ചാണ്ടിയയമ്പോള്‍ ചെന്നിയും!

­തൊ­മ്മ­ന­യ­യു­മ്പോള്‍ ചാ­ണ്ടി മു­റു­ക­ണ­മെ­ന്ന­തു ലോ­ക­ത­ത്വ­മാ­ണ്. ഇക്കാ­ര്യം കണ്‍­ഫ്യൂ­ഷ­സാ­ണോ പറ­ഞ്ഞ­ത് എന്ന കണ്‍­ഫ്യൂ­ഷന്‍ നി­ല­വി­ലു­ണ്ടെ­ങ്കി­ലും അയ­ച്ചി­ലി­നും മു­റു­ക്ക­ത്തി­നും ഏതു­കാ­ല­ത്തും കു­റ­വേ­തും വന്നി­ട്ടു­മി­ല്ല. തൊ­മ്മന്‍ സ്ഥ­ല­ത്തി­ല്ലാ­താ­കു­ന്ന അപൂര്‍­വം സന്ദര്‍­ഭ­ങ്ങ­ളില്‍ ഒരു പക­ര­ക്കാ­ര­നാ­യി ഉമ്മ­ന് അയ­യു­ക­യും മു­റു­കു­ക­യും ചെ­യ്യാം. അപ്പോ­ഴും അപ­ര­സ്ഥാ­ന­ത്ത് ചാ­ണ്ടി­ത­ന്നെ അതേ ക്രി­യ­ക­ളു­ടെ പ്ര­തി­ക്രി­യ­കള്‍ ചെ­യ്തു­കൊ­ണ്ടി­രി­ക്കും. പ്ര­തി­ക്രി­യാ­വാ­ദ­വും വാ­ത­ക­വു­മൊ­ന്നും മന­സ്സി­ലാ­കാ­ത്ത, പാര്‍­ട്ടി­ക്ലാ­സു­ക­ളില്‍ സജീ­വ­മാ­യി പങ്കെ­ടു­ക്കാ­ത്ത ഉത്ത­മ­ന്മാര്‍­ക്കു­പോ­ലും ഇക്കാ­ര്യം അറി­യാം­.

ആ­കെ­യൊ­രു ആശ­യ­ക്കു­ഴ­പ്പം വരു­ന്ന­ത് തൊ­മ്മന്‍ സ്ഥ­ല­ത്തി­ല്ലാ­തി­രി­ക്കു­ക­യും ശേ­ഷി­ക്കു­ന്ന ചാ­ണ്ടി­യും തൊ­മ്മ­ന്റെ പക­ര­ക്കാ­രന്‍ ഉമ്മ­നും ഒരേ­യാ­ളാ­കു­ക­യും ചെ­യ്യു­ന്ന ഡി­ലെമ സി­റ്റ്വേ­ഷ­നാ­ണ്. ഇതി­നെ കൈ­കാ­ര്യം ചെ­യ്യാന്‍ നേ­ര­ത്തും ചാ­ണ്ടി­ക്കു് ഊന­മേ­തു­മി­ല്ല. ചാ­ണ്ടി ചാ­ണ്ടി­യാ­യോ ചണ്ടി­യാ­യോ തു­ട­രു­ക­ത­ന്നെ­ചെ­യ്യു­മ്പോള്‍, തൊ­മ്മ­നും പ്രാ­സ­മൊ­പ്പി­ക്കാന്‍ വന്ന ഉമ്മ­നും പക­രം ചാ­ണ്ടി­ക്കു പ്രാ­സ­ത്തില്‍ പ്ര­തി­യോ­ഗി­യാ­കു­ന്ന ചെ­ന്നി­യെ പി­ടി­ക്കാ­വു­ന്ന­താ­ണ്. ചെ­ന്നി­ക്കു­ത്ത് എന്ന അവ­സ്ഥ­യെ ഇം­ഗ്ലീ­ഷില്‍ ഡി­ലെമ എന്നു­ത­ന്നെ പറ­യാ­വു­ന്ന സ്ഥി­തി­ക്ക് ചാ­ണ്ടി­യ­യ­മ്പോള്‍ ചെ­ന്നി മു­റു­കു­ക­യും വൈ­സ് വേ­ഴ്സ­യില്‍ ശാ­സ്ത്ര­സ­ത്യം തു­ട­രു­ക­യും ചെ­യ്യു­ന്ന പ്ര­ക്രി­യ­യ്ക്ക് ലോ­കം സാ­ക്ഷ്യം വഹി­ക്കു­ന്ന­തില്‍ തെ­റ്റൊ­ന്നും പറ­യാ­നാ­കി­ല്ല. ലോ­ക­ത്തി­ന്റെ ഒരു കോ­ണായ കേ­ര­ള­ത്തില്‍ ഈ പ്ര­തി­ഭാ­സം പ്ര­തി­ദി­നം പ്ര­ക­ട­മാ­കു­ന്ന­ത് എന്തൊ­രു സു­ന്ദ­രം­!

ഇ­പ്പോ­ഴി­താ, അഞ്ചാം മന്ത്രി­ക്കാ­ര്യ­ത്തി­ലും വകു­പ്പു­മാ­റ്റ­ത്തി­ന്റെ കാ­ര്യ­ത്തി­ലും ഒക്കെ­യാ­ണ് ചെ­ന്നി­യും ചാ­ണ്ടി­യും തമ്മില്‍ അയ­യു­ക­യും മു­റു­കു­ക­യും മാ­റി­മാ­റി­ച്ചെ­യ്ത­ത്. അവ­സാ­നം മു­റു­കി­യ­ത് അയ­യു­മ്പോള്‍ അതി­ന്റെ ആറാ­ട്ടെ­ന്നു പറ­ഞ്ഞ­തു­പോ­ലെ, അഞ്ചാം­മ­ന്ത്രി അസ്സ­ലാ­മു അലൈ­ക്കും പറ­ഞ്ഞു സത്യ­പ്ര­തി­ജ്ഞ ചെ­യ്ത­പ്പോ­ഴാ­ണ് കാ­ര്യ­ങ്ങള്‍­ക്കു പരി­ണാ­മ­ഗു­പ്തന്‍­നാ­യ­രു­ണ്ടാ­യ­ത്.

­ലീ­ഗ് നട­ത്തിയ സമ്മര്‍­ദ്ദ­ത്തെ തവള പാ­ണ്ടി­ലോ­റി മറി­ക്കാന്‍ നട­ത്തു­ന്ന മസി­ലു­പി­ടി­ത്ത­ശ്ര­മ­ത്തോ­ടു­പ­മി­ക്കാ­മെ­ങ്കി­ലും, ഇവി­ടെ ആയ­ത് പാ­ണ്ടി­ലോ­റി­യു­ടെ അധൈ­ര്യ­ത്തി­ലാ­ണ് കലാ­ശി­ച്ച­ത്. അതാ­യ­ത്, തവ­ള­യെ­ക്ക­ണ്ട്, ആ മസി­ലു­പി­ടി­ത്തം കണ്ട്, ഇനി­യെ­ങ്ങാ­നും ലവന്‍ കേ­റി മറി­ച്ചി­ട്ടാ­ലോ എന്നു­പേ­ടി­ച്ച്, പാ­ണ്ടി­ലോ­റി­യു­ടെ ഡ്രൈ­വ­നും ക്ലീ­ന­നും­കൂ­ടി വണ്ടി, ഷഡന്‍ ബ്രേ­ക്കി­ട്ടു­നിര്‍­ത്തി­യ­തു­പോ­ലാ­യി. തവ­ള­യ്ക്കാ­ണെ­ങ്കില്‍ കി­ട്ടി­യ­തു ഷോ­ഡ­തി! ഇനി­മേല്‍ ലോ­റി മറി­ച്ച തവള എന്ന് ആയ­വന്‍ അറി­യ­പ്പെ­ടും­.

ഇ­തൊ­ക്കെ­ക്ക­ഴി­ഞ്ഞി­ട്ടി­പ്പോള്‍ ചാ­ണ്ടി അയ­ഞ്ഞു­തൂ­ങ്ങി­യി­രി­ക്കു­മ്പോള്‍ ഇനി മു­റു­കി­യി­ട്ടു­കാ­ര്യ­മി­ല്ലെ­ന്നു മന­സ്സി­ലാ­യി­ട്ടോ എന്തോ ചെ­ന്നി­യും അയ­യു­ക­യാ­ണ്. അതാ­യ­ത് അയ­ച്ചി­ലി­ന്റെ ഒരു അയ്യ­രു­ക­ളി! ചെ­ന്നി പറ­യു­ന്ന­ത് ചാ­ണ്ടി­യൊ­റ്റ­യ്ക്ക് നട­ത്തിയ അബ­ദ്ധ­മ­ല്ല അഞ്ചാം­മ­ന്ത്രി എന്നാ­ണ്. അബ­ദ്ധ­മാ­ണെ­ന്ന­ത് അവി­തര്‍­ക്കി­ത­മെ­ങ്കി­ലും ആയ­തു ചെ­യ്ത­തില്‍ മു­ഖ്യ­പ്ര­തി ചാ­ണ്ടി­ക്കെ­ന്ന­പോ­ലെ പ്ര­തി­മു­ഖ്യ­നായ തനി­ക്കും പങ്കു­ണ്ടെ­ന്നാ­ണ് അദ്ദേ­ഹം പറ­യു­ന്ന­ത്. അഞ്ചാം­മ­ന്ത്രി­ക്കാ­ര്യ­ത്തില്‍ താ­നും ചാ­ണ്ടി­യും തമ്മില്‍ ആശ­യ­വി­നി­മ­യ­ത്തില്‍ നേ­രിയ പാ­ളി­ച്ച­ക­ളു­ണ്ടാ­യി­ട്ടു­ണ്ടെ­ന്നും ആയ­തി­നാല്‍ രണ്ടാ­ളും കു­റ്റ­ക്കാ­രാ­ണെ­ന്നു­മാ­ണ് അദ്ദേ­ഹം ചാ­ന­ലില്‍ ചര്‍­വ­ണം ചെ­യ്ത­ത്.

അ­താ­യ­ത്, അഞ്ചാം­മ­ന്ത്രി­യെ അനു­വ­ദി­ക്കു­ക­യ­ല്ല നാം ചെ­യ്യേ­ണ്ട­ത് എന്നാ­ണ് താന്‍ ചാ­ണ്ടി­യോ­ടു പറ­യാ­നു­ദ്ദേ­ശി­ച്ച­ത്. എന്നാല്‍ പറ­ഞ്ഞു­പോ­യ­ത് അല്ല എന്ന­തി­നു പക­രം അല്ലി എന്നാ­യി­പ്പോ­യി. അപ്പോള്‍ തന്റെ മു­റു­ക്കം കണ്ട് പൊ­ടു­ന്ന­നെ അയ­ഞ്ഞ ചാ­ണ്ടി കേ­ട്ട­ത് അല്ലി­യെ­ന്ന­തി­നു­പ­ക­രം അലി എന്നാ­യി­പ്പോ­യി. അതാ­യ­ത്, തനി­ക്കു പറ്റിയ നാ­ക്കു­പി­ഴ­യും  ചാ­ണ്ടി­ക്കു­പ­റ്റിയ കേ­ക്കു­പി­ഴ­യും ചേര്‍­ന്ന­പ്പോള്‍ അല്ല­യെ­ന്ന­ത് അല്ലി­യും ക്ര­മേണ അലി­യു­മാ­യി. അല്ലു എന്നാ­ണു ചാ­ണ്ടി കേ­ട്ടി­രു­ന്ന­തെ­ങ്കില്‍ ഇപ്പോള്‍ അലി­ക്കു പക­രം തെ­ലു­ഗു­താ­രം അല്ലു അര്‍­ജുന്‍ കേ­രള മന്ത്രി­സ­ഭ­യി­ലി­രു­ന്നി­രു­ന്നേ­നേ! പാ­വം, കൊ­ടു­ത്തു­വ­ച്ചി­ല്ല.

ഏ­താ­യാ­ലും തെ­റ്റു തന്റേ­തു­കൂ­ടി­യാ­യ­തി­നാല്‍ പാ­വം ചാ­ണ്ടി­യെ മാ­ത്രം ആരും കു­രി­ശേ­റ്റു­ക­യോ മര­ത്തില്‍­കെ­ട്ടി­യി­ടു­ക­യോ ഒന്നും വേ­ണ്ട. താ­നാ­ണു തെ­റ്റു­കാ­രന്‍. അതു­കൊ­ണ്ടു താന്‍­ത­ന്നെ പറ­യു­ന്നു - ലേ­ലു അല്ലു­... ലേ­ലു അല്ലു­... ലേ­ലു അല്ലു­... ചാ­ണ്ടി­യെ അഴി­ച്ചു­വി­ട്...

0 Comments

Post new comment

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 7 =
Solve this simple math problem and enter the result. E.g. for 1+3, enter 4.
To prevent automated spam submissions leave this field empty.
feedback