ഗോലിപ്പട്ടണം

(അപ്രതീക്ഷിതമായി വിമാനയാത്ര തരപ്പെട്ട നമ്മുടെ അമ്മാവന് അബദ്ധം പറ്റിക്കയറുന്നത് തെറ്റായ വിമാനത്തില്‍. സഹയാത്രികയുടെ പെരുംപൊങ്ങച്ചം കേട്ട് തലപെരുത്ത അമ്മാവന്‍ അടുത്തിരുന്ന സായിപ്പിനെ പോയി തോണ്ടി. യാതൊരു പരിചയവുമില്ലാതിരുന്ന സായിപ്പ് ദേഷ്യപ്പെട്ടില്ലെന്നു മാത്രമല്ല, അമ്മാവന്‍ കഴിഞ്ഞ ജന്മത്തിലെ സഹോദരനായിരുന്നു എന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. സായിപ്പിന്റെ വാക്കുവിശ്വസിച്ച് തങ്ങളുടെ പൂര്‍വ്വജന്മത്തിലെ മറ്റൊരു സഹോദരനെ കാണാന്‍ ഗോലിപ്പട്ടണം എന്ന സ്റ്റോപ്പില്‍ ഇറങ്ങുന്നു) [അമ്മാവന്‍ കഥകള്‍, ഭാഗം 1: വിമാനയാത്ര.]

ആകാശത്ത്‌ വിമാനത്തിന്‌ ഒരു സ്റ്റോപ്പുണ്ടാകും എന്ന്‌ സ്വപ്‌നത്തില്‍പ്പോലും അമ്മാവന്‍ വിചാരിച്ചിരുന്നില്ല. എന്തായാലും വഴിയില്‍വച്ച്‌ കണ്ട സായിപ്പിന്റെ കൂടെ ഗോലിപ്പട്ടണത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതില്‍ അമ്മാവന്‌ ഒട്ടും സങ്കോചം തോന്നിയില്ല. അമ്മാവനും സായിപ്പും മാത്രമാണ്‌ ആ സ്റ്റോപ്പില്‍ ഇറങ്ങിയത്‌. ഗോലിപ്പട്ടണം എന്ന നഗരം അവരെ സ്വീകരിക്കാനെന്നവണ്ണം നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു.

ഗോലികള്‍ കൊണ്ടാണ്‌ ഈ നഗരം ഉണ്ടാക്കിയിരുന്നത്‌. വിമാനസ്റ്റോപ്പ്‌ മുതല്‍ എല്ലാം ഗോലികള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. നടപ്പാതയും മരങ്ങളും കെട്ടിടങ്ങളും കടകളും അങ്ങനെ എല്ലാം ഗോലികള്‍കൊണ്ട്‌. ഗോലിപ്പട്ടണത്തില്‍ ആദ്യമായി വരുന്നവര്‍ക്ക്‌ വീഴാതെ നടക്കാനായി പരിശീലനം കൊടുക്കുന്ന കോളേജിലേക്കാണ്‌ സായിപ്പ്‌ ആദ്യം കയറിയത്‌. അമ്മാവനെ ഒരു ദിവസത്തെ നടപ്പുദീനകോഴ്‌സിന്‌ ചേര്‍ത്ത്‌ നടക്കാന്‍ പഠിപ്പിച്ചു.

പഠിക്കാന്‍ പോകാതെ വട്ടുകളിച്ചുനടന്ന പിള്ളാരുടെ ഓര്‍മ്മക്കായാണ്‌ ദൈവം ഇങ്ങനെയൊരു നഗരം നിര്‍മ്മിച്ചത്‌ എന്നാണ്‌ പറയപ്പെടുന്നത്‌. അവരെ ശിക്ഷിക്കുന്നതിനായാണ്‌ ഈ നഗരം ഉപയോഗിക്കുന്നത്‌. തങ്ങളുടെ അനിയനും പഠിക്കാന്‍ പുറകായിരുന്നല്ലോ. ചുമ്മാതല്ല തിരമാല അവനെ ഒഴുക്കി ഇവിടെ കൊണ്ടുവന്നിട്ടത്‌.

തെറ്റുകൂടാതെ അക്ഷരമാല പറയാനറിയാവുന്ന രണ്ടുകുട്ടികളെയാണ്‌ ഗോപുരം കാവാല്‍ക്കാരായി നിര്‍ത്തിയിരുന്നത്‌. അവര്‍ അമ്മാവനെയും സായിപ്പിനെയും അക്ഷരമാല പറഞ്ഞുകൊണ്ടാണ്‌ സ്വാഗതം പറഞ്ഞത്‌.

ഗോലിപ്പട്ടണത്തില്‍ അന്ന്‌ നുണപറച്ചില്‍ മത്സരമായിരുന്നു. അതിനാണ്‌ പട്ടണം അണിഞ്ഞൊരുങ്ങിയത്‌. മത്സരത്തില്‍ ആദ്യം നുണ പറഞ്ഞത്‌ ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടിയായിരുന്നു. അവള്‍ അവളുടെ നാട്ടിലെ ഒരു പണക്കാരനെക്കുറിച്ചാണ്‌ പറഞ്ഞത്‌. അയാള്‍ക്ക്‌ സ്വന്തമായി ഒരു കടലുണ്ടായിരുന്നത്രേ! എല്ലാ വൈകുന്നേരങ്ങളിലും അയാള്‍ തിമിഗംലത്തിന്റെ പുറത്തുകയറി ആ കടലിന്റെ അടിത്തട്ടിലെ ചായക്കടയില്‍ കാലിച്ചായ കുടിക്കാന്‍ പോകുമായിരുന്നത്രേ! ആ കടയില്‍ ചായ ഉണ്ടാക്കിയിരുന്നത്‌ തെരണ്ടിയായിരുന്നു. കടയുടെ അടുത്ത്‌ നീരാളികളുടെ ഒരു കുളമുണ്ട്‌. ആ കുളത്തിലെ വെള്ളം വായില്‍കൊണ്ടാല്‍ ഒരിക്കലും പല്ലുതേക്കണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. പല്ലുതേക്കാന്‍ മടിയുള്ള പണക്കാരന്‍ ആ കുളത്തിലെ വെള്ളം വായില്‍ കൊണ്ടതുകൊണ്ട്‌ പിന്നെ ഒരിക്കലും പല്ലുതേക്കേണ്ടി വന്നിട്ടില്ല.

ഒരു ദിവസം പതിവുപോലെ വൈകുന്നേരം ചായ കുടിക്കാനായി തിമിംഗലത്തിന്റെ പുറത്തുകയറിവന്ന പണക്കാരന്‍ കാണുന്നത്‌ കടയുടെ മുമ്പില്‍ ഒരു സമരം നടക്കുന്നതാണ്‌. കാര്യം ചോദിച്ചപ്പോഴല്ലേ പുകില്‌... ചായക്കാരന്‍ തെരണ്ടിയെ ആരോ തട്ടിക്കൊണ്ടുപോയത്രേ! അപ്പനെ കണ്ടുപിടിച്ചുകൊടുക്കണമെന്ന്‌ പറഞ്ഞ്‌ തെരണ്ടികുഞ്ഞുങ്ങളാണ്‌ സമരം ചെയ്യുന്നത്‌. കടയില്‍ ഇപ്പോള്‍ ചായ എടുക്കുന്നത്‌ ഏതോ ചായക്കടയില്‍ കുശിനിപ്പണി ചെയ്‌തിരുന്ന കടലാമ തള്ളച്ചിയാണ്‌.

പണക്കാരന്‍ എന്തായാലും അന്ന്‌ അവിടന്ന്‌ ചായ കുടിക്കുക തന്നെ ചെയ്‌തു. കടലാമ തള്ളച്ചിയുടെ ചായ എങ്ങനെയുണ്ടെന്നറിയാന്‍ വേണ്ടിയാണ്‌ കുടിച്ചത്‌. എന്നിട്ടോ... ഏഴ്‌ ദിവസം തുടര്‍ച്ചയായി തൂറോട്‌ തൂറ്‌. പിന്നെ ആ കടയിലേക്ക്‌ പണക്കാരന്‍ വന്നിട്ടേയില്ല.

വേറെ കട അന്വേഷിച്ച്‌ നടന്ന പണക്കാരന്‌ നിരാശനാകേണ്ടി വന്നു. പിന്നെ ചായ കുടിക്കാനായി പണക്കാരന്‌ സ്വന്തമായി ഒരു കട തുടങ്ങേണ്ടിവന്നു. എങ്ങനെയോ തിരിച്ചെത്തിയ ചായക്കാരന്‍ തെരണ്ടിതന്നെ പുതിയ കടയിലും ചായ എടുക്കാന്‍ നിന്നു. തന്നെ ആരും തട്ടികൊണ്ടുപോയതല്ലെന്നും അല്‌പം സമാധാനത്തിന്‌ വേണ്ടി കുറച്ചുകാലം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു എന്നുമാണ്‌ തെരണ്ടി പറഞ്ഞത്‌. തെരണ്ടിക്കുഞ്ഞുങ്ങള്‍ക്ക്‌ അവരുടെ അപ്പനെ കണ്ടുകിട്ടിയ സന്തോഷം അടക്കാനായില്ല. അവര്‍ അവിടവിടെ മണ്ടിനടന്നു, മിണ്ടിനടന്നു. പിന്നല്ലാതെ എന്തുചെയ്യാന്‍.

ചായക്കടയില്‍ കച്ചവടം പൊടിപൊടിച്ചു. അടുത്തെവിടയോ കെട്ടിടം പണിക്കെത്തിയ അന്യദേശക്കാരായ നീരാളികള്‍ എല്ലാദിവസവും കടയില്‍ കയറി ചായയും വടയും മസാലദോശയും കഴിച്ച്‌ നീളന്‍ കൈയ്യും വിടര്‍ത്തി മടങ്ങി. അണ്ടര്‍ഗ്രൗണ്ടിലെ ഏറ്റവും വലിയ ചായക്കടകളില്‍ ഒന്നായി അത്‌ മാറി. പുതിയ ജോലിക്കാരായി ചെമ്മീന്‍ കുഞ്ഞുങ്ങളും മറ്റും എത്തി. പണക്കാരന്‍ അപ്പോഴും എല്ലാ വൈകുന്നേരങ്ങളിലും ചായ കുടിക്കാന്‍ എത്തുന്ന പതിവിന്‌ മാറ്റമൊന്നുമുണ്ടായില്ല. ഒരിക്കല്‍ ആ പണക്കാരന്‍ എന്നെയും ആ കടയില്‍ ചായകുടിക്കാന്‍ കൊണ്ടുപോയിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ അവള്‍ നുണ പറച്ചില്‍ അവസാനിപ്പിച്ചു.

ആഫ്രിക്കന്‍ പെണ്‍കുട്ടിയുടെ നുണപറച്ചിലോടെ അന്നത്തെ നുണപറച്ചില്‍ ഉത്സവത്തിലെ ഒന്നാം ദിവസം അവസാനിച്ചു. രണ്ടാം ദിവസം നേരം വെളുക്കുന്നതിനായി നുണത്താരങ്ങള്‍ കാത്തിരുന്നു. സായിപ്പും അമ്മാവനും തങ്ങളുടെ അനിയന്‍ പറയാന്‍ പോകുന്ന നുണ എന്തായിരിക്കും എന്ന്‌ ആലോചിച്ച്‌ എവിയെടോ കിടന്ന്‌ ഉറങ്ങിപ്പോയി...

(അമ്മാവന്‍ കഥകള്‍, ഭാഗം 3: ചൊവ്വയിലെ മുല്ലക്കൃഷി)

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
2 + 7 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback