കേരളത്തില്‍ കഴിഞ്ഞ മുപ്പതുവര്ഷത്തിനിടയില് ആകെയുണ്ടായിരുന്ന കണ്ടല്‍ക്കാടുകളുടെ 94 ശതമാനവും നശിപ്പിച്ചു കഴിഞ്ഞു. കൊച്ചിനഗരത്തെ ചുറ്റിക്കിടക്കുന്ന കടല്പ്പരപ്പുകളുടെ പകുതിയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയും നികത്തപ്പെടാത്ത ഒരേയൊരു ദ്വീപ് വളന്തക്കാടാണ്. ഒപ്പം അവിടെ ഇതിനോടകം കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 77തരം സസ്യജാലങ്ങളും 27 തരം ജലജീവികളും. അത്രയും അനിതരസാധാരണമായ ജൈവവൈവിധ്യമാണ് ഹൈടെക് സിറ്റി വന്നാല്‍ മണ്മറഞ്ഞുപോകുന്നത്. വികസനത്തിന്റെ വിദൂരമെങ്കിലുമായ ഒരൊറ്റ ഗുണഗണങ്ങള്‍ക്കും പകരംവയ്ക്കാനാകാത്ത കണ്ടല്‍ക്കാടുകളാണ് ഇവിടെ നശിപ്പിക്കപ്പെടാന്‍ പോകുന്നത്.
എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലെ ഉപ്പുവള്ളം കയറാനിടയുള്ള പാടശേഖരങ്ങളില്‍ മാത്രം പ്രചാരത്തിലുള്ളതാണ് പൊക്കാളികൃഷി. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് ഈ കൃഷി നടത്തുന്നത്. വെള്ളത്തില്‍ ഉപ്പുരസം കൂടുതലാകുന്നതോടെ നെല്‍കൃഷി കഴിഞ്ഞ് ചെമ്മീന്‍ കൃഷി ഇതേ സ്ഥലത്ത് സജീവമാകുന്നു. പരിപൂര്‍ണ്ണമായ ജൈവവളമുപയോഗിച്ചുള്ള പൊക്കാളിനെല്ല് രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുമെങ്കിലും വൈക്കോലിനെ വെള്ളത്തില്‍ തന്നെ ചീഞ്ഞുപോകാന്വിട്ട് കതിര് മാത്രമാണ് കൊയ്തെടുക്കുന്നത്. തുടര്‍ന്നു വരുന്ന ചെമ്മീന്‍ കൃഷി സമയത്ത് അനുബന്ധമായി താറാവ് കൃഷിയും നടത്തുന്നു. ഈ വൈക്കോല്‍ നല്ലതീറ്റയായി മാറുന്നു. ചാക്രികമായി തുടര്‍ന്നു വരുന്ന ഈ മൂന്നു കൃഷികളും ഹൈടെക് നഗരത്തിന്റെ ആവിര്‍ഭാവത്തോടെ വിരാമമാകാനാണ് സാധ്യത. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനടി ഇടപെട്ട് വളരെയധികം ഔഷധഗുണമുള്ള പൊക്കാളിനെല്ലിന്റെ കൃഷിയെ സംരക്ഷിക്കേണ്ടതാണ്.
കേരളത്തിന് ഇനിയുള്ള കാലത്തേക്കെങ്കിലും പിടിച്ചുനില്ക്കാനാവുന്ന ഈ രംഗം ടൂറിസം വ്യവസായമാണ്. വിദേശപണം ആകര്‍ഷിക്കാനുള്ള വെമ്പലില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ വളന്തക്കാടിനു ചുറ്റും മണക്കുന്നം, ഉദയംപേരൂര്‍ മേഖലയില്‍ വികസിപ്പിക്കാവുന്ന ഇക്കോടൂറിസം സാധ്യതകളെ മനസ്സിലാക്കാതെ ഹൈടെക് സിറ്റി പോലുള്ള ഹ്രസ്വകാല വികസന സംരംഭങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത് തികച്ചും ആത്മഹത്യാപരമാണ്. മറിച്ച്, ഈ മേഖലയിലെ ജൈവവൈവിധ്യം ഉറപ്പുവരുത്തിക്കൊണ്ടുള്ള വിനോദ സഞ്ചാര പദ്ധതിയാണ് കൊണ്ടുവരുന്നതെങ്കില്‍ അത് ആരോഗ്യം, കൃഷി, ടൂറിസം, വിദ്യഭ്യാസം തുടങ്ങിയ മേഖലകളുടെ സര്വ്വതോന്മുഖമായ വികസനത്തിന്റെ കൂടി തുടക്കമായിരിക്കും.
ആഗോളതാപനവും വായുമലിനീകരണവും ഒരുപോലെ കശക്കിഞെരിക്കുന്ന എറണാകുളം പോലെയുള്ള അതിജനസാന്ദ്രതയുള്ള പട്ടണത്തിനു ചുറ്റും ജൈവവൈവിധ്യമുള്ള സസ്യജാലം ഓക്സിജന്‍ മാസ്കുപോലുള്ള പ്രതിരോധമായിരിക്കുമെന്ന് ഏതു കൊച്ചുകുട്ടിയ്ക്കു പോലും ഊഹിച്ചെടുക്കാവുന്നതേയുള്ളൂ.
അന്താരാഷ്ട്രതലത്തില്‍ തന്നെ ഭീമന് നഗരങ്ങളില്‍ എങ്ങനെ വൃക്ഷങ്ങളുടെ പച്ചപ്പ് കൂടുതല്‍ സംരക്ഷിക്കാം എന്ന വിഷയത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കലൂര്പെരിയാര് വ്യവസായ മേഖലയിലെ വിഷക്കാറ്റ് വലയം ചെയ്യുന്ന കൊച്ചിയുടെ അന്തരീക്ഷത്തിലേക്ക് അല്പമെങ്കിലും ശ്വാസവായു ക്രമീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വളന്തക്കാടുപോലുള്ള ദ്വീപ് -ജലഘടകങ്ങളുടെ സന്തുലനം കൊണ്ടുമാത്രമാണ്. ഈ മേഖലയില്‍ ഈ ജലപക്ഷി പാര്‍ക്ക് ആരംഭിക്കുകയാണെങ്കില്‍ അത് കുട്ടികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഏറെ ഉപകാരപ്രദമാകുമായിരുന്നു.
ഈ പദ്ധതി സര്‍ക്കാരിനും തദ്ദേശസ്വയംഭരണവകുപ്പിനും ആദായകരമാകുന്നുമാത്രമല്ല ജനങ്ങള്‍ക്ക് ഈ എക്കോപദ്ധതിയില് നിന്നും വര്‍ഷാവര്‍ഷം എഴുപത്തെട്ടുകോടി രൂപയോളം വരുന്ന, ഗുണഗണങ്ങള്‍ ലഭിക്കുകയും ചെയ്യും. ഹരിതബജറ്റ് വിഭാവനം ചെയ്യുന്ന നമ്മുടെ ധനമന്ത്രിക്ക് വലിയ ആശ്വാസമായിരിക്കും ഈ ധനാഗമമാര്‍ഗ്ഗം.
ഇത്രയും ചര്‍ച്ച ചെയ്തതില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന വസ്തുത വളന്തക്കാട് പദ്ധതി വേണമോ വേണ്ടയോ എന്ന സംശയമല്ല, മറിച്ച്, ഈ മേഖലയിലെ ജൈവവൈവിദ്ധ്യം തകര്‍ത്ത് കൊണ്ടുള്ള യാതൊരു വികസനപദ്ധതികളെയും കുറിച്ച് ആലോചനപോലും പാടില്ല എന്ന വസ്തുനിഷ്ഠമായ കണ്ടെത്തലാണ്. സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം ഈ വളന്തക്കാട്- മരട്ദ്വീപുമേഖല ഉപജീവനത്തിന്റെയും പ്രകൃതിരക്ഷയുടെയും വിളനിലമാണ്. പൊതുജനനന്മയെ നിരാകരിച്ചുകൊണ്ടുള്ള ഹൈടെക് സിറ്റിപോലുള്ള വികസന സംരംഭങ്ങള്‍ സാമൂഹ്യസാമ്പത്തിക പരിപ്രേക്ഷ്യത്തില്‍ ദ്വിഗുണീകൃതനഷ്ടമാണ് നടത്തിവരുന്നത്. അവരുടെ ഉപജീവനമാര്‍ഗ്ഗം അടയുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് നേരിട്ട് ഒരു ഗുണവുമുണ്ടാകാത്ത സമുച്ചയ സംരംഭം എന്തു വികസനസ്വപ്നമാണ് മുന്നോട്ടുവെയ്ക്കുന്നത്? നിര്‍മ്മിതിയുടെയും പ്രചരണത്തിന്റെയും പേരില്‍ അരങ്ങേറാനിരിക്കുന്ന പൊതുഭരണത്തിലേയും സാമൂഹ്യരംഗത്തേയും അഴിമതികള്‍ വേറെ.
കേരളത്തിലെ സാമ്പത്തിക രംഗത്ത് ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്ന കറുത്തപണത്തിന്റെ തോത് ഇത്തരം വന്‍പദ്ധതികള്‍ കാരണം കൂടുകയേയുള്ളൂ. ഇത് പൊതുരംഗത്ത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയേക്കും.ആയതുകൊണ്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ആഹ്വാനം ചെയ്യുന്നത് നിലവിലിരിക്കുന്ന നിയമങ്ങളേയും നിയന്ത്രണങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട് സര്‍ക്കാര്‍ ഇത്തരമൊരു വികസനസംരംഭത്തിനുവേണ്ടി വളന്തക്കാട്ടെ പരിസ്ഥിതിമേഖലയെ ബലിയാടാക്കരുതെന്നാണ്.
![]() |
| ഒരു കേരളീയം ലേഖനം. വായനക്കാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പതിനൊന്നുവര്‍ഷമായി തൃശുരുനിന്ന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി മാസികയാണ് കേരളീയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സമരങ്ങളെയും, കൂട്ടാഴ്മകളെയും അടയാളപ്പെടുത്തുക എന്ന ദൌത്യമാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. കേരളീയത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും മറ്റ് എഴുത്തുകളും malayal.amല്‍ വായിക്കാവുന്നതാണ്. കേരളീയം മാസികയ്ക്കും അതാതു ലേഖകന്മാര്ക്കും പകര്‍പ്പവകാശമുള്ള ഈ ലേഖനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളീയത്തിനാണ്. മലയാളം (malayal.am) ന്യൂസ് പോര്‍ട്ടലിന് ഈ വിഷയങ്ങളില്‍ ഇതേ അഭിപ്രായമായിക്കൊള്ളണമെന്നില്ല. കേരളീയത്തിന്റെ മേല്‍വിലാസം : കേരളീയം, കൊക്കാലെ, തൃശൂര്‍ - 21 : 9446576943, 9446586943, 0487-2421385 e-mail : robinkeraleeyam@gmail.com |









