മദ്ധ്യവേനല്‍ അവധിക്കാലമാണിത്. പണ്ടൊക്കെ വായനയുടെ പൂക്കാലമായിരുന്നു അവധിക്കാലം. പക്ഷേ, ഇന്നിപ്പോള്‍ അതങ്ങനെയാണെന്നു കരുതാനാകില്ല. കാരണം, വളരെക്കുറച്ചു കൊല്ലങ്ങള്‍ക്കിടയില്‍ ലോകം ഏറെ മാറിപ്പോയിട്ടുണ്ട്. ടെലിവിഷന്‍, അതില്‍ മിന്നിമായുന്ന ഇഷ്‌ടാനുസരണ ചാനലുകള്‍, കാര്‍ട്ടൂണ്‍ സിനിമകള്‍, ഹാരിപോട്ടര്‍, അനുദിനം വര്‍ദ്ധിച്ചുവരുന്ന പഠനഭാരം, വേലികളെപ്പോലെ പൊളിച്ചോ നൂണ്ടോ കടക്കാനാവാത്ത മതിലുകളുടെ അതിപ്രസരം, ഇട്ടാവട്ടം വീടുകളും മുറ്റമില്ലാ വീടുകളും ആകാശംമുട്ടുന്ന വീടുകളും. കൂട്ടില്ലാത്ത, കളിയില്ലാത്ത ചുറ്റുവട്ടം... അങ്ങനെയങ്ങനെ കുട്ടികളെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാനോ അഴിച്ചുവിടാനോ ഒന്നും പറ്റാത്ത വല്ലാത്തൊരു ജീവിതകാലം.
മൂന്നു വയസ്സുവരെ കുട്ടിയെ ടെലിവിഷന്‍ കാണിക്കരുതെന്നുണ്ടെങ്കിലും, നമുക്കത് വിലക്കാമോ? വിലക്കാമെന്നു കരുതിയാലും നടക്കുമോ? കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോഴല്ലാതെ കുട്ടിയെ കൊഞ്ചിക്കാന്‍ സമയം കിട്ടുമോ? ഇങ്ങനെയൊക്കെയുള്ളപ്പോള്‍ പുസ്‌തകം എന്ന സംഗതിയെക്കുറിച്ച്, വായന എന്ന വിസ്‌മയത്തെക്കുറിച്ച് നമുക്ക് എന്തുപറയാന്‍ പറ്റും കുട്ടികളോട്? എങ്ങനെയവരുടെ വഴിയില്‍ ഒരു പുസ്‌തകത്തിന്റെ കൈ ചൂണ്ടി ഉറപ്പിക്കാന്‍ പറ്റും?
വായനയിലേക്ക് എന്നല്ല, ഒന്നിലേക്കും അവരെ വഴിനടത്താനാവില്ല. അവരെ മാത്രമല്ല, ആരെയും. അതുപാടില്ലതാനും.
പക്ഷെ കുട്ടികളുള്ളവര്‍ ചില പുസ്‌തകങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലത്. മാതാപിതാക്കള്‍ ചില പുസ്‌തകങ്ങള്‍ വായിച്ചിരിക്കുന്നതും നല്ലത്. കാരണം കുട്ടികളുടെ നൈസര്‍ഗ്ഗീകമായ, സഹജവാസനകള്‍ക്കുമേല്‍ തങ്ങള്‍ എത്രവലിയ ബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്നും, അങ്ങനെ അവരെ ഭാരപ്പെടുത്താതിരുന്നാല്‍ കുട്ടിക്കാലം എത്ര സരളകൗതുകനിര്‍ഭരമാകുമെന്നും അറിയാന്‍ ചിലപ്പോള്‍ നിങ്ങളെ ആ വായന സഹായിച്ചേക്കും.
ഒരു മലയാളം പുസ്‌തകത്തെക്കുറിച്ചാവാം ആദ്യം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ നന്തനാരുടെ 'ഉണ്ണിക്കുട്ടന്റെ ലോകം'. പൊതുവെ നിരാശയും മ്ലാനതയും നിറഞ്ഞതാണ് നന്തനാരുടെ കഥാലോകം. അനുഭവങ്ങള്‍ പോലുള്ള നോവലുകള്‍ കഠിനമായ ജീവിതവ്യഥ അനുഭവിപ്പിക്കുന്ന പുസ്‌തകങ്ങളാണ്. എന്നാല്‍, കുട്ടിയെ നായകനാക്കി കുട്ടിക്കാലത്തെക്കുറിച്ച് 'ഉണ്ണിക്കുട്ടന്റെ ലോകം' എന്ന നോവല്‍ എഴുതുമ്പോള്‍ നന്തനാരിലെ വിഷാദവാദി എങ്ങോ പോയ്‌മറയുന്നു. അഹ്ലാദത്തിന്റെ അമ്പരപ്പിന്റെ, ജിജ്ഞാസയുടെ, കൗതുകത്തിന്റെയൊക്കെ ബാലലോകമായിത്തീരുന്നു, ആ പുസ്‌തകമാകെ.
ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി എഴുതിയ മൂന്നു ദീര്‍ഘ കഥകളാണ് നന്തനാര്‍ ഉണ്ണിക്കുട്ടന്റെ ലോകം എന്ന പേരില്‍ ഒറ്റപ്പുസ്‌തകമാക്കിയത്. വായനക്കാരുടെ വലിയ അഭ്യര്‍ത്ഥനാകോലാഹലം കൊണ്ടാണ് ഒന്നിലവസാനിപ്പിക്കാതെ നന്തനാര്‍ക്ക് മൂന്നുപുസ്‌തകമെഴുതി ഉണ്ണിക്കുട്ടനെ തുടരേണ്ടി വന്നത്. മുപ്പതു - മുപ്പത്തഞ്ചുകൊല്ലത്തിനു മുമ്പുള്ള കേരള ജീവിതവും ബാല്യവും വിദ്യാഭ്യാസരീതിയും കുടുംബാന്തരീക്ഷവും ബന്ധുമിത്രാദിസംഗവും ഒക്കെ മനസ്സിലാക്കാനും അതിന്റെ ഗൃഹാതുരത അറിഞ്ഞാനന്ദിക്കാനും ഈ പുസ്‌തകം സഹായിക്കും.
ഉണ്ണിക്കുട്ടന്റെ ഓരോണക്കാലം ഇതിലെ വലിയൊരു അധ്യായമാണ്. ഓണത്തിന് രാവിലെ ടെലിവിഷന്‍ ഓണാക്കുക മാത്രം ചെയ്യുന്ന ഇക്കാലത്ത് ആ അധ്യായം വായിക്കുന്നത് നല്ലൊരനുഭവമായിരിക്കും. മലയാളികളായ മാതാപിതാക്കളത്രയും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകമാണ് ഉണ്ണിക്കുട്ടന്റെ ലോകം. വായിക്കുമെങ്കില്‍ കുട്ടികളും വായിക്കട്ടെ.
സയന്‍സില്‍ താത്‌പര്യമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ടതാകാന്‍ ഇടയുള്ള ഒരു മലയാളപുസ്‌തകമാണ് പ്രൊഫസര്‍ എസ്. ശിവദാസിന്റെ, 'അപ്പുവിന്റെ സയന്‍സ് കോര്‍ണര്‍' അപ്പു എന്ന ബാലന്‍ നടത്തുന്ന ശാസ്‌ത്രപരീക്ഷണങ്ങളുടെ രസകരമായ, കൗതുകകരമായ വിവരണങ്ങളാണിതില്‍.
ബംഗാളില്‍ നിന്നുള്ള ഒരു നല്ല ബാലസാഹിത്യ കൃതിയാണ് പ്രേമേന്ദ്ര മിത്രയുടെ ശ്യാമേട്ടന്‍. ഇത് മലയാളത്തില്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഘനശ്യാമേട്ടന്‍ എന്ന ഡംഭുകാരനായ ഒരാളും കുറെകുട്ടികളും ചേര്‍ന്നു നടത്തുന്ന കുറെ രസനീയകാര്യങ്ങളുടെ ലഘുവിവരണങ്ങളാണീ പുസ്‌തകത്തില്‍.
ഫ്രാന്‍സില്‍ നിന്നുള്ള ഒരു പുസ്‌തകത്തെക്കൂടി അവതരിപ്പിക്കട്ടെ, ഏറ്റവും പ്രശസ്‌തമായ ബാലസാഹിത്യകൃതികളിലൊന്നാണിത്. ആങ്‌സ്വാന്‍ ക്‌സ്യൂപെരി എന്ന എഴുത്തുകാരന്റെ 'ലിറ്റില്‍ പ്രിന്‍സ്' അഥവാ കൊച്ചു രാജകുമാരന്‍ എന്ന ലഘുനോവലാണത്. സരളവും ലളിതവുമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്‌തകം ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മലയാള പരിഭാഷയും ഉണ്ട്. ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ ഇതിന്റെ പരിഭാഷകള്‍ വിവിധ ഭാരതീയ ഭാഷകളില്‍ നടത്തി, ഏറ്റവും ചുരുങ്ങിയ വിലയ്‌ക്ക് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
റഷ്യന്‍ സാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായ അര്‍ക്കാദി ഗൈദാറിന്റെ പുസ്‌തകങ്ങളും എപ്പോഴെങ്കിലും കട്ടിയായിരുന്ന ഓരോരുത്തരും ആഹ്‌ളാദത്തോടെ വായിക്കുകയും ഹൃദയത്തില്‍ കൊണ്ടു നടക്കുകയും ചെയ്യുന്നവയാണ്. ജീവിതവിദ്യാലയം (ദി സ്‌കൂള്‍), ചക്കും കക്കും (ചക്ക് ആന്റ് കക്ക്) നീലക്കോപ്പ (ബ്ലൂ കപ്പ്) തുടങ്ങിയ പല പുസ്‌തകങ്ങളും ലോകത്തെമ്പാടും മില്യണ്‍ കണക്കിലാണ് വിറ്റഴിഞ്ഞത്. ജീവിതവിദ്യാലയത്തിലെ ബോറിസിന്റെയും താന്യയുടെയും സാഷയുടെയും മറ്റും ബാല്യകാലം കൊതിപ്പിക്കുന്നതാണ്.
മാര്‍ക് ട്വയിന്റെ `ഹക്ക്‌ള്‍ ബെറി ഫിന്നും' ടോം സോയറും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടാത്തത്ര സുപരിചിതരാണല്ലോ. ക്ലാസിക് കൃതികളുടെ കൂട്ടത്തിലാണവയുടെ സ്ഥാനം.
ഒലിവര്‍ട്വിസ്റ്റ് എന്ന ലോകോത്തര നോവലിന്റെ എഴുത്തുകാരന്‍ ചാള്‍സ് ഡിക്കന്‍സിന്റെ മറ്റു പലനോവലുകളിലും കുട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍. ഡിക്കന്‍സിന്റെ നോവലുകളും നമ്മുടെ ഗ്രന്ഥശേഖരത്തിന്റെ ഭാഗമാകുന്നത് അടുത്ത തലമുറയെ സഹായിക്കാതിരിക്കില്ല.
ടോള്‍സ്റ്റോയിയുടെ 'സദാചാര കഥകള്‍' എന്ന പേരില്‍ അറിയപ്പെടുന്ന ലഘുകഥകളും ബാല്യകാലവായനയില്‍പെട്ടാല്‍ വായിച്ചയാളുടെ ജീവിതത്തില്‍ നിര്‍ണ്ണായകവും ഗുണകരവുമായ സ്വാധീനം ചെലുത്തുന്ന കഥകളാണ്.
ഏറ്റവും എടുത്തു പറയേണ്ട മറ്റൊരു പുസ്‌തകം വരുന്നത് ജപ്പാനില്‍ നിന്നാണ്. തെത്സുകോ കുറോയോനാഗിയുടെ ടോട്ടോചാന്‍ ആണ് പുസ്തകം. ലോകമെമ്പാടും എല്ലാ ഭാഷകളിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഈ പുസ്തകം കുട്ടികളുടെ ഇഷ്ടപുസ്തകം മാത്രമല്ല, മുതിര്‍ന്നവര്‍ക്ക് ഒരു വഴികാക്കി കൂടി ആയി തീര്‍ന്നിട്ടുണ്ടു്.
തെത്സുകോ കുറോയോനാഗി തന്നെയാണ് കഥയിലെ നായികയായ ആറു വയസ്സുകാരി. ഒരു നിസ്സാര കുസൃതിയുടെ പേരില്‍ അവള്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ടു. അതിലൊന്നും അവള്‍ക്ക് കൂസലില്ല. അവളുടെ അമ്മ അവളെ, അങ്ങനെ പുറത്താക്കപ്പെടുന്നവരെ ഉള്‍ക്കൊള്ളിക്കാന്‍ മടിയില്ലാത്ത, കൊബായാഷി മാസ്റ്ററുടെ 'തീവണ്ടി സുകൂളി'ലാക്കുന്നു.
ഉപേക്ഷിച്ച ഒരു തീവണ്ടിമുറിയില്‍ നടക്കുന്ന സ്‌കൂളും കൂട്ടുകാരും കൊബായാഷി മാസ്റ്ററും ഗ്രാമീണ വിദ്യാഭ്യാസ രീതിയും ടോട്ടോചാനെ എങ്ങനെ സ്വാത്മാനുശീലയായ ഒരു ഗംഭീരവ്യക്തിയാക്കിയെന്നതിന്റെ ഓര്‍മ്മക്കുറിപ്പാണീ പുസ്‌തകം. ഈ പുസ്‌തകം സ്വന്തം ആത്മാവിന്റെ വേദപുസ്‌തകവും കൊബായാഷി മാസ്റ്ററെ മനോരാജ്യത്തിലെ പ്രവാചകനും ആക്കി മാറ്റിയവരുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. ഒരു പക്ഷെ, ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്‌തകങ്ങളിലൊന്ന് ടോട്ടോചാന്‍ ആയിരിക്കും.
മലയാളത്തില്‍, കെവി രാമനാഥന്‍ എഴുതിയ 'അത്ഭുതവാനരന്മാര്‍' എന്ന പുസ്‌തകവും ഒരുപാടുകുട്ടികളെ ആകര്‍ഷിച്ച പുസ്‌തകമാണ്.
ഈ തലമുറയിലെ ഏറ്റവും ഉന്നതരായ എഴുത്തുകാരിലൊരാളായ എംടി രണ്ടു ബാലസാഹിത്യ കൃതികള്‍ രചിച്ചിട്ടുണ്ട്. ദയ എന്ന പെണ്‍കുട്ടിയും മാണിക്യക്കല്ലും. ദയ എന്ന പെണ്‍കുട്ടി വായിക്കുമ്പോള്‍ നമ്മള്‍ ആയിരത്തൊന്നു രാവുകളെക്കുറിച്ചറിയുകയും വായന അങ്ങോട്ട് നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. ദയ എന്ന സിനിമയായത് ഈ ബാലസാഹിത്യകൃതിയാണ്.
കൗതുകവായനയ്‌ക്കപ്പുറം വലിയ അറിവിന്റെയും ജീവിതാനുഭവത്തിന്റെയം നേട്ടംതരുന്ന മറ്റൊരു പുസ്‌തകമാണ് അന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍. ഇവിടെ പറഞ്ഞ മറ്റു പുസ്‌തകങ്ങളൊക്കെ എഴുതിയത് മുതിര്‍ന്നവരാണെങ്കില്‍, ഈ പുസ്‌തകം ആന്‍ഫ്രാങ്ക് എന്ന ബാലിക തന്നെ എഴുതിയതാണെന്ന പ്രത്യേകതയുണ്ട്. നാസി ഭരണകാലത്തെ ജര്‍മ്മനിയിലെ ജൂതവേട്ടയുടെ ഇരയാകുന്ന ആന്‍ഫ്രാങ്കിന്റെയും കുടുംബത്തിന്റെയും ജീവിതകഥ, വായനക്കാരുടെ - അതു കുട്ടിയായാലും മുതിര്‍ന്നവരായാലും - ജീവിതദര്‍ശനത്തെ വിപുലപ്പെടുത്താതിരിക്കില്ല.
എ. ടോള്‍സ്റ്റോയിയുടെ നികിതയുടെ ബാല്യം, യൂക്കിയോ മിഷീമയുടെ കടല്‍ കൈവിട്ട നാവികന്‍, റിച്ചാര്‍ഡ് ബാഹിന്റെ ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ ദ സീഗള്‍ തുടങ്ങിയവയും കുട്ടികളും മുതിര്‍ന്നവരും വായിച്ചാല്‍ അവരുടെ ജീവിതത്തിന് മറ്റൊരു രൂപം അറിയാതെ കൈവരും. ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ എന്ന കടല്‍ക്കാക്കയുടെ പറക്കാന്‍ പഠിക്കലിന്റെ ചിത്രീകരണമായ ബാഹിന്റെ നോവല്‍ അവനവന്റെ ആത്മബലമെന്നത് എത്രവലിയ കാര്യമാണെന്ന് പഠിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിനും പ്രായം പാരായണ തടസ്സമല്ല.
പുസ്‌തകങ്ങള്‍ ഇനിയുമേറെ ഉണ്ടാകാം. എല്ലാം എണ്ണിപ്പറയുന്നതിലലല്ല കാര്യം. ഈ പുസ്‌തകങ്ങള്‍ സംഘടിപ്പിക്കുകയും വായിക്കുകയും ചെയ്യാന്‍ അച്ഛനമ്മമാര്‍ ശ്രമിക്കുക. ഇത്രയും പുസ്‌തകങ്ങള്‍, നിങ്ങളുടെ മേശമേല്‍ ഒരുമിച്ച് നിങ്ങളുടെ കുഞ്ഞുങ്ങള്‍ കണ്ടാല്‍ അവരും മെല്ലെ മെല്ലെ വായിച്ചു തുടങ്ങിയേക്കാം. എങ്കില്‍ അത് നിങ്ങളുടെ, നിങ്ങളുടെ കുട്ടികളുടെയും ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താതിരിക്കില്ല.
പക്ഷെ ഈ ലോകത്ത് എല്ലാവരും വായിച്ചുകൊള്ളണമെന്നില്ല. ചിലര്‍ക്ക് പാട്ടുകേള്‍ക്കാനാവും ഇഷ്‌ടം. ചിലര്‍ക്ക് പടം വരയ്‌ക്കാനും. പാട്ടുകേള്‍ക്കാന്‍ പാട്ടുവേണം. പടം വരയ്‌ക്കാന്‍ മഷിയും. അതുപോലെ വായിക്കാന്‍ പുസ്‌തകവും വേണം. ഓരോന്നിനും വഴി മുന്നില്‍ തുറന്നിടാന്‍ ഈ തലമുറയിലെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ നന്നായി. തുറന്നുകിട്ടിയ വഴിയേ കുട്ടികള്‍ പറന്നുപാറിയാല്‍ വളരെ നന്നായി.
അന്‍വര്‍ അബ്ദുള്ള








