പത്തുവര്‍ഷത്തോളം സംപ്രേഷണം ചെയ്‌തൊരു സോപ്പു പരമ്പരയുടെ പേരാണ് സാസ് ഭീ കഭീ ബഹൂ ഥീ എന്നത്. അതിന്റെ അര്‍ത്ഥം അമ്മായിയമ്മയും ഒരിക്കല്‍ മരുമകളായിരുന്നു എന്നാണ്. അതൊരു ചൊല്ലാണെന്നു വേണമെങ്കില്‍ പറയാം. അതിന്റെ അര്‍ത്ഥം പെണ്ണായിപ്പിറന്നവരെ പറഞ്ഞുകേള്‍പ്പിക്കേണ്ടതില്ല. ആണായിപ്പിറന്നവര്‍ക്ക് അര്‍ത്ഥം പിടികിട്ടിയില്ലെങ്കില്‍ പെണ്ണുങ്ങളോട് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.
ഏതായാലും അതുപോലൊരു ചൊല്ലാകണം നിങ്ങളുടെ മനസ്സില്‍ ഈ തലക്കെട്ട് എന്നാണ് ഇതെഴുതുന്നയാളിന്റെ ആഗ്രഹം. നമ്മളും ഒരിക്കല്‍ കുട്ടികളായിരുന്നു. എന്തെങ്കിലും നുണയുണ്ടോ ഇപ്പറഞ്ഞതില്‍? ഉണ്ടെന്ന് ആരും പറയില്ല. പക്ഷേ, ആരും ഇക്കാര്യം ഓര്‍ക്കാറില്ലെന്നുമാത്രം. കാരണം, നമ്മുടെ കുട്ടികളെ വളര്‍ത്തുമ്പോള്‍ നമുക്ക് ഏറ്റവും സൗകര്യം ഇക്കാര്യം അങ്ങു മറക്കുന്നതാണ്.
പുതിയൊരു വര്‍ഷം ആരംഭിക്കുകയാണ്. നമ്മുടെ സമൂഹത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യം വിദ്യാഭ്യാസമാണ്. അടുത്ത തലമുറകള്‍ എങ്ങനെ വളര്‍ന്നുവരുന്നു എന്നതിനനുസരിച്ചിരിക്കും നമ്മുടെ നാടും സമൂഹവും ബന്ധങ്ങളും രാഷ്‌ട്രവും രാഷ്‌ട്രീയവുമെല്ലാം എന്നത് വ്യക്തമാണ്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളസമൂഹത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പ്രശ്‌നം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ്. മലയാളം പറഞ്ഞാല്‍ ഫൈനടിക്കുക മുതല്‍ തല മൊട്ടയടിക്കുക വരെ ചെയ്യുന്ന സ്‌കൂളുകള്‍. കച്ചവടം മാത്രം ലക്ഷ്യമിട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത ഫീസേര്‍പ്പെടുത്തുന്ന മാനേജ്‌മെന്റുകള്‍, കുട്ടികള്‍ ഡോക്‌ടറോ എഞ്ചിനീയറോ മറ്റോ ആകാന്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുംപോലെ അവരെ പീഡിപ്പിക്കുന്ന മാനസികരോഗികളായ മാതാപിതാക്കള്‍, അസ്വസ്ഥവും വികലവുമായ മാനസികാവസ്ഥയോടെ വളര്‍ന്നുവരുന്നവരും മറ്റുള്ളവരെയെല്ലാം ശത്രുക്കളായി കാണുന്നവരുമായ വിദ്യാര്‍ത്ഥികള്‍... ഇങ്ങനെയൊരു വിലക്ഷണസമൂഹമായി മാറിത്തീരുകയാണ് നാം.
കുട്ടികളെ വളര്‍ത്തുമ്പോള്‍, അവരില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, അതേ പ്രായത്തില്‍ തങ്ങള്‍ എന്താണ് ചെയ്‌തിരുന്നത് എന്ന് മാതാപിതാക്കന്മാര്‍ ഒരുനിമിഷം ഓര്‍ത്തെങ്കില്‍! തങ്ങള്‍ സ്വയം ചെയ്യാത്ത എന്തു തെറ്റിനാണ് തങ്ങളവരെ ശിക്ഷിക്കുന്നതെന്ന് അവര്‍ ഓര്‍ത്തിരുന്നെങ്കില്‍!
നമ്മുടെ കുട്ടികള്‍ പഠനത്തിന്റെ പേരില്‍ പീഡനമനുഭവിക്കുന്നതിനിടെ, തിരിഞ്ഞുനിന്ന് അച്ഛനമ്മമാരുടെ എസ്.എസ്.എല്‍.സി. ബുക്കൊന്നു കാണട്ടെ എന്നു പറഞ്ഞാല്‍ നമ്മില്‍ എത്ര അച്ഛനമ്മമാര്‍ക്ക് അന്തസ്സോടെ അതു കാണിച്ചുകൊടുക്കാനാകും?
ദയവുചെയ്‌ത് ഒരുകാര്യം മനസ്സിലാക്കുക. കുട്ടികള്‍ അടിമകളല്ല. അവര്‍ ഒരു ജനാധിപത്യരാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രജകളാണ്. അവരെ വെറുതെ വിടണേ. നമുക്കതു ചെയ്യാനാകും; നിസ്സാരമായി.
അന്‍വര്‍








