മലയാളരാജ്യത്തില്‍ പ്രസിദ്ധീകരിച്ച ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും, വലതുദാസ്യത്തിന്റെ ലാവ്ലിന് ന്യായങ്ങള്‍ എന്നീ ലേഖനങ്ങള്‍ക്ക് മുന്‍ എഐഎസ്എഫ് നേതാവും ദോഹയില്‍ എഞ്ചിനീയറുമായ ടിറ്റോ ജോയിയുടെ മറുപടി.
(ഇടതുപക്ഷവിരുദ്ധമായ ചര്‍ച്ചകള്‍ ആവശ്യമില്ല എന്ന എന്റെ ചിന്തയെ 'മാരീചന്റെ ചന്ദ്രപ്പന് പക' അല്‍പ്പമൊന്നു ഇളക്കിയതിനാല്‍ ഇങ്ങനെ ഒരു മറുപടി ആവശ്യമായി വരുന്നു. ഇടതുപക്ഷവാദികള്‍ ക്ഷമിക്കുമല്ലോ?)
കടുത്ത സിപിഐ വിരുദ്ധത മാരീചന്റെ ലേഖനങ്ങളുടെ മുഖമുദ്രയാണ്. അതിനൊപ്പം ഒരൗണ്‍സ് പിണറായി ഭക്തി, അര കഴഞ്ച് ചരിത്രം, ഒന്നര പലം നുണ, വായിക്കാന്‍ കൊള്ളാവുന്ന ഭാഷ എല്ലാം ചേര്‍ത്തെഴുതിയ പൂരപ്പാട്ടാണ് ചന്ദ്രപ്പവധം ബാലെ. ഒരാളെ വധിക്കുന്നതിലും എളുപ്പം ചിത്രവധം ചെയ്യുകയാണെന്ന ചില പത്രക്കാരുടെ പഴയ സിദ്ധാന്തം തന്നെയാണ് അദ്ദേഹത്തിനും. ഏതായാലും ഈ കീറപ്പഴമുറം മതിയാവില്ല ചന്ദ്രപ്പനെ മറയ്ക്കാന്‍ എന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാകും.
അതെ, കുമാരപ്പണിക്കര്‍ വലിയ ഭൂസ്വത്തിനു ഉടമയായിരുന്നു. ഒരിക്കലും ഇത്തരം ഒരു സമരമുഖത്തെത്തി സര്‍വസ്വം ത്യജിക്കേണ്ടുന്ന ആവശ്യം അദ്ദേഹത്തനില്ലായിരുന്നു എന്നതും വാസ്തവം. സാധാരണക്കാരനും പട്ടിണി പാവങ്ങളും സമരമുഖത്ത് എത്തുന്നത് അവന്റെ ദുരിതസാഹചര്യങ്ങളില്‍ ഉള്ള നിവൃത്തികേടു കൊണ്ടാണെങ്കില്‍ കുമാരപ്പണിക്കരെ പോലുള്ളവര്‍ എത്തിയത് സ്വന്തം സ്വത്തും ജീവനും അന്യര്‍ക്കായി സമര്‍പ്പിക്കാനുള്ള ത്യാഗസന്നദ്ധത കൂടി കൊണ്ടാണ്. ആ കുമാരപ്പണിക്കരുടെ മകന് , പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മറുഭാഗത്തായി എന്ന ഒറ്റക്കാരണം കൊണ്ട് ഒരു മികച്ച പോരാളിയുടെ ത്യാഗങ്ങളെ ഇത്തരത്തില്‍ അവമതിക്കരുത്. അതാകും ഏറ്റവും കൊടിയ അല്പത്തം.
(കമ്യൂണിസ്റ്റ് വിരുദ്ധര്‍ പ്രചരിപ്പിക്കുന്ന മുനവച്ച ചില വാദങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ടവരും സ്വയം പുറത്ത് പോയവരുമായ പല നേതാക്കളും ഇന്ധനം നിറച്ചുകൊടുത്ത ചപല വാദങ്ങള്‍ . കുമാരപ്പണിക്കരെക്കാള് വലിയ മാടമ്പിയും പോരാത്തതിനു സവര്ണ്ണനുമായിരുന്നു ഇ. എം. എസ്. സ്വന്തം പേരിന്റെ തുമ്പിലെ "പാട്" പോലും മായ്ക്കാഞ്ഞ ആള് എന്നും, ഭാര്യയെ അന്തര്ജനമാക്കാനും മക്കളെല്ലാം "വേളി" തന്നെ കഴിക്കുന്നു എന്നുറപ്പാക്കാനും കഴിഞ്ഞ ആളെന്നും, ഒരു സമരമുഖത്തും നേരിട്ടു വരാത്ത ആളെന്നും, കാര്യമായ ജയില്‍വാസമൊന്നും അനുഭവിക്കാത്ത ആളെന്നുമൊക്കെ ഒരു മറുതെറിപ്പാട്ടിനു ഗവേഷണാടിസ്ഥാനത്തില്‍ സാധ്യതയുണ്ടെങ്കിലും അതു ചെയ്യാതിരിക്കുന്നത് മാരീചനെപ്പോലെ ഇടതുപക്ഷത്തെ പൂരപ്പാട്ടുകളില്ക്കൂടി ശക്തിപ്പെടുത്താമെന്ന് വിശ്വാസമില്ലാത്തതിനാല്‍ മാത്രമല്ല, ഇ. എം. എസ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി നിര്‍വ്വഹിച്ച നിര്‍ണ്ണായകമായ കടമകള്‍ അറിയുന്നതിനാല്ക്കൂടിയാണ്.)
ത്യാഗത്തിന്റെ ബലിക്കല്ലില്‍ കുമാരപ്പണിക്കര്‍ ത്യജിച്ച ഫ്യൂഡല്‍ പശ്ചാത്തലമല്ല, മറിച്ച് വയലാറിന്റെ രണഭൂമിയില്‍ നിന്നു നേടിയ അണയാത്ത സമരാഗ്നിയാണ് ചന്ദ്രപ്പന്റെ പൈതൃകം. 1946-ലെ സമരകാലത്ത് 10 വയസുള്ളപ്പോള്‍ ടക്മാന്‍ (മെസെഞ്ജര്‍ ) എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് വൃത്തങ്ങളില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ചന്ദ്രപ്പന് , അതേ വയലാറിന്റെ പൈതൃകം നല്കിയ ഊര്‍ജ്ജവും പേറിയാണ് ഗോവന്‍ വിമോചനസമരകാലത്ത് പോര്‍ച്ചുഗീസുകാരുടെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ നിന്നത്. നാലാം തരം അസഭ്യങ്ങളോ നഞ്ചു പുരട്ടിയ അസത്യങ്ങളോ കൊണ്ട് വിലയിടിക്കാവുന്നതല്ല ആ സമരത്തിന്റെ പാരമ്പര്യം.
പ്രധാനമായും ചന്ദ്രപ്പന്റെ രണ്ടുവരികളില്‍ കെട്ടിഞാന്നാണ് മാരീചന് ചന്ദ്രപ്പനെ ഫ്യൂഡലിസ്റ്റാക്കുന്നത്. പിണറായി നല്ല ഒരു കമ്മ്യൂണിസ്റ്റാണ്. പുതിയകാലത്തിന്റെ സമരാനുഭവങ്ങള്‍ ധാരാളമുള്ള കമ്മ്യൂണിസ്റ്റ്. അദ്ദേഹത്തിന്റെ പാണനാകുന്നതില് തരക്കേടൊന്നുമില്ല. പക്ഷെ അതിനു ഭംഗിയും കൊഴുപ്പും പകരാന്‍ ചന്ദ്രപ്പനെ വിചാരണചെയ്യാന്‍ ഉയര്‍ത്തുന്ന ഇത്ര ദുര്‍ബലമായ നുണക്കഥകളും വ്യാഖ്യാനങ്ങളും ചരിത്രമറിയുന്നവര്‍ക്ക് ചിരിയുണര്‍ത്തുന്നുണ്ട്. അതിനായി ഒരു കഥയും മെനയുന്നുണ്ട് മാരീച സേതുരാമയ്യര്‍ .
മറിച്ച് വയലാറില്‍ കേട്ടിട്ടുള്ള കഥ മറ്റൊന്നാണ്. വയലാറെന്ന നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട കരയില്‍ നിന്നും സാധനങ്ങളൊക്കെ കായലില്‍ എറിയുകയാണ് പട്ടാളക്കാര്‍ ചെയ്തത്. കുറേയൊക്കെ നാട്ടുകാര്‍ വീണ്ടെടുത്തു. അവ കുമാരപ്പണിക്കരുടെ ഭാര്യക്ക് തിരികെ നല്കി. കുമാരപ്പണിക്കര്ക്കായി പണം പിരിച്ച കഥയും ആലപ്പുഴയിലെങ്ങും ആരും കേട്ടിട്ടില്ല. മാത്രമല്ല '1948-ല്‍ കല്‍ക്കത്താ തീസിസ് മുതല്‍ '1954- ല്‍ വരെ എസ്. കുമാരന്റെ വീട്ടില്‍ കമ്മിറ്റി കൂടുന്നവര്‍ക്ക് പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍, അപ്പോഴല്ലേ പിരിവ്?!
മറ്റൊന്നു വയലാര്‍ രവിയുടെ വീട്ടുകാര്‍ ചെയ്തുകൊടുത്ത സഹായങ്ങളെ കുറിച്ചാണ്. ചന്ദ്രപ്പന്റെ ബന്ധു കൂടിയാണ് രവിയുടെ മാതാവ് ദേവകി. അവര്‍ ആദ്യകാലത്ത് പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃഷ്ണനെ വിവാഹം കഴിക്കുകയും കോണ്‍ഗ്രസ് ആവുകയും ചെയ്തു. എന്നു വെച്ചാല്‍ കോണ്‍ഗ്രസിന്റെയൊരു പ്രാദേശിക നേതാവ്, അല്ലാതെ എഐസിസി മെമ്പറൊന്നുമല്ല. കുമാരപ്പണിക്കാര് ഒളിവിലും ജയിലിലും ആയ കാലത്ത് ഭാര്യയെയും മക്കളെയും അവര്‍ സഹായിച്ചിരുന്നിരിക്കാം. അവര്‍ കാട്ടിയ ഒരു സുജനമര്യാദ സ്മരിക്കുന്നതിനെ കുടിലമായ അന്ധതയോടെയാണ് ലേഖകന്‍ സമീപിക്കുന്നത്. അതില്‍ അത്ഭുതമില്ല. താറടിക്കുവാന് മാത്രമാണ് എഴുതുന്നത് എന്നതിനാല്‍ എന്തും ഏതും ആയുധമാക്കാമല്ലോ. പിന്നെ നന്ദി, സ്മരണ എന്നൊക്കെയുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയില്‍ നിന്നും നിരോധിച്ച ഫ്യൂഡല്‍ പദങ്ങളാണല്ലോ!
ഇത്രയും വ്യക്തിപരമായ അധിക്ഷേപം കഴിഞ്ഞാണ് ലേഖകന്‍ രാഷ്ട്രീയം പറയാന്‍ ആരംഭിക്കുന്നത് തന്നെ. അതാകട്ടെ നട്ടാല്‍ കുരുക്കാത്ത നുണയും. ശരിക്കും ഭൂപരിഷ്ക്കരണ നിയമം തങ്ങളുടെ ശ്രമമായി വന്നതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു കൗടില്യന്റെ ബുദ്ധി വിലാസം ആദ്യന്തം ഇതില്‍ കാണാം.
ഒറ്റയ്ക്കു നിന്നാല്‍ ഒരു കാലത്തും ഭരിക്കാന്‍ കഴിയില്ല എന്ന ധാരണയിലാണ് '1967-ല്‍ സപ്തകക്ഷിമുന്നണി എന്ന കാര്യമായ രാഷ്ട്രീയ ആദര്‍ശ അടിത്തറയൊന്നും ഇല്ലാത്ത മുന്നണി ഉണ്ടാകുന്നത്. പിളര്‍പ്പിന്റെ അസ്വാരസ്യങ്ങള്‍ പരസ്പരം മാറിയിരുന്നില്ലെങ്കിലും പൊതുഗുണത്തിനായി സഹകരിക്കുകയായിരുന്നു ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. എങ്കിലും ഇന്നത്തെ പോലെ തന്നെ അന്നും ഒറ്റയ്ക്കു കേരളം ഭരിയ്ക്കണമെന്നായിരുന്നു സിപിഎമ്മിന്റെയും നമ്പൂതിരിപ്പാടിന്റെയും മനസ്സിലിരുപ്പ്. (അക്കാലത്ത് ഒരു കേന്ദ്രകമ്മിറ്റി തീരുമാനം പോലുമുണ്ടായതായി പറയപ്പെടുന്നു). സിപിഐയുടെ അന്നത്തെ ഏറ്റവും ജനപ്രിയനേതാക്കളായ എം എന്‍ ഗോവിന്ദന് നായരെയും ടി വി തോമസിനെയും വ്യക്തിഹത്യ ചെയ്ത് ആ ലക്ഷ്യം സാധിക്കാനാണ് സിപിഎം. തീരുമാനിച്ചത്. കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭയുടെ തീരുമാനപ്രകാരം ടി വി തോമസ് കൊണ്ടുവരാന്‍ ശ്രമിച്ച വിദേശസഹകരണമുള്ള മൂലധനസംരംഭങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടാണ് അതു തുടങ്ങിയത്.
വെല്ലിംഗ്ടണ്‍ എന്ന കെ. ടി. പി. മന്ത്രിക്കെതിരേ (പണ്ടത്തെ വിമോചനസമര നേതാവായിരുന്നു, പില്ക്കാലത്ത് സിപിഎമ്മിന്റെ വളരെ അടുപ്പക്കാരനായിരുന്നു) അഴിമതി ആരോപണമുണ്ടായപ്പോള്‍ അത് അന്വേഷിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നമ്പൂതിരിപ്പാട് വെലിംഗ്ടണെ കൂടാതെ എമ്മെന്നും ടിവിക്കുമെതിരേ അതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ കൂടി അന്വേഷിക്കാന്‍ തീരുമാനിച്ചു.
(ഈ ഘട്ടത്തില്‍ മറ്റൊന്നു പറയട്ടെ. കോണ്‍ഗ്രസാണ് ലാവ്ലിന് കേസ് കെട്ടിച്ചമച്ചതെന്നു മാരീചന് പറയുന്നു. നൂറുശതമാനം ശരിയാകാം. പൊളിറ്റിക്കല്‍ മൈലേജിനായി അത്തരം ചെറ്റത്തരങ്ങള്‍ എതിരാളികള്‍ക്കു നേരെ മാത്രമല്ല, സഖ്യകക്ഷികള്‍ക്കെതിരേയും സാധ്യമാകുമെന്ന് ആദ്യമായി തെളിയച്ചത് 1969ല്‍ -ല്‍ സിപിഎമ്മാണ്).
ഖഡ്ഗം ഉയരുന്നത് തങ്ങളുടെ രാഷ്ട്രീയ നിലനില്പ്പിനെതിരേ ആണെന്ന് മനസ്സിലാക്കിയ സിപിഐ രൂക്ഷമായി പ്രതികരിച്ചു. എന്‍ കെ കൃഷ്ണനും ഗൗരിയമ്മക്കുമെതിരേയും അന്വേഷണം വേണമെന്ന സബ്സ്റ്റാന്റീവ് മോഷന്‍ വര്‍ക്കല എംഎല്‍എ ടി എ മജീദ് സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പിന്തുണയോടെ അതു പാസായി. മന്ത്രിസഭ താഴെ വീണു. പോകുന്ന വഴി നമ്പൂതിരിപ്പാട് പറഞ്ഞു - "ഇത് ഭൂപരിഷ്ക്കാരം പാസാകാതിരിക്കാനുള്ള ഗൂഡാലോചനയാണ്".
സ്വാഭാവികമായും അത് സിപിഐക്കുള്ള വെല്ലുവിളിയായി. മുന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നിയമം ഒറ്റവരി പോലും മാറാതെ പാസാക്കി കൊണ്ട് സിപിഐ ആ വെല്ലുവിളി സ്വീകരിച്ചു. തങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ലാതെ ഭൂപരിഷ്ക്കരണം പാസാകുന്നത് സിപിഎമ്മിനു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. സ്വാഭാവികമായും ഭൂപരിഷ്കരണം തങ്ങളുടെ ചോരയുടെ വിലയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ആരംഭിച്ചു.
സമരം എങ്ങനെ നടത്തണമെന്നും അതിനെ എങ്ങനെ രക്തമണിയിക്കണമെന്നും സിപിഎമ്മിനെ ആരെങ്കിലും പഠിപ്പിക്കണോ? ഭൂസമരങ്ങളുടെ നായകനായിരുന്ന സാക്ഷാല്‍ എകെജി തന്നെ അതുനയിച്ചപ്പോള് സ്വാഭാവികമായും സിപിഎമ്മിനു അതിന്റെ രാഷ്ട്രീയ ലക്ഷ്യം കുറച്ചെങ്കിലും നിര്‍വഹിക്കാനായി. എങ്കിലും മാക്രി കരയുന്നതും മഴപെയ്യുന്നതും തമ്മിലുള്ള പരസ്പരബന്ധം മാത്രമേ ഈ സമരവും നിയമവും തമ്മില്‍ ഉണ്ടായുള്ളൂ. (കടപ്പാട്: കണിയാപുരം രാമചന്ദ്രന്) അതേ സര്‍ക്കാര്‍ തന്നെ സ്വകാര്യ വനങ്ങള്‍ ദേശസാല്‍ക്കരിക്കുകയും കണ്ണന്‍ദേവന്‍ ഭൂമി സര്ക്കാരിന്റേതാക്കുകയും ചെയ്തു. ഭാഗ്യം, അതിനായി ഇതു വരെ മമ്മൂഞ്ഞുകള്‍ അവകാശം പറഞ്ഞിട്ടില്ല. പക്ഷെ ഭൂപരിഷ്ക്കാരം ആരു നടപ്പാക്കിയാലും അത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ മൊത്തം നേട്ടമാണ് എന്നു കൂടി പറയട്ടെ.
വി. എസിനോട് മൃദുത്വം പുലര്‍ത്തുന്നു എന്നതാണ് ചന്ദ്രപ്പനോട് കടുത്ത വിയോജിപ്പ് പുലര്‍ത്തുന്ന പലരും പറയുന്ന ആരോപണം. ചന്ദ്രപ്പന് കര്‍ഷക സംഘടനയുടെ അദ്ധ്യക്ഷനായിരുന്ന കാലത്ത് വിഎസും ചന്ദ്രപ്പനുമായി ഇതിലും രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നിട്ടുണ്ട്. വിളകര്‍ വെട്ടിനശിപ്പിച്ചു കൊണ്ട് നിലംനികത്തല്‍ വിരുദ്ധസമരം നടത്തിയ കാലത്ത്. പക്ഷെ അന്നൊന്നും ചന്ദ്രപ്പന്റെ തന്തക്ക് പറഞ്ഞു ആളാകാന്‍ ആരും ശ്രമിച്ചില്ല. ഒരു പക്ഷെ അതിനു ഒരു കാരണം, ഇന്നത്തെ കണ്ണൂര്‍ മോഡല്‍ അഥോറിറ്റേറിയന്‍ നേതൃത്വമല്ലായിരുന്നു സിപിഎമ്മിന് അന്നുണ്ടായിരുന്നത് എന്നതാകാം.
(തുടരും. തുടര്ന്നല്ലേ പറ്റുകയുള്ളു...)
ടിറ്റോ ജോയ്
ഈ സീരിസില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍:
- ചന്ദ്രപ്പന്റെ പിണറായിപ്പക: ചരിത്രവും രാഷ്ട്രീയവും
- വലതുദാസ്യത്തിന്റെ ലാവ്ലിന് ന്യായങ്ങള്‍
- നൂറ്റൊന്നാവര്‍ത്തിക്കുന്ന നുണകള്‍
- ആത്മവഞ്ചനയുടെ ഗിരിപ്രഘോഷണങ്ങള്‍
- ഇങ്ങനെ മറുപടി പറഞ്ഞു ചിരിപ്പിക്കരുത്, പ്ലീസ്
- മിച്ചഭൂമി സമരം - മാക്രിക്കഥയില്‍ മറയുമോ ചരിത്രത്തിലെ ചോരക്കഥ
- കോഴിത്തലയിലെ അഥര്‍വ്വം - ഒരു ഫ്ളാഷ് ബായ്ക്ക്
- ചന്ദ്രപ്പന് പയറ്റുന്നത് 69ലെ അഭ്യാസം







