മഞ്ഞുകാലത്ത് കാട്ടിലൂടെ നടക്കുമ്പോള്‍ പ്രകൃതിയിലെ മനോഹാരിതകളെക്കുറിച്ച് ഏറെ ആഹ്ലാദത്തോടെയും വിസ്മയത്തോടെയും ഓര്‍മ്മിക്കാറുണ്ട്. കണ്ണുകള്‍ക്കുമുന്നില്‍ ഈര്‍പ്പമാര്‍ന്ന മഞ്ഞ് പുതഞ്ഞങ്ങനെ നില്ക്കും. ചില വേളകളില്‍ അതിനിടയിലൂടെ ഒരു ചൂളക്കാക്കയുടെ പാട്ട് നമ്മെ തേടിയെത്തും. അപ്പോള്‍ മഞ്ഞിനിടയിലൂടെ കണ്ണുമിഴിച്ച് അതിനെ തേടി നടക്കും. തൊട്ടടുത്തെവിടെയോ ഇരുന്നു ആ പക്ഷിപാടുന്നുണ്ട്. പക്ഷെ, നമ്മള്‍ക്കതിനെ കാണുവാനാകുന്നിലല്ലൊ? ആ മനോഹരസംഗീതത്തിന്റെ ഉറവിടം തേടി നാം മഞ്ഞിനിടയിലൂടെ നീന്തി എത്തുമ്പോള്‍, ആ ഗാനം നിലയ്ക്കുന്നു. ഒരു നിമിഷം വീണ്ടും കുറച്ചപ്പുറത്തുനിന്നും കേള്‍ക്കുകയായി. ബാല്യകാല സ്മരണകളിലെ കണ്ണുകെട്ടിക്കളികളിലേക്ക് ആ പക്ഷി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
അതെ, ചിലപ്പോഴൊക്കെ നമ്മള്‍ക്ക് നഷ്ടപ്പെട്ട ബാല്യമെല്ലാം കാട് തിരികെ കൊണ്ടുത്തരും. ഒരു മഹാവൃക്ഷത്തിനു നേരെ കണ്ണുമിഴിച്ചു നില്ക്കുന്ന ഒരു കൊച്ചുകുട്ടിയായി മാറും ആ നിമിഷം നാം. ഒരു ചെറുകുരുവിയുടെ പാട്ടോ, ഒരു കുഞ്ഞുപൂമ്പാറ്റയുടെ ചിറകടിയോ ഒക്കെ അതിനു ധാരാളം മതി.
മഞ്ഞിനിടയിലൂടെ പ്രത്യക്ഷപ്പെടുന്ന വന്യജീവികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? നമ്മള് പലപ്പോഴും അവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. നടന്നു നീങ്ങുമ്പോള്‍ പെട്ടെന്നായിരിക്കും അവ നമ്മുടെ ഏറേ അരികിലുണ്ടായിരുന്നു എന്ന് തിരിച്ചറിയുക.
അത്തരത്തില്‍ ഒരു യാത്രയില്‍, പുലര്‍ച്ചെ പറമ്പിക്കുളത്തെ വനാന്തര്‍ഭാഗത്തെ കോട്ടാളിയില് നിന്നും ഞാനും സുഹൃത്ത് തോമാസും നടന്നുവരികയാണ്. എവിടെയും കന്നത്ത മൂടല്‍മഞ്ഞ്. തൊട്ടപ്പുറം ഉള്ളതൊന്നും കാണുവാനാകുന്നില്ല. ഞങ്ങള്‍ നിശബ്ദരായി. കാടിന്റെ മര്‍മ്മരങ്ങള്‍ക്കു കാതുകൊടുത്ത് ഒരു ധ്യാനത്തിലെന്നപോലെ ആ മഞ്ഞിലൂടെ നീങ്ങുകയാണ്. പെട്ടെന്ന് ഇടതുവശം ഒരവ്യക്തരൂപം. കുറേകൂടി അടുത്തപ്പോള്‍, തൊട്ടരുകിലായി ഒരു കാട്ടുകൊമ്പന്. തേക്കുവൃക്ഷങ്ങള്ക്കിടയില് മഞ്ഞവനെ പൊതിഞ്ഞുനിന്നെങ്കിലും ആ കറുത്ത വര്‍ണ്ണം, ഒരു വലിയ പാറപോലെ തോന്നിച്ചു. അവന്റെ കൊമ്പുകളുടെ വര്‍ണ്ണം മഞ്ഞില്‍ ലയിച്ചു ചേര്‍ന്നിരുന്നു. നിശ്ചലനായി നിലകൊണ്ട അവന് പതുക്കെ ഞങ്ങള്‍ക്കുനേരെ തിരിഞ്ഞു. എന്തുമനോഹരമായ കാഴ്ചയായിരുന്നു അത്. വിടര്‍ത്തിപ്പിടിച്ച ആ വലിയ ചെവികളും, ഞങ്ങള്‍ക്കുനേരെ ഉയര്‍ത്തിപ്പിടിച്ച തുമ്പിക്കൈയും മഞ്ഞിനിടയില്‍ കറുത്ത കല്ലില്‍ കൊത്തിവച്ച ഒരു പ്രതിമ കണക്കെ. പിന്നെ അവന് ഒരടി മുന്നോട്ട് വച്ചു. ഞാന്‍ എന്റെ ക്യാമറയുമായി നിലത്തിരുന്നു. അവനു മുന്നില്‍. എന്റെ കൂട്ടുകാരന് പരിഭ്രമിച്ചൊ ആവോ. മുന്നോട്ട് വരുവാന്‍ ആഞ്ഞ ആ കാട്ടുകൊമ്പന് ഒന്നു ശങ്കിച്ചു. പിന്നെ നിശ്ചലനായി. നിലത്തിരുന്ന എന്റെ ക്യാമറകണ്ണുകളിലേക്ക് വേറൊരു ഡയ്മണ്ഷനിലാണ് അവന് ഗോചരമായത്. പിന്നീടവന്, പതുക്കെ പതുക്കെ പിന്നീട് നടന്ന് മഞ്ഞിനിടയില്‍ അപ്രത്യക്ഷനായി.
ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മഞ്ഞുകാലത്താണ് ആനന്ദ് രാജിനോട് യാത്ര പറഞ്ഞു ടോപ്പ് സ്റ്റേഷനില്‍ നിന്നും കൊടൈക്കനാലിലേക്ക് ബന്തറുമലയുടെ മുകളിലൂടെ തനിയെ നടന്നു പോയത്. വാള്‍ഡനും ആരണ്യകവുമൊക്കെ വായിച്ച് മനസ്സുകാടുകയറിക്കഴിഞ്ഞിരുന്നു. ചെറിയൊരു തോള്‍സഞ്ചി. അതില്‍ ലൂക്കയുടെ കടയില്‍ നിന്നും പൊതിഞ്ഞുകെട്ടിയ രണ്ടുദോശ, ഒരു പാക്കറ്റ് റൊട്ടി, കടലമുട്ടായി, ഒരു സ്ലീപിങ് ബാഗ്, ഒരു തോര്‍ത്ത് മുണ്ട്, കഴിഞ്ഞു. മൂന്നു ദിവസത്തെ യാത്രയ്ക്കു കരുതിയവയാണിത്. ആ കാട്ടുവഴിയില് മനുഷ്യരെ അങ്ങനെ കാണാറില്ല. അഥവാ കണ്ടാല്‍ വഴിമാറിനടക്കുന്ന കഞ്ചാവുകൃഷിക്കാരോ നായാട്ടുകാരോ ആയിരിക്കും അത്. ഇക്കാരണങ്ങളാല്‍ ആനന്ദ് രാജ് എന്ന വൃദ്ധന് ഏറെ ഉത്ക്കണ്ഠപ്പെട്ടിരുന്നത് ഞാനോര്‍ക്കുന്നു.
അക്കാലത്തു ബന്തറുവിനു ചുറ്റുമുള്ള ചോലക്കാടിനെ 'പാമ്പാടും ചോല' എന്നാരും വിളിച്ചുകേട്ടിരുന്നില്ല. വനംവകുപ്പിന്റെ ആരും ആ ഭാഗത്തൊന്നും ഉണ്ടായിരുന്നില്ല. നായാട്ടുകാര്ക്കും കഞ്ചാവുകൃഷിക്കാര്ക്കും പരമസുഖം.
മാട്ടുപെട്ടിക്കപ്പുറത്തേയ്ക്ക് ആരും ചെന്നിരുന്നില്ല. വാഹനങ്ങളും ഉണ്ടായിരുന്നില്ല. പേരിന് ഒരു ജീപ്പ് റോഡ്. എപ്പോഴും മഞ്ഞുപുതപ്പിച്ച് പ്രകൃതി ആ പ്രദേശത്തെ ഒളിപ്പിച്ചുപിടിച്ചു. തനിച്ചുള്ള ഇത്തരം യാത്രകളൊക്കെയല്ലേ നമ്മെ കാടിന്റെ ഹൃദയത്തോടടുപ്പിക്കുന്നത്?
പാത മുറിച്ചൊഴുകുന്ന തണുത്ത അരുവികള്‍ അവ ബന്തറുവിന്റെ നെറുകയിലെ പുല്‍മേട്ടില്‍നിന്നും പിറന്നവയായിരുന്നു. പാതയോരങ്ങളില്‍ കാട്ടുപഴങ്ങളും പൂക്കളില്‍ നൃത്തം ചവിട്ടുന്ന പൂമ്പാറ്റകളുടെ സമ്പന്നതയും, ചോലപ്പക്ഷികളുടെ ദയയില്ലായ്മയും എന്റെ കണ്ണുകള്‍ക്കു ആനന്ദം നല്കി. ഞാന്‍ ആ ഏകാന്തയാത്ര ആസ്വദിച്ചു. അല്ല, അതൊരു ഏകാന്തയാത്രയല്ലായിരുന്നുവല്ലോ. എന്നോടൊപ്പം പക്ഷികളും പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും വൃക്ഷലതാദികളുമൊക്കെ സഹയാത്രികരായി ഉണ്ടായിരുന്നല്ലൊ. താഴെ ചോലയില്‍ നിന്നുമുയര്‍ന്നുവന്ന മഞ്ഞ് എപ്പോഴോ എന്നെ പൊതിഞ്ഞു മറ്റാരും കാണാതെ ബന്തറവുനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അന്ന് സന്ധ്യയ്ക്ക് ആളൊഴിഞ്ഞ ഒരു പഴയ കെട്ടിടത്തിലാണ് അന്തിയുറങ്ങിയത്. അതിനു കതകുകളോ ജനല്പാളികളോ ഉണ്ടായിരുന്നില്ല. രണ്ടു മുറികളിലൊന്നിനു ജനാലുകളില്ലാത്ത ഉറച്ച ഭിത്തി ഉണ്ടായിരുന്നു. വിസ്തൃതമായ ഒരു ചതുപ്പിനുള്ളില്‍ ആരോരുമില്ലാതെ എന്നെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു ആ കെട്ടിടം.
വിശാലമായ ആ ചതുപ്പിലേക്കു നോക്കി ഏറേ നേരം മുന്‍വശത്തെ വാതില്പടിയില് ഇരുന്നു. ചതുപ്പിനക്കരെയുള്ള പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും ആദ്യം വന്നത് മഞ്ഞ് ആയിരുന്നു. തൊട്ടുപുറകില്‍ ഇരുട്ടും ആയിരുന്നു. അവ മെല്ലെ മെല്ലെ കൂടി കുഴഞ്ഞു എന്നെയും ആ കെട്ടിടത്തെയും മൂടുകയായിരുന്നു. വല്ലാത്ത തണുപ്പായിരുന്നു പിന്നീട്. പളനി ഹില്‍സിലെ ഏറ്റവും ഉയരമാര്‍ന്ന പ്രദേശമായിരുന്നു അത്. ഞാന്‍ മുറിക്കുള്ളിലേക്കു കടന്നു. കൈകാലുകള്‍ മരവിക്കുവാന്‍ തുടങ്ങിയപ്പോള്‍ സ്ലീപ്പിങ് ബാഗിനുള്ളിലേക്കുകയറി കണ്ണുകളടച്ചു.
പുറത്തെ കാല്പെരുമാറ്റം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. നായാട്ടുകാര്‍ ആയിരിക്കുമോ? അതൊ കഞ്ചാവുകൃഷിക്കാരൊ? കരുതിയിരുന്ന വടി കൈവശമെടുത്തു. ആയോധനകലകളുടെ പിന്‍ബലവും കൂട്ടിനുണ്ട്. മുന്‍വശത്തെ വാതിലിനരുകിലേക്ക് നടന്നു. പതുക്കെ വെളിയിലേക്ക് പാളിനോക്കി. എന്തൊരു കാഴ്ചയായിരുന്നു അത്. അന്ന് പൗര്‍ണമിയായിരുന്നു. പുറത്തെ ഓരോ പുല്‍ക്കൊടിയിലും നിലാവ് വന്നുതൊട്ടിരിക്കുന്നു. മുന്‍വശത്തെ ചവിട്ടുപടിക്കു തൊട്ടരുകിലായി നിലാവില് കുളിച്ചു വലിയ ഒരു കാട്ടുപോത്തില്‍ കൂട്ടം! കുറേ എണ്ണം തറയില്‍ കിടപ്പുണ്ട്. നൂറോളം എണ്ണം കാണുമായിരിക്കാം. വലിയ ഒരു കാലിച്ചന്ത പോലെ. ചിലതൊക്കെ ഒരിടത്തരം ആനയെപ്പോലുണ്ട്! അത്രയ്ക്ക് വലിപ്പമുണ്ട്. ചോലക്കാടിന്റെയും അതിലെ പുല്‍പ്പരപ്പിന്റെയും ശുദ്ധജലത്തിന്റെയുമൊക്കെ സമൃദ്ധിയാണ് എണ്ണക്കറുപ്പാര്‍ന്ന ആ അഴകുകളില്‍ കാണുന്ന കരുത്ത്.
അപ്പോഴാണ് ആ പൈന്മരങ്ങള്ക്കിടയില് നിന്നും നീണ്ട വിളി കേട്ടത്. മറ്റൊരു കൂറ്റനാണ്. അത് മെല്ലെ ചതുപ്പിലൂടെ കൂട്ടത്തിനരുകിലേക്ക് വരികയാണ്. കുറേക്കൂടി അടുക്കാറായപ്പോള്‍ ഞാനതിനെ ശ്രദ്ധിച്ചു; "ചുട്ടിമാട്". ബന്തറവുമലയുടെയും ചോലയുടെയും രാജകലയാണ് ആ കാട്ടുപോത്ത്. അവനോളം പോന്ന മറ്റൊരു കാട്ടുപോത്തിനെ ഞാനും ആനന്ദരാജും മനോഹരനുമൊന്നും കണ്ടിട്ടില്ല. അവന്റെ മുഖത്ത് വളരെ വ്യക്തമായ ഒരു വെള്ളപ്പാടുണ്ടായിരുന്നു. വഴിയരുകില്‍ അവന് പുല്ലുമേയുകയാണെങ്കില് യാതൊരു ഭയപ്പാടുമില്ലാതെ നമ്മള്ക്കവനരികിലൂടെ കടന്നുപോകാം. അവന് നമ്മെ ഗൗനിക്കില്ല. ആരേയും വിരട്ടില്ല. ജീപ്പില്‍ പോകുന്നവര്‍ അവന്റെ മുതുകില്‍ കൈകൊണ്ടു തൊടുമത്രെ.
ആ കാട്ടുപോത്തിന് കൂട്ടത്തിലേക്ക് അവന്റെ വരവ് ഒന്നു കാണേണ്ടതാണ്.
കൂട്ടത്തിനരുകിലെത്തിയപ്പോള് തല ഉയര്‍ത്തി നിലാവിനുനേരെ പിടിച്ച് നീട്ടി ഒരു വിളിവിളിച്ചു. എന്തൊരു ദീര്‍ഘമായ ശബ്ദമായിരുന്നു അത്. അപ്പോള്‍ നിലാവെട്ടം വീണു അവന്റെ കൊമ്പുകളും നനവാര്‍ന്ന മൂക്കും തിളങ്ങി. മറ്റുള്ള പോത്തുകള്‍ ഒക്കെ ഒതുങ്ങി നിന്നു. തറയില്‍ കിടന്നവയൊക്കെ എഴുന്നേറ്റു മാറി. ചില കൂറ്റന്മാര് കൂട്ടത്തില്‍ നിന്നും വെളിയിലേക്കു മാറി നിലകൊണ്ടു. ചുട്ടിമാട് രാജകീയമായ ചുവടുകള്‍ വച്ച് കൂട്ടത്തിനു നടുവിലേക്കു വന്നു. നിലാവേറ്റ് അവന്റെ ദേഹത്തെ മാംസഗോളങ്ങള്‍ തിളങ്ങി. ചില ചെറുപെണ്പോത്തുകള് അവന്റെ ചാരെ നില്ക്കുവാന് മത്സരിച്ചു. അപ്പോഴേക്കും മഞ്ഞ് വീണ്ടും വന്നു. ഞാന്‍ മുറിയിലേക്കു മടങ്ങി. പുറത്ത് ഒരു പട്ടാളം കാവല്‍ നില്ക്കുമ്പോള് ഞാനാരേയാണ് ഭയപ്പെടേണ്ടത്? വീണ്ടും സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് ചുരുണ്ടുകൂടി കണ്ണുകളടച്ചു.
പിന്നീടേറെക്കാലം കഴിഞ്ഞ് ബന്തറവു മലയുടെ മുകളില്‍ ഒരു വെടിശബ്ദം ഉയര്‍ന്നു. വീണ്ടും ആനന്ദ് രാജിനെ തേടിച്ചെന്നപ്പോള്‍ ഗദ്ഗദത്തോടെ ആ വൃദ്ധന് പറഞ്ഞു. 'ചുട്ടിമാട് ' പോയി.
ജീപ്പിലെത്തിയ നായാട്ടുകാര്‍ക്ക് വെടിയേറ്റു വീണ അവനെ വലിച്ചു ജീപ്പില്‍ കയറ്റുവാനായില്ലത്രേ. ആ വലിപ്പവും കരുത്തും അവര്‍ക്ക് വഴങ്ങുന്നതായിരുന്നില്ലത്രെ. പകരം ഒരു തുടയില്‍ നിന്നും കുറേ മാംസം വാര്‍ന്നെടുത്ത് ബാക്കി അവിടെ ഉപേക്ഷിച്ചു കാട്ടുകള്ളന്മാര് കടന്നുകളയുകയായിരുന്നു എന്ന് ആനന്ദ് രാജ് പറഞ്ഞു.
ഒരു മഞ്ഞുകാലത്തായിരുന്നു മനോഹരന് എന്നെ ആ സ്ഥലം കാണിക്കുവാന്‍ കൊണ്ടുപോയത്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ ഒരു കൊച്ചുചോലക്കാട്ടില് കയറി. വന്യജീവികള്‍ ചവിട്ടിക്കുഴച്ചിട്ട പാതയിലൂടെ കയറ്റം കയറുമ്പോഴേയ്ക്കും മഞ്ഞുവന്നുമൂടിക്കഴിഞ്ഞിരുന്നു, ഞങ്ങളെ.
മുകളിലെത്തിയപ്പോഴേക്കും മഞ്ഞും ആകാശവും ഒന്നായി തീര്‍ന്നിരുന്നു. ഒന്നും കാണുവാനാകുന്നില്ല. മുന്നോട്ട് നടന്ന എന്നെ മനോഹരന് തടഞ്ഞു. "മുന്നില്‍ വല്യപള്ളം (കൊക്ക) ആണ്. പൊടിപോലും കാണില്ല," ഞാനവിടെ നിലത്തിരുന്നു.
മുന്നില്‍ കണ്ണുകെട്ടിക്കളിയുടെ മറ്റൊരു തലം ഉയരുകയാണ്. പതുക്കെ കാറ്റുവീശിയപ്പോള്‍, മലഞ്ചെരുവില്‍ എന്തൊക്കെയോ ചുവന്ന പൊട്ടുകള്‍. താഴെ ഏതോ ഗ്രാമത്തിന്റെ ദൃശ്യങ്ങള്‍...
മഞ്ഞുവന്ന് വീണ്ടും കണ്ണുകെട്ടി. ഏറെനേരം ഇരിക്കേണ്ടി വന്നില്ല. കണ്ണിലെ കെട്ടുകള്‍ ആരോ അഴിച്ചുമാറ്റിയപോലെ. മുന്നില്‍ വിസ്തൃതമായ ഒരു താഴ്വര! അങ്ങകലെ തമിഴ്നാട് ഗ്രാമങ്ങള്‍. ഞാനിരിക്കുന്ന മലഞ്ചെരുവു മുഴുക്കെ പൂത്തുലഞ്ഞു നില്ക്കുന്ന 'റോടൊറെന്ഡ്രോം'- പളനി ഹില്‍സിലും നീലഗിരി ഹില്‍സിലും കാണുന്ന കടുംചുവപ്പുനിറമാര്‍ന്ന പൂവൃക്ഷം. ഇത് നേപ്പാളിന്റെ ദേശീയ പുഷ്പം കൂടിയാണ്. കറുത്ത പച്ചഇലകള്ക്കുമീതെ കടുംചുമപ്പാര്ന്ന പൂക്കള്‍. ഇടതുവശം അകന്നുമാറി ബന്തറുമുടി. പൂവൃക്ഷങ്ങള്ക്കിടയിലൂടെ മഞ്ഞ് വീണ്ടും വന്നു. മഞ്ഞിനടിയിലൂടെ നാലു കടമാനുകള്‍ അലക്ഷ്യഭാവത്തോടെ മുകളിലേക്ക് കയറി വരുന്നു. ഒരു മലയണ്ണാന് ചിലച്ചു. അങ്ങ് ചോലക്കാട്ടില്‍ നിന്നും കരിങ്കുരങ്ങിന്റെ ശബ്ദം.
'ഈ സ്ഥലം വില്ക്കുവാനുള്ളതാണ്,' പിന്നില്‍ നിന്നും മനോഹരന് പറഞ്ഞു. അന്നവിടെ ഇരുന്ന് ഒത്തിരി സ്വപ്നങ്ങള്‍ നെയ്തു. വാങ്ങുവാന്‍ പോകുന്ന ആ സ്ഥലത്തെക്കുറിച്ച്.
പിന്നീട് വീണ്ടും അങ്ങോട്ട് ചെന്നു. അവിടെ പഴയ ഒരു കെട്ടിടമുണ്ടായിരുന്നു. അതില്‍ ഒരു രാവ് അന്തിയുറങ്ങിയതോടെ ആ സ്ഥലവുമായി ഒരു വല്ലാത്ത ആത്മബന്ധം ഉടലെടുത്തു.
ആ രാവ് മറക്കുവാനാകില്ല. തെളിഞ്ഞ ആകാശമായിരുന്നു. നക്ഷത്രങ്ങളൊക്കെ കൈഎത്തിച്ചുപിടിക്കാം. പാതിരാവില്‍ ബന്തറവുനു പിന്നില്‍ നിന്നും ചന്ദ്രനുദിച്ചുയര്‍ന്നു. ആ കൊച്ചുചോലയും മലഞ്ചെരിവുകളും നിലാവില് മുങ്ങി. ഇടതുവശത്തെ പാറയ്ക്കരുകില് ഗണേശനും (എനിക്കും, മനോഹരനും ഏറെ പരിചയമുള്ള മൂന്നാറിലെ കാട്ടുകൊമ്പന്) അവന്റെ രണ്ടു കൂട്ടുകാരികളും മഞ്ഞില്‍ കുതിര്‍ന്ന ഇളം പുല്ലുകള്‍ തിന്ന് രസിക്കുന്നു. ആ രാവില്‍ പിന്നീടുറങ്ങിയില്ല. കണ്ണുതുറന്നുപിടിച്ച് ഒരുപാട് സ്വപ്നങ്ങള്‍ പിന്നെയും കണ്ടു.
കൈവശം ചേര്‍ന്ന പണമൊക്കെ പല വഴിക്കു പോയി. അടുത്ത മഞ്ഞുകാലംവരെ കാത്തിരുന്നു. അപ്പോഴേക്കും ആ സ്വപ്നലോകം മറ്റാരോ വാങ്ങിക്കഴിഞ്ഞിരുന്നു.
ഈ മഞ്ഞുകാലത്ത് വീണ്ടും അങ്ങോട്ട് പോയി. ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം. സിബിയാണ് കൂട്ടിക്കൊണ്ടുപോയത്. ഇപ്പോള്‍ കൈമറിഞ്ഞ് സിബിയുടെ പരിചയക്കാരന്റെ പക്കലാണാസ്ഥലം. റൊടൊറെന്ഡ്രോം മരങ്ങളൊക്കെ പൂക്കള്‍ വിരിച്ച് സ്വീകരിച്ചു.താഴ്വരയില് നിന്നും വീണ്ടും മഞ്ഞുവന്ന് കണ്ണുകെട്ടിക്കളിക്കായി കൂട്ടികൊണ്ടുപോയി. "അന്ന് വാങ്ങുവാന്‍ പറ്റാതിരുന്നതില്‍ വിഷമമുണ്ടല്ലെ?" കൂട്ടുകാരി ചോദിച്ചു. വെറുതെ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇപ്പോള്‍ സ്വപ്നത്തില്‍ പോലും വാങ്ങുവാന്‍ പറ്റാത്ത അവസ്ഥയിലാണ്."
ഇപ്പോള്‍ ഗണേശനും കൂട്ടുകാരും വരാറില്ല. സിബി അവയെ തിരിച്ചു കൊണ്ടുവരുന്ന പരീക്ഷണങ്ങളിലാണ്. കുറിഞ്ഞിച്ചെടികള്‍ക്കിടയില്‍ കിടക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികള്‍. കാടിന്റെ ഹൃദയത്തിന്മേല് 'കോലാഹല ടൂറിസം' നടത്തിയവരെയൊക്കെ സിബി ഒഴിവാക്കി കഴിഞ്ഞു.
അതെ. ചില ഇടങ്ങള്‍ തീര്‍ക്കുന്ന ബന്ധങ്ങള്‍ നമ്മെ നൊമ്പരപ്പെടുത്തുന്നതായി തോന്നും. നമ്മെ നഷ്ടപ്പെട്ടതുകൊണ്ടോ, നമ്മള്‍ക്ക് നഷ്ടപ്പെട്ടതുകൊണ്ടൊ ഒക്കെ...
മഞ്ഞിനടിയിലൂടെ തിരികെ ഇറങ്ങുമ്പോള്‍ ഓരോ മരങ്ങളേയും വെറുതെ തൊട്ടു. വെറുതെ.
ചിലര്‍ ജീവിതത്തിലേക്കു കടന്നുവരുന്നത് തീരെ പ്രതീക്ഷിക്കാതെയാണ്. മഞ്ഞുകാലത്ത് വീണുകിട്ടുന്ന ഒരു ചിത്രംപോലെ. ഏറെ ആഹ്ലാദവും സ്നേഹവായ്പും അനുകമ്പയുമൊക്കെ വല്ലാതെ പരിഭ്രാന്തരാക്കി പിന്നീട് മഞ്ഞിലേക്കാചിത്രം നഷ്ടപ്പെടുന്നതുപോലെ അവര്‍ നഷ്ടപ്പെടുകയായി. മനസ്സിനെ ആര്‍ദ്രമാക്കി അറിയാതെ വന്നണയുന്ന ഓര്‍മ്മകളില്‍ ഇത്തരം ശോകത്തിന്റെ നനവുകള്‍ ഒത്തിരിയുണ്ട്.
ചിലപ്പോള്‍ തോന്നാം പ്രണയത്തിനും കാലത്തിനും എന്തൊക്കെയോ ബന്ധമുണ്ടെന്ന്. കാടിനെ പ്രണയിക്കുവാനാണ് മഞ്ഞുകാലം വരുന്നത്. പുല്ലുകളേയും പൂക്കളേയും വക്ഷങ്ങളേയുമൊക്കെ തഴുകി, കാടിന്റെ ഹൃദയത്തിനുമേല്‍ പ്രണയാവേശത്തോടെ മഞ്ഞ് പുതഞ്ഞങ്ങനെ നില്ക്കും. കാടപ്പോള്‍ നാണം കുണുങ്ങിയെപ്പോലെ നിലകൊള്ളും. വൃക്ഷങ്ങളുടെ ഇലകളൊക്കെ താഴേക്കു കൂമ്പി നില്ക്കും. അവയുടെ അഗ്രഭാഗത്തൊക്കെ മഞ്ഞുകണങ്ങള്‍. അപ്പോഴായിരിക്കും ആ പക്ഷി മഞ്ഞിനിടയിലെവിടെയോ പാടുന്നത്. അതില്‍ പ്രണയമുണ്ട്. വിരഹമുണ്ട്. മഞ്ഞുകാലം കഴിഞ്ഞാല്‍ വേനല്‍ക്കാലമാണ് വരുന്നത്.
എന്‍എ നസീര്‍
![]() |
| ഒരു കേരളീയം ലേഖനം. വായനക്കാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പതിനൊന്നുവര്‍ഷമായി തൃശുരുനിന്ന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി മാസികയാണ് കേരളീയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സമരങ്ങളെയും, കൂട്ടാഴ്മകളെയും അടയാളപ്പെടുത്തുക എന്ന ദൌത്യമാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. കേരളീയത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും മറ്റ് എഴുത്തുകളും malayal.amല്‍ വായിക്കാവുന്നതാണ്. കേരളീയം മാസികയ്ക്കും അതാതു ലേഖകന്മാര്ക്കും പകര്‍പ്പവകാശമുള്ള ഈ ലേഖനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളീയത്തിനാണ്. മലയാളം (malayal.am) ന്യൂസ് പോര്‍ട്ടലിന് ഈ വിഷയങ്ങളില്‍ ഇതേ അഭിപ്രായമായിക്കൊള്ളണമെന്നില്ല. കേരളീയത്തിന്റെ മേല്‍വിലാസം : കേരളീയം, കൊക്കാലെ, തൃശൂര്‍ - 21 : 9446576943, 9446586943, 0487-2421385 e-mail : robinkeraleeyam@gmail.com |









