മരുന്ന്.
എത്ര സുന്ദരമായ ശീര്ഷകമാണതെന്ന്, ഡോക്ടര്‍ കൂടിയായ നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അതേ പേരിലുള്ള നോവല്‍ വായിച്ചാസ്വദിച്ചവര്ക്കറിയാം. എന്നാല്‍, അത്രയും സുന്ദരമല്ല മരുന്നുകളെ ആശ്രയിച്ചുള്ള ജീവിതമെന്നത് ഇന്നു മലയാളികളില്‍ നല്ലൊരു ശതമാനവും സ്വാനുഭവത്താല്‍ തിരിച്ചറിയുന്നൊരു ജീവിതസത്യവും. തലവേദനയ്ക്കോ പനിക്കോ കൈയില്‍ കിട്ടുന്നതോ പേരോര്മയുള്ളതോ ആയ പരിചിതഗുളികകള് വിഴുങ്ങുന്നതു തൊട്ട്, ഒരിക്കലും മുടക്കാതെയുള്ള ഔഷധസേവ വരെ മലയാളികളുമായി നിത്യപരിചയത്തിലായിക്കഴിഞ്ഞിരിക്കുന്നു. ശൈലീജന്യരോഗങ്ങളാല് വളരെ പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹമാണിന്നു മലയാളി.
ഗുളികയാകുന്നു നമ്മുടെ പ്രധാനഭക്ഷണം എന്ന് പ്രമുഖകവി പാലൂര് പാടിയത് വെറുതെയല്ല. ഒരു ഡോക്ടര്‍ തന്റെ രോഗികളില്‍ നിന്ന് ദിനവും പലവുരു നേരിടേണ്ടിവരുന്നൊരു ചോദ്യമായിരിക്കും, മരുന്ന് കഴിക്കേണ്ടതെപ്പോഴാണ്, ഭക്ഷണത്തിനു മുന്‍പോ പിന്‍പോ എന്നത്. സത്യത്തില്‍, ഭക്ഷണമായിത്തന്നെ മരുന്നു കഴിക്കേണ്ടിവരുന്ന, കവി പ്രവചിച്ച അവസ്ഥയിലേക്കല്ലേ മലയാളിയുടെ അതിവേഗസഞ്ചാരമെന്നു പലപ്പോഴും തോന്നിപ്പോകാറുണ്ട്. ഇന്ന്, നമ്മുടെ ആരോഗ്യവിദഗ്ദ്ധര്‍ ആശങ്കയോടെ തലപുകയ്ക്കുന്ന ഒരു വിഷയമാണ് ഇത്രയധികം മരുന്നുകള്‍ നാം തിന്നുകൂട്ടേണ്ടതുണ്ടോ എന്നത്. മരുന്നു മനുഷ്യനെ തിന്നുന്ന അവസ്ഥയിലേക്കുള്ള ഈ വിപരിണാമം തീര്‍ച്ചയായും ആശങ്കാവഹമാണ്.
മനുഷ്യന്റെ സാമൂഹികവളര്‍ച്ചയുടെ പരിണാമഗതി പഠിച്ചാല്‍ മനസ്സിലാകുന്ന കാര്യമാണ്, രോഗവും മരണവും അവനെ എങ്ങനെ, എത്രമേല്‍ ഭയപ്പെടുത്തിയിരുന്നു എക്കാലവും എന്നത്. മരണകാരണമായ ഒന്ന് എന്ന മട്ടിലെന്നതിനേക്കാള്, ജീവിതത്തെ ദുരിതമയമാക്കുന്ന നിസ്സഹായാവസ്ഥ എന്ന നിലയിലാണ് രോഗത്തെ എന്നും മനുഷ്യന് ഭീതിയോടെ കണ്ടിട്ടുള്ളത്. മരിച്ചാലും വേണ്ടില്ലായിരുന്നു എന്ന ശൈലീപ്രയോഗം ഇന്നും രോഗാവസ്ഥയെക്കുറിച്ച് മനുഷ്യന് പുലര്ത്തിപ്പോരുന്നുണ്ടല്ലോ.
രോഗങ്ങളെ എങ്ങനെ നേരിടാം, എങ്ങനെ രോഗമുക്തി സാദ്ധ്യമാക്കാം എന്നെല്ലാം ആദിമകാലം മുതലേ മനുഷ്യന് ചിന്തിച്ചിരുന്നു. മനുഷ്യനോടൊപ്പം പിറന്ന ഒന്നായിരിക്കണം രോഗവും. ഏതായാലും മനുഷ്യകുലത്തിന്റെ ആരോഗ്യകാര്യത്തിലെ ഉല്‍ക്കണ്ഠകള്‍ക്ക് ശാസ്ത്രം നല്കിയ ഉത്തരമായിരുന്നു മരുന്ന് എന്നത്. മനുഷ്യന്റെ ഇന്നോളമുള്ള ശാസ്ത്രനേട്ടങ്ങളില്‍ ഏറ്റവും പ്രയോജനകരമായ ഒന്നാണത്.
ഇത്രയും മഹത്തരമായ ഒരു കണ്ടുപിടിത്തം, ജീവന്രക്ഷാമാര്ഗമെന്ന നിലയില്‍ അനിതരമായ കണ്ടുപിടിത്തം പക്ഷേ, ഇന്ന് ഉപയോഗിക്കപ്പെടുന്നതിലേറെ ദുരുപയോഗിക്കപ്പെടുന്നുവോ എന്നു ചര്‍ച്ച ചെയ്യേണ്ട പ്രശ്നമായി മാറിയതെങ്ങനെയാണ്. വ്യാവസായികമായി ഔഷധനിര്‍മാണ- വിതരണശൃംഖലകള്‍ ഭീമമായി വളര്‍ച്ച നേടിയതിന്റെ ബാക്കിപത്രമാണത് എന്ന് ഒറ്റവാക്യത്തില്‍ പറഞ്ഞു നമുക്കു വെറുതെ കൈകഴുകാനാകുമോ.
മരുന്നുവ്യവസായത്തിന്റെ സാമ്പത്തികവശമെന്നതുപോലെതന്നെ, ചികിത്സകനും രോഗിയും തമ്മിലുള്ള ആശയവിനിമയത്തില്‍ വരുന്ന വീഴ്ചകളും, ഇരുവരും തമ്മില്‍ വേണ്ട ആരോഗ്യകരമായ ബന്ധത്തിന്റെയും പരസ്പരാഭിമുഖ്യത്തിന്റെയും അഭാവവും, രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അത്യാചാരങ്ങളുടെ സമകാലികഭാവങ്ങളും, ഭാഗികമായോ അല്പമായോ അപൂര്‍ണമായോ തെറ്റായോ ലഭിക്കുന്ന ആരോഗ്യവിവരങ്ങളും, ഡോക്ടറെ വിശ്വസിക്കാതെ ഒരു ചികിത്സകനില്നിന്നു മറ്റൊരാളിലേക്ക്, ഒരു ചികിത്സാരീതിയില്‍നിന്ന് മറ്റൊന്നിലേക്ക് പായുന്ന രോഗിയുടെ അമിതാകാംക്ഷയും ഒക്കെ നമ്മുടെ മരുന്നുപയോഗത്തെ തെറ്റായ ദിശയിലേക്കു നയിക്കുന്നു എന്നുപറയാം.
ഹൃദ്രോഗചികിത്സയില്‍ മരുന്നുപയോഗം
ഹൃദ്രോഗചികിത്സ മരുന്നുകളുടെ നിരന്തരോപയോഗം ആവശ്യപ്പെടുന്ന ഒന്നാണ്. മരുന്നുകളെ ഒഴിവാക്കിക്കൊണ്ട് ഒരു ചികിത്സാപദ്ധതി, അടിയന്തിരസാഹചര്യങ്ങള്‍ സ്ഥിരമായി സൃഷ്ടിക്കാനിടയുള്ള രോഗമാകയാല്‍ ഇവിടെ സുസാദ്ധ്യമല്ല. മരുന്നുവേണമെന്നു തന്നെയല്ല, പല മരുന്നുകളും ദീര്‍ഘകാലം, ചിലപ്പോള്‍ ജീവിതകാലം മുഴുവനും തന്നെ ഉപയോഗിക്കേണ്ടിവരുന്നു എന്നതും ഈ രോഗങ്ങളുടെ സവിശേഷതയാണ്.
ഇത്തരം ദീര്ഘകാലോപയോഗമരുന്നുകളെക്കുറിച്ച് പലര്‍ക്കുമുള്ള ആശങ്ക ഇവയുടെ പാര്ശ്വഫലങ്ങളെപ്പറ്റിയാണ്. രോഗത്തിന് മരുന്ന് അത്യന്താപേക്ഷിതമായിരിക്കുന്നതായി ചികിത്സകനു ബോദ്ധ്യപ്പെടുകയും മരുന്നു കഴിച്ചില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള അപായസാദ്ധ്യത മരുന്നുപയോഗിച്ചാലുണ്ടായേക്കാവുന്ന പാര്ശ്വഫലപ്രശ്നങ്ങളേക്കാള് വളരെയേറെ മാരകമാണെന്ന് ഉറപ്പുണ്ടായിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഒരു നല്ല ഡോക്ടര്‍ മരുന്ന് കുറിക്കുക. രോഗനിര്‍ണയം കഴിഞ്ഞ് മരുന്നുകുറിക്കാനൊരുങ്ങുന്ന നിമിഷത്തില്‍ ഡോക്ടറെ പ്രേരിപ്പിക്കുന്ന ഘടകം പ്രധാനമായും ഇനിപ്പറയുന്നതാണ്.
- ഈ മരുന്ന് ഈ രോഗത്തിന് ഉപയോഗിക്കപ്പെട്ടിട്ടുള്ള സമാനസന്ദര്‍ഭങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഈ രോഗമുണ്ടായവരുടെ ജീവിതദൈര്‍ഘ്യം കൂട്ടുവാന്‍, ഈ രോഗം മൂലമുള്ള മരണനിരക്ക് കുറയ്ക്കുവാന്‍ ഈ മരുന്നിന് സാധിച്ചിട്ടുണ്ട് എന്ന വ്യക്തവും ശാസ്ത്രീയാധിഷ്ഠിതവുമായ മുന്നറിവും അനുഭവ-പഠനപരിചയവും.
- പ്രസ്തുത മരുന്നിന്റെ ഉപയോഗം മൂലം രോഗിയില്‍ രോഗലക്ഷണങ്ങള്‍ക്ക് ശമനവും രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ തടയപ്പെടുന്നതായും കാണുന്നെങ്കില്‍ ആ മരുന്നു തുടരാനുള്ള തീരുമാനത്തിലേക്ക് ഡോക്ടര്‍ എത്തിച്ചേരുന്നു.
അടിസ്ഥാനപരമായി പറഞ്ഞാല്‍ ഈ രണ്ടു സന്ദര്‍ഭങ്ങള്‍ ചേര്‍ന്നുവരുന്ന ഒരിടത്താണ് മരുന്നുകളുടെ സദുപയോഗം നടക്കുന്നത്. രോഗികളില്‍ ഏര്‍പ്പെടുത്തുന്ന ഔഷധങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നുള്ളതിന് ശാസ്ത്രീയവിലയിരുത്തലുകളുടെ പിന്‍ബലത്തോടെയേ നല്ല ഡോക്ടര്‍ മരുന്നു കുറിക്കുന്നുള്ളൂ.
എന്നാല്‍, ശരിയായ രോഗനിര്‍ണയം നടന്നാല്‍ മാത്രമേ, കൃത്യമായ ഔഷധനിര്‍ണയവും സാദ്ധ്യമാകുന്നുള്ളൂ എന്നത് ലളിതമായ സത്യം. രോഗനിര്‍ണയം കൃത്യമായാല്‍ മറ്റെല്ലാം ലളിതവുമായി. അതിനുശേഷം മരുന്നിന്റെ ഡോസേജ്, ഉപയോഗക്രമം, കാലയളവ് എന്നിവ തീരുമാനിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ചും രോഗത്തെക്കുറിച്ചും മരുന്നുകളുടെ പാര്‍ശ്വഫലത്തെക്കുറിച്ചും ഒരു അടിസ്ഥാനാവബോധം നല്‍കിയശേഷമാണ് മരുന്നുകള്‍ തീരുമാനിച്ചേല്പിക്കുന്നത്.
ധാരണകളും ധാരണപ്പിശകുകളും
ഹൃദ്രോഗികള്‍ക്ക് മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവരുന്നു. ഹൃദയധമനികള്‍ക്ക് തടസ്സം നേരിടുന്ന കൊറോണറി ഹാര്‍ട്ട് ഡീസീസ് (ഹൃദയാഘാതം, ആല്ജൈന എന്നവയുള്പ്പെടുത്തി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍, ഹാര്‍ട്ട് ഫെയിലിയര്‍ അഥവാ ഹൃദയപേശികളുടെ തകരാര്‍) ഉള്ളവര്‍ ദീര്‍ഘനാള്‍ മരുന്നു കഴിക്കേണ്ടിവരും. പലപ്പോഴും രോഗികള്‍ ചോദിക്കാറുണ്ട്, ഡോക്ടര്‍, എനിക്കിപ്പോള്‍ കുഴപ്പമൊന്നും തന്നെയില്ല, ഇനി മരുന്നു നിര്‍ത്തിക്കൂടേ എന്ന്. അതില്‍ത്തന്നെ ചിലര്‍ സ്വന്തമിഷ്ടത്തിന് മരുന്നു നിര്ത്തിക്കഴിഞ്ഞിട്ടായിരിക്കും ഈ ചോദ്യവുമായി ഡോക്ടറെ സമീപിക്കുന്നതു തന്നെ. ഹൃദയധമനികളില്‍ അസുഖമുണ്ടാക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചാല്പ്പിന്നെ അവസാനമില്ലെന്ന സത്യം തരിമ്പും അറിയാത്തവരാണ് ഇത്തരക്കാര്‍.
എല്‍ ഡി എല്‍ കൊളസ്ട്രോള്‍ 70 എംജിയില്‍ താഴെ മാത്രമേ പാടുള്ളൂ. രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത ഇത്തരക്കാരില്‍ ഏറിയിരിക്കുന്നതുകൊണ്ട് ആസ്പിരിന്‍, ക്ലോപ്പിഡോഗ്രന് എന്നീ ഗുളികകളും കഴിക്കേണ്ടിവരും. ആസ്പിരിന്‍ മിക്കവാറും ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടിവരും.
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതും കുറയ്ക്കുന്നതുമായ മരുന്നുകള്‍ കൂടിയ അളവിലായിരിക്കും തരിക. അതിനുകാരണം, കൂടിയ ഡോസില്‍ ഈ മരുന്നു തുടരുന്നത് ഒരിക്കല്‍ അറ്റാക്കു വന്നവരില്‍ വീണ്ടും അറ്റാക്കു വരുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു എന്നതാണ്. പലരുടെയും ചോദ്യമിതാണ് - എന്റെ കൊളസ്ട്രോള്‍ നോര്‍മല്‍ ആയില്ലേ, ഇനിയെന്തിനാണ് മരുന്നു കഴിക്കുന്നത്, ഇതു നിര്‍ത്തിക്കൂടേ, അല്ലെങ്കില്‍ ഡോസ് കുറച്ചുകൂടേ...
മരുന്നു നിര്‍ത്തിയാല്‍ കൊളസ്ട്രോള്‍ അതിവേഗം കൂടുകയും ഹൃദയാഘാതസാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതും രണ്ടാമതൊരു ഹൃദയാഘാതം കൂടുതല്‍ പ്രശ്നകാരകമാണെന്നതും കണക്കിലെടുത്താണ് ഡോക്ടര്‍ മരുന്നു നിര്‍ത്താത്തത്. ശരിയായ രോഗനിര്‍ണയവും ശരിയായ ഔഷധനിര്ണയവുമാണു നടന്നിരിക്കുന്നതെങ്കില്‍, ശരിയായി ആ ഔഷധസേവ രോഗി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ സാമാന്യഗതിയില്‍ ഹൃദ്രോഗികളില്‍ യാതൊരു രോഗലക്ഷണവും കാണാനുണ്ടാവില്ല. ഇതിനെ പക്ഷേ, രോഗം മാറിയതായി തെറ്റിദ്ധരിക്കുക പാടില്ല. രോഗത്തിന്റെ ആഘാതസാദ്ധ്യത മരുന്നുപയോഗിച്ച് നിയന്ത്രിച്ചുനിര്ത്തിയിരിക്കുന്നു എന്നുമാത്രമേ അതിനര്‍ത്ഥമുള്ളൂ.
രക്തസമ്മര്‍ദ്ദരോഗികളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. രണ്ടോ അതിലേറെയോ മരുന്നുകള്‍ രോഗിക്കു സ്ഥിരമായി കഴിക്കേണ്ടിവരും. രക്തസമ്മര്‍ദ്ദം ഉള്ളതുകൊണ്ട് എന്തെങ്കിലും രോഗലക്ഷണം പ്രത്യക്ഷപ്പെടണമെന്നില്ല. എന്നാല്‍, സ്ഥിരമായി രക്തസമ്മര്‍ദ്ദം ഉയര്ന്നുനില്ക്കുന്നവരില് പക്ഷാഘാതം, ഹൃദയാഘാതം, ഹാര്‍ട്ട് ഫെയ്ലിയര്‍, വൃക്കരോഗം എന്നിവ ഉണ്ടാകാം. ഇവയുണ്ടാകുന്നതു തടയാനായിട്ടാണ് രക്തസമ്മര്‍ദ്ദം മരുന്നുപയോഗിച്ചു തടയാനും നിയന്ത്രിച്ചുനിര്‍ത്താനും ചികിത്സകന് മരുന്നുകള്‍ നിര്‍ദേശിക്കുന്നത്.
ഇങ്ങനെ മരുന്നുകള്‍, ഉയര്‍ന്ന ഡോസില്‍, ദീര്‍ഘനാള്‍ ഉപയോഗിക്കുമ്പോള്‍ പാര്ശ്വഫലങ്ങളുണ്ടാകില്ലേ എന്ന ചോദ്യം തീര്‍ച്ചയായും സംഗതമാണ്. മരുന്നിനു ഫലമുണ്ടെങ്കില്‍ പാര്‍ശ്വഫലവുമുണ്ട് എന്നതിനു സംശയമില്ല. ഒരു മരുന്നു കുറിക്കുന്ന ഡോക്ടര്‍ അതിന്റെ പാര്‍ശ്വഫലത്തെക്കുറിച്ചു നന്നേ ബോധവാനായിരിക്കും. അക്കാര്യത്തില്‍ രോഗിക്കു അവബോധം പകരാന്‍ കഴിയുന്നത്ര ശ്രമിക്കുകയും ചെയ്യും. പാര്‍ശ്വഫലമാണോ ഗുണഫലമാണോ പ്രമുഖവും പ്രധാനവുമെന്നതിനെ ആശ്രയിച്ചിരിക്കും മരുന്നുനിര്ദ്ദേശിക്കല്. മരുന്നു കഴിച്ചില്ലെങ്കില്‍ രോഗി ഏതു നിമിഷവും ജീവാപായത്തിനിരയാകാം, എന്നാല്‍ മരുന്നു ദീര്‍ഘകാലം കഴിച്ചാല്‍, കൈകാലുകളില്‍ തരിപ്പും മരവിപ്പും അനുഭവപ്പെട്ടേക്കാം എന്നാണ് അവസ്ഥയെങ്കില്‍ മരുന്നു കൊടുക്കുകയല്ലേ സാമാന്യബുദ്ധിയുള്ളവര്‍ ചെയ്യൂ.
ഇതിനും പുറമേ, പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നുണ്ടോ എന്നറിയാന്‍ രോഗികളെ നിശ്ചിതകാലയളവുകളില്‍ കണ്ട് അവസ്ഥാനിര്ണയം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞാല്‍ മരുന്നുചികിത്സ തുടങ്ങി ഒരുമാസം, മൂന്നുമാസം, ആറുമാസം, ഒരുകൊല്ലം എന്ന നിലയില്‍ രോഗിയെ കാണുകയും മരുന്നിന്റെ ഗുണഫലങ്ങള്‍ പരിശോധിക്കുന്നതോടൊപ്പം പാര്‍ശ്വഫലങ്ങള്‍ കൂടി പരിശോധിക്കുകയും ചെയ്യുന്നു.
എന്തിന് ഇത്രയേറെ മരുന്നുകള്‍
ഹൃദ്രോഗികളില്‍ പലര്‍ക്കും പലതരം രോഗാവസ്ഥകളുടെ സങ്കീര്‍ണത ഉണ്ടാകാം. പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍, ഹാര്‍ട്ട് ഫെയിലിയര്‍ എന്നിങ്ങനെ. അങ്ങനെയുള്ളപ്പോള്‍ പലര്‍ക്കും ഒന്നിലേറെ രോഗങ്ങള്‍ക്ക് ചികിത്സ വേണ്ടിവരുന്നു. സ്വാഭാവികമായും ഒന്നിലേറേ മരുന്നുകളും വേണ്ടിവരുന്നു. അത്രയും സങ്കീര്ണാവസ്ഥയില്ലാത്തവര്ക്ക് ഒന്നോ രണ്ടോ മരുന്നുകളേ വേണ്ടിവരാറുള്ളൂതാനും.
ഒരിക്കലും ആവശ്യമില്ലാത്ത ഒരു മരുന്നും ഒരു രോഗിക്കും കുറിച്ചുകൊടുക്കാറില്ല. മരുന്ന് രോഗിക്ക് അത്യന്താപേക്ഷിതമാണ് എന്ന അടിസ്ഥാനപ്രമാണത്തില്‍ നിന്നാണ് ചികിത്സകന് അതു നിര്‍ദേശിക്കുന്നത്. ഈ അടിസ്ഥാനമൂല്യം ലംഘിക്കപ്പെടാറില്ല. ജനസാമാന്യത്തിന്റെ ധാരണയെന്താണെങ്കിലും ശരി, ഏറ്റവും കുറച്ചു മരുന്നുകളുപയോഗിച്ചോ മരുന്നുകള്‍ ഒഴിവാക്കിയോ ചികിത്സിക്കുന്നതാണ് ഡോക്ടര്‍ക്കിഷ്ടം.
ദുരുപയോഗത്തിന്റെ വഴികള്‍
മരുന്ന് ദുരുപയോഗം ചെയ്യുക എന്നത് സാമാന്യേന ഹൃദ്രോഗചികിത്സയില്‍ അസാദ്ധ്യമായ കാര്യമാണ്. രോഗനിര്‍ണയത്തില്‍ പാളിച്ച പറ്റിയാല്‍ മാത്രമാണ് അത്തരമൊരു ദുരവസ്ഥ ഉണ്ടാകുക. അതാവട്ടെ, കോടതിഭാഷയില്‍ പറഞ്ഞാല്‍, അപൂര്‍വങ്ങളില്‍ അത്യപൂര്വമായിപ്പോലും സംഭവിക്കാറില്ല. അത്രയും പരിശോധനകളും സംശയനിവാരണങ്ങളും നടത്തിയശേഷമാണ് ഒരു വിദഗ്ദ്ധന് രോഗനിര്ണയത്തിലേക്കെത്തുക. സഹപ്രവര്‍ത്തകരും മുതിര്‍ന്നവരുമായ ഡോക്ടര്‍മാരുടെ ഉപദേശമോ സഹായമോ സ്വീകരിക്കുന്നതില്‍ ഒരു മടിയും ഒരു നല്ല ഡോക്ടര്‍ കാട്ടാറുമില്ല.
എവിഡന്‍സ് ബേസ്ഡ് മെഡിസിന് എന്നതാണ് ഇന്നത്തെ കാലത്തിന്റെ ഔഷധചികിത്സാസങ്കല്പം തന്നെ. തെളിവും ശാസ്ത്രീയവ്യക്തതയുമില്ലാത്ത ഒരു മരുന്നും ഒരാള്‍ക്കും നിര്‍ദേശിക്കാറില്ല. പലരും കരുതുന്നതുപോലെ, രോഗിയില്‍ ഡോക്ടര്‍ മരുന്നുകള്‍ പരീക്ഷിച്ചുനോക്കാറില്ലെന്നര്ത്ഥം.
വിലക്കുറവും കൂടുതലും
ഒരേ മരുന്ന് വ്യത്യസ്തകമ്പനികളുടേത് വിലകുറഞ്ഞും കൂടിയുമിരിക്കും. ഇന്ന ഡോക്ടര്‍ കൂടിയ വിലയുള്ള മരുന്നേ എഴുതൂ എന്നത് ചിലരുടെ പരാതിയാണ്. ഗുണനിലവാരത്തെക്കുറിച്ച് ഡോക്ടര്‍ക്ക് സംശയമില്ലെങ്കില്‍ വിപണിയില്‍ കിട്ടാവുന്ന ഏറ്റവും വിലകുറഞ്ഞ മരുന്നേ ഡോക്ടര്‍ എഴുതൂ എന്നത് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനാകും. എന്നാല്‍, അതേ അനുഭവത്തിന്റെയും അറിവിന്റെയും വെളിച്ചത്തില്‍ത്തന്നെ പറയാനാകും, പലപ്പോഴും വിലകുറഞ്ഞ മരുന്നുകള്‍ ഗുണനിലവാരത്തില്‍ പിന്നിലായതുകൊണ്ടു മാത്രമാണ് വിലയേറിയ മരുന്നുകള്‍ എഴുതേണ്ടിവരുന്നത്.
എന്നിട്ടുമെന്തേ ഇങ്ങനെ?
കാര്യമൊക്കെ ശരി, എന്നാലും മരുന്നുകള്‍ അനാവശ്യമായി മലയാളി തിന്നുകൂട്ടുന്നില്ലേ എന്ന സംശയം ബാക്കിയാകുന്നുണ്ടോ? ഉണ്ടാകും. മലയാളിക്ക് മറ്റു പല രോഗങ്ങളെപ്പോലെയും ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ സംശയരോഗവും. ഹൃദ്രോഗചികിത്സയില്‍ അനാവശ്യമായി മരുന്നുകള്‍ നിര്ദേശിക്കപ്പെടാറില്ലെന്നും മരുന്ന് ഒഴിവാക്കിയോ കുറച്ചോ ഉള്ള ചികിത്സ മിക്കവാറും അസാദ്ധ്യമാണെന്നും ഇവിടെ പറഞ്ഞുകഴിഞ്ഞു. എന്നാല്‍, ഹൃദ്രോഗത്തിലേക്കു നയിക്കുന്ന മിക്കവാറും ശാരീരികാവസ്ഥകളും ശൈലീജന്യമാണെന്ന കാര്യം അടിവരയിട്ടുപറയാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കട്ടെ.
ജീവിതരീതിയും ഭക്ഷണരീതിയും ജോലിയുടെ പ്രത്യേകതയും വ്യായാമമില്ലായ്മയും അമിതമായ മനോസംഘര്‍ഷങ്ങളും കുടുംബപ്രശ്നങ്ങളും ഒക്കെക്കൂടി ചേര്‍ന്നാണ് ഒരു ഹൃദ്രോഗിയെ വാര്‍ത്തെടുക്കുന്നത് എന്നുപറഞ്ഞാല്‍ തെറ്റില്ല. ആ നിലയ്ക്ക് ശീലങ്ങളെ നിയന്ത്രിക്കാനും ശരീരത്തെയും മനസ്സിനെയും അവബോധത്തോടെയും ആഭിമുഖ്യത്തോടെയും കൈകാര്യം ചെയ്യാനും കഴിഞ്ഞാല്‍, നല്ലൊരു പരിധിവരെ, നല്ലൊരു പ്രായമാകുവോളവും ഹൃദ്രോഗകാരണങ്ങളെ, അങ്ങനെ ഹൃദ്രോഗത്തെത്തന്നെ അവനവനില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഏതൊരാള്‍ക്കും പറ്റും.
രോഗമുണ്ടെങ്കിലല്ലേ മരുന്നുപയോഗിക്കേണ്ടിവരുന്നുള്ളൂ. മരുന്നേ ഉപയോഗിക്കേണ്ടിവരുന്നില്ലെങ്കില് ദുരുപയോഗത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, ഹൃദ്രോഗപരിചരണകാര്യത്തില് മരുന്നിന്റെ ദുരുപയോഗമല്ല, ഉപയോഗമാണു നടക്കുന്നത്. ഈ ഉപയോഗം വര്ദ്ധിച്ചുവരുന്നതുതന്നെയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ട കാര്യം. ഈ ഉപയോഗം എത്രമേല്‍ കുറയ്ക്കാനാകുമോ, അതിനാണു നാം ശ്രമിക്കേണ്ടത്. അവനവനെ ശാരീരികമായും മാനസികമായും ആഴത്തില്‍ സ്നേഹിക്കാന്‍ തീരുമാനിച്ചാല്‍ മരുന്നുവേണ്ടിവരില്ല.
ഏതായാലും ചികിത്സ തേടേണ്ടിവന്നാല്‍, മരുന്നിന്റെ ഉപയോഗം ശരിയായ ദിശയിലുള്ളതാകാന് വേണ്ടത് ഡോക്ടറും രോഗിയും തമ്മിലുള്ള പാരസ്പര്യമാണ്. അതിനായി ചില നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.
- രോഗി രോഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഡോക്ടറോടു വ്യക്തമായി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക.
- കഴിക്കേണ്ട മരുന്നുകള്‍, കഴിക്കേണ്ട കാലയളവ്, മരുന്നിന്റെ അളവ്, മരുന്നു നല്കുന്ന ഗുണഫലം, പാര്‍ശ്വഫലം എന്നിവ വ്യക്തമായ ഭാഷയിലും ശൈലിയിലും രോഗിയെ പറഞ്ഞു മനസ്സിലാക്കേണ്ടതു തന്റെ ചികിത്സാ ഉത്തരവാദിത്തമാണെന്നുള്ള ബോദ്ധ്യത്തോടെ വേണം ഡോക്ടര്‍ രോഗിയുമായി സംസാരിക്കാന്‍.
- മരുന്നുകളെക്കുറിച്ചും അതിന്റെ ഉപയോഗക്രമത്തെക്കുറിച്ചും ഫലസിദ്ധിയെക്കുറിച്ചും ഉള്ള അഭിപ്രായങ്ങള്‍ ആ രംഗത്ത് പ്രാഗല്ഭ്യമുള്ളവര് പറയുന്നതു മാത്രം മുഖവിലയ്ക്കെടുക്കുക. അവിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ക്കു ചെവികൊടുക്കാതിരിക്കുക. അത്തരക്കാരുടെ ഉപദേശങ്ങള്‍ക്കു പിന്നാലെ പോകാതിരിക്കുക.
- മരുന്നുകളുടെ വിലകുറയ്ക്കാനും ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാനും രാഷ്ട്രീയ-സാമൂഹികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മുന്‍കൈയെടുക്കുക, ഇത്തരം കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റാന്‍ ജനപ്രതിനിധികള്‍ക്കും തദ്വാരാ സര്‍ക്കാരുകള്‍ക്കും സാധിക്കുക. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശരിയായ ദിശയില്‍ പ്രവര്‍ത്തിപ്പിക്കുക.
- മരുന്ന് ശത്രുവല്ലെന്നും വിഷമല്ലെന്നും മനുഷ്യരാശിയുടെ ഏറ്റവും നല്ല സുഹൃത്താണെന്നും മനസ്സിലാക്കുക.
ഡോ: എ. ജാബിര്‍ എംഡി, ഡിഎം
(എറണാകുളം ലിസി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)








