നമ്മുടെ അമ്മാവന് ഒരിക്കല്‍ വിമാനത്തില്‍ കയറാന്‍ അവസരമുണ്ടായി. വിദേശത്ത് ജോലി ചെയ്യുന്ന മകന്റെ അടുത്തേക്കാണ് പോക്ക്. നാട്ടില്‍ ഒറ്റമുണ്ടും തോര്‍ത്തും മാത്രം ഉടുത്ത് നടന്നിട്ടുള്ള അമ്മാവന്‍ സഫാരി സ്യൂട്ടും കോട്ടും അണിഞ്ഞ് വല്ല്യ പോസ്സിലാണ് യാത്ര പോകുന്നത്.
അമ്മാവന്‍ നാട്ടിലെ വല്ല്യനുണയന്‍ എന്ന് പേരെടുത്ത ആളാണ്. നുണക്കഥകളുമായി വൈകുന്നേരങ്ങളില്‍ പിള്ളാരെ രസിപ്പിക്കലാണ് പുള്ളിക്കാരന്റെ പരിപാടി. വിമാനത്തിലെ യാത്രയുമായി ബന്ധപ്പെടുത്തി ഒരുപാട് നുണക്കഥകള്‍ ഇതിനകം തന്നെ അമ്മാവന്‍ പറഞ്ഞുപരത്തിയിരുന്നു. അതെല്ലാം പിള്ളാരെ രസിപ്പിക്കുകയും ചെയ്‌തു. പിള്ളാരോട് പറഞ്ഞ നുണക്കഥകളില്‍ ഒന്നിതാണ്.
"വിമാനം വഴിയില്‍ വച്ചെങ്ങാനം കേടാകുവാന്ന് കരുത്, ഉടനെ അതിലെ ജോലിക്കാരെല്ലാവരും കൂടി ഇറങ്ങി തള്ളും. അങ്ങനാ കേടായ വിമാനം സ്റ്റാര്‍ട്ടാക്കുന്നത്. ഞാന്‍ കയറുന്ന വിമാനം എങ്ങാനം കേടായാല്‍ ഞാനും ഇറങ്ങും തള്ളാന്‍."
ഇത് കേട്ട് പാവം പിള്ളാരെല്ലാം അമ്മാവന്‍ ആകാശത്ത് വിമാനം തള്ളുന്നത് ഭാവനയില്‍ കാണാന്‍ തുടങ്ങി. അമ്മാവന്‍ പറയുന്നതെല്ലാം അനുസരിച്ച് നല്ലകുട്ടികളായി വിമാനം തള്ളാന്‍പോകാന്‍ അവര്‍ക്കും ആഗ്രഹം തോന്നി.
എന്തായാലും അമ്മാവന്റെ വിമാനയാത്ര തുടങ്ങി. പക്ഷേ കളിപ്പ് പറ്റിയ വിവരം അമ്മാവന്‍ അറിഞ്ഞിരുന്നില്ല. വിമാനം മാറിപ്പോയിരുന്നു. മകന്റെ അടുത്തേക്ക് ഉള്ള വിമാനത്തില്‍ കയറേണ്ടതിന് പകരം വേറെ ഏതോ നാട്ടിലേക്കുള്ള വിമാനത്തിലാണ് നമ്മുടെ പാവം അമ്മാവന്‍ കയറിയത്.
രാജ്യത്തെ ഏറ്റവും വലിയ പൊങ്ങച്ചക്കാരിക്കുള്ള സമ്മാനം വാങ്ങാന്‍ പോകുന്ന പെണ്ണമ്മയാണ് തൊട്ടടുത്ത സീറ്റിലിരുന്നത്. അവരാണെങ്കില്‍ അമ്മാവനെ പരിചയപ്പെട്ട ഉടനെ ഏഴാംകടലിന്റെ ഒരു മൂലയ്‌ക്ക് വര്‍ഷങ്ങളോളം തലകുത്തിനിന്ന ഒരു പരല്‍മീനിന്റെ പല്ലുകൊണ്ടുള്ള ചീപ്പ് അമ്മാവനെ കാണിച്ചു. എന്നിട്ട് പറഞ്ഞു, 'ഈ ചീപ്പ് കൊണ്ട് മുടി ചീകിയാല്‍ മരിച്ചാലും മുടി വളര്‍ന്നുകൊണ്ടിരിക്കും. അങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്ന തന്റെ മുടി മറ്റൊരു വിമാനത്തില്‍ പരിചാരകര്‍ കൊണ്ടുവരുന്നുണ്ട്.' അതുകേട്ട് നമ്മുടെ പാവം അമ്മാവന്‍ ഞെട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്തായാലും വിമാനയാത്ര തുടരാന്‍ തന്നെ അമ്മാവന്‍ തീരുമാനിച്ചു.
അമ്മാവന്‍ പതുക്കെ മറ്റ് യാത്രക്കാരെ നോക്കി. അതാ ഒരു സായിപ്പ് ഒറ്റയ്‌ക്കിരുന്ന് സംസാരിക്കുന്നു. അമ്മാവന്‍ അതിശയത്തോടെ അയാളുടെ സീറ്റിനടുത്തേക്ക് പോയിരുന്നു. അയാള്‍ ആരോടാണ് സംസാരിക്കുന്നതെന്ന് മനസ്സിലായില്ല. കലി കയറിയ അമ്മാവന്‍ അയാളെ തോണ്ടിവിളിച്ചു. സായിപ്പ് സംസാരം നിര്‍ത്തി അമ്മാവനെ തിരിഞ്ഞുനോക്കി സൗഹൃദഭാവത്തില്‍ പുഞ്ചിരിച്ചു.
ഇപ്പോ ഞെട്ടിയത് അമ്മാവനാണ്. മുമ്പ് പരിചയമില്ലാത്ത ഒരാള്‍ എന്തിനാണ് തന്നെ ചിരിച്ചുകാണിച്ചതെന്ന് അമ്മാവന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അമ്മാവന്‍ സായിപ്പിനോട് 'തന്നെ അറിയുമോ?' എന്ന് ചോദിച്ചു. "അമ്മാവനല്ലേ?" സായിപ്പ് ചോദിച്ചു. "കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ സഹോദരന്മാരായിരുന്നു. രാജുമോന്‍ എന്നായിരുന്നു കഴിഞ്ഞ ജന്മത്തിലെ പേര്. ഒരു ദ്വീപിലായിരുന്നു നമ്മള്‍ ജനിച്ചത്. പക്ഷേ ഒരിക്കല്‍ ഉണ്ടായ വലിയ തിരമാലയില്‍പ്പെട്ട് രാജുമോന്‍ ഒലിച്ചുപോകുകയായിരുന്നു. അങ്ങനെയാണ് നമ്മള്‍ രണ്ട് രാജ്യത്തായത്. ആ തിരമാലയില്‍പ്പെട്ട് ഒലിച്ചുപോയ നമ്മുടെ ഒരു സഹോദരനെ കാണാന്‍ പോകുവാണ് ഞാന്‍. അടുത്ത സ്റ്റോപ്പ് ഗോലിപ്പട്ടണത്തിലാണ്. അവിടെയാണ് നമ്മുടെ ഇളയസഹോദരനുള്ളത്. ഞാന്‍ നമ്മുടെ മരിച്ചുപോയ അപ്പനോട് സംസാരിക്കുകയായിരുന്നു." ഈ കഥകേട്ട അമ്മാവന് തിരമാലയില്‍ ഒലിച്ചുപോയ ഇളയസഹോദരനെ കാണണമെന്ന് ആഗ്രഹം തോന്നി. എന്തായാലും സായിപ്പിന്റെ കൂടെ ഇറങ്ങാന്‍ തീരുമാനിച്ചു.
വിമാനത്തില്‍ ഏതോ പെങ്കൊച്ച് ഒച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഗോലിപ്പട്ടണം എന്ന സ്റ്റോപ്പ് എത്തുന്നു, എത്തുന്നു, എത്തിപ്പോയി.... സായിപ്പും അമ്മാവനും ഗോലിപ്പട്ടണത്തില്‍ ചാടിയിറങ്ങി.
(അമ്മാവന്‍ കഥകള്‍, ഭാഗം 2: ഗോലിപ്പട്ടണം)








