കോടമഞ്ഞിനെത്തേടിയാണു നിങ്ങള്‍ക്കു പേകേണ്ടതെങ്കില്‍ അതിന്റെ വിലാസം പറഞ്ഞുതരാം, തമിഴ്‌നാട്ടിലെ കൊഡൈക്കനാല്‍. ഏതു സീസണിലും കോടമഞ്ഞിറങ്ങുന്ന സുന്ദരമായ കൊടൈക്കനാല്‍ മലനിരകള്‍. കൊഡൈക്കനാല്‍ സത്യത്തില്‍ പരിചയപ്പെടുത്തേണ്ട ഒരു ടൂറിസ്റ്റു സ്‌പോട്ടല്ല. മലയാളികള്‍ തങ്ങളുടെ വിദ്യാഭ്യാസകാലത്തു ടൂറുപോകുന്ന പ്രധാനസ്ഥലങ്ങളിലൊന്നായതുകൊണ്ടുതന്നെ അത് എല്ലാവര്‍ക്കും അത്രമേല്‍ പരിചിതം തന്നെ. പക്ഷേ, ഈയടുത്തകാലത്തു കൊടൈക്കനാലിലേക്ക് ഒരിക്കല്‍ക്കൂടി പോയപ്പോഴാണ് മനസ്സിലായത്, ഏതോ ശക്തി ഈ സ്ഥലത്തേക്ക് വീണ്ടും വീണ്ടും നമ്മെ ക്ഷണിച്ച്, ഒട്ടു കടത്തിപ്പറഞ്ഞാല്‍ ആവാഹിച്ചുതന്നെ കൊണ്ടുവരുന്നുണ്ട്.
ആലോചിച്ചെടുത്തപ്പോള്‍ വിസ്‌മയം നിറഞ്ഞ ഒരു മന്ദഹാസം വന്നു. ആ പിടിച്ചുവലിക്കല്‍ശക്തി മറ്റൊന്നുമല്ല; നമ്മുടെ ഓര്‍മ തന്നെയാണ്. സ്‌കൂള്‍ കോ ളേജുകാലത്തെ വരവിന്റെ മധുരനൊസ്റ്റാള്‍ജിയയാണ് നമ്മെ കൊടൈക്കനാലിലേക്ക് വീണ്ടും വീണ്ടും വരുത്തുന്നത്. ഈ കൂറ്റന്‍ മലനിരകളിലേക്ക് വലിച്ചുകയറ്റുന്നത്.
മലഞ്ചെരിവുകളുടെ വടിവില്ലാത്ത പാറമുഖങ്ങള്‍ തിരിവുകളില്‍ നമുക്കുനേരേ പല്ലിളിച്ചടുക്കുകയും ഭയപ്പെടുത്തുകയും മറുവളവുകളില്‍ അവ പിന്നിലേക്ക് വലിഞ്ഞു മറയുകയും വീണ്ടുമൊരു നെടുവളവു തിരിഞ്ഞുവരുമ്പോള്‍ കൂടുതല്‍ ഭീഷണമായി പരുക്കന്‍ ഭാവത്തോടെ, ഊക്കില്‍ നമ്മുടെ നേരേ ആര്‍ത്തലച്ചടുക്കുകയും ചെയ്യുന്നു. അവയ്‌ക്കിടയില്‍ പച്ചപ്പിന്റെ പ്രശാന്തഭാവങ്ങള്‍, നേര്‍ത്ത നീര്‍ച്ചോലകളുടെ വെള്ളിവെളിച്ചങ്ങള്‍, പച്ചകളുടെ അകത്തേക്കുനീളുന്ന കാഴ്‌ചമറവുകളുടെ കാളിമകള്‍, ഉയര്‍ച്ചതാഴ്‌ചകളുടെ വിഹ്വലദര്‍ശനങ്ങള്‍.
എത്ര തിരക്കുണ്ടായാലും അവനവന്റേതായി വീണുകിട്ടുന്ന ഒരു ശാന്തത, ഇണയോടൊപ്പമാണു സഞ്ചാരമെങ്കില്‍, ആ പ്രേമജോഡികള്‍ക്കു മാത്രമായി സകലരും അറിഞ്ഞരുളുന്ന സ്വകാര്യത, ഏകാകിയെങ്കില്‍ വിഷാദാര്‍ദ്രമന്ദസ്‌മിതവുമായി അലഞ്ഞുതിരിയാനുള്ള സൗകര്യം, കൂട്ടത്തോട്ടെയാണു വരവെങ്കില്‍ കൂലംകുത്തിയൊഴുകാനുള്ള വിസ്‌താരം... എല്ലാം കൊടൈക്കനാലിനെ വ്യത്യസ്‌തമാക്കുന്നു.
പച്ചജീവനോടെ നമ്മെനോക്കിയിരിക്കുന്ന പച്ചക്കറികള്‍, വേരും തണ്ടും നിറുത്തിക്കൊണ്ടുതന്നെ പറിച്ചെടുത്തിരിക്കുന്ന കാരറ്റ്, മുയലു കാര്‍ന്നെടുക്കുന്നതുപോലെ കരുമുരാ കടിച്ചുതിന്നാം. എന്തിനും കുളിര്‍മയാണ്. നിതാന്തമായ കുളിര്‍മ. കഴിക്കുന്നതും കുടിക്കുന്നതുമെല്ലാം അന്നനാളത്തെ തണുപ്പിച്ചുകൊണ്ടാണിറങ്ങുന്നത്. കാരറ്റിനുപുറമേ, പാവപ്പെട്ടവരുടെ ആപ്പിള്‍ എന്നു പേര്‍കൊണ്ട സബര്‍ജില്ലും ധാരാളം. പോകുന്ന വഴിയില്‍ മരങ്ങളില്‍, ചില്ലകളും ഇലകളും മറച്ചുകൊണ്ടു സബര്‍ജില്‍ കായ്‌ചുനില്‍ക്കുന്ന കൗതുകം കാണാം.
റോക്ക് ഗാര്‍ഡന്‍ ഒരു വിസ്‌മയകരമായ കാഴ്‌ച തന്നെയാണ് ഏതൊരു യാത്രാപ്രിയനും നല്‌കുന്നത്. അവിടെ നിന്ന് അല്‌പം മാത്രം അകലെയെങ്കിലും ദുര്‍ഗമമായ കൂറ്റന്‍ പാറനിരകളുടെ ഉയര്‍ച്ചയും മറുവശത്ത് അഗാധതയും ഒരുമിച്ചു കാണുമ്പോള്‍ മനുഷ്യന്‍ അവന്റെ നിസ്സാരതയെപ്പറ്റിയും നിസ്സഹായതയെപ്പറ്റിയുമൊക്കെ ചിലനേരമോര്‍ത്ത്, അഹങ്കാരം വെടിഞ്ഞു വിനീതനായിപ്പോകാതിരിക്കില്ല. എന്നാല്‍, കാഴ്‌ചയൊന്നുതിരിക്കുമ്പോള്‍ അതാ നില്‍ക്കുന്നു, അവരെ പുറത്തേറ്റിക്കുതിക്കാന്‍ കുതിരകള്‍. നല്ല ലക്ഷണമൊത്ത കൂറ്റന്‍ കുതിരമേലേറിക്കുതിക്കുമ്പോള്‍ നിസ്സാരത മനംവിട്ട് അവന്‍ വീണ്ടും അഹങ്കാരം തിരിച്ചുപിടിക്കുന്നു.
റോക്ക് ഗാര്‍ഡനിലെ കരിംപാറക്കുന്നിന്മേല്‍ കോടയുടെ മറവില്‍ കാണായിവരുന്ന കുരിശുരൂപം കാണുന്നവര്‍ ബ്രസീലിലെ കല്‍മലയിലെ കൂറ്റന്‍ കുരിശുരൂപത്തെ ഓര്‍ക്കാതെയിരിക്കില്ല. മനുഷ്യന്റെ ദൈവഭയം അവനെ എവിടെയൊക്കെച്ചെന്നെത്തിക്കുകയില്ല എന്നും വിസ്‌മയമനസ്സോടെ അവന്‍ ചിന്തിക്കാതിരിക്കില്ല.
ഇവിടെ വരുന്നവര്‍ മിക്കവാറും എല്ലാവരും തന്നെ ചെയ്യുന്ന രണ്ടുകാര്യങ്ങളാണ്, ലേയ്‌ക്കിനു ചുറ്റും ഒന്നുരണ്ടു ചുറ്റു സൈക്കിളോട്ടവും ലേയ്‌ക്കില്‍ ഒരു നൗകാപ്രയാണവും. രണ്ടിനും ഏതുനേരത്തും സ്വാഗതം. കുതിരകളും സൈക്കിളുകളും ചെറുനൗകകളും നിങ്ങളെ കാത്തിരിക്കുകയാണ്. എത്രയോ സിനിമകളില്‍, ഹിന്ദിയും മലയാളവും തമിഴുമൊക്കെയായ സിനിമകളില്‍, നാം കണ്‍കുളിര്‍ക്കെക്കണ്ട ഇടങ്ങള്‍. ഇവിടെ സൈക്കിളോട്ടുമ്പോള്‍, ബോട്ടു ചവിട്ടുമ്പോള്‍ ഒക്കെ നാമറിയാതെ മമ്മൂട്ടിയോ മോഹന്‍ലാലോ രജനീകാന്തോ കമലോ ശോഭനയോ ബച്ചനോ ഉര്‍വശിയോ മഞ്‌ജു വാര്യരോ ഒക്കെ ആയിപ്പോകുന്നെങ്കില്‍ ആരെ കുറ്റം പറയാനൊക്കും.
കൊടൈക്കനാലിന്റെ മുദ്രയാണ് ആത്മഹത്യാമുനമ്പ്. അഭൗമവും അനുപമവുമായ കാഴ്‌ച. മനുഷ്യന്റെ ജീവിതം സങ്കടനിര്‍ഭരവും വിഷാദഭരിതവുമാണല്ലോ സ്വാഭാവികമായും. അതിനു പുറമേ, അദ്വിതീയസൗന്ദര്യത്തിന്റെ ആകര്‍ഷണവലയം കാട്ടി മാടിവിളിക്കുന്ന ഈ മുനമ്പിന്റെ പക്കത്തിലെത്തിയാല്‍ ചിലപ്പോള്‍ ചില വൈകാരികാവേഗക്കാര്‍ ഓര്‍ക്കാതെ എടുത്തുചാടിയെന്നിരിക്കും. താഴ്‌ചയുടെ താരുണ്യം അത്രയ്‌ക്ക് വശ്യമാണ്. അഗാധതയുടെ വിളി മരണത്തിന്റേതായിരിക്കാം; പക്ഷേ, അതു മാസ്‌മരികവും അനിരോധ്യവുമാണ്.
മൃത്യുവിന്റെ ആ താഴ്‌വരയുടെ അദൃശ്യമായ മറുകരയിലേക്കുള്ള പാത എപ്പോഴും കോട കയറിയിറങ്ങി തെളിഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നത് അവിസ്‌മരണമീയമായ കാഴ്‌ചയെന്നേ പറയാനാവൂ.
കോക്കേഴ്‌സ് വാക്കിലൂടെയുള്ള നടപ്പ് പ്രസന്നതയും ഊഷ്‌മളതയും പകരുന്ന അനുഭവമാണ്. നടന്നത്തുന്ന പാതയവസാനത്തിലെ കരിങ്കല്ലില്‍ പടുത്ത പള്ളിയിലെ നിശ്ശബ്‌ദതയും ശാന്തതയും അതിനേക്കാള്‍ പഴക്കമേറിയ മനുഷ്യന്റെ കപ്പലോട്ടങ്ങളുടെ ചരിത്രരേഖ കൂടിയാകുന്നു.
കാഴ്‌ചകള്‍ ഒരിക്കലും വിശദീകരിക്കപ്പെടേണ്ടവയല്ല. അവയൊരിക്കലും കേട്ടറിയേണ്ടവയുമല്ല. കണ്ടറിയേണ്ട കാഴ്‌ചകളിലേക്ക് ഒന്നു പ്രചോദിപ്പിക്കാന്‍ ഇത്രയും പറഞ്ഞെന്നുമാത്രം. കൊടൈക്കനാല്‍ പലവട്ടം കണ്ടവരോടു പറയേണ്ടതില്ല. കാരണം, അവരെ ഇനിയും ഈ കോടമഞ്ഞിന്‍ മലമുടികള്‍ വിളിച്ചുവരുത്തിക്കൊണ്ടേയിരിക്കും. കാണാത്തവര്‍ ഒരിക്കല്‍ ഒന്നു പുറപ്പെട്ടുനോക്കൂ. പിന്നെ, നിങ്ങള്‍ വീണ്ടും വരിക തന്നെ ചെയ്യും; ഗൃഹാതുരനായ തീര്‍ത്ഥാടകനെപ്പോലെ.
അന്‍വര്‍ അബ്ദുള്ള








