ഒടുവില്‍ ഇറോം ശര്‍മിളയുടെ ത്യാഗനിര്‍ഭരമായ സമരത്തിന് ആശയവിജയം. മണിപ്പൂരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ ജനവിരുദ്ധമായ സായുധസേനാ പ്രത്യേകാധികാര നിയമം (AFSPA) പിന്‍വലിക്കാന്‍ തത്വത്തില്‍ തീരുമാനമായി. ഈ കരിനിയമത്തിനെതിരെ ഒരു പതിറ്റാണ്ടിലേറെയായി നിരാഹാരസമരത്തിലാണ് ഇറോം ശര്‍മിള. ഇറോം ശര്‍മിളയുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു മണിപ്പൂര്‍ പ്രശ്നവും അഫ്സ്പയും. നിയമം പിന്‍വലിക്കപ്പെടുന്നതോടെ മണിപ്പൂരികളുടെ ദീര്‍ഘകാലത്തെ സ്വാതന്ത്ര്യസമരത്തിനു തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ വിജയപാത കൈവരുന്നത്.
ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് സംസ്ഥാനത്തെ പൂര്‍ണമായി ഒഴിവാക്കാനോ ഘട്ടം ഘട്ടമായി പിന്‍വലിക്കാനോ വേണ്ട ഭേദഗതി വരുത്താനോ ആണ് ഇപ്പോള്‍ നിര്‍ദേശമുയര്‍ന്നിരിക്കുന്നത്. ഒരു രാജ്യം സ്വന്തം ജനതയ്ക്കെതിരെ നടത്തുന്ന അടിച്ചമര്‍ത്തല്‍ രീതിയുടെ ഉദാഹരണമായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്നമാണ് മണിപ്പൂരിലേത്. ഇവിടത്തെ കേന്ദ്രനിലപാടുകളും ഈ കരിനിയമവും ലോകമൊട്ടൊകെ വിവാദവിഷയമായ സാഹചര്യത്തില്‍ ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്താണ് പുതിയ തീരുമാനത്തിലേക്കെത്തുന്നത്.
നിലവിലെ സാഹചര്യത്തില്‍ മണിപ്പുരില്‍ ഈ നിയമം പിന്‍വലിക്കുന്നതില്‍ കുഴപ്പമില്ലെന്ന നിഗമനമാണ് അഭ്യന്തരമന്ത്രാലയം കൈക്കൊള്ളുന്നതെന്നാണു സൂചന. മണിപ്പൂരിലെ സ്ഥിതിഗതികളിലെ മാറ്റത്തേക്കാളധികം, നിയമം സൃഷ്ടിക്കുന്ന കൂടുതല്‍ സങ്കീര്‍ണതകള്‍ പ്രശ്നപരിഹാരത്തിനു ഉപയുക്തമല്ലെന്ന തിരിച്ചറിവാണ് മനംമാറ്റത്തിനു കാരണമെന്നു വേണം കരുതാന്‍. ഒപ്പം തന്നെ, അഴിമതിക്കഥകളില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന യുപിഎ സര്‍ക്കാരിന് പുതിയ തലങ്ങളില്‍ തങ്ങളുടെ ഉല്‍ക്കണ്ഠകള്‍ പ്രതിഫലിപ്പിക്കാനും അതിന്റെ ഫലം ആഗ്രഹിക്കാനുമുള്ള ആകാംക്ഷകളും തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടാകാം. ഇറോം ശര്‍മിളയെപ്പോലുള്ള ജനപ്രിയനേതാക്കള്ക്ക് തീരുമാനത്തോട് ആഭിമുഖ്യമുണ്ടാകുന്നതു സ്വാഭാവികമായും ഗുണപ്രദമാകുമെന്നും നേതാക്കള്‍ കരുതുന്നുണ്ടാകാം.
ആഭ്യന്തര മന്ത്രാലയം എടുത്ത നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയ്ക്കു ശേഷമേ ഫലത്തില്‍ വരൂ. ഉടനെ തന്നെ ഇക്കാര്യം കേന്ദ്രപരിഗണനയ്ക്കായി സമര്‍പ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. പ്രതിരോധമന്ത്രാലയത്തിന്റെ അഭിപ്രായവും അന്തിമതീരുമാനത്തെ സ്വാധീനിക്കും.
വിഘടനവാദം നിലനില്‍ക്കുന്ന ജമ്മുകശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന പ്രതിരോധനിയമമാണ് അഫ്സ്പ. സൈന്യത്തിന് വിപുലമായ അധികാരങ്ങള്‍ വകവച്ചുകൊടുക്കുന്ന ഈ നിയമം തീവ്രവാദവിരുദ്ധനടപടികള്ക്കെന്ന മട്ടിലാണ് പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നിയമത്തിന്റെ മറവില്‍ പട്ടാളം സിവിലിയന്മാരുടെ അവകാശങ്ങളെ മുച്ചൂടും ഹനിക്കുന്നു എന്ന മുറവിളിയാണ് എക്കാലവും ഈ നിയമം നിലവിലുള്ള മേഖലകളില്‍ നിന്നുയരുന്നത്. നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ദീര്‍ഘകാലമായി പ്രതിഷേധച്ചൂടില്‍ നിര്‍ത്തിയിരിക്കുന്ന നിയമമാണിത്.
സര്‍ക്കാരിന്റെ ആഗ്രഹമല്ല അഫ്സ്പയുടെ നിലനില്പിനു കാരണമെന്നും തീവ്രവാദത്തിനെതിരെ ഫലപ്രദമായ നിയമമെന്ന നിലയിലാണ് ഇത് ഒഴിവാക്കാനാകാതെ വന്നതെന്നും ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറയുന്നു. എന്നാല്‍, എന്തുകൊണ്ട് ഇപ്പോള്‍ ഒഴിവാക്കുന്നു എന്ന ചോദ്യത്തിന് ഇപ്പോള്‍ മണിപ്പൂരില്‍ പ്രശ്നം കുറവാണ് എന്ന ഒഴുക്കന്‍ മറുപടിയേ മന്ത്രിക്കുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇറോം ശര്‍മിളയുടെ ഏറെക്കുറേ നിശ്ശബ്ദമെങ്കിലും അത്യന്തം വാചാലമായ സഹനസമരത്തിന്റെ തീക്ഷ്ണത നിലപാടുമാറ്റത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പാണ്.
കശ്മീരിലും അഫ്സ്പ ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഒമര്അബ്ദുള്ള മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യവും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ചര്‍ച്ചയിലാണ്. കശ്മീരില്‍നിന്ന് നിയമം പിന്‍വലിക്കുന്നതിനോട് പ്രതിരോധ മന്ത്രാലയത്തിനുള്ള കടുത്ത എതിര്‍പ്പ് പ്രശ്നമാകും. അതുകൊണ്ടുതന്നെ മണിപ്പൂരിലെ ജനങ്ങളുടെ മുന്നില്‍ വിരിയുന്ന വിജയം കശ്മീരികളുടെ മുന്നില്‍ വിരിയാന്‍ ഇനിയും കാലമെടുക്കുമെന്നു കരുതേണ്ടിവരും.
ശ്യാം നരേന്ദ്രന്








