സാമൂഹ്യസാമ്പത്തിക മേഖലകളില്‍ കേരളം (നിലവിലുള്ള പ്രത്യേക രാഷ്ട്രീയ കാരണങ്ങളാല്‍) നിര്‍ണ്ണായക പുരോഗതി നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ വികസന മാതൃകയുടെ സാധുതയെക്കുറിച്ച് ഏറെ ആശങ്കകളുണ്ട്. ലോകത്തിന്റെ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നായതുകൊണ്ട് കേരളം രൂക്ഷമായ പ്രകൃതിവിഭവ ദാരിദ്ര്യത്തെ നേരിടുന്നുണ്ട്. അണക്കെട്ട്, അതിവേഗപ്പാത, വ്യവസായ വികസനം, ഖനനം തുടങ്ങി ഏതുതരം വികസന പ്രവര്‍ത്തനമായാലും അവയുടെ ഒരിക്കലും നിര്‍ണ്ണയിക്കപ്പെടാത്ത പ്രായോഗികതയെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ ഉയരാറുണ്ട്.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പല മേഖലകളിലും പാരിസ്ഥിതിക പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. വര്‍ദ്ധിച്ച ജനസാന്ദ്രത കാരണം കേരളത്തിന് ഭൂമി, വെള്ളം, കാട് തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ അമിതോപഭോഗത്തിലും പുറമേനിന്നുള്ള വിഭവ ഇറക്കുമതിയിലും ആശ്രയിക്കേണ്ടിവരുന്നു. സാമ്പത്തിക പാരിസ്ഥിതിക രംഗത്തെ അപചയം താഴെപ്പറയുന്നവയായി ഉള്‍ക്കൊള്ളുന്നു.
- നെല്ലുല്പാദനത്തിലെ കുറവും ഇറക്കുമതിയോടുള്ള അമിതആഭിമുഖ്യവും: 1975-ല്‍ 8.8 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഭൂമിയിലുണ്ടായിരുന്നത് 2008-ല്‍ 2.46 ആയി കുറഞ്ഞു. കുറഞ്ഞ ലാഭവിഹിതവും വന്‍തോതിലുള്ള കൃഷിഭൂമിയില്ലാതാക്കലും കേരളത്തിന്റെ ഭക്ഷ്യസുരക്ഷ പ്രവചനാതീതമായ മാറ്റങ്ങള്‍ക്ക് വിധേയമാണെന്ന് കാണിച്ചുകൊടുക്കുന്നു.
- വിലക്കുറവും വര്‍ദ്ധിച്ച കൃഷിച്ചെലവും നാണ്യവിളകളുടെ അപചയത്തിനു കാരണമായി. ഈയിടെ സംഭവിച്ച ചില വ്യാപാരധാരണകള്‍ മൂലം, മറ്റ് പോംവഴികള്‍ കണ്ടെത്താനായില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്.
- ഏറ്റവും ഉയര്‍ന്ന വര്‍ഷപാതനിരക്ക് ഉണ്ടായിട്ടും മഴക്കാലമവസാനിച്ചാലുടനെ വരള്‍ച്ച എന്ന സ്ഥിതിവിശേഷം സംഭവിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍പ്പോലും കുടിവെള്ളക്ഷാമം ഒരു നഗ്നയാഥാര്‍ത്ഥ്യമാണ്.
- മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ വളച്ചൊടിക്കലും, വികലമായ മലിനീകരണ സംസ്കരണവും ജലസ്രോതസ്സുകളെ വൃത്തികേടാക്കുന്നു.
- പൊതുജനാരോഗ്യവും പകര്‍ച്ചവ്യാധികളുടെ പൊട്ടിപുറപ്പെടലും അനുഭവപ്പെടുന്നു.
- യാതൊരു മുന്ധാരണകളുമില്ലാതെയുള്ള വ്യവസായവല്‍ക്കരണം വിഷവസ്തുക്കളുടെ കുന്നുകൂടലിനിടയാക്കുന്നു. (ഉദാ: - ഏലൂര്‍ കളമശ്ശേരി വ്യവസായമേഖല) എന്ഡോസള്ഫാന്പ്പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം ദാരുണമായ ആരോഗ്യപ്രശ്നങ്ങളാണ് എടുത്തുകാണിക്കുന്നത്.
- പരിസ്ഥിതി സുരക്ഷയ്ക്കത്യാവശ്യമായ ജൈവവൈവിധ്യത്തിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്നു. കണ്ടല്കാടുകള്പോലുള്ള നിര്‍ണ്ണായക ഘടകങ്ങള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും.
- നഗരമേഖലകളില്‍ മാലിന്യസംസ്കരണം പ്രധാന വെല്ലുവിളിയായിരിക്കുന്നു. ഏതൊരു തുറന്ന സ്ഥലവും മാലിന്യനിക്ഷേപത്തിനുള്ള സ്ഥലമായി മാറിയിരിക്കുന്നു. ഈ അനാരോഗ്യ പ്രവണതകള്‍ വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഒരു കണ്‍സ്യൂമര്‍ ഇക്കോണമിയായതുകൊണ്ട് സേവന മേഖലകളിലെ കൂടിവരുന്ന ആശ്രയിക്കല്‍, കേരളത്തെ പുറംലോകങ്ങളിലെ നേരിയ മാറ്റത്തോടുപോലും ബാധ്യതപ്പെടുത്തുന്നു.
- ഭക്ഷ്യവസ്തുക്കളുടെ വിതരണത്തില്‍ ഉണ്ടായേക്കാവുന്ന ആഘാതം, പ്രത്യേകിച്ചും അവ തരുന്ന സംസ്ഥാനങ്ങളിലെ ഉല്‍പാദനക്കമ്മി പരിഗണിക്കുമ്പോള്‍ അവശ്യവസ്തുക്കളില്‍ ഈയിടെയുണ്ടായിട്ടുള്ള വിലവര്‍ദ്ധനവ് കേരളത്തിന്റെ ഈ ബാധ്യതയെ വിളിച്ചറിയിക്കുന്നു.
- നാണ്യവിളകളുടെ വിലയിലും ആവശ്യത്തിലുമുണ്ടായ ഇടിവ്, പുതിയ വാണിജ്യക്കരാറുകളുടെ വെളിച്ചത്തില്‍ മത്സരം കൂടുതല്‍ രൂക്ഷമാകുമ്പോള്‍, കേരളത്തിന്റെ പരമ്പരാഗത വിളകളില്‍ നിന്നുമുള്ള ആദായം കുറയാനാണ് സാധ്യത.
- വിദേശ ജോലിസാധ്യതകളിള് ഉണ്ടാകുന്ന കുറവ് കേരളത്തില്‍ ലഭിക്കുന്ന വിദേശനാണ്യത്തിലും പ്രതിഫലിക്കും. ഇത് കേരളത്തിന്റെ കണ്‍സ്യൂമര്‍ ഇക്കോണമിയില്‍ നിര്‍ണ്ണായകമായ വിപരീതഫലങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഹരിതഇക്കോണമിയിലേക്കുള്ള മാറ്റം സാധ്യമാകുന്നത്:-
മൂന്നു തലങ്ങളിലുള്ള സമീപനം മുഖേനയാണ് കേരളത്തിന്റെ ഹരിത സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കുന്നത്.
- വില്ലേജുതലത്തില്‍ ഹരിതമാതൃകകള് വികസിപ്പിച്ചെടുത്ത് ആരോഗ്യമേഖലയില്‍ ജനങ്ങളുടെ അവബോധം വര്‍ദ്ധിപ്പിച്ച് പരിസ്ഥിതി സേവനങ്ങള്‍ വഴി കാര്‍ബണ്‍ ന്യൂട്രല്‍ ആയ അന്തരീക്ഷം ഉണ്ടാക്കിക്കൊണ്ട്.
- അടിസ്ഥാനവസ്തുക്കളും സേവനങ്ങളും കൂടുതല്‍ ഉല്പാദിപ്പിക്കാനുതകുംവിധം സര്‍ക്കാര്‍നയങ്ങളും നിയമങ്ങളും പുനരുദ്ധരിക്കണം. കാര്‍ബണ്‍ വികിരണം കൂട്ടി പരിസ്ഥിതിയെ ബലഹീനമാക്കുന്ന വസ്തുക്കളുടെ ഉപയോഗം ഇതുമൂലം കുറയ്ക്കുവാന്‍ കഴിയും. ഉപഭോക്താവിന് ഇപ്രകാരം പരിസ്ഥിതിസൗഹൃദ ഉല്പന്നങ്ങള് തിരഞ്ഞെടുക്കാനാവും വിധം മാര്‍ക്കറ്റ് തന്ത്രങ്ങളുടെ നവീകരണവും ഇതുവഴി അര്ത്ഥമാകുന്നുണ്ട്. ഹരിതവസ്തുക്കളുടെയും സേവനങ്ങളുടെയും ഉല്പാദനം ആദായകരമാക്കാന്‍ ഇതു സഹായിക്കുന്നു.
- ഹരിതവ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ മുഖ്യവര്ത്തികളായി പൊതുമേഖലാ വകുപ്പുകളെ മാറ്റിയെടുക്കല്‍.
അവബോധമുണ്ടാക്കലും പ്രാദേശികതലത്തില്‍ ഹരിതവ്യവസ്ഥകളുടെ രൂപീകരണവും
ഹരിത സമ്പദ്വ്യവസ്ഥയുടെ നിര്‍മ്മാണം മുഖ്യധാരാ സമ്പ്രദായത്തിന്റെ നിര്‍ണ്ണായകമായ മാറ്റം ആവശ്യപ്പെടുന്നു. പ്രാദേശികതലത്തില്‍ അവബോധമുണ്ടാക്കാനായി ബൃഹത്തായ പ്രചരണ പരിപാടികള്‍ വേണ്ടിവരും. ഇപ്പോള്‍ത്തന്നെ ഒരുപാട് സംഘടനകള്‍, പ്രത്യേകിച്ചും എന്‍ജിഒകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഏതാണ്ടൊരു വ്യുല്പത്തി നിലവിലുണ്ടുതാനും. ഈ പ്രയത്നങ്ങളൊക്കെ കൂട്ടിയോജിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കാര്‍ബണ്‍ വികിരണം വെട്ടിച്ചെറുതാക്കുന്ന ഊര്‍ജ്ജോപഭോഗം കുറയ്ക്കുന്ന, പരിസ്ഥിതി സംരക്ഷിത യത്നങ്ങള്‍, താഴേയ്ക്കിടയില്നിന്നും ഉയര്‍ന്നു വരികയും വേണം. ഓരോ പഞ്ചായത്തുകളും അവരുടെ പ്രവര്‍ത്തനങ്ങളുടെ ഘട്ടംഘട്ടമായുള്ള പുരോഗതി താഴെപ്പറയുന്നവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് പ്രദര്‍ശിപ്പിക്കുകയും വേണം.
- ഭക്ഷ്യസുരക്ഷയിലേക്കുള്ള ആവേഗം. ഓരോ പഞ്ചായത്തും അവരുടെ ഭക്ഷ്യോല്പന്നക്ഷമതയുടെ മുഴുവനും ഉപയോഗപ്പെടുത്തണം. ജലം ദുരുപയോഗപ്പെടുത്താതെ വളം കീടനാശിനികള്‍ എന്നിവ കഴിയുന്നത്ര കുറച്ച് പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിച്ചുവേണം ഭക്ഷ്യോല്പാദനം.
- പൊതുജനാരോഗ്യകാര്യങ്ങളുടെ പുരോഗതി. ഇത് പ്രധാനമായും പോഷകാഹാരലഭ്യതയേയും പകര്‍ച്ചവ്യാധികളേയും തടയാനുതകുന്ന ആതുരാലയ സൗകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
- ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അതിജീവന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഊന്നല്‍.
- വായു, വെള്ളം എന്നിവയുടെ ഗുണത്തിലുള്ള പുരോഗതി.
- ജൈവവൈവിധ്യത്തിന്റെ ഗുണസമ്പുഷ്ടിയും അതിന്റെ സുരക്ഷയും. പ്രാദേശിക വിളകളുടേയും പരിസ്ഥിതിപ്രശ്നമേഖലകളുടേയും സംരക്ഷണവും ഇതില്‍പ്പെടുന്നു.
- പഞ്ചായത്തിലുള്ള ഏവര്‍ക്കും ചുരുങ്ങിയ ഭവനസൗകര്യങ്ങളെങ്കിലും ഉറപ്പുവരുത്തിക്കൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തികളുടെ നിയമനിര്‍മ്മാണം.
- കാല്‍നടക്കാര്‍ക്കും സൈക്കില്‍ യാത്രക്കാര്‍ക്കും ഉള്‍പ്പെടെ സുയാത്ര ഉറപ്പുവരുത്തിക്കൊണ്ടുള്ള പൊതുഗതാഗത സൗകര്യങ്ങളുടെ വര്‍ദ്ധനവ്.
പ്രദേശികതലത്തിലുള്ള ഈ പ്രവര്‍ത്തനങ്ങളാണ് - അവബോധ ഉല്‍ബോധനത്തിനും പ്രവര്‍ത്തന പരിപാടികള്‍ക്കും - ഹരിത സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ചട്ടക്കൂട് രൂപീകരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും നിയന്ത്രണങ്ങളും കമ്പോളവും ഇത്തരം പ്രയത്നങ്ങളെ സര്‍വ്വാത്മനാ സഹായിക്കുവാന്‍ തയ്യാറാകേണ്ടതുമുണ്ട്.
ഓരോ പഞ്ചായത്തും, എല്ലാ വികസനപ്രവര്‍ത്തനങ്ങളും കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്ന ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നതാണെന്നു ഉറപ്പിക്കാക്കിക്കൊണ്ടുള്ള ഹരിതവികസനപദ്ധതികള്ക്ക് രൂപം നല്‍കേണ്ടതുണ്ട്. പൊതുസമൂഹസംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഈ പദ്ധതി പ്രവര്‍ത്തത്തിന്റെ രൂപീകരണത്തിലും സംഘാടനത്തിലും പങ്കാളികളാകേണ്ടതുണ്ട്.
പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ വിവിധതരം ഏകകങ്ങള്‍ നിര്‍ണ്ണയിക്കാവുന്നതാണ്.
സര്‍ക്കാര്‍നയങ്ങളും നിയന്ത്രണങ്ങളും
മാര്‍ക്കറ്റ് സംവിധാനങ്ങള്‍ വഴി സാധാരണപോലെയുള്ള കച്ചവടം എന്ന സ്ഥിരം പല്ലവിയില്നിന്നുള്ള മാറ്റം പ്രതീക്ഷിയ്ക്കാനാകാത്തതുകൊണ്ട് ഹരിത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള സുതാര്യമായ മാറ്റത്തിനായി സര്‍ക്കാറിന് നിര്‍ണ്ണായകമായ പങ്കുവഹിക്കാനുണ്ട്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ താഴെപ്പറയുന്നവയും ഉള്‍പ്പെടുന്നു.
- എല്ലാ പങ്കാളികളുടെയും സ്വഭാവനിയന്ത്രണത്തിനായി നിയമനിര്‍മ്മാണം നടത്തണം. ഇത് കാര്‍ബണ്‍രഹിത വ്യവസ്ഥയിലേക്ക് മുന്നേറാന്‍ പ്രചോദനം നല്‍കുന്നതുമായിരിക്കണം.
- ഹരിത സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനുതകുന്ന മേഖലകളില്‍ നേരിട്ടുള്ള നിക്ഷേപങ്ങള്‍.
- ഹരിതവ്യവസ്ഥയുടെ തത്വങ്ങള്‍ എല്ലാ വകുപ്പുകളും സര്‍ക്കാര്‍ മന്ത്രാലയങ്ങളും മുറുകെപ്പിടിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നയങ്ങളും നിയന്ത്രണങ്ങളും
- ഭൂമി, വെള്ളം, വനം, കൃഷി, വ്യവസായം, ഗതാഗതം തുടങ്ങി എല്ലാ പ്രകൃതി വിഭവങ്ങളും ഉള്‍ക്കൊള്ളുന്ന ബൃഹത്തും സൂക്ഷ്മവുമായ നയരൂപീകരണം. വിഭവസംരക്ഷണവും ആവര്‍ത്തനരഹിതമായ ഊര്‍ജ്ജത്തിന്റെ നിരാകരണവും കാര്‍ബണ്‍ വിരോധവും ഇത് അര്‍ത്ഥമാക്കുന്നു.
- എല്ലാ വസ്തുക്കളുടേയും സേവനങ്ങളുടേയും കാര്‍ബണ്‍/ഇക്കോ ലേബലിങ്ങ് നിര്ബന്ധിതമാക്കുന്നതുവഴി പാരിസ്ഥിതികാഘാതം കുറഞ്ഞ വസ്തുക്കളും സേവനങ്ങളും വ്യാപകമാകാന്‍ സഹായകമാകും.
- ആവര്ത്തനരഹിത വിഭവങ്ങളുടെ ഉപഭോഗം കുറയ്ക്കുന്ന ഹരിത ബജറ്റ് അവതരിപ്പിക്കുക വഴി ഊര്‍ജ്ജശേഷി കൂട്ടാനും വനം, ഭൂമി, ജൈവവൈവിധ്യം എന്നിവയുടെ ചൂഷണം കുറയ്ക്കാനും സാധിക്കും.
വിശാലമായ പദ്ധതികളുടെ പരിധിയ്ക്കുള്ളില്നിന്നുകൊണ്ടുതന്നെ സര്‍ക്കാര്‍, ഓരോ മേഖലയിലും പ്രത്യേക പ്രത്യേകം നടത്താവുന്ന ഹരിത വ്യവസ്ഥാ സഹായ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ഇടപെടാവുന്ന ചില സാധ്യതകള്‍ താഴെപ്പറയുന്നു.
ഭവനം
നിര്‍മ്മാണ മേഖല ഇന്ന് സംസ്ഥാനത്തിന്റെ ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്ടിന്റെ 17 ശതമാനത്തോളം കൈയടക്കിക്കൊണ്ട് സമ്പദ്വ്യവസ്ഥയില് പ്രമുഖ സ്ഥാനം നേടിയിരിക്കുന്നു. സെക്കണ്ടറി സെക്ടററിന്റെ 63 ശതമാനവും നിര്മ്മാണമേഖലയില്നിന്നാണ് (2007-08). വീട് പ്രാഥമികാവശ്യമാണെങ്കിലും ഒരുപാട് ഊര്‍ജ്ജാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്ന ഒരു 'പൊങ്ങച്ചഘടകം' ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. സാമൂഹിക സ്വീകാര്യതയുള്ള ശുദ്ധവും ഉപയോഗയോഗ്യവുമായ വീടുകളുടെ നിര്‍മ്മാണം എടുത്തുപറയുന്നതായിരിക്കണം സര്‍ക്കാര്‍ നയങ്ങളും നിയമങ്ങളും. അധികച്ചെലവും വിഭവങ്ങളുടെ അമിതോപഭോഗവും നിരുത്സാഹപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.
- വീടിന്റെ വിസ്തീര്ണ്ണത്തിനനുസരിച്ച് കൂടി കൂടി വരുന്ന തരത്തിലുള്ള വീടു നികുതി ഈടാക്കല്‍. കൂട്ടുടമസ്ഥതയോ തറവാടു വീടുകളോ ഒഴിച്ച് കേരളത്തില്‍ ഒന്നിലധികം വീടുള്ളവരില്നിന്നും ഒറ്റത്തവണ വസൂലാക്കുന്ന സ്വത്തുനികുതിയുടെ ചുമത്തല്‍.
- പ്രാദേശികമായി ലഭിക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക. പ്രത്യേകിച്ചും മണ്ണ്, മരം തുടങ്ങിയവ. അമിത ഊര്‍ജ്ജം ആവശ്യപ്പെടുന്ന സാമഗ്രികളുപയോഗിക്കുമ്പോള് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തുക.
- നേരിട്ടും അല്ലാതെയുമുള്ള ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ ഉതകുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഹരിതനിര്‍മ്മാണ നിയമങ്ങള്‍ക്ക് രൂപം കൊടുക്കുക. സോളാര്‍ വാട്ടര്‍ ഹീറ്ററും പ്രകാശ സംവിധാനങ്ങളും നിര്‍ബന്ധിപ്പിക്കുന്ന വകുപ്പുകള്‍ ഇതിലുള്‍പ്പെടുത്തണം. കാലക്രമേണ, എല്ലാ കെട്ടിടങ്ങളും അവരുടെ ഊര്‍ജ്ജ ആവശ്യം തന്നെത്താന്‍ പരിഹരിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരണം.
ഗതാഗതം
ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്ടിന്റെ 12.8 ശതമാനം (2007-08ല്‍) ഗതാഗതം, ശേഖരണം, വാര്‍ത്താവിനിമയം എന്നിവ കൈയാളുന്നു. ഊര്ജ്ജോപഭോഗത്തിന്റെയും കാര്‍ബണ്‍ വികിരണത്തിന്റേയും മേഖല ഗതാഗത രംഗമാണ്. കൃത്യമായ നയങ്ങളിലൂടേയും നിയന്ത്രങ്ങള്‍ വഴിയും ഇത് ശരിപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂ.
- പൊതുഗതാഗത സൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുക. ധ്രുതവേഗ റെയില്‍വേ, മെട്രോ/ജല ശൃംഖലകളില്‍ പ്രത്യേകിച്ചും.
- വിവിധ തലങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുക. അതേ സമയം ടാക്സി സേവനങ്ങള്‍ നികുതി കുറയ്ക്കുക. പൊതുമേഖലയില്‍ ടാക്സികള്‍ വര്‍ദ്ധിക്കാനും സ്വകാര്യവാഹനങ്ങള്‍ നിരുത്സാഹപ്പെടാനും പൊതുനിരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറയാനും ഈ നടപടികള്‍ സഹായിക്കും.
- മൂന്നു യാത്രക്കാരില്‍ കുറവുള്ള വാഹനങ്ങള്‍ കണ്ടെത്തി അവര്‍ക്ക് പ്രത്യേക നികുതി ചുമത്തുക.
ഊര്ജ്ജഉല്പാദനവും ഉപയോഗവും
ഹരിതനിര്ദ്ദേശങ്ങള്ക്കനുസരിച്ച് വികസനപാത പിന്തുടരുമ്പോള് ഊര്ജ്ജഉല്പ്പാദനത്തിലും ഇതിന്റെ ഉപയോഗത്തിലും സമൂലമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
- കേരളത്തിലെ ഓരോ അടുക്കളകളിലും കൂടുതല്‍ ഊര്‍ജ്ജദായകമായ പുകയില്ലാത്ത അടുപ്പുകള്‍ സജ്ജമാക്കാന്‍ സാമ്പത്തികസഹായം നല്‍കണം. ഇന്ധന സ്രോതസ്സുകളുടെ ഉപഭോഗം ദ്വിഗുണീഭവിക്കാനും ഗൃഹാന്തരീക്ഷമലിനീകരണം കുറച്ച് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനും ഇത് വഴി തെളിയിക്കും.
- സൗരോര്‍ജ്ജം, കാറ്റ്, ജൈവവാതകം എന്നിവയുടെ ഉപയോഗം കൂട്ടി, ഓരോ വീടും ഇന്ധനക്ഷമതയില്‍ സ്വയം പര്യാപ്തത കൈവരിക്കണം.
- സ്മാര്‍ട്ട് ഗ്രിഡുകള്‍ മുഖേന വൈദ്യുതി വിതരണം മെച്ചപ്പെടുത്തി വിതരണ നഷ്ടം കുറയ്ക്കുക.
- ഓരോ വൈദ്യുതോപകരണവും അവയുടെ ഊര്‍ജ്ജക്ഷമതയും കാര്‍ബണ്‍ അടയാളവും കണക്കിലെടുത്ത് ലേബല്‍ ചെയ്യുക. ഉദാഹരണത്തിന് പാചകം, പ്രകാശം, ചൂടാക്കല്‍, തണുപ്പിക്കല്‍ തുടങ്ങിയവയ്ക്കുള്ള നിരവധി ഉപകരണങ്ങള്‍ കാര്‍ബണ്‍ അടയാളങ്ങള്‍ ഉണ്ടാക്കുന്നു. കാര്യക്ഷമതയുള്ള ഇത്തരം ഉപകരണങ്ങള്‍ ഫാന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും കാര്‍ബണ്‍ അടയാളങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഒരു മുറിയില്‍ 40 വാട്സിന്റെ രണ്ട് ട്യൂബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രകാശം കിട്ടും ഒന്നോ രണ്ടോ വാട്ടിന്റെ എല്‍ഇഡി വിളക്കുകള്‍ ആറോ എട്ടോ സ്ഥലങ്ങളില്‍ സ്ഥാപിച്ച് യുക്തിപൂര്‍വ്വം പ്രകാശിപ്പിക്കുമ്പോള്‍. 10 ശതമാനം വൈദ്യുതിയാണ് ഇവിടെ ലാഭിക്കുന്നത്.
- കമ്പോളത്തിലാകെ ഊര്‍ജ്ജദായകമായ കാര്‍ബണ്‍ അടയാളരഹിതമായ സഹായകനിര്ദ്ദേശങ്ങള് പ്രചരിപ്പിക്കുക.
സര്‍ക്കാര്‍ വകുപ്പുകള്‍
പൊതുരംഗത്തെ ബൃഹത്തായ വിക്ഷേപങ്ങള്‍ വഴി, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ രംഗത്ത് മുഖ്യമായ പങ്കാണ് വഹിക്കാനുള്ളത്. അവരുടെ പ്രവൃത്തികളാണ് ഹരിത വ്യവസ്ഥയിലേക്കുള്ള അടിസ്ഥാനരേഖകളായി വര്‍ത്തിക്കുക എന്നതുകൊണ്ട്, ഓരോ വകുപ്പുകളും അവയക്ക് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ഹരിതരേഖ പ്രസിദ്ധപ്പെടുത്താവുന്നതാണ്. എല്ലാ മുന്നേറ്റങ്ങളും നിരാവര്ത്തന ഊര്‍ജ്ജ- ഉപഭോഗം കുറയ്ക്കാനും മാനുഷിക വസ്തുക്ഷമതകള് കൂടുന്നതിനും പ്രകൃതിവിഭവങ്ങളുടെ പരിപാലനം ഉറപ്പാക്കാനും ഉന്നംവെച്ചുകൊണ്ടായിരിക്കണം. ഓരോ വകുപ്പിനും ഒരു പാരിസ്ഥിതിക റിപ്പോര്‍ട്ടിങ്ങ് സിസ്റ്റം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉണ്ടായിരിക്കണം. വകുപ്പുകള്‍ തമ്മിലുള്ള പരസ്പരധാരണ മെച്ചപ്പെടുത്താന്‍ താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
- എല്ലാ തത്പരകക്ഷികളെയും ഉള്‍പ്പെടുത്തി വിശാലമായ ഒരു മേഖല/വകുപ്പ് ഹരിതരേഖ വികസിപ്പിക്കുക.
- ഹരിതരേഖ തുടങ്ങിയവക്കുന്നതിന് എല്ലാ ജോലിക്കാരേയും പങ്കെടുപ്പിച്ചുകൊണ്ട് ബൃഹത്തായ ഒരു ട്രെയിനിങ്ങ് / ഓറിയന്റേഷന്‍ പരിപാടി നടത്തുക.
- ഓരോ വകുപ്പ് അടിസ്ഥാനത്തിലും ഒരു ഹരിത വിഭാഗം രൂപീകരിച്ച് ഹരിതരേഖ വിജയിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് അധികാരപ്പെടുത്തുക.
ഉപസംഹാരം
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഹരിതശ്രേണിയിലേക്കുള്ള ചുവടുമാറ്റത്തിന് പ്രേരിപ്പിക്കുന്ന ചില മാര്ഗ്ഗരേഖകലാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. സാമൂഹ്യസുരക്ഷ ഉറപ്പാക്കി പരിസ്ഥിതി സന്തുലനം മെച്ചപ്പെടുത്തി കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സ്വീകാര്യമായ ജീവിതനിലവാരം ഇത് വാഗ്ദാനം ചെയ്യുന്നു. "എന്നത്തേയുംപോലുള്ള കച്ചവടം" എന്ന സ്ഥിരം പല്ലവിയിലുള്ള വികസനരീതി, അമിതോപഭോഗവും അന്തമില്ലാത്ത ഊര്ജ്ജദുരുപയോഗവും വഴി മാരകമായ സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സൈലന്റ് വാലിയെ സംരക്ഷിച്ചെടുത്തതിലെ വിജയം വളരെ ഹ്രസ്വമായിരുന്നുവെന്നും മറ്റ് സൈലന്റ് വാലികള്‍ അപ്രത്യക്ഷമായേക്കാമെന്നും ഇത് വ്യക്തമാക്കുന്നു. വളര്‍ച്ച, വികസനം, പുരോഗതി എന്നിവ തമ്മിലുള്ള വ്യത്യാസങ്ങള്‍ അടിയന്തിരമായി നമ്മളെല്ലാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഡോ. സിടിഎസ് നായര്‍ (പരിഭാഷ: കെആര്‍ അജിതന്)
[കുറുക്കുവഴികള്‍ തേടാതെ സുദീര്‍ഘമായ ഒരു ഹരിത സമ്പദ്വ്യവസ്ഥയാണ് കേരളം നേരിടുന്ന നിലവിലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന് നിര്‍ദ്ദേശിക്കുന്ന പഠനം. സൈലന്റ് വാലി സംരക്ഷണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ചത്.]
![]() |
| ഒരു കേരളീയം ലേഖനം. വായനക്കാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പതിനൊന്നുവര്‍ഷമായി തൃശുരുനിന്ന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി മാസികയാണ് കേരളീയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സമരങ്ങളെയും, കൂട്ടാഴ്മകളെയും അടയാളപ്പെടുത്തുക എന്ന ദൌത്യമാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. കേരളീയത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും മറ്റ് എഴുത്തുകളും malayal.amല്‍ വായിക്കാവുന്നതാണ്. കേരളീയം മാസികയ്ക്കും അതാതു ലേഖകന്മാര്ക്കും പകര്‍പ്പവകാശമുള്ള ഈ ലേഖനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളീയത്തിനാണ്. മലയാളം (malayal.am) ന്യൂസ് പോര്‍ട്ടലിന് ഈ വിഷയങ്ങളില്‍ ഇതേ അഭിപ്രായമായിക്കൊള്ളണമെന്നില്ല. കേരളീയത്തിന്റെ മേല്‍വിലാസം : കേരളീയം, കൊക്കാലെ, തൃശൂര്‍ - 21 : 9446576943, 9446586943, 0487-2421385 e-mail : robinkeraleeyam@gmail.com |









