തോമസ് എഡിസന് തൊട്ട് സ്റ്റീവ് ജോബ്സ് വരെയുള്ള അമേരിക്കന്‍ പ്രശസ്തരുടെ പട്ടികയില്‍ എന്തെങ്കിലും സ്വന്തമായി കണ്ടുപിടിച്ച് മാര്‍ക്കറ്റില്‍ ഇറക്കി വിപ്ലവകരമായ വിജയം വരിച്ചതിന്റെ കഥയുണ്ട്. സാം വാള്‍ട്ടണ്‍ ഒന്നും പുതുതായി കണ്ടുപിടിച്ചിട്ടുമില്ല വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അവകാശിയുമല്ല; എന്നാല്‍ തന്റെ എതിരാളിയുടെ കണ്ടുപിടുത്തങ്ങള്‍ തന്റെ കടയില്‍ കോപ്പിഅടിക്കുന്നതിന് കുപ്രസിദ്ധനാണ്!
വാള്‍മാര്‍ട്ടിന്റെ വിയജയഗാഥയുടെ ശില്പി അതിന്റെ സ്ഥാപകന്‍ സാം വാള്ടണ് ആണ്. 1945 ല്‍ ഒരു ഗ്രോസറി കടയുടെ ഫ്രാഞ്ചൈസി അര്‍ക്കാന്‍സയിലെ ന്യൂപോര്‍ട്ടില്‍ തുടങ്ങിക്കൊണ്ടാണ് സാം വാള്‍ട്ടണ്‍ കച്ചവടത്തിനിറങ്ങുന്നത്. വിജയിച്ച ചെറുകിട കച്ചവടക്കാരന് എന്ന നിലയില്‍ അദ്ദേഹം ഒരു കാര്യം മനസ്സിലാക്കി: തങ്ങളുടെ റീട്ടെയില്‍ ഷോപ്പുകളില്‍ സാധങ്ങള്‍ ഏറ്റവും നന്നായി വിതരണംചെയ്യുന്നതില്‍ പ്രശസ്തരായ സിയേഴ്സ്, എ ആന്‍ഡ് പി തുടങ്ങിയ അമേരിക്കയിലെ വലിയ കച്ചവട സ്ഥാപനങ്ങള്‍ വലിയ അളവില്‍ സാധനങ്ങള്‍ വിറ്റുതീര്‍ക്കുവാന്‍ തങ്ങളുടെ സാധനങ്ങളുടെ വില ക്രമാതീതമായി കുറയ്ക്കുന്നു. ഈ പ്രക്രിയയിലൂടെ ഇത്തരം സ്ഥാപനങ്ങള്‍ ധാരാളം പണം സമാഹരിച്ച് തങ്ങളുടെ സ്ഥാപനങ്ങള്‍ ആധുനികവത്കരിക്കുകയും പുതിയ ബ്രാഞ്ചുകള്‍ തുറക്കുകയും ചെയ്യുന്നു. ഈ ആശയം വാള്‍ട്ടന്റെ കച്ചവടത്തിന്റെ അടിസ്ഥാന തത്വം ആയി ക്രമേണ മാറി.
“സാം വാള്‍ട്ടണ്‍ മെയ്ഡ് ഇന്‍ അമേരിക്ക” എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം അര്ക്കാന്സയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ സ്ത്രീകളെ അടിവസ്ത്രം ധരിപ്പിക്കുവാന്‍ സാഹസപ്പെട്ട കഥ വളരെ മനോഹരമായി പറയുന്നുണ്ട്. സ്ത്രീകളുടെ അടിവസ്ത്രം ഏറ്റവും വിലകുറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുവാന്‍ അദ്ദേഹം ആയിരക്കണക്കിനു മൈലുകള്‍ ഡ്രൈവ് ചെയ്തു. ഒരു ഡോളറിന് മൂന്നുജോഡി എന്ന വിലയ്ക്ക് കുറവുജോഡികള് വില്ക്കുന്നതിനേക്കാള് ഒരു ഡോളറിന് നാലുജോഡി നല്കി കൂടുതല്‍ എണ്ണം വില്‍ക്കുന്നതാണ് കൂടുതല്‍ ആദായകരം എന്ന് അദ്ദേഹത്തിനു നല്ല തിരിച്ചറിവുണ്ടായിരുന്നു.

1962 ല്‍ ആണ് വാള്‍ട്ടണ്‍ തന്റെ ആദ്യ വാള്‍മാര്‍ട്ട് ഡിസ്കൌണ്ട് സിറ്റി അര്‍ക്കാന്‍സയില്‍ ആരംഭിക്കുന്നത്. 1970 ആയപ്പോഴേക്കും അദ്ദേഹം അര്ക്കാന്സയ്ക്കു വെളിയിലേക്കുവളരുകയും 32 ശാഖകള്‍ ഉള്ള ഒരു വ്യാപാര ശൃംഘലയായി മാറുകയും ചെയ്തു. 1980ല്‍ 276 ശാഖകളോടെയും 1990 അയപ്പോഴേക്കും 1528 ശാഖകളോടെയും അമേരിക്കയിലെ 29 സംസ്ഥാനങ്ങളിലേക്ക് വാള്‍മാര്‍ട്ട് വളര്‍ന്നു.
സാധനങ്ങള്‍ക്ക് വിലകുറവായതിനാല്‍ ഓരോ ആഴ്ചയും ഏതാണ്ട് 100 മില്യണ്‍ ആളുകള്‍ അല്ലെങ്കില്‍ അമേരിക്കന്‍ ജനതയുടെ മൂന്നില്‍ ഒന്ന് വാള്‍മാര്‍ട്ടില്‍ കയറാറുണ്ട് എന്നാണ് കണക്ക്! വാള്‍മാര്‍ട്ട് ഉപഭോക്താവിന്റെ ശരാശരി വാര്‍ഷിക വരുമാനം 35,000 അമേരിക്കന്‍ ഡോളര്‍ മാത്രം എന്ന കണക്കും അതോടുചേര്‍ത്ത് വായിക്കേണ്ടതാണ്. അതായത് വാര്‍ഷിക വരുമാനത്തിന്റെ ദേശീയ ശരാശരിയെക്കാള്‍ തീരെ കുറവും ദാരിദ്ര്യരേഖക്കു മുകളിലും ആയുള്ള ഒരു ജനത. വാള്‍മാര്‍ട്ടില്‍ കയറി സാധനം വാങ്ങുന്ന അഞ്ചില്‍ ഒരാള്‍ക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൌണ്ട് പോലും ഇല്ല എന്നാണ് ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ് എന്ന വസ്തുതയും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. വാള്‍മാര്‍ട്ട് ഉപഭോക്താവിനെപറ്റിയുള്ള ഒരു വലിയ വിമര്‍ശനം കൊടിയ ദാരിദ്ര്യത്തിനിടയിലും അവര്‍ രാഷ്ട്രീയമായി യാഥാസ്ഥിതികര്‍ ആണെന്നതാണ്.
വാള്‍മാര്‍ട്ടിന്റെ 2007 ലെ ലാഭം 6.6 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് എന്നത് മറക്കരുത്. എല്ലാവര്‍ഷവും ലോകം മുഴുവന്‍ പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്ന, 2007ലെ കണക്കനുസരിച്ച് 220 ബില്യണില്‍ അധികം വാര്‍ഷിക വരുമാനം ഉള്ള ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനം ആണ് വാള്‍മാര്‍ട്ട്. അമേരിക്കന്‍ വംശജരായ തൊഴിലാളികള്‍ക്ക് അമേരിക്കയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് നല്കുന്ന വാര്‍ഷിക വേതനം അമേരിക്കന്‍ ദാരിദ്ര്യരേഖക്കു താഴെമാത്രം ജീവിക്കുവാനേ അമേരിക്കന്‍ പൌരനെ അനുവദിക്കുന്നുള്ളൂ എന്നത് ഞെട്ടിക്കുന്നതാണ്. വാള്‍മാര്‍ട്ടിന്റെ തൊഴില്‍ ചൂഷണത്തിന്റെ മറ്റു നിരവധി കഥകള്‍ പുറത്തുവരുന്നുണ്ട്.
ഇങ്ങനെ തൊഴിലാളിയുടെ ശമ്പളവും കമ്പനിയുടെ ലാഭവും തമ്മിലുള്ള ഭീമമായ അന്തരം കാരണം അമേരിക്കയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള വാള്‍മാര്‍ട്ട് തൊഴിലാളികള്‍ കമ്പനിയുമായി നിരവധി മേഖലകളിലായി പോരാട്ടത്തിലാണ്. നാവടക്കൂ പണിയെടുക്കു എന്ന നിയമത്തിനെതിരെ തൊഴിലാളിയൂണിയനുകള്‍ സംഘടിപ്പിക്കുവാനുള്ള നിരവധി ശ്രമങ്ങള്‍ യൂണിയന് ബസ്റ്റേഴ്സ് എന്നപേരില്‍ കുപ്രസിദ്ധമായ വാള്‍മാര്‍ട്ടില്‍ ഇന്ന് സജീവമാണ്. എല്ലാ തൊഴില്‍ നിയമങ്ങളും, വേതന നിയമങ്ങളും ലംഘിക്കുന്നതിനെതിരെ അമേരിക്കയിലെ 27ല്‍ അധികം സംസ്ഥാനങ്ങളില്‍ വാള്‍മാര്‍ട്ട് തൊഴിലാളികള്‍ കമ്പനിയെ കോടതികയറ്റിയിരിക്കയാണ്. ഓറിഗോണില്‍ അങ്ങനെ ആദ്യമായി കോടതിയില്‍ വിചാരണയ്ക്കുവന്ന കേസില്‍ കോടതി വാള്‍മാര്‍ട്ട് കുറ്റക്കാര്‍ ആണെന്നു 2007 ഡിസംബറില്‍ വിധിച്ചു. വാള്‍മാര്‍ട്ട് സ്വന്തം തൊഴിലാളിക്ക് ഓവര്‍ടൈം നല്‍കാതെ നാലും അഞ്ചും മണിക്കൂര്‍ ദിവസേന തൊഴില്‍ എടുപ്പിക്കുന്നതിനെതിരെ വന്ന കേസില്‍ ആണ് ഈ വിധി.
വാള്‍മാര്‍ട്ടില്‍ നടക്കുന്ന ലിംഗ അസമത്വങ്ങള്‍ക്കെതിരെയും അമേരിക്കയില്‍ കോടതികയറുകയാണ് ഈ അമേരിക്കന്‍ ബഹുരാഷ്ട്രഭീമന്. സ്ത്രീകള്‍ക്ക് പ്രമോഷന് നിഷേധിക്കുന്നതിനു തെറ്റായ കാരണങ്ങള്‍ പറയുന്നതിനും പുരുഷന്മാരെക്കാള് കുറഞ്ഞ വേതനം സ്ത്രീകള്‍ക്ക് നല്‍കിയതിനും 700,000 സ്ത്രീകള്‍ ഇത്തരം പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
വാള്‍മാര്‍ട്ടില്‍ തൊഴിലാളിയൂണിയനുകള്‍ ഉണ്ടാകുന്നതിനെതിരെ വളരെ കുറ്റകരമായ ക്രിമിനല്‍ പ്രവര്‍ത്തനം തന്നെ നടക്കാറുണ്ട്. മാര്ട്ടിന് ലെവിറ്റിനെപോലുള്ള മാനേജ്മെന്റ് കണ്സല്ട്ടന്റുമാര് പറയുന്നത് അമേരിക്കയില്‍ ഒരുകമ്പനിയും ഇത്രയും കിരാതമായ രീതിയില്‍ യൂണിയനുകള്‍ക്കുള്ള തൊഴിലാളികളുടെ ഭരണഘടനാപരമായ അവകാശത്തെ ചവിട്ടിത്തേച്ചിട്ടില്ല എന്നാണ്. അദ്ദേഹം 35 വര്‍ഷത്തെ തന്റെ തൊഴിലിനുശേഷം, വാള്‍മാര്‍ട്ടിനെ യൂണിയന് വിരുദ്ധകുതന്ത്രങ്ങള് ഒരുക്കുന്നതില്‍ വിജയകരമായി സഹായിച്ചതിനുശേഷം മനസാക്ഷിക്കുത്തുമൂലം എഴുതിയ “കണ്ഫഷന് ഓഫ് എ യൂണീയന് ബസ്റ്റര്‍” (തൊഴിലാളി യൂണിയനുകള്‍ തച്ചുടക്കുന്ന ഒരു ഗുണ്ടയുടെ കുറ്റസമ്മതം) എന്ന തന്റെ പ്രായശ്ചിത്തപ്പുസ്തകത്തില് പറയുന്നത് വാള്‍മാര്‍ട്ടിന് സഹിഷ്ണതയ്ക്കു മാര്‍ക്കിട്ടാല്‍ പൂജ്യം ആയിരിക്കും കിട്ടുക എന്നാണ്.
അമേരിക്കയില്‍ വാര്‍ഷിക വരുമാനം 3 ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ളവര്ക്കുപോലും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലാതെ ഡോക്ടറെ കാണുവാനൊ, അശുപത്രിയില്‍ പ്രവേശിക്കുവാനൊ ഭയമാണ്. കാരണം അത് അത്രക്ക് ചെലവേറിയതാണ്. വാള്‍മാര്‍ട്ടിലെ 18,000 ഡോളറില്‍ താഴെമാത്രം വാര്‍ഷിക വരുമാനം ഉള്ള തൊഴിലാളി രണ്ടാഴ്ചയില്‍ ഒരിക്കല്‍ കിട്ടുന്ന 550 ഓ 650 ഓ ഡോളറിന്റെ വേതന ചെക്കില്‍ നിന്നും 85 ഡോളര്‍ (ഏറ്റവും കുറഞ്ഞത്) ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിനു തന്റെ വിഹിതം ആയി കൊടുക്കണം. കൂടെ ആശുപത്രിയില്‍ പോയാല്‍ ഭീമമായ ഒരു തുക അവന്റെ പോക്കറ്റില്‍ നിന്നും ഈ പോളിസിയുടെ ഭാഗമായി കൊടുക്കണം. 40 ശതമാനത്തില്‍ അധികം തൊഴിലാളികള്‍ വാള്‍മാര്‍ട്ട് നല്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് വേണ്ടെന്ന് വച്ചവരാണ്. ഒരു വര്‍ഷം അവര്‍ക്ക് 2844 ഡോളര്‍ വരെ പോക്കറ്റില്‍ നിന്നും പോകും. 2011 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം തൊഴിലാളിയുടെ പോക്കറ്റില്‍ നിന്നും ഇടേണ്ട വിഹിതത്തില്‍ വര്‍ദ്ധന വരുത്തുകയും ചെയ്തു.
അമേരിക്കയിലെ യാഥാസ്ഥികരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സര്‍ക്കാര്‍ സാമൂഹിക ക്ഷേമരംഗത്തുനിന്നും പൂര്‍ണ്ണമായി മാറിനില്‍ക്കണം എന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെയാണ് യാഥാസ്ഥിതികരുടെ ഉറ്റതോഴരായ വാള്‍മാര്‍ട്ട് തങ്ങളുടെ തൊഴിലാളികളെ ചൂഷണംചെയ്ത് ദാരിദ്ര്യ രേഖക്കു താഴെ സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകളുടെ സഹായത്താല്‍ ജീവിക്കുവാന്‍ നിര്‍ബന്ധിക്കുന്നത്.
ഐയൊവാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ കെന്നത്ത് സ്റ്റോണ്‍ നടത്തിയ പഠനത്തിനുശേഷം പറഞ്ഞത് അമേരിക്കയിലെ ചെറിയ സിറ്റികളില്‍ തദ്ദേശവാസികള്‍ നടത്തുന്ന ചെറുകിട വ്യാപാര വ്യവസായങ്ങളുടെ പകുതി ഒരു വാള്‍മാര്‍ട്ട് വന്ന് പത്തുവര്ഷത്തിനുള്ളീല് അപ്രത്യക്ഷമാകാറുണ്ട് എന്നാണ്. നിരവധി യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകര്‍ ഷിക്കാഗോയിലെ ലയോള യൂണീവേഴ്സിറ്റിക്കു കീഴിലുള്ള ഡാര്മൌത്തിലെ ടക് ബിസിനസ്സ് സ്കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത് വാള്‍മാര്‍ട്ടും ചെറിയ സിറ്റികളിലെ വ്യാപാരവ്യവസായ സ്ഥാപനങ്ങളുമായുള്ള ദൂരത്തെ അനുസരിച്ചിരിക്കും ചെറുകിട കച്ചവടസ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ എന്ന്.
വാള്‍മാര്‍ട്ട് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് തങ്ങളുടെ വ്യാപാരകേന്ദ്രത്തിന്റെ സാന്നിദ്ധ്യം ഒരു സ്ഥലത്തെ തൊഴിലാളി കുടുംബത്തിനു 2,500 ഡോളര്‍ മിച്ചം ഉണ്ടാക്കിക്കൊടുക്കുന്നു എന്നും അതൊടൊപ്പം 210,000 പുതിയ തൊഴിലുകള്‍ അമേരിക്കക്ക് നല്കുന്നു എന്നും ആണ്. അതേസമയം എക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് 2001-2006 കാലത്തുമാത്രം വാള്‍മാര്‍ട്ടിന്റെ ചൈനയുമായുള്ള വ്യാപാരബന്ധം അമേരിക്കക്ക് 200,000 തൊഴില്‍ ഇല്ലാതാക്കി എന്നാണ്. മിസൌറി യൂണിവേഴ്സിറ്റി നടത്തിയ മറ്റൊരു പഠനം പുറത്തുകൊണ്ടുവന്നത് താത്ക്കാലികമായി ഒരു പുത്തന്‍ വാള്‍മാര്‍ട്ട് കേന്ദ്രം 100 തൊഴിലുകള്‍ സൃഷ്ടിക്കുന്നു എങ്കില്‍ അഞ്ചുകൊല്ലത്തിനിടയില്‍ അതില്‍ പകുതിയും ഇല്ലാതാകുന്നുവെന്നും അതൊടൊപ്പം സ്ഥലത്തെ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങള്‍ പൂട്ടികെട്ടുന്നു എന്നുമാണ്.
വാള്‍മാര്‍ട്ട് ഓര്‍ഗാനിക് ഭക്ഷണ രംഗത്തേക്കുവരുന്നത് ഒരു വിപ്ലവകരമായ മാറ്റം എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ സാധാരണ കൃഷിക്കാരന് ഭീതിയോടെയാണ് ഈ കച്ചവടവമ്പന്റെ ഓര്‍ഗാനിക് പ്രേമത്തെ കാണുന്നത്. സാധാരണ കൃഷിക്കാര്‍ സ്വന്തമായി കൃഷിചെയ്ത് സ്ഥലത്തെ ചന്തകളില്‍ വിറ്റ് തങ്ങളുടെ ഉപജീവനം നടത്തുന്നത് ഇപ്പോള്‍ ഓര്‍ഗാനിക് കൃഷിയിലൂടെയാണ്. ആ രംഗവും കോര്പ്പറേറ്റുവത്കരിക്കുവാനും തങ്ങളുടെ ഉള്ള കഞ്ഞിയില്‍ പാറ്റയിടുവാനും ആണ് വാള്‍മാര്‍ട്ടിന്റെ തന്ത്രം എന്നാണ് കൃഷിക്കാരുടെ ഭയം. കാലിഫോര്‍ണിയാ സംസ്ഥാനത്തും മറ്റും ഓര്‍ഗാനിക് ഭക്ഷണത്തിനു പ്രിയമേറിയതോടെ കൃഷിക്കാര്‍ക്കു വരുമാനം കൂടിയതിന്റെ ഫലമായി കൂടുതല്‍ കര്‍ഷകര്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതും കൂടുതല്‍ കൃഷിസ്ഥലങ്ങള്‍ ഓര്‍ഗാനിക് കൃഷിക്ക് ഉപയോഗിക്കുന്നതും അതൊടൊപ്പം എടുത്തുപറയേണ്ടതാണ്.
ശമ്പളം കൊടുക്കാതെ 8 മണിക്കൂറിനുശേഷം തൊഴിലാളികളെക്കൊണ്ടു തൊഴില്‍ ചെയ്യിക്കുന്നതിനു കുപ്രസിദ്ധരായ വാള്‍മാര്‍ട്ട് ആവശ്യത്തിനു തൊഴിലാളികളെ ഒരിക്കലും തങ്ങളുടെ സ്ഥാപനത്തില്‍ ജോലിക്കുവയ്ക്കാറില്ല. അങ്ങനെ തൊഴിലാളികള്‍ ഇരട്ടിപ്പണിയെടുക്കുവാന് നിര്‍ബന്ധിതരാകുന്നു എപ്പോഴും. വെളുപ്പിന് 2 മണിമുതല്‍ രാവിലെ 11 മണിവരെയുള്ള സമയത്തെ ജോലിയാണ് അതികഠിനം എന്ന് തൊഴിലാളികള്‍ പറയും. ആ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരുടെ ചോര ഊറ്റും എന്നാണ് പറയാറുള്ളത്.
സാം വാള്‍ട്ടന്റെ വാള്‍മാര്‍ട്ട് ഒരു ആധുനിക യൂജിയന്‍ തൊഴുത്താണ്. 90,000ല്‍ അധികം സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തില്‍ ഉപഭോക്താക്കള്‍ കയറി ഇറങ്ങി സാധനങ്ങള്‍ വാരിവലിച്ച് വിതറിയത് രാവിലെ 2 മണിക്കുള്ള ഷിഫ്റ്റില്‍ എത്തുന്ന തൊഴിലാളിയെ സംബന്ധിച്ച് വൃത്തിയാക്കുവാന്‍ സാധിക്കില്ല. കാരണം അതിന് ആവശ്യമായ തൊഴിലാളികളെ നിയമിച്ചിട്ടില്ല. അമേരിക്കയിലെ തൊഴിലാളിവര്‍ഗ്ഗവും ജീവിക്കുവാന്‍ വേണ്ടി ചോരനീരാക്കുന്നവരാണ്. സാം വാള്‍ട്ടന്റെ കാലിത്തൊഴുത്ത് വൃത്തിയാക്കുവാന്‍ അവരൊന്നും ഹെര്‍ക്കുലീസ് അല്ല.
ഇവിടെ അവശേഷിക്കുന്ന ചോദ്യം ഇത്രയുമേയുള്ളു: ഈ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വരുന്നത് ഗുണമോ ദോഷമോ?
റെജി പി. ജോര്‍ജ്ജ്









