കെയ്ന്‍, കെയ്ന്‍ ഗോ എവേയ്...

കെയിനിംഗ് അഥവാ ചൂരല്‍വടിപ്രയോഗം ആധുനികമായ എല്ലാ വിദ്യാഭ്യാസശാസ്ത്രങ്ങളും വിലക്കുന്ന ഒന്നാണ്. എന്നിട്ടും, ആത്യാധുനികമെന്നു പുകള്‍പെറ്റ ഇന്നത്തെ സ്കൂളുകള്‍ എപ്പോഴും ഇതേ ചൂരല്‍വടിപ്രയോഗത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാകുകയും ചെയ്യുന്നു. ഇത്തരം ചൂരല്‍വടിപ്രയോഗങ്ങളാല്‍ ഉണ്ടാകുന്ന അപമാനം സഹിക്കാനാവാതെ കുട്ടികളുടെ പഠിത്തം തകരാറിലാകുകയോ മാനസികനില തെറ്റുകയോ, അവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയോ ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതും വിരളമല്ല. ഇതില്‍ ഏറ്റവും പുതിയ ഉദാഹരണമായി സമുഹമനസ്സാക്ഷിയുടെ മുന്നില്‍ വിചാരണയ്ക്കു വരുന്ന കേസാണ് കൊല്‍ക്കൊത്തയിലെ പ്രശസ്തമായ ബോയ്സ് സ്കൂളായ ലാ മാര്‍ട്ടിനയറിലെ സംഭവവികാസങ്ങള്‍.

2010 ഫെബ്രുവരിയിലാണ് ഇന്നത്തെ സംവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. 13കാരനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റോവാന്‍ജിത് റാവലിനെ സ്കൂള്‍ അദ്ധ്യാപകനും പ്രിന്‍സിപ്പലും കൂടിയാണ് ചൂരല്‍വടിപ്രയോഗത്തിനു വിധേയനാക്കിയത്. ഇതിന്റെ മനോവേദന സഹിക്കാന്‍ കഴിയാതിരുന്ന റോവാന്‍ജിത്ത് തനിക്കു തന്നോടു ചെയ്യാവുന്ന ഏറ്റവും വലിയ സ്വയംപീഡയിലൂടെയാണ് തന്റെ നിസ്സഹായമായ പ്രതികാരം നിര്‍വഹിച്ചത്. അവന്‍ ആത്മഹത്യ ചെയ്തു.

ആത്മഹത്യക്കു കാരണം പ്രിന്‍സിപ്പലിന്റെയും അദ്ധ്യാപകരുടെയും മനുഷ്യത്വഹീനമായ നടപടിയാണെന്നു വ്യക്തമാകാനും അതു കേസാകാനും നടപടിയെടുക്കാനും മാസങ്ങളെടുത്തു. ഒടുവില്‍ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സുനിര്‍മല്‍ ചക്രബൊര്‍ത്തിയും മൂന്നു് അദ്ധ്യാപകരും അറസ്റ്റിലായി. എന്നാല്‍, അറസ്റ്റു നടന്ന അന്നുതന്നെ ഇവരെ ജാമ്യത്തില്‍വിടുകയും ചെയ്തു.

കൊല്‍ക്കൊത്ത കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കോടതിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അദ്ധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും അനുകൂലമായ നിലപാട് പോലീസ് കൈക്കൊണ്ടതാണ് വിധി അവര്‍ക്ക് അനുകൂലമാകാന്‍ കാരണം. 305-ാം വകുപ്പുപ്രകാരമുള്ള ശിക്ഷാനടപടികള്‍ അനുസരിച്ച്, പത്തുവര്‍ഷം മുതല്‍ ജീവപര്യന്തംവരെയുള്ള തടവോ വധശിക്ഷയോ വരെ കിട്ടാവുന്ന വലിയ കുറ്റമാണ് പ്രിന്‍സിപ്പലിന്റെയും അദ്ധ്യാപകരുടെയും പേരിലുണ്ടായിരുന്നത്. കുട്ടികളുടെ മാനുഷികാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയകമ്മീഷന്‍ അന്വേഷണം നടത്തിയപ്പോഴും ഈ വകുപ്പു സാധൂകരിക്കുന്ന കണ്ടെത്തലുകള്‍ നടത്തിയിരുന്നു. എന്നാല്‍, പോലീസ് ഈ വകുപ്പുപ്രകാരമുള്ള കേസില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

റോവാന്‍ജിത്ത് ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ അദ്ധ്യാപകരുടെയും പ്രിന്‍സിപ്പലിന്റെയും നടപടികള്‍ എന്തു പങ്കുവഹിച്ചു എന്നു കണ്ടെത്താന്‍ കോടതികള്‍ക്ക് കഴിയില്ലായിരിക്കാം. അവര്‍ വീണ്ടും അതേ വിദ്യാലയത്തില്‍ അദ്ധ്യാപകരും പ്രിന്‍സിപ്പല്‍മാരും ആയി തുടരുകയും ചെയ്യുമായിരിക്കും. ആത്മഹത്യ വരെ എത്താത്ത അനേകം സമാനകേസുകളിലെ പ്രതികള്‍ ആരാലും ചോദ്യം ചെയ്യപ്പെടാതെ രാജ്യത്തെ ലക്ഷക്കണക്കിനു വിദ്യാലയങ്ങളില്‍ ജോലി തുടരുന്നുമുണ്ട്. പക്ഷേ, സമൂഹത്തിന്റെ മൊത്തവും അദ്ധ്യാപകരുടെ സവിഷേശിച്ചും മനസ്സാക്ഷി ഈ സംഭവത്തോടു് ഉണര്‍ച്ചയോടെ പ്രതികരിക്കേണ്ടതുണ്ട്. മുദ്രാവാക്യം വിളിച്ചുകൊണ്ടല്ല, തനിയെ ആലോചിച്ചുകൊണ്ട്.

ഈ മരണത്തിന്റെയും ഇതുപോലെയുള്ള മരണങ്ങളുടെയും ആത്മാവു നഷ്ടപ്പെട്ടുള്ള ജീവിതങ്ങളുടെയും കാരണക്കാര്‍ തങ്ങളല്ലേ എന്ന് പീഡകരായ അദ്ധ്യാപകര്‍ തങ്ങളോടു ചോദിക്കേണ്ടതുണ്ട്. ഒരു മാതൃകാജനാധിപത്യവ്യവസ്ഥയില്‍ ജീവിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് എന്തുകൊണ്ട് ജനാധിപത്യാവകാശങ്ങള്‍ നാം നിഷേധിക്കുന്നു എന്ന് ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുമുണ്ട്.

കെയിനിംഗ് എന്ന ചൂരല്‍വടിപ്രയോഗം നടത്തുന്ന അദ്ധ്യാപകരെ വലിയവരെ അടിക്കുന്ന ചൂരല്‍കൊണ്ട് പൂശിവിടാന്‍ പോലീസിനോട് ആരും പറയുന്നില്ല. പക്ഷേ, അവരെ അദ്ധ്യാപകരായല്ല, കുറ്റവാളികളായാണ്, അടിയുറച്ച ക്രിമിനല്‍ മനസ്സുകളായാണ് കാണേണ്ടത് എന്നു പറയാതിരിക്കാനാവില്ല.

കെയിനിംഗ് നിയമവിരുദ്ധമായിരിക്കെ, അതു നടപ്പില്‍ വരുത്തുന്ന സ്കൂളുകളെയും അദ്ധ്യാപകരെയും നിലയ്ക്കുനിര്‍ത്താന്‍ രക്ഷാകര്‍ത്താക്കള്‍ക്കും പ്രാദേശികഭരണസമിതികള്‍ക്കും സംസ്ഥാനവിദ്യാഭ്യാസവകുപ്പിനും ഒക്കെ കഴിയേണ്ടതാണ്.

കേരളത്തിലും ഇത്തരം അനാവശ്യചൂരല്‍പ്രയോഗങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഇവയ്ക്കെതിരെ പ്രതികരിക്കേണ്ടത് ഇപ്പോഴാണ്. വല്ലതും സംഭവിച്ചുകഴിഞ്ഞിട്ട് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍കാത്തിരിക്കാതെ പത്രമാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ സേവനസന്നദ്ധതയോടെ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ഇതിനൊക്കെ ആദ്യം വേണ്ടത് ഒരു വ്യക്തമായ ജീവിതദര്‍ശനമാണ്, ഓരോരുത്തര്‍ക്കും.

അന്‍വര്‍ അബ്ദുള്ള

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 14 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback