ഹരിദ്വാറില്‍ വണ്ടിയിറങ്ങുമ്പോള്‍ രാവിലെ നാല് മണിയായിരുന്നു സമയം. ചാറ്റല്‍ മഴപോലെ മഞ്ഞുപെയ്യുന്ന ഒരു നവംബര്‍ മാസം. ഭാംഗ് കുടിച്ചും ചരസ് വലിച്ചും യൂഡികൊളോണിന്റെ മണമുള്ള സുജാമെഹറയെ സ്വപ്നം കണ്ടും എം. മുകുന്ദന്റെ രമേശ് പണിക്കര്‍ കറങ്ങി നടന്ന അതേ ഹരിദ്വാര്‍. ആവേശം ചുരമാന്തിയ ഞാന്‍, ബേഗില് കരുതിയിരുന്ന പോസ്റ്റ്കാര്‍ഡെടുത്ത് വഴിയോരത്തെ വിളക്കുകാലിന്റെ ചുവട്ടിലിരുന്ന് വീട്ടിലേക്കെഴുതി - “അമ്മേ, ഞങ്ങള്‍ ഹരിദ്വാറിലെത്തി. നല്ല തണുപ്പ്. തെരുവില്‍ നിറയെ യാചകരും സന്യാസിമാരും...” ഇങ്ങിനെയായിരുന്നിരിക്കണം തുടക്കം. ഒരു പോസ്റ്റ് കാര്‍ഡിന്റെ ചതുരം അനുവദിക്കുന്ന സ്വാതന്ത്ര്യത്തില്‍ എന്റെ ആദ്യത്തെ യാത്രാവിവരണം.
മുഖത്തേക്ക് തെറിച്ചുവീണ ഒരു മഴത്തുള്ളി എന്നെ ഓര്‍മ്മകളില്‍നിന്നുണര്‍ത്തി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ആദ്യത്തെ ഹരിദ്വാര്‍ യാത്രയുടെ ഓര്‍മ്മകളെ മുറിച്ചുകൊണ്ട്, കറുത്തിരുണ്ട കൂറ്റന്‍ പര്‍വ്വതങ്ങളുടെ കാഴ്ചയിലേക്ക് ഞാനുണര്‍ന്നു. ഞങ്ങളുടെ ടാറ്റാസുമോ ഒരു വളവ് തിരിയുകയാണ്.
ഹിമാലയത്തിലെ നാലാമത്തെ ദിവസം, ഞങ്ങളിപ്പോള്‍ ഗംഗോത്രിയിലേക്കുള്ള യാത്രയിലാണ്. സമയം വൈകുന്നേരം നാല് മണി കഴിഞ്ഞു. വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര. മണ്ണിടിഞ്ഞ് വീണ് ഇടക്കിടെയുണ്ടാകുന്ന ഗതാഗതതടസ്സങ്ങള്‍. ഇടതുഭാഗത്ത് അഗാധമായ താഴ്ചയില്‍ ഭാഗീരഥി. വലതുവശത്ത് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന പാറക്കൂട്ടങ്ങള്‍. കറുത്തിരുണ്ട ആകാശത്ത് മഴയുടെ പടപ്പുറപ്പാട്. ‘എങ്ങനെയുണ്ട് ’എന്ന മട്ടില്‍ ഡ്രൈവര്‍ പ്യാര്സിങ്ങ് തലവെട്ടിച്ച് എന്നെയൊന്നു നോക്കി.
ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗംഗോത്രിയിലേക്ക് സമീപിക്കുകയാണ് ഞങ്ങള്‍. ഉത്തരകാശി ജില്ലയിലാണ് ഗംഗോത്രി. ഉത്തരകാശിയില്‍ നിന്ന് 108 കിലോമീറ്റര്‍ ദൂരമുണ്ട് ഗംഗോത്രിയിലേക്ക്. ഉത്തരകാശി സാമാന്യം വലിയൊരു ടൌണാണ്. ഉച്ചക്ക് മുന്‍പ് അവിടം വിട്ടതാണ് ഞങ്ങള്‍. ഭൈരവന് ഭാട്ടി കഴിഞ്ഞ് വണ്ടി കുറേ ദൂരം ഓടിയപ്പോള്‍ ഇടതുഭാഗത്തേക്ക് പോകുന്ന റോഡ് കാണിച്ച് ഡ്രൈവര്‍ പറഞ്ഞു
“ഇത് നീലോങ്ങിലേക്കുള്ള വഴിയാണ്. 45 കിലോമീറ്റര്‍ പോയാല്‍ ചൈന അതിര്‍ത്തിയായി”.
ഒരു വഴിക്കിറങ്ങിയതല്ലേ. ഞങ്ങളേതായാലും ചൈനയിലേക്കില്ല. വണ്ടി ഗംഗോത്രിയിലേക്ക് തന്നെ വിടാന്‍ ഞാന്‍ ഡ്രൈവറോട് തമാശ പറഞ്ഞു.

ഗംഗോത്രിയിലെത്തിയപ്പോള് സമയം ആറ് മണി. വണ്ടിയില്‍ നിന്നിറങ്ങി ചാറ്റല്‍മഴ നനഞ്ഞ് ഞങ്ങള്‍ നടന്നു. തെരുവില്‍ സാമാന്യം തിരക്കുണ്ട്. കുറച്ചുനേരത്തെ പരിശ്രമത്തിന് ശേഷം തെറ്റില്ലാത്ത ഒരു ലോഡ്ജ് കണ്ടെത്തി. 'തപോവന്‍' എന്നാണ് പേര്. വൃത്തിയുള്ള മുറി. ബേഗുകള്‍ അകത്ത് വെച്ച് മുറി പൂട്ടി പുറത്തിറങ്ങി. മഴയും തണുപ്പും ഒരു പോലെ കനക്കുകയാണ്. പുറത്തെ ചായക്കടയില്‍ നിന്ന് കടുപ്പത്തിലോരോ ചായകുടിച്ചപ്പോല് തെല്ലൊരാശ്വാസം തോന്നി.
കാണെക്കാണെ മഴ പെരുകുകയാണ്. കടയില്‍ തിരക്ക് കൂടാന്‍ തുടങ്ങി. ചായ കുടിക്കാന്‍ മാത്രമല്ല, മഴകൊള്ളാതിരിക്കാനും ചായക്കടകള്‍ നല്ലതാണ്. ഞങ്ങള്‍ ഓരോ ചായയ്ക്ക് കൂടി ഓര്‍ഡര്‍ കൊടുത്തു. തൊട്ടടുത്ത്, മണ്ണുകൊണ്ടുണ്ടാക്കിയ അടുപ്പില്‍ റൊട്ടി ചുടുകയാണ് ഒരു കൊമ്പന് മീശക്കാരന്. ഞാന്‍ അടുപ്പിനടുത്തേക്ക് ചേര്‍ന്നു നിന്നു. തീയിനരികില് നില്ക്കുമ്പോള് നല്ല സുഖം. കൂടാതെ കനലില്‍ മൊരിയുന്ന റൊട്ടിയുടെ മണം. ഞങ്ങളോരോ റൊട്ടി വാങ്ങിച്ചു. കടുകെണ്ണയിലുണ്ടാക്കിയ അച്ചാറില്‍ മുക്കി തിന്നാന്‍ തുടങ്ങിയപ്പോള്‍ പിന്നെ എണ്ണം നോക്കാതായി.
ചായകുടി കഴിഞ്ഞ് ഞങ്ങള്‍ ലോഡ്ജിലേക്ക് തിരിച്ചുപോയി. ബാല്‍ക്കണിയില്‍ കിടക്കുന്ന കസേരകളില്‍ ചെന്നിരുന്നു. പുറത്ത് മഴയും തണുപ്പും ഏറിവരികയാണ്.
കസേരയിലിരുന്ന് റോഡിനപ്പുറത്തുള്ള വലിയ പര്വ്വതശിഖരങ്ങളിലേക്ക് നോക്കിയിരുന്നപ്പോള്‍ ഒന്‍പതാം ക്ളാസിലോ മറ്റോ പഠിച്ച കുമാരസംഭവത്തിലെ വരികളാണ് ഓര്‍മ്മ വന്നത്.
“അത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ…”
സ്കൂളിലും കോളേജിലും എന്റെ രണ്ടാം ഭാഷ സംസ്കൃതമായിരുന്നു. കാളിദാസനെ എളുപ്പത്തിലോര്ക്കാന് അതുമൊരു കാരണമായി. മുന്നില്‍ ഉയര്‍ന്നു നില്‍ക്കുകയാണ് പേരറിയാത്ത ഗിരിശൃംഘങ്ങള്. അവയുടെ പുരാതനമായ ചെരിവുകളില്‍ മഴ തിമിര്‍ക്കുന്നു. ഏഴുമണി കഴിഞ്ഞെങ്കിലും ഇരുട്ടായിട്ടില്ല. മഴയും തണുപ്പും ആകാശത്തില്‍ ഉയര്‍ന്നു നില്ക്കുന്ന കറുത്ത പാറക്കൂട്ടങ്ങളും ചേര്‍ന്ന് അന്തരീക്ഷത്തിന് ഒരിരുണ്ട മനോഭാവം നല്കിയപോലെ തോന്നി. പെട്ടെന്ന് എന്തിനെന്നറിയാത്ത ഒരു വേദന കൊണ്ട് എന്റെ മനസ്സൊന്നു പിടഞ്ഞു. എല്ലാ സന്ധ്യകളും സങ്കടകരങ്ങളാണെന്ന് പറഞ്ഞത് സാമുവല്‍ ബക്കറ്റോ മറ്റോ ആണ്. ഞാന്‍ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. അങ്ങേത്തലക്കല്‍ രണ്ടരവയസ്സുകാരി മകള്‍ ഉത്തര. രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നും ഒരുപാട് വൈകരുതെന്നും അവളുടെ കല്‍പ്പന. എന്റെ മനം നിറഞ്ഞു. ഭൂമിയില്‍ മനുഷ്യനായി ജീവിക്കുന്നത് എത്ര സുന്ദരമായ സംഗതിയാണ്...!
മഴ തോരുന്ന മട്ടില്ല. ഞങ്ങള്‍ ലോഡ്ജ് മാനേജരെ വിളിച്ച് നാളത്തെ യാത്രയുടെ കാര്യങ്ങള്‍ ചോദിച്ചു. അതിരാവിലെ, ഗംഗയുടെ ഉദ്ഭവമായ ഗോമുഖിലേക്ക് പോകാനാണ് ഞങ്ങളുടെ പരിപാടി. രാത്രി മുഴുവന്‍ ഇതുപോലെ മഴ പെയ്താല്‍ ഗോമുഖ് യാത്ര നടക്കില്ലെന്ന് അയാള്‍ പറഞ്ഞു. അത് കേട്ടതോടെ ഞങ്ങള്‍ നിരാശരായി. മഴ തോരുമെന്നും ഗംഗാമാതാവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ യാത്ര നടക്കുമെന്നും അപ്പോള്‍ അയാള്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. ഒരുറപ്പിനെന്നോണം ഞങ്ങളുടെ കൂടെ വരാനുള്ള ഗൈഡിനേയും അയാള്‍ അപ്പോള്‍ തന്നെ ഏര്‍പ്പാടാക്കി.
മഴ തോരുന്ന ലക്ഷണമില്ല. ഞങ്ങളേതായാലും പുറത്തിറങ്ങാന്‍ തീരുമാനിച്ചു. 25 രൂപ കൊടുത്ത് വാങ്ങിയ മഴക്കോട്ടാണ് ആകെയുള്ള ശരണം. അതീവ ശ്രദ്ധയോടെ അത് ധരിച്ചു. കുറച്ച് ഉച്ചത്തില്‍ ശബ്ദിച്ചാല്‍ പോലും കീറിപ്പോകുന്ന കനംകുറഞ്ഞ ഒരുതരം പ്ളാസ്റ്റിക് ഉടുപ്പിനേയാണ് മഴക്കോട്ടെന്ന് വിളിക്കുന്നത്. കമ്പിളിയുടുപ്പുകള്ക്ക് മീതെ പ്ളാസ്റ്റിക് കുപ്പായമണിഞ്ഞ് ഞങ്ങള്‍ രാത്രി മഴയിലേക്കിറങ്ങി.
ഞങ്ങള്‍ക്ക് പോകേണ്ടത് ഗംഗോത്രിയിലെ അമ്പലത്തിലേക്കാണ്. ലോഡ്ജില്‍ നിന്ന് പത്ത് മുന്നൂറുമീറ്റര്‍ ദൂരെയാണ് അമ്പലം. റോഡിനിരുവശവും ചെറിയചെറിയ കടകളാണ്. കമ്പിളിയുടുപ്പുകള്‍ വില്‍ക്കുന്നവയാണ് ഏറെയും. ഇടക്ക് ഹോട്ടലുകളും മധുരപലഹാരക്കടകളുമുണ്ട്.
വെളുത്ത മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഗംഗോത്രി ക്ഷേത്രം. ഗംഗാമാതാവാണ് പ്രതിഷ്ഠ. 18-ാം നൂറ്റാണ്ടില്‍, അമര്‍സിങ് ഥാപ്പ എന്ന ഗൂര്ഖാപ്രമുഖനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. 19-ാം നൂറ്റാണ്ടില്‍ ജയ്പൂര്‍ രാജാവ് ഇന്നത്തെ രൂപത്തില്‍ അത് പുതുക്കിപ്പണിതു.
വെള്ള മാര്‍ബിള്‍ വിരിച്ച മുറ്റത്ത് മഴവെള്ളത്തിന്റെ പ്രളയം. എട്ടുമണിക്കുള്ള ആരതി തൊഴാന്‍ എത്തിയ ഭക്തന്മാര് അങ്ങിങ്ങ് കൂടി നില്‍ക്കുന്നുണ്ട്. ഇടക്കിടക്ക് ഗംഗാമാതാവിന് ശരണം വിളിക്കുന്ന അവര്‍ക്കിടയില്‍ മഴനനഞ്ഞ് ഞങ്ങളും നിന്നു. ക്ഷേത്രമായതിനാല്‍ നഗ്നപാദരായാണ് നില്‍പ്പ്. മഴവെള്ളവും തണുപ്പും ചേര്‍ന്നപ്പോള്‍ കാല് മരവിക്കുന്നപ്പോലെ. ഞങ്ങള്‍ കല്‍പ്പടവുകളിറങ്ങി താഴേക്ക് വന്നു. അവിടെ ഭാഗീരഥി കൂലംകുത്തി ഒഴുകുകയാണ്.
ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ഭഗീരഥന് കൊടും തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. കുറച്ച് നേരം ഭാഗീരഥിയുടെ രൂപഭാവങ്ങളെ നോക്കിനിന്നശേഷം ഞങ്ങള്‍ ക്ഷേത്രമുറ്റത്തേക്ക് തിരിച്ചുപോയി. അപ്പോള്‍ മഴ ശമിച്ചിരുന്നു. അമ്പലത്തില്‍ ആരതിയുടെ തിരക്ക്. ഞങ്ങളില്‍ നാല് പേര് നാസ്തികരാണ്. രാമകൃഷ്ണേട്ടന് അക്കാര്യത്തില്‍ പക്ഷേ ഞങ്ങളുടെ കൂടെയില്ല. തൊഴുകാനുളളവരുടെ ക്യൂവില്‍ പുള്ളി മുന്‍പന്തിയില്‍ തന്നെയുണ്ട്. ഗംഗാമാതാവിനെ തൊഴുത്, സംതൃപ്തമായ ദുഃഖഭാവത്തോടെ, കൈയില്‍ കുറച്ച് ചന്ദനവുമായി കക്ഷി തിരിച്ചെത്തി. ഒരു കൈയില്‍ വലിയൊരു പീലിക്കെട്ടും മറുകൈയ്യില്‍ കത്തുന്ന ആരതിയുമായി പൂജാരിയും പുറത്തിറങ്ങി. നാട്ടിലെ പൂജാരിമാരെപ്പോലെയല്ല; കമ്പിളിയുടുപ്പില് പൊതിഞ്ഞ ഈ മനുഷ്യന്റെ ശരീരത്തില്‍ മുഖം മാത്രമേ പുറത്തുകാണാനുള്ളൂ.

ഞങ്ങള്‍ ലോഡ്ജിലേക്ക് മടങ്ങി. വഴിക്ക് ചെറിയൊരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഗോമുഖ യാത്രക്കുള്ള കമ്പിളിയുടുപ്പുകളും കയ്യുറയും മറ്റത്യാവശ്യസാധനങ്ങളും വാങ്ങിച്ചു. മുറിയിലെത്തിയപ്പോള്‍ സമയം പത്തുമണി കഴിഞ്ഞു. തൊണ്ണൂറുരൂപാ വിലയുള്ള ഒരുബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു കാക്കക്കുളികുളിച്ചു. ഇനി രണ്ട് ദിവസത്തേക്ക് അതുമുണ്ടാകില്ല. പതിനൊന്ന് മണിക്ക് കിടന്നു. കനത്ത രജായിക്കുള്ളിലും തണുപ്പ് പതിയെ തലോടുന്നപോലെ... എവിയെയായാലും ഉറക്കത്തിന്റെ കാര്യത്തില്‍ ഞാനൊരു ഭാഗ്യവാനാണ്. നിമിഷങ്ങള്‍ക്കകം അതെന്നെ തേടി വരും. മനുഷ്യന് വേണ്ടി ഉറക്കം സൃഷ്ടിച്ച പ്രകൃതി എത്ര കാരുണ്യവതിയാണ്.
അഞ്ച് മണിക്ക് മുന്നേ എഴുന്നേറ്റു. കഠിനമായ തണുപ്പായതിനാല്‍ വെള്ളം കൊണ്ടുള്ള പരിപാടികള്‍ ഏറെയൊന്നുമില്ല. ഗംഗോത്രിയില്‍ വെച്ച് പല്ല് തേച്ചോ എന്ന് നാട്ടില്‍ വന്നാല്‍ ആര് ചോദിക്കാനാണ്?
വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ നല്ല വെളിച്ചം. നേരം വെളുത്തിരിക്കുന്നു. വരാന്തയില്‍ ഞങ്ങളുടെ ഗൈഡ് ലക്ഷ്മണ് തയ്യാറായി നില്‍ക്കുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ വിനയത്തോടെ സലാംവെച്ച് സാധനങ്ങള്‍ നിറച്ച ബേഗ് അയാള്‍ ചുമലിലേറ്റി. വെള്ളവും ലഘുഭക്ഷണവും കരുതിയ ബേഗുകള്‍ ഞങ്ങളുടെ തോളിലും. അഞ്ച് മണികഴിഞ്ഞ നേരത്ത്, കമ്പിളിക്കുപ്പായങ്ങള്‍ കൊണ്ട് ശരീരമാകെ മൂടി ഞങ്ങള്‍ കുത്തനെ മല കയറാന്‍ തുടങ്ങി.
ഗംഗോത്രിയില്‍ നിന്ന് 19 കിലോമീറ്ററാണ് ഗോമുഖിലേക്കുള്ള ദൂരം. രണ്ട് ദിവസത്തെ യാത്രാപരിപാടിയാണ്. ഹിമാലയന്‍ നേഷണല്‍ പാര്‍ക്കിന്റെ പരിധിയിലാണ് ഈ പ്രദേശം. ഒരു ദിവസം നൂറ്റമ്പത് യാത്രികര്‍ക്ക് മാത്രമേ ഗോമുഖിലേക്ക് പ്രവേശനമുള്ളൂ. അതിനുള്ള സമ്മതപത്രം ഉത്തരകാശിയിലെ ഫോറസ്റ്റ് ഓഫീസില്‍ നിന്ന് വാങ്ങിക്കണം.
തുടക്കം തന്നെ കുത്തനെയുള്ള കയറ്റമാണ്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ നേരിയ ഒരു വഴിയാണുള്ളത്. ഇരുവശത്തും ഭൂര്‍ജ വൃക്ഷങ്ങളും ദേവദാരുവും. അവിടവിടെ സന്യാസിമാരുടെ കുടിലുകള്‍. ദൂരെ മഞ്ഞിന്റെ വെളുത്ത കിരീടമണിഞ്ഞ പര്‍വ്വതശിഖരങ്ങള്‍. കിതപ്പാണെങ്കിലും ഞങ്ങള്‍ വേഗത്തില്‍ നടന്നു.
ഏകദേശം രണ്ട് കിലോമീറ്റര്‍ നടന്നാല്‍ ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റുണ്ട്. ഉത്തരകാശിയില്‍ നിന്ന് ലഭിച്ച സമ്മതപത്രം അവിടെ കാണിക്കണം. വലിയ നാട്യത്തില്‍ പോക്കറ്റില്‍ നിന്ന് കടലാസെടുത്ത് അവിടെയിരിക്കുന്ന ഓഫീസറെ കാണിച്ചു. അയാളെന്റെ മുഖത്തേക്കൊന്നു നോക്കി. എന്നിട്ടു പറഞ്ഞു. “ഇത് പോരാ നിങ്ങള്‍ക്കിന്ന് പോകാനാവില്ല”. എനിക്ക് തലകറങ്ങുന്നപോലെ തോന്നി. ഉത്തരകാശിയില്‍ നിന്ന് ലഭിച്ചത് സമ്മതപത്രമല്ല. അതിനുള്ള റെക്കമെന്റേഷനാണ്. ഗംഗോത്രിയിലുള്ള ഓഫീസില്‍ കാണിച്ച് അവിടെ നിന്ന് പാസ് വാങ്ങിക്കണം.
സംഭവിച്ചത് എന്റെ മാത്രം പിശകാണ്. ഹിന്ദിയിലുള്ള പാണ്ഡിത്യം വരുത്തിവെച്ച വിന. ലക്ഷ്മണ് ഞങ്ങളെ ചീത്ത വിളിക്കാന്‍ തുടങ്ങി. ഇനി പറഞ്ഞിട്ട് കാര്യമില്ല. താഴെ പോവുകതന്നെ. മറ്റ് മൂന്നുപേരെ അവിടെ നിര്‍ത്തി ഞാനു മുകേഷും ലക്ഷ്മണും താഴേക്കിറങ്ങി. നടക്കുകയായിരുന്നില്ല. ചെങ്കുത്തായ വഴികളിലൂടെ ഞങ്ങള്‍ ഓടുക തന്നെ ചെയ്തു.
പത്തിരുപത് മിനുട്ട് കൊണ്ട് താഴെയെത്തി. ജീവിതമെപ്പോഴും അങ്ങിനെയാണ്. കഷ്ടപ്പെട്ട് മുകളിലെത്തുന്നതിന്റെ നൂറിലൊന്ന് സമയം വേണ്ട താഴെയെത്താന്‍. അത്തരമൊരവസ്ഥയില്പോലും, ഓര്‍ത്തപ്പോള്‍ എനിക്ക് ചിരിവന്നു. പാസിന്റെ കാര്യം പറഞ്ഞപ്പോള്‍ കൌണ്ടറിലിരിക്കുന്ന കാക്കിക്കാരന് പറഞ്ഞു “ഡി.എഫ്.ഒ. സര് വന്നിട്ടുണ്ട്. ഉറങ്ങുകയാണ്. അദ്ദേഹം ഉണര്‍ന്നാല്‍ കാര്യം പറയൂ.”
കാത്തിരിക്കുക തന്നെ. വേറെ നിവൃത്തിയില്ല. ലക്ഷ്മണ് പിറുപിറുക്കാന്‍ തുടങ്ങി. ഇന്നത്തെ യാത്ര നടന്നില്ലെങ്കില്‍ അയാളുടെ ആയിരം രൂപ പോകും. പാവത്തിന്റെ ബേജാറ് അതാണ്. ഞാനയാളെ സമാധാനിപ്പിച്ചു. ഡി.എഫ്.ഒ. ഉണരുന്നതും കാത്ത്, തണുത്ത വെറും നിലത്ത് കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മുകേഷിനോട് പറഞ്ഞു “നാട്ടിലെ വലിയ പ്രമാണിമാരാണ്. എന്ത് കാര്യം...?”
ഓഫീസര്‍ ഉണര്‍ന്നപ്പോള്‍ ഒന്‍പത് മണികഴിഞ്ഞു ആദ്യമൊന്നും അയാള്‍ സമ്മതിച്ചില്ല. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒരുവിധം പോകാമെന്നായി. ഞങ്ങള്‍ പാസുമായി തിരിച്ചോടി. ചെക്ക് പോസ്റ്റിനടുത്തെത്തിയപ്പോള്‍ അക്ഷമരായി കാത്തുനില്ക്കുന്ന ഞങ്ങളുടെ മൂവര്‍ സംഘം. വെള്ളം കുടിച്ച് സഞ്ചിയില്‍ കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടങ്ങിയപ്പോള്‍ മണി പത്തുകഴിഞ്ഞു.
വെയിലിന് നല്ല ചൂട്. എങ്കിലും അന്തരീക്ഷത്തില്‍ തണുപ്പിന്റെ ലാളന. ഗോമുഖിലേക്കുള്ള വഴി വീതി കുറഞ്ഞതാണ്, ചിലയിടങ്ങളില്‍ അപകടകരവും. ഇടതുവശത്ത് പൊടിമണ്ണും ഉരുളന്‍ കല്ലുകളും നിറഞ്ഞ മലനിരകള്‍. വലത് ഭാഗത്ത് അഗാധമായ താഴ്ചയില്‍ ഭാഗീരഥി. ഇളകിയ മണ്ണാണ്. എപ്പോള്‍ വേണമെങ്കിലും അതിടിഞ്ഞ് വീഴാം. ഇടക്കിടെ ചെറിയ കല്ലുകള്‍ ഉരുണ്ട് താഴേക്ക് വീഴുന്നുണ്ട്. മല ഇടിഞ്ഞ് വീഴുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് ലക്ഷ്മണ് മുന്നില്‍; ക്ഷീണമുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ഉത്സാഹികളായി ഞങ്ങള്‍ പിന്നില്‍. ഞങ്ങള്‍ക്കും പിറകില്‍, മഹാപ്രസ്ഥാനത്തിന്റെ സമയത്ത് യുധിഷ്ഠിരന് പിന്നാലെ കൂടിയതുപോലെ എവിടെയോവെച്ച് ഒപ്പം കൂടിയ ഒരു ശ്വാനന്. ഇവിടെ ആരായിരിക്കാം ആദ്യം വീഴുക എന്ന് മനസ്സിലോര്‍ത്ത് പരമാവധി വേഗതത്തില്‍ ഞാന്‍ നടന്നു.

ഗോമുഖിലേക്കുള്ള യാത്രയിലുടനീളം ഭാഗീരഥി മണ്ണ് വീണ് കലങ്ങിയാണൊഴുകുന്നത്. ചിലയിടങ്ങളില്‍ വഴി തീരെ നേര്‍ത്തതാണ്. കാലൊന്നു വഴുതിയാല്‍, ആദിമ സംസ്കാരങ്ങളിലൊന്നിന്റെ പ്രഭവകേന്ദ്രമായ ഒരു മഹാനദിയുടെ മടിത്തട്ടില്‍ സ്വച്ഛന്ദമൃത്യു. സ്വര്ഗ്ഗത്തിലെത്തുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാല്‍ പോലും വിശ്വാസികള്‍ വരെ അതാഗ്രഹിക്കില്ല. ഇഹലോകത്തെക്കുറിച്ച് മാത്രമോര്‍ത്ത്, ദൂരെ നിരനിരയായികിടക്കുന്ന മഞ്ഞുതൂവിയ പര്‍വ്വതശിഖരങ്ങളെ നോക്കി നടക്കുമ്പോള്‍ ഞാന്‍ അങ്ങേയറ്റം ശ്രദ്ധാലുവായി. മനോഹരമായത് ജീവിച്ചിരിക്കുന്നത് തന്നെയാണ്.
ഒമ്പത് കിലോമീറ്റര്‍ ദൂരം പിന്നിട്ടാല്‍ ചീഡ്വാസ എന്നൊരു സ്ഥലമുണ്ട്. അവിടെ കുറച്ച് നേരം വിശ്രമിച്ചു. ഇടതൂര്‍ന്ന് നില്ക്കുന്ന മരങ്ങള്‍ക്കിടയില്‍ ചെറിയൊരു ചായക്കടയുണ്ട്. അവിടെ നിന്ന് ഓരോ ചായ കുടിച്ചു. വീണ്ടും യാത്ര.
ആറ് മണിയോടെ ഞങ്ങള്‍ മനോഹരമായ ഒരു പുല്‍മൈതാനത്തെത്തി. ബോജ്ഭാസയെന്നാണ് ഈ സ്ഥലത്തിന്റെ പേര്. വലതുഭാഗത്ത് ശാന്തമായൊഴുകുന്ന നദി. ചുറ്റും പര്‍വ്വതങ്ങളുടെ അതിരുകള്‍. അവയില്‍ മഞ്ഞിന്റെ ധാരാളിത്തം. മൈതാനം മൂടിക്കിടക്കുന്ന പച്ചയുടെ പുതപ്പ്. തണുതണുത്ത സന്ധ്യ. ഹിമവാന്റെ മടിത്തട്ടെന്നപോലുള്ള വിശാലമായ ഈ മൈതാനത്ത് നില്ക്കുമ്പോള് വീണ്ടും വീണ്ടും നാം ഇതു തന്നെയോര്ക്കും ജീവിച്ചിരിക്കുന്നത് എത്ര സുന്ദരമായ സംഗതിയാണ്.
ബോജ്ഭാസയില് താമസിക്കാന്‍ മൂന്നാലിടങ്ങളുണ്ട്. തുണികൊണ്ട് അടിച്ചുണ്ടാക്കിയ താല്‍ക്കാലിക ടെന്റുകളാണ് എല്ലാം. ഞങ്ങളതിലൊന്നില് താമസം ഏര്‍പ്പാടാക്കി. ഒരു ബെഡ്ഡിന് 250 രൂപയാണ് വാടക. ഒന്‍പത് ബെഡ്ഡുകളുള്ള വൃത്തിയുള്ള ഒരു ടെന്റ്. അതിനകത്ത് ബേഗുകള്‍ വെച്ച ശേഷം ഞങ്ങള്‍ പുറത്ത് കടന്നു.
പത്തിരുപത്തഞ്ചൂ മീറ്റര്‍ ദൂരെയാണ് ഭക്ഷണശാല. ഞങ്ങള്‍ അങ്ങോട്ടുനടന്നു. തണുപ്പ് സഹിക്കാനാവുന്നില്ല. ഭക്ഷണശാല, മരപ്പലകകള്‍ കൊണ്ടുള്ള ഒരു നിര്‍മ്മിതിയാണ്. ഞങ്ങളോരോ ഹോര്‍ലിക്സിന് ഓര്ഡര്കൊടുത്തു. പതിവായി കുടിക്കാത്തതിനാലാകാം ഹോര്‍ലിക്സിന് നല്ല സ്വാദ്. രാത്രിഭക്ഷണത്തിന് കൂടി ഏര്‍പ്പാടാക്കിയ ശേഷം ഞങ്ങള്‍ പുറത്ത് കടന്നു.
കുറച്ച് നേരം ചുറ്റിനടന്നപ്പോഴേക്ക് തണുപ്പ് അസഹ്യമായിത്തുടങ്ങി. ഞങ്ങള്‍ ടെന്റിനകത്ത് കയറി. ഭക്ഷണത്തിന് അര മണിക്കൂര്‍ കൂടി സമയമുണ്ട്. അതുവരെ രജായിക്കുള്ളില്‍ ചുരുണ്ടുകൂടി കിടക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം. ചില തീരുമാനങ്ങള്‍ ഉടനടി നടപ്പിലാകും. അതിന് കമ്മിറ്റികള്‍ കൂടേണ്ട ആവശ്യമൊന്നുമില്ല.
രാത്രി കിടക്കുമ്പോള്‍ സോക്സും ഗ്ളൌസുമെല്ലാം മാറ്റണമെന്ന് കരുതി വേറെ കരുതിയിട്ടൊക്കെയുണ്ടായിരുന്നു. പക്ഷേ ഒന്നും നടന്നില്ല. ഷൂസിന്റെ ലേസഴിക്കാന് പോലും കഴിയാത്തവിധം തണുപ്പ് കഠിനമാണ്. ഒരുവിധം ഷൂസഴിച്ചുവെച്ച് കിടക്കയിലേക്ക് കയറി.
ഭക്ഷണത്തിന്റെ സമയമായപ്പോള്‍ ഒരു പയ്യന് വന്നു വിളിച്ചു. തണുപ്പ് കാരണം എഴുന്നേല്ക്കാന് തോന്നിയില്ല. പകല്‍ മുഴുവന്‍ ഡ്രൈഫ്രൂട്സും ബിസ്ക്കറ്റും മാത്രമായിരുന്നു ഭക്ഷണം. നാളെയും മറ്റൊന്നും കിട്ടാന്‍ സാദ്ധ്യതയില്ല. അതുകൊണ്ട് ഭക്ഷണം ഒഴിവാക്കേണ്ടെന്ന് ഒടുവില്‍ തീരുമാനമായി.
ആവി പറക്കുന്ന പച്ചരിച്ചോറും ദാലും കോളിഫ്ളവര്‍ കറിയും അച്ചാറുമാണ് അത്താഴത്തിനുള്ളത്. വിശപ്പൊന്നും തോന്നിയില്ല. എന്നാലും ‘അത്താഴപഷ്ണി' കിടക്കേണ്ടെന്നാണല്ലോ നാട്ടുനടപ്പ്. ഞങ്ങള്‍ കാരണവന്മാരെ അനുസരിച്ച് കുറച്ച് കഴിച്ചെന്നുവരുത്തി; പിന്നെ പുറത്തിറങ്ങി.
ടെന്റിനകത്ത് വന്നപ്പോള്‍ വേറെയുമുണ്ട് അന്തേവാസികള്‍. ഒരു ഉത്തര്പ്രദേശുകാരന്, ജര്‍മ്മനിയില്‍ നിന്നുള്ള ഒരു മദാമ്മയും സായ്പും, പിന്നെ അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള യുവതിയായ എലിസബത്തും. എന്റെ വലതുഭാഗത്തുള്ള കട്ടിലിലാണ് യു.പി.കാരന്റെ കിടപ്പ്. വി.കെ.എന്‍ ഭാഷയില്‍ പറഞ്ഞാല്‍, കുറേ ദിവസങ്ങള്‍ക്ക് ശേഷം ഒരു രാഷ്ട്രീയചര്‍ച്ച അയാളുമായി തരായി. തൊട്ടപ്പുറത്ത് എലിസബത്താണ്. അവള് സുന്ദരിയും ഉത്സാഹിയുമാണ്. ആറുമാസമായി ഇന്ത്യയില്‍ ചുറ്റി നടക്കുകയാണ് താനെന്ന് എലിസബത്ത് പറഞ്ഞു. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ അവള്‍ക്കേറെ സന്തോഷം; എത്ര സുന്ദരമാണ് നിങ്ങളുടെ നാട് എന്നൊരു കോംപ്ളിമെന്റും. കിടന്നുകൊണ്ടു തന്നെ കുറച്ചുനേരം അവളുമായി സംസാരിച്ചു. മുഖം മാത്രം പുറത്ത് കാണുന്ന വിധമാണ് എന്റെ കിടപ്പ്. കരിമ്പടവും രജായിയും കൊണ്ട് മൂടിയിട്ടും തണുപ്പ് മാറുന്നില്ല. ഒടുവില്‍ ലൈറ്റണച്ച്, തലവഴി കരിമ്പടം കൊണ്ട് മൂടി, ചുരുണ്ട് കൂടി ഗര്‍ഭപാത്രത്തിലെന്നപോലെ ഞാന്‍ കിടന്നു.
രാത്രിയെപ്പോഴോ, തലക്ക് മീതെ ടെന്റ്പൊളിഞ്ഞുവീഴുന്നത് പോലെ തോന്നിയപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. കിടന്നിരുന്ന കട്ടില് ശക്തിയായി കുലുങ്ങി. എഴുന്നേല്ക്കാന് നോക്കുമ്പോള്‍ പറ്റുന്നില്ല. രജായിക്കും കരിമ്പടത്തിനും എന്തൊരുഭാരം. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുന്‍പ് ഇരുട്ടില്‍ ഒരമേരിക്കന്‍ ചിരി കേട്ടു. എന്തു പറ്റിയെന്ന എന്റെ പരിഭ്രമത്തിന് നിര്‍ത്താതെയുള്ള ചിരിക്കൊടുവില്‍ എലിസബത്തിന്റെ മറുപടി
“എന്തൊരു കൂര്‍ക്കം വലിയാണ്. നിങ്ങളെ ഉണര്‍ത്താന്‍ വേണ്ടി ഞാന്‍ കട്ടില് പിടിച്ച് കുലുക്കിയതാണ്. പേടിക്കേണ്ട.”
പേടിക്കേണ്ട എന്ന് പറയാന്‍ എളുപ്പമാണ് പക്ഷേ പേടിക്കാത്ത അവസ്ഥയുണ്ടാകുന്നത് അത്രയും എളുപ്പമാണോ? ഉറക്കം മുറിഞ്ഞ രാത്രിയില്‍ ഓരോന്നാലോചിച്ച് വെറുതെ കിടന്നു. ഹിമാലയത്തിലെ രാത്രിക്കാഴ്ചകളെക്കുറിച്ച് പലരും എഴുതിയത് പെട്ടെന്ന് ഓര്‍മ്മ വന്നപ്പോള്‍ ഒന്നു പുറത്തിറങ്ങിയാലോ എന്ന് തോന്നി. എല്ലാവരും ഉറക്കമാണ്. കൂര്‍ക്കം വലി നിലച്ചല്ലോ... എലിസബത്തും ഉറങ്ങിയിരിക്കും. പുതപ്പെടുത്ത് വാരിപ്പുതച്ച് ശബ്ദമുണ്ടാക്കാതെ ഞാന്‍ ടെന്റിന് പുറത്തു വന്നു.

മറക്കാനാവില്ല ആ കാഴ്ച. പച്ചക്കുന്നുകളും മൈതാനവും നിലാവില് മുങ്ങിനില്‍ക്കുകയാണ്. ആകാശത്ത് വാരിവിതറിയപോലെ നൂറായിരം നക്ഷത്രങ്ങള്‍. ദൂരെ അചുംബിതമായ മഞ്ഞുമലകളുടെ നീണ്ടനിര. തൊട്ടടുത്ത് ശാന്തമായൊഴുകുന്ന ഭാഗീരഥിക്ക് പരിപൂര്‍ണ്ണമായ വെള്ളിനിറം. യഥാര്‍ത്ഥ അത്ഭുതങ്ങള്‍ പ്രകൃതിയിലെ അത്ഭുതങ്ങളാണ്. നാമവ കണ്‍തുറന്ന് കാണണമെന്ന് മാത്രം. കുറച്ചുനേരം അവിടെ നിന്നു. പിന്നെ ജീവിതത്തിലെ സൌഭാഗ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ടെന്റിനകത്തേക്ക് കയറി. ഉറക്കത്തിന്റെ ദേവത എന്നെ കാത്തിരിക്കുകയാണ്.
അതിരാവിലെ എഴുന്നേറ്റു. പുറത്തെ തണുപ്പില്‍ ചിരിക്കുന്ന മുഖവുമായി ലക്ഷ്മണ്. ചൂടുള്ള ഒരു ചായ കുടിച്ചപ്പോള്‍ തണുപ്പിന് തെല്ലൊരാശ്വാസം. കുറച്ച് ചൂടുവെള്ളം സംഘടിപ്പിച്ച് പല്ല് തേച്ചു. കുളി ഇവിടെ ഒരന്ധവിശ്വാസമാണ്. അതൊഴിവാക്കാവുന്നതേയുള്ളൂ.
ഗോമുഖിലേക്ക് നാല് കിലോമീറ്റര്‍ കൂടിയുണ്ട്. ആകാവുന്നത്ര വേഗത്തില്‍ ഞങ്ങള്‍ നടന്നു. വലിയ ഉരുളന്‍ കല്ലുകള്‍ക്ക് മീതെയാണ് നടത്തം ഇടക്ക് വഴിയില്‍ ഒരു സന്യാസിയെ കണ്ടു. കുറച്ചുനേരം അവിടെ തങ്ങിയശേഷം വീണ്ടും നടത്തം തുടര്‍ന്നു. പത്ത് മണിയോടെ ഞങ്ങള്‍ ഗോമുഖിലെത്തി.
ഭാഗീരഥിയെന്നാണ് ഇവിടെ ഗംഗയുടെ പേര്. സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലാണ് ഗോമുഖം. വിശാലമായൊരു മഞ്ഞുമലയുടെ അടിയിലുള്ള ഒരു ഗുഹയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുകയാണ്. ഗംഗയുടെ ഉദ്ഭവമായി കണക്കാക്കുന്നത് ഇതിനെയാണ്. ഗോമുഖിനും മുകളില്‍ സ്ഥിതിചെയ്യുന്ന തപോവനത്തിനും നന്ദനവനത്തിനും ഇടയില്‍ പരന്നുകിടക്കുന്ന, പതിനെട്ട് കിലോമീറ്ററോളം നീളമുള്ള പ്രാചീനമായ ഗംഗോത്രി ഗ്ളോസിയറിന്റെ മുഖദ്വാരമാണ് ഗോമുഖം. ഗ്ളോസിയറിനടിയിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് ഗോമുഖിലൂടെ പുറത്തുവരുന്നത്. 1818ല്‍ ഇവിടം സന്ദര്‍ശിച്ച ഹെഡ്ഗസന്, ഹെര്‍ബര്‍ട്ട് എന്നീ രണ്ട് ബ്രിട്ടീഷ് ഓഫീസര്‍മാരാണ് ഗോമുഖത്തെക്കുറിച്ചുള്ള ആദ്യസൂചനകള്‍ നല്‍കിയത്.
എല്ലാ വലിയ കാര്യങ്ങള്‍ക്കും എത്ര വിനീതമായ തുടക്കമാണുണ്ടാവുക എന്നോര്‍ക്കുകയായിരുന്നു ഞാനപ്പോള്‍. ഗംഗയുടെ ഉദ്ഭവസ്ഥാനത്താണ് ഞങ്ങളിപ്പോള്‍. ഇത് തന്നെയാണോ യഥാര്‍ത്ഥത്തില്‍ ഗംഗയുടെ ഉദ്ഭവം? ചെറുതും വലുതുമായ പല നദികള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു മഹാപ്രവാഹത്തിന്റെ പേരാണ് ഗംഗ. ഗോമുഖില്‍ നിന്നുള്ള ഭാഗീരഥിയും ബദരിയില്‍ നിന്നുള്ള അളകനന്ദയും കേദാറില്‍ നിന്നുള്ള മന്ദാകിനിയുമാണ് അതില്‍ പ്രധാനം. മന്ദാകിനിയും അളകനന്ദയും രുദ്രപ്രയാഗില്‍ വെച്ച് കൂടിച്ചേര്‍ന്ന് അളകനന്ദ എന്ന പേരിലാണ് പിന്നീടൊഴുകുന്നത്. ബദരിക്കുമപ്പുറം മാനയില്‍ നിന്ന് 21 കി.മീറ്റര്‍ വടക്ക് ഭഗീരഥ്ഖരക്, സതോപന്ത് എന്നീ ഹിമാനികളുടെ സംഗമസ്ഥാനത്ത് നിന്നാണ് യഥാര്‍ത്ഥത്തില്‍ അളകനന്ദയുടെ ഉദ്ഭവം. നന്ദപ്രയാഗിന് താഴെ കര്‍ണ്ണപ്രയാഗില്‍ വെച്ച് അളകനന്ദ, പിണ്ഡാര്‍ നദിയുമായി സമ്മേളിക്കുന്നു. ഗോമുഖില്‍ നിന്നുള്ള ഭാഗീരഥി 18 കി.മീറ്റര്‍ ഒഴുകി ഗംഗോത്രിയിലെത്തുമ്പോള് ജാഹ്നവി നദി അതില്‍ ചേരുന്നു. ഭാഗീരഥിയും അളകനന്ദയും ദേവപ്രയാഗില്‍ വെച്ച് സമ്മേളിക്കുമ്പോള്‍ അതിന് ഗംഗയെന്ന പേര്വരുന്നു.
ലോകത്തിലെ അതിപുരാതനമായ സംസ്കാരങ്ങളിലൊന്ന് രൂപം കൊണ്ട ഒരു മഹാനദിയുടെ ഉദ്ഭവസ്ഥാനത്താണ് ഞങ്ങളിപ്പോള്‍. എന്റെ സിരകളിലൂടെ ആവേശത്തിന്റെ തിരകള്‍ ആര്‍ത്തിരമ്പുന്നത് ഞാനറിഞ്ഞു. മഹാജനപഥങ്ങള്‍, യുദ്ധങ്ങള്‍, കെടുതികള്‍, ക്ഷാമം, വരള്‍ച്ച, വെള്ളപ്പൊക്കം, ചതി... എല്ലാറ്റിനും മീതെ മാനവരാശിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ മഹാചരിതങ്ങള്‍.... ഒരു സിനിമയിലെന്നപോലെ ചരിത്രം ചുരുളഴിഞ്ഞ് എന്റെ മനസ്സിലൂടെ കടന്നുപോയി. ആയിരത്താണ്ടുകളായി എത്രയോ മനുഷ്യോതിഹാസങ്ങള്ക്ക് കാരണഭൂതയായ, സര്‍വ്വസാക്ഷിയായ ഗംഗ.
“ഇപ്പോള്‍ പോയാലേ ഇരുളും മുന്‍പ് ഗംഗോത്രിയിലെത്തൂ.” ലക്ഷ്മണ് ഓര്‍മ്മിപ്പിച്ചപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. ഞങ്ങള്‍ തിരിച്ചു നടന്നു. ആറ് മണിയോടെ ഗംഗോത്രിയിലെത്തി. പിരിയാന്‍ നേരത്ത് ഞാനെന്റെ ഓവര്‍കോട്ട് ലക്ഷ്മണിന് സമ്മാനിച്ചു. നന്ദിസൂചകമായി ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു “ഗംഗാമാതാവ് അനുഗ്രഹിക്കട്ടെ. താങ്കള്‍ക്ക് നൂറ് പുണ്യം കിട്ടും”.
പുണ്യം കിട്ടുമെങ്കില്‍ അതെനിക്കായിരിക്കില്ല ലക്ഷ്മണ്. ഞാനിങ്ങോട്ട് പോരുകയാണെന്നു പറഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് ഷൈന്‍ സമ്മാനിച്ചതാണീകോട്ട്. ഞാനത് നിങ്ങള്‍ക്ക് തന്നു. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഞങ്ങളീ മലയിറങ്ങും. പ്രകൃതിയെപ്പോലെ ജീവിതവും ഞങ്ങള്‍ക്ക് പിന്നെ ചൂടാണ്. അവിടെ ഈ കോട്ടെന്തിനാണ്? നിങ്ങളോ... എപ്പോഴെങ്കിലും വരുന്ന സഞ്ചാരികളെയും കൊണ്ട് ഈ കൊടുംതണുപ്പിലിങ്ങനെ മലകള്‍ കയറിയിറങ്ങുന്നു. ഇത് നിങ്ങള്‍ക്കാണ് വേണ്ടത്.
മനസ്സില്‍ ഞാനയാള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഭാഗീരഥിയുടെ തീരങ്ങളില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ സന്തോഷത്തോടെ വളരട്ടെ. ഓര്‍ത്തുനോക്കിയിട്ടുണ്ടോ ലക്ഷ്മണ്, സന്തോഷത്തോടെയിരിക്കുന്നത് എത്ര സന്തോഷമുള്ള കാര്യമാണ്.
കെ. ജയദേവന്









