മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകളില്‍ 25 ബേസിസ് പോയിന്റ് വര്‍ധന വരുത്തി. റിപ്പോ നിരക്ക് 7.50 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6.5 ശതമാനമായുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഭവനവായ്പ, വാഹന വായ്പ തുടങ്ങി വിവിധ വായ്പകളുടെ പ്രതിമാസ പലിശനിരക്ക് വര്‍ധിക്കും. 2010 മാര്‍ച്ചിനു ശേഷം ഇത് 10-ാം തവണയാണ് നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തുന്നത്.
വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയിന്മേല് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയുടെ നിരക്കാണ് റിപ്പോ. വാണിജ്യ ബാങ്കുകളില്‍നിന്നും റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. റിസര്‍വ് ബാങ്ക് നിരക്കില്‍ വര്‍ധന വരുത്തുന്നതോടെ വാണിജ്യ ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തും.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് തുടര്‍ച്ചയായ നിരക്കു വര്‍ധനയെന്നും അതേസമയം നിരക്ക് ഇപ്പോള്‍തന്നെ പ്രതീക്ഷിച്ചതിനെക്കാള്‍ ഉയരത്തിലാണെന്നും ധന മന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ നീക്കം പലിശനിരക്കുകളില്‍ സമ്മര്‍ദമുണ്ടാക്കുമെന്നാണ് ബാങ്കുകള്‍ നല്കുന്ന സൂചന. ഇതിന് ആനുപാതികമായി വായ്പാനിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാവും.








