗുഹയിലൊളിച്ച കഥയുണ്ട്. ലോകം പ്രാണവായു കിട്ടാതെ പിടഞ്ഞപ്പോള്‍ ദേവകളെല്ലാം ചെന്ന് പ്രാര്‍ത്ഥിച്ചും ഹനൂമാന് ചിരജ്ഞീവിത്വം നല്‍കിയുമാണ് വായുദേവനെ സമാധാനിപ്പിച്ചത്. ചിരജ്ഞീവിയാണു ഹനൂമാന്. പക്ഷേ, ധാരാസിംഗ് അങ്ങനെയല്ല. മനുഷ്യന്റെ ഓര്‍മയെന്ന പ്രാണവായുവായിരിക്കാം ഹനൂമാന് എന്ന ചിരജ്ഞീവിത്വം. അങ്ങനെ നോക്കിയില്‍ ഈ ഹനൂമാന് അങ്കിളിന്റെ ഓര്‍മയ്ക്കും നേട്ടം അതിന്റെ ചിരഞ്ജീവിത്വം തന്നെ.
ശ്യാം നരേന്ദ്രന്








