ലോകടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ മേല്വിലാസബിന്ദുവായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു കൊച്ചുഗ്രാമമാണ് കുമരകം. കുമരകത്തിനടുത്ത് താമസിക്കുന്നവര്‍ പലപ്പോഴും, അത്ഭുതം കൂറാറുണ്ട്, എന്തു കാണാനാണീ മറുനാടന്‍ മദാമ്മമാരും സായ്പന്മാരും നാടന്‍ സായ്പന്മാരും മദാമ്മമാരും ഇവിടിങ്ങനെ വരുന്നതെന്ന്. ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകാത്ത അനേകം സൂക്ഷ്മസൗന്ദര്യങ്ങളുടെ അക്ഷയഖനിയാണ് കുമരകത്തിന്റെ ജലപ്രകൃതിയെന്നത് നാട്ടുകാര്‍ക്ക് മനസ്സിലാക്കാനാവില്ല. കാരണം, അവരെ സംബന്ധിച്ചിടത്തോളം ഈ വെള്ളം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിലൂടെയാണ് ആ വെള്ളം ഒഴുകുന്നത്.
ചിലപ്പോള്‍ അവരെ മുടിപ്പിക്കുന്ന സംഹാരരൂപിണിയുടെ രൂപം കൈക്കൊള്ളാറുണ്ടെങ്കിലും ഇവിടെ ജലം അവരുടെ സര്വദായിനിയാണ്. അവരുടെ കുളിയും പല്ലുതേപ്പും മുതല്‍ വസ്ത്രം അലക്കലും വീട്ടാവശ്യങ്ങളും വരെ നിറവേറ്റുന്ന ജലംതന്നെയാണ് അവരുടെ വരുമാനത്തിന്റെ ഉറവിടവും. കൈച്ചൂണ്ടയിട്ട് വീട്ടാവശ്യത്തിന് മീന്‍ പിടിക്കുന്നതും വില്ക്കാന് പിടിക്കുന്നതും കൊച്ചുവള്ളത്തില്‍ രാത്രി വെളുപ്പിച്ച് കരിമീനും ചെമ്മീനും കൊണ്ടുവന്ന് നാടന്‍ റിസോര്‍ട്ടുകളില്‍ വിറ്റ് ജീവിക്കുന്നതുമെല്ലാം ഈ കായല്‍-നദീസംഗമസ്ഥലത്തെ ഓളപ്പരപ്പുകള്‍ക്കു മേല്‍തന്നെ.
കുമരകത്തേക്കുള്ള യാത്ര തനിനാടന്‍ സൗഖ്യമാക്കിമാറ്റാന് ഞങ്ങള്‍ തിരഞ്ഞെടുത്ത വാഹനം സര്‍ക്കാരിന്റെ ബസ് തന്നെയാണ്. കോട്ടയം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള, നഗരത്തിലെ മുഖ്യ പ്രൈവറ്റ് ബസ് സ്റ്റാന്റായ നാഗമ്പടം ബസ്സ്റ്റാന്റില് നിന്ന് ഓരോ മൂന്നുനിമിഷം കൂടുമ്പോഴും കുമരകത്തേക്ക് ബസ്സുണ്ട്. കൂടുതലും പ്രൈവറ്റ് ബസ്സുകളാണ്. ട്രാന്‍സ്പോര്‍ട് സ്റ്റാന്റില്‍ നിന്നു പുറപ്പെടുന്ന ബസ്സുകളും പ്രൈവറ്റ് സ്റ്റാന്റില്‍ വന്നേ പോകുകയുള്ളൂ. ഈയിടെ കൈപ്പുഴമുട്ട് പാലം കൂടി പണിതുപൂര്ത്തിയായതോടെ, ഇതൊരു പ്രധാനറൂട്ടായി മാറുകയും ചെ യ്തതിനാല്‍ അനേകം ബസ്സുകളാണ് ഈ റൂട്ടിലോടുന്നത്. കോട്ടയത്തുനിന്ന് വൈ ക്കം, ചേര്‍ത്തല, ആലപ്പുഴ എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സുകള്‍ ഈ വഴിയും ഓടുന്നു. എന്നാലും ഓരോ ബസ്സിലും രണ്ടു ബസ്സില്കൊള്ളാനുള്ള ആളുകളുണ്ടെന്നുമാത്രം.
ബസ്സില്‍ 45 മിനിറ്റോളമെടുക്കും കുമരകം ടൂറിസ്റ്റ് ഗ്രാമത്തിലെത്താന്‍. ല എന്ന അ ക്ഷരത്തിലാരംഭിക്കുന്ന സംഗതികളുടെ നാടാണ് കോട്ടയമെന്നു പറയാറുണ്ട്. ദ ലാന്റ് ഓഫ് ലെറ്റേഴ്സ്, ലേക്സ് ആന്റ് ലാറ്റക്സ് എന്ന്. കുമരകത്തെപ്പറ്റി അങ്ങ നെ പറയുകയാണെങ്കില്‍ ക എന്ന അക്ഷരത്തിലാരംഭിക്കുന്ന സംഗതികളുടെ നാടാണെന്നു പറയേണ്ടിവരും. ദ ലാന്റ് ഓഫ് കരിമീന്‍, കായല്‍, കപ്പ ആന്റ് കള്ള്. കുമരകത്തേക്ക് നാടന്‍ നാടുകാണികളെ ആകര്‍ഷിക്കുന്ന പ്രധാനസംഗതികളാണ് കുരകത്തെ കള്ളുഷാപ്പുകളും അവിടത്തെ കപ്പയും കരിമീനും. ഇപ്പോള്‍ സായ്പന്മാരുടെ പ്രിയവിഭവങ്ങളായി ഇവയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയെന്ന് കണ്ടറിഞ്ഞു.
കവണാറ്റിന്‍കരയിലെ പുഴയ്ക്കരികിലുള്ള സ്റ്റോപ്പില്‍ ബസ്സിറങ്ങിയാല്‍, ലോകപ്രശസ്തമായ കുമരകം പക്ഷിസങ്കേതത്തിലേക്കുള്ള പ്രവേശനദ്വാരം കാണാം. അതിനപ്പുറം പണ്ടത്തെ ബേക്കര്‍ സായ്പിന്റെ മാളിക പ്രൗഢിയോടെ തലയുയര്ത്തിപ്പിടിച്ചുനില്ക്കുന്നു. ഇന്നിപ്പോളത് സായ്പിന്റെ മാളികയല്ല. അതാണ് കുമരകത്തെ ടാജ് ഹോട്ടല്‍. ടൂറിസമെന്നാല്‍ ആഡംബരവും ധൂര്‍ത്തും നിറഞ്ഞ ജീവിതമാണെന്ന സങ്കല്പം ഇവിടെ കൊണ്ടുവന്നവരില്‍ പ്രമുഖരായ ഹോട്ടല്‍ ഗ്രൂപ്പ്സ്.
ടാജാണ് കുമരകത്ത് ആദ്യം വന്നത്. പിന്നെ അനേകം ഹോട്ടലുകള്‍ വന്നു. ഇന്നിപ്പോള്‍ കുമരകം അത്യാഡംബരഹോട്ടലുകളുടെ പറുദീസയാണ്. ടാജിനു പുറമേ, ഗോള്‍ഡന്‍ ട്യൂലിപ്, കോക്കനട്ട് ലഗൂണ്‍, അബാദ് പ്ലാസ, റാഡിസണ്‍ തുടങ്ങിയ വന്‍കിട ഹോട്ടല്‍ ശൃംഖലക്കാരുടെ മുഴുവന്‍ ഹോട്ടല്‍ സമുച്ചയങ്ങള്‍ ഇവിടുണ്ട്. അതേസമയം ഇടത്തരം ആളുകള്‍ക്ക് താമസിക്കാന്‍ ഇടത്തരം റിസോ ര്‍ട്ടുകളും ധാരാളം. കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ നാടന്‍ ഗ്രാമീണ വീടുകളില്‍ അധികൃതവും അനധികൃതവുമായ താമസങ്ങള്‍ റെഡി.
കുമരകത്തിന്റെ സുഖവാസസാദ്ധ്യത രണ്ടുതരത്തിലാണ്. ഒന്ന്, അവിടത്തെ പ്ര കൃതിയുടെ രമ്യഹൃദ്യതകളില് തലചായ്ച്, മണ്ണിന്റെ ആര്‍ദ്രതയിലും മരങ്ങളുടെ കുളിര്മയിലും മനസ്സുചായ്ച് ഇവിടെ ഒന്നോ രണ്ടോ തരവും സൗകര്യവും മടിശ്ശീലയുടെ കനവും പോലെ, അതിലധികം ദിവസങ്ങളോ താമസിക്കുക. ഇവിടത്തെ നാടന്‍ രുചികളില്‍ നാവോടിച്ച് അതിന്റെ ഉഗ്രരസങ്ങള് കുടലുകളില്‍ പൂവിരിയിക്കുന്നതറിയുക. രണ്ട്, ലോകത്തെ ഏറ്റവും മനോഹരമായ കായല്‍പ്പരപ്പ് എന്ന് വിശേശിപ്പിക്കപ്പെടുന്ന ഇവിടത്തെ കായല്മെത്തമേല് തെന്നിയും തെറിച്ചും യാത്ര ചെയ്യുക. അതിന് കൊച്ചുവള്ളം മുതല്‍ കെട്ടുവള്ളം വരെ റെഡി. കാശിന്റെ പോശ പോലെ മതി, ആശ.
കൊച്ചുവള്ളത്തില്‍ പാതിരാമണല്‍ വരെ പോയി തിരിച്ചുവരാന്‍ വള്ളക്കാരന് ചോദിക്കുന്നതാണു കൂലി. ചിലപ്പോള്‍ മുന്നൂറ്. ചിലപ്പോള്‍ അറുന്നൂറ്. ബോട്ടില്‍ മണിക്കൂറിന് ഇരുന്നൂറുരൂപ വച്ചാണ്. സ്പീഡ് ബോട്ടില്‍ അതിലും കൂടും. കുമരകത്തിന്റെ രാജകീയതയായ കെട്ടുവള്ളത്തിലെ യാത്രയ്ക്ക് പലനിലവാരവും പല നിരക്കുമാണ്. വണ്‍ ബെഡ് റൂം മുതല്‍ ത്രീ ബെഡ് റൂമും കോണ്‍ഫറന്‍സ് ഹാളും വരെയുള്ള കെട്ടുവള്ളങ്ങള്‍. രണ്ടായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ റേറ്റ്. താമസത്തിനുള്ള മുറികള്‍ക്കും അങ്ങനെ തന്നെ. ഇടത്തരം റിസോര്‍ട്ടുകളില്‍ അഞ്ഞൂറു മുതല്‍ ഈടാക്കുമ്പോള്‍ വന്‍കിടഹോട്ടലുകളില്‍ ഇരുപതിനായിരം വരെ ഈടാക്കുന്നു.
കായല്‍പ്പരപ്പിലൂടെയുള്ള കറക്കമാണ് കുമരകത്തിന്റെ വിനോദസഞ്ചാര ശരീരത്തിലെ രക്തയോട്ടം. അതിമനോഹരമായ വിശാലകാഴ്ചകളില് പ്രകൃതിയുടെ വിശാലഗംഭീരവും അതീതവുമായ മൂകഗഹനത അനുഭവിച്ചറിയാം. അതേസമയം, പ്രകൃതിയെ മനുഷ്യന് മൂക്കുകയറിട്ടുവലിക്കുന്നതു കാണുമ്പോള്‍ സങ്കടം വന്നുപോകും. കെട്ടുവള്ളം കടന്നുപോകുന്ന, കായല്പ്പരപ്പിലേക്കുള്ള ജലവഴികളിലിരുപുറവും വന്‍ റിസോര്‍ട്ടുകളില്‍ സുഖജീവിതം കായുന്ന വിദേശികള്‍.
ജലപാതകളിലൂടെ റാണി, ചിത്തിര തുടങ്ങിയ കായല്കൃഷിനിലങ്ങളും കരകളും കണ്ട്, പാതിരാമണല്‍ എന്ന ഭീകരസൗന്ദര്യത്തിന്റെ ദ്വീപും സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ സന്ധ്യയാകും. കുമരകത്തിന്റെ ശാലീനതയുടെ ച്ഛായ ജലത്തില്‍ പള്ളിയുറക്കത്തിന് കോപ്പുകൂട്ടുന്നത്, വിഷാദച്ഛായ നിറഞ്ഞ സായന്തന ശ്യാമഭാവത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്നതാകട്ടെ, കുമരകത്തെ ചെറുകറക്കത്തിലെ അവസാനത്തെ കാഴ്ച; ആ കാഴ്ചയുടെ മനസ്സുഖമാകട്ടെ തല്ക്കാലം.








