2009 ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ ഗട്ചിറോളി ജില്ലയിലെ മേന്ത ഗ്രാമം സന്ദര്‍ശിക്കുകയും ആദിവാസികളുടെ അതിഥിയായി താമസിക്കുകയും ചെയ്ത ലേഖകന്‍ ഗോത്രസമൂഹത്തിന്റെ ഭരണ-സാമൂഹിക സംവിധാനങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു.
ഗ്രാമസഭയുടെ വരുമാനമായി സംഘത്തിലുള്ളവര്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ (തേന്‍, കുന്തിരിക്കം, നെല്ലിക്ക, ഔഷധങ്ങള്‍ തുടങ്ങിയവ) വഴിയുള്ള വരുമാനത്തിന്റെ പത്തുശതമാനവും കൃഷിഭൂമിയിലെ വിളവിന്റെ അഞ്ചുശതമാനവും ധാന്യ ഗ്രാമഫണ്ടിനും ഗ്രാമധാന്യഫണ്ടിനും യഥാക്രമം നല്കുന്നു. ഇതിനുപുറമെ ഗ്രാമസഭ നിശ്ചയിക്കുന്ന പടികളും മറ്റും വരുമാനമായുണ്ട്. ഇത് പൊതു ആഘോഷങ്ങള്‍ക്കും ആവശ്യമായ അംഗങ്ങള്‍ക്ക് പലിശയില്ലാതെ ഒരു വര്‍ഷത്തേക്ക് കടമായി നല്‍കാനും ഉപയോഗിക്കും. ഒരു വര്‍ഷം കൊണ്ട് തിരിച്ചടപ്പിടച്ചില്ലെങ്കില് 2% പലിശ ഈടാക്കുന്നു. ഗ്രാമസഭയുടെ അക്കൗണ്ട് സൂക്ഷിക്കാന്‍ ഗ്രാമസഭ പ്രത്യേക രീതി തീരുമാനിച്ചിരിക്കുന്നു.
ഒപ്പധികാരമുള്ള രണ്ടുപേര്‍, പാസ്ബുക്കും ചെക്ക്ബുക്കും സൂക്ഷിക്കാന്‍ മറ്റൊരാള്‍, കണക്ക് വെക്കാനും സ്വീകരിക്കാനും കൊണ്ടുവരാനും മറ്റൊരാള്‍, പണം ബാങ്കില്‍ നിന്നും സ്വീകരിക്കാനും കൊണ്ടുവരാനും മറ്റൊരാള്‍, ചെലവഴിക്കാന്‍ ഗ്രാമസഭ തീരുമാനിക്കുന്നമറ്റൊരാള്. ഇങ്ങിനെ ആറുപേരാണ് പണം കൈകാര്യം ചെയ്യുന്നത്. ആധുനിക ലോകത്തിനു തന്നെ നല്ലൊരു മാതൃകയാണിത്.
പാരമ്പര്യവിദ്യാഭ്യാസം
ആധുനിക വിദ്യഭ്യാസരീതിക്ക് മുമ്പ് എട്ടുവയസ്സിനുശേഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജീവിതപരിശീലനം നേടിയിരുന്നത് "ഗോട്ടൂള്" എന്ന പരമ്പരാഗത വിദ്യാലയത്തിലായിരുന്നു. ഈ സമ്പ്രദായമനുസരിച്ച് മുതിര്‍ന്ന കുട്ടികള്‍ തന്നെയാണ് അധ്യാപകര്‍ അല്ലെങ്കില്‍ പരിശീലകര്‍. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഗൈഡുകളാണ്. കൃഷി, വനം, പാചകം, സംഗീതം വൃത്തി, നൃത്തം, കുടുംബം, ശുശ്രൂഷ, പൗരത്വം, മുതലായ സാര്‍ത്ഥക പ്രവൃത്തികളില്‍ ഇവിടെ പരിശീലനം ലഭിക്കുന്നു. മാത്രമല്ല കുട്ടികള്‍ തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതും മിക്കവാറും ഗോട്ടൂള് ജീവിതത്തില്‍ നിന്നുതന്നെ. പാശ്ചാത്യവിദ്യാഭ്യാസവും പരിഷ്കാരവും ഈ രീതിയെ ഇല്ലാതാക്കിയിരുന്നു.
ഗ്രാമസഭ അവരുടെ സമ്പന്ന പാരമ്പര്യത്തിന്റെ മഹത്വം തിരിച്ചറിയുകയും. ഗോട്ടൂള് പുനസൃഷ്ടിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഗോട്ടൂള് എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കഴിയാനുള്ള ഒരു കെട്ടിടമാണ്. അത് നിര്‍മ്മിക്കാനായി കാട്ടില്‍നിന്നും മരം വെട്ടിയത് വനപാലകരെ അരിശം കൊള്ളിച്ചു. അവര്‍ പൊലീസിനെയും കൊണ്ടുവന്നു. ഗോട്ടൂര്‍ പൊളിച്ചു. മരങ്ങള്‍ അടുക്കിവെച്ചു. അടുത്തദിവസം തന്നെ ചുറ്റുപാടുകളിലുള്ള 12 ഗോത്രഗ്രാമങ്ങളില്‍ ഗോട്ടൂളുകള് ഉയര്‍ന്നു. മാത്രമല്ല, ഇവ എത്രപ്രാവശ്യം പൊളിച്ചാലും തങ്ങളത് ഉടനെ നിര്‍മ്മിക്കുമെന്ന് സ്ത്രീകള്‍ ഒന്നടങ്കം പ്രഖ്യാപിച്ചതോടെ വനപാലകര്‍ ഒതുങ്ങി. ഇന്നവര്‍ ഗോട്ടൂളിന്റെ ഭാഗമായിത്തന്നെ പരിശീലിക്കാനായി ഒരു കംപ്യൂട്ടര്‍ ലാബും ഒരുക്കിയിരിക്കുന്നു.
മണ്ണു - ജല സംരക്ഷണം
ശുഷ്കമായി കിട്ടുന്ന മഴവെള്ളം ഒലിച്ചുപോകുന്നതുവഴി കാട്ടിലെ മണ്ണ് നഷ്ടപ്പെടുന്നത് തടയാനായി ഒരു കിണറും 17 ബണ്ടുകളും ഒരു ജല സംഭരണിയും 1000ത്തോളം ഗള്ളി പ്ലഗ്ഗുകളും ഇവര്‍ നിര്‍മ്മിച്ചു. അതുവഴി കാലങ്ങളായി അനുഭവിച്ചിരുന്ന ജലക്ഷാമം പൂര്‍ണ്ണമായും ഇല്ലാതായി. ഇതിലെ ജലസംഭരണി സര്‍ക്കാര്‍ സഹായം കൊണ്ട് മാത്രം പൂര്‍ത്തിയാക്കാനായില്ല. ഗ്രാമസഭ അവസരത്തിനൊത്തുയര്‍ന്നു. പൂര്‍ത്തിയാക്കാനായി ചെയ്യുന്ന പ്രവൃത്തിക്ക് പൊതുമാനദണ്ഡങ്ങസളും നിശ്ചയിച്ച് പണി തീര്‍ത്തു. പണി ചെയ്ത ഓരോരുത്തര്‍ക്കും പണത്തിനു പകരം കൂലിയായി അതേ ജലസംഭരണിയില്‍ വളര്‍ത്തിയ മത്സ്യം നല്കുന്നു.
ബയോഗ്യാസ് പ്ലാന്റുകള്‍
കാട്ടിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും വിറകിന്റെ ഉപയോഗം കുറക്കാനും കൃഷിക്കുപയുക്തമായ വളം ലഭിക്കുന്നതിനുമായി എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാന്റുകള്‍ ആസൂത്രണം ചെയ്ത് കാലികളില്ലാത്ത വീട്ടുകാര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വീഴുന്ന ചാണകം ശേഖരിക്കാന്‍ അനുവാദം നല്കി. എല്ലാവീടുകളിലും ബയോഗ്യാസ് വന്നതോടെ വിറക് ശേഖരണം വഴിയുള്ള കാട് ശോഷണം ഇല്ലാതായി അതുപോലെ വിരസാത്മകമായി കാട് നശിപ്പിച്ച് വന വിഭവങ്ങള്‍ ശേഖരിക്കുന്നത് കുറ്റകരമായി കണക്കാക്കി.
തേന്‍ സംഭരണം
പരമ്പരാഗതരീതിയില്‍ കൂടും അടയും നശിപ്പിച്ചാണ് തേന്‍ സംഭരിച്ചിരുന്നത്. പൂനയിലെ കാര്‍ഷികസര്‍വ്വകലാശാലയുമായി ചേര്‍ന്ന് നടന്ന ഗവേഷണഫലമായി കൂടും അടയും ഈച്ചയും നശിപ്പിക്കപ്പെടാതെ തേന്‍ സംഭരിക്കുന്നരീതി വികസിപ്പിച്ചു. അതുവഴി തേന്‍ ഉല്‍പ്പാദനം പതിന്മടങ്ങുവര്‍ദ്ധിച്ചു.
മുള സംഭരണവും പേപ്പര്‍മില്ലും
പേപ്പര്‍ മില്ല് വ്യവസായം ഇവിടെ വന്‍ശക്തിയാണ്. മേന്തയുടെ നിസ്താര്‍ അവകാശമുള്ള ഭൂമിയിലെ പോലും മുളമുറിക്കുന്നതിന് പേപ്പര്‍ മില്ലുകള്‍ക്ക് നാമമാത്രമായ വിലയ്ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഈ ലീസ് കരാര്‍ 1991 ല്‍ അവസാനിച്ചു. ഗ്രാമസഭ ഉടന്‍ മുഖ്യമന്ത്രിക്ക് തങ്ങളുടെ അനുവാദമില്ലാതെ മുള പേപ്പര്‍ കമ്പനിക്ക് നല്‍കരുതെന്ന് അറിയിച്ചു. ഇനി കരാര്‍ പരിഷ്കരിച്ച് നീട്ടിക്കൊടുത്താലും ഞങ്ങളുടെ മുള മുറിക്കാന്‍ മില്ലിനെ അനുവദിക്കില്ലെന്ന് അറിയിച്ചു. എങ്കിലും സര്‍ക്കാര്‍ ലീസ് പുതുക്കിക്കൊടുത്തു. പക്ഷെ ജനങ്ങള്‍ 'ചിപ്കൊ' രീതിയില്‍ മൂന്നുവര്‍ഷം മുളവെട്ടുന്നത് തടഞ്ഞു.
പലതരം പ്രലോഭനങ്ങളും ഭീഷണിയും ക്രൂര രീതികളും പ്രയോഗിച്ചെങ്കിലും ഗ്രാമത്തിന്റെ ഐക്യം തകര്ക്കാനവര്ക്കായില്ല. പഞ്ചായത്ത് സര്‍പഞ്ച് വഴി ഗ്രാമസഭയ്ക്ക് നോട്ടീസ് നല്കി. ഗവണ്മെന്റ് നല്കിയ ലീസിനെ തടഞ്ഞാല്‍ കേസെടുക്കമെന്ന് ഉത്തരവിറക്കി.
ഗ്രാമസഭയും പഠനഗ്രൂപ്പും വിശദമായി കാര്യം പഠിച്ചു. ചര്‍ച്ചചെയ്തു. ഗവര്‍മെണ്ടിനു അവരുടെ ആക്ഷനുമായി മുന്നോട്ട് പോകാന്‍ മറുപടിയായി കത്തുകൊടുത്തു. മാത്രമല്ല മില്ലുകളുടെ മുളമുറി അശാസ്ത്രീയമാണെന്നും അതുവഴി പുതുതലമുറകള്‍ ഇല്ലാതാകുന്നുവെന്നും മനസ്സിലാക്കി. അതിനാല്‍ ഈ രീതി ഉപേക്ഷിക്കുന്നതിനു ഗ്രാമസഭ ആവശ്യപ്പെട്ടു. മാത്രമല്ല സംയുക്ത വന പരിപാലനസംഘം മൂത്തമുളകള് മാത്രം മുറിച്ച് കൃഷിക്കാവശ്യമുള്ളതും കൈത്തൊഴിലുകള്ക്കാവശ്യമുള്ളതുമായ മുളകള്‍ നല്കിയതിനുശേഷം ബാക്കിവരുന്നത് പേപ്പര്‍ മില്ലുകള്‍ക്ക് ന്യായമായ വിലക്ക് നല്കുന്ന പദ്ധതി മൂന്നു വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ അംഗീകരിച്ചു.
പൊതു ഫണ്ടുകളുടെ സൂക്ഷിപ്പും വിനിയോഗവും
ഗോത്ര വികസനത്തിന്റെ പേരില്‍ ഗവ. അനേകം ഫണ്ട് നല്കുന്നു. പക്ഷെ ഗോത്രവര്ഗ്ഗങ്ങളിലത് എത്താറില്ല. ഗ്രാമസഭ ഈ പ്രതിഭാസം പഠനവിഷയമാക്കുകയും ഫണ്ടുകള്‍ നേരിട്ട് ഗ്രാമസഭയെ ഏല്പിക്കണമെന്ന് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും കത്തെഴുതുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ പണം ഗ്രാമപഞ്ചായത്തിന് നല്കാനെ പറ്റു എന്നു മറുപടി നല്കി.
ഗ്രാമീണര്‍ പറഞ്ഞു ഗ്രാമവികസനത്തിനാണെങ്കില് ഗ്രാമത്തിന് നല്‍കണം. പഞ്ചായത്തിനല്ല. അപ്പോള്‍ ഗ്രാമസഭക്ക് ലീഗലായ ഒരു അവകാശവും ഇല്ലെന്നായി. എന്നാല്‍ എന്തുകൊണ്ടാണ് പണം എന്‍ ജി ഒ കള്‍ക്ക് കൊടുക്കുന്നത്? അവര്‍ക്ക് രജിസ്ട്രേഷനുണ്ട്. നിങ്ങള്‍ക്കതില്ല.
അങ്ങിനെ പ്രത്യേക ഭാരവാഹികളില്ലാത്ത ഗ്രാമസഭയുടെ കീഴിലുള്ള ഗ്രാമ പ്ലാനിങ്ങ് വികസനസമിതി വില്ലേജ് പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ മേന്ത (ലേഖ) രൂപീകരിച്ചു. ഭാരവാഹികളില്ലാത്ത ഇതിനെ അവസാനം അധികൃതര്‍ അംഗീകരിച്ചപ്പോഴേക്കും ഫണ്ട് തരാമെന്നേറ്റിരുന്ന ആഫീസറെ സ്ഥലം മാറ്റി. അഴിമതിയില്ലാതാക്കാനും വികസന പദ്ധതി ആവിഷ്കരിക്കാനും ജല മണ്ണു സംരക്ഷണ പരിശീലനം അയല്ഗ്രാമങ്ങള്ക്ക് നല്‍കാനും ഗ്രാമം മുന്‍കൈയെടുത്തു. ഫലപ്രദമായി നടപ്പിലാക്കിവരുന്നു.
കൂട്ടായ കൃഷി, സ്വകാര്യസ്വത്ത്
ഗ്രാമത്തിലെ രണ്ടു കുടുംബങ്ങളൊഴിച്ച് എല്ലാവര്ക്കും പട്ടയമുള്ള കൃഷിഭൂമിയുണ്ട്. ഏതെങ്കിലും ഒരു കുടുംബത്തിന് കൃഷിയിറക്കാനായില്ലെങ്കില്‍ ഗ്രാമസഭയുടെ ഒത്താശയോടെ അയല്‍വാസികള്‍ അതുചെയ്യും. ആ വീട്ടുകാര്‍ അന്നത്തെ ആഹാരം തയ്യാറാക്കിയാല്‍ മതി. അതിനും കഴിഞ്ഞില്ലെങ്കില്‍ ജോലി ചെയ്യുന്നവര്‍ ഓരോരുത്തരും സ്വന്തം വീട്ടില്‍ പോയി ആഹാരം കഴിച്ച് വരുന്നു. അതുവഴി വേതനമില്ലാതെ, കൂലിയില്ലാതെ അന്യോന്യം സഹായിക്കുന്നു. ഈ പ്രവണതയിലും കൂട്ടായ്മയിലും ഉള്ള സംതൃപ്തിയില്‍ തങ്ങളുടെ പേരിലുള്ള ഭൂമി ഗ്രാമസഭയ്ക്ക് കൈമാറുന്നതിനെകുറിച്ചും കൃഷിഭൂമി പൊതുവാക്കുന്നതിനെക്കുറിച്ചും ഗൗരവമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. അതുവഴി ആധുനിക ലോകത്തിന്റെ സ്വകാര്യസ്വത്തിനും അനുബന്ധ വൈകൃതങ്ങള്‍ക്കും അധാര്‍മികതകള്‍ക്കും ഹിംസകള്‍ക്കും നേരെ ഫലപ്രദമായ ആയുധം അവര്‍ തയ്യാറാക്കുന്നു.
ആദിവാസികളുടെ വനാവകാശനിയമം - 2006
ആദിവാസി വനാവകാശ നിയമം ന്യൂഡല്‍ഹിയിലെ മിനിസ്ട്രി ഓഫ് ലോ ഏന്റ് ജസ്റ്റിസ് 2007 ജനുവരി 2ന് ഗസറ്റ് വിജ്ഞാപനം ചെയ്തു. അതിനുള്ള ചട്ടങ്ങള്‍ 2008 ല്‍ നിലവില്‍വന്നു. ഗ്രാമസഭയും പഠനഗ്രൂപ്പും ഈ ചട്ടങ്ങള്‍ വിശദമായി പഠിച്ചു. അവരുടെ നിസ്താര്‍ അവകാശമുള്ള ഭൂമിക്ക് മേലുള്ള വനാവകാശം ഉന്നയിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ആഫീസുകള്‍ക്കും നോട്ടീസ് നല്കി. സ്ക്രൂട്ടിനിയും ഗൃഹപാഠങ്ങളും പരിശോധനയും ചെയ്തു തയ്യാറാക്കിയ റിപ്പോര്‍ട്ടും അത് അംഗീകരിച്ച ഗ്രാമസഭയുടെ മിനുട്സും അടക്കം സബ്ബ്ഡിവിഷനല് ലെവല്‍ കമ്മറ്റിക്ക് നല്കി. അവര്‍ അത് പുനഃപരിശോധനക്കും സ്ക്രൂട്ടിനിക്കും ശേഷം ജില്ലാകളക്ടര്‍ ചെയര്‍മാനായ ജില്ലാ ലെവല്‍ കമ്മറ്റിക്ക് കൊടുത്തു. ജില്ലാ കമ്മറ്റിയുടെ പരിശോധനയ്ക്കുശേഷം തൃപ്തരായാല് ഗവര്‍ണര്‍ക്ക് വേണ്ടി ജില്ലാ കമ്മറ്റി വനാവകാശവാദം അംഗീകരിച്ച് പ്രഖ്യാപിക്കുന്നതാണ് രീതി.
മേന്ത (ലേഖ) ഗ്രാമസഭ നിയമാനുസൃതം സമര്‍പ്പിച്ച അവകാശവാദം ഊര്‍ജ്ജസ്വലനും ഗോത്രവര്‍ഗ്ഗ തല്പരനുമായ യുവ ജില്ലാകലക്ടര്‍ അതുല്‍ പാട്നെയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഗൗരവമായിയെടുത്തു പരിശോധിച്ചു. രേഖകളുടെ സ്ക്രൂട്ടിനി നടത്തി. ഗട്ചിറോളി ജില്ലയുടെ ഉത്തരവാദിത്തമുള്ള മന്ത്രി ശ്രീ രമേശ് ഭംഗ് 15.07.09 ലെ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ മേന്തയിലെ ജനങ്ങളുടെ വനാവകാശവാദം അംഗീകരിച്ചതായി പ്രഖ്യാപിച്ചു. മുഴുവന്‍ ഔദ്യോഗിക ചടങ്ങുകളും പത്രവാര്‍ത്തകളും ഔദ്യോഗിക വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ഗ്രാമം ഇതിന്റെ പേരില്‍ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ ഒരാഘോഷത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
വരും നാളുകളില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും വിശിഷ്യാ ആദിവാസി സമൂഹത്തിനും ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി പകരാന്‍ മേന്തക്കു കഴിയും. പുറമെനിന്നുള്ള വിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശനിര്ദ്ദേശങ്ങളില്ലാതെ തന്നെ സ്വന്തം ബുദ്ധിയും അനുഭവങ്ങളും വിവേകവുമുപയോഗിച്ച് ഏതൊരു 'അപരിഷ്കൃത' സമൂഹത്തിനും തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നും ജീവിതം കരുപ്പിടിക്കാനും സമൂഹത്തിനും രാഷ്ട്രത്തിനും ധനാത്മകമായി പലതും നേടികൊടുക്കാനും കഴിയുമെന്നിവര്‍ തെളിയിക്കുന്നു. മാത്രമല്ല സ്വകാര്യസ്വത്തിന്റെയും അതുവഴിയുള്ള ആര്‍ത്തിയുടെയും അവയെ വെള്ള പൂശാനുള്ള ദാന ധര്‍മ്മങ്ങളുടെയും വക്താക്കളായ മത - രാഷ്ട്രീയ സംഹിതകളെയും ആധുനിക സംസ്കൃതികളെയും ചോദ്യം ചെയ്യുകയും മാനവനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും അന്തസ്സായ ജീവിതവും ജീവിതാഭിവൃദ്ധിയും സാദ്ധ്യമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. ഇവര്‍ നല്ലൊരു നാളെയ്ക്ക് ലോകത്തിനാകെ മാതൃകയാവുന്നു.
ബന്ധപ്പെടേണ്ട വിലാസങ്ങള്‍
1. ദേവാജിതോഫെ 09421734018
2. മോഹന്‍ ഹിരാബായ് ഹിരലാല്‍ 09422835234, 07172 258134
Convener Vrikshamitra �
Near chiddarwar Hospital
Shende plote, Ramanagar
Chandrapur - 442401, Gadchiroli - Dt
Maharashtra.
email : vriksha - cha@ sancharnet .in
website: www vrikshamitra. org
കെ. ബഷീര്‍
![]() |
| ഒരു കേരളീയം ലേഖനം. വായനക്കാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പതിനൊന്നുവര്‍ഷമായി തൃശുരുനിന്ന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി മാസികയാണ് കേരളീയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സമരങ്ങളെയും, കൂട്ടാഴ്മകളെയും അടയാളപ്പെടുത്തുക എന്ന ദൌത്യമാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. കേരളീയത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും മറ്റ് എഴുത്തുകളും malayal.amല്‍ വായിക്കാവുന്നതാണ്. കേരളീയം മാസികയ്ക്കും അതാതു ലേഖകന്മാര്ക്കും പകര്‍പ്പവകാശമുള്ള ഈ ലേഖനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളീയത്തിനാണ്. മലയാളം (malayal.am) ന്യൂസ് പോര്‍ട്ടലിന് ഈ വിഷയങ്ങളില്‍ ഇതേ അഭിപ്രായമായിക്കൊള്ളണമെന്നില്ല. കേരളീയത്തിന്റെ മേല്‍വിലാസം : കേരളീയം, കൊക്കാലെ, തൃശൂര്‍ - 21 : 9446576943, 9446586943, 0487-2421385 e-mail : robinkeraleeyam@gmail.com |









