കേരളീയം കരുണാകരന് പതിപ്പില്‍ പി സി ഉണ്ണിച്ചെക്കന് എഴുതിയ ലേഖനം:
1975 ജൂണ്‍ 25ന് സ്ഥാപിച്ച ഇന്ദിരാഭരണം ജനിച്ചത് നുണയിലാണ്. നുണകൊണ്ടാണ് വളര്‍ന്നത്. അതിന്റെ അടിസ്ഥാനഘടകംതന്നെ നുണയിലാണ്.
ലോകപ്രശസ്ത പത്രപ്രവര്‍ത്തകനായ ബെര്‍ണ്ണാഡ് ലെവിന്റെ ഈ നിരീക്ഷണം അടിയന്തിരാവസ്ഥയിലെ ഇരുണ്ട നാളുകളെക്കുറിച്ച് സ്വയം സംസാരിക്കുന്ന ഒന്നാണ്.
പൊരുതി നേടിയ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും തട്ടിപ്പറിച്ചപ്പോള്‍ അതിനെതിരെ പോരാടാനിറങ്ങിയവര് ഇന്നൊരു പ്രക്ഷോഭത്തിലാണ്. ഒന്നാം സ്വാതന്ത്ര്യസമരം വിദേശശക്തികള്ക്കെതിരായിരുന്നുവെങ്കില് അടിയന്തിരാവസ്ഥയ്ക്കെതിരായ പോരാട്ടം സ്വന്തം ഭരണാധികാരികളോടായിരുന്നു. വിദേശാധിപത്യത്തിനെതിരായ പോരാട്ടത്തെക്കാള്‍ വിഷമമേറിയ ഒന്നാണ് സ്വന്തം രാജ്യത്തെ ഭരണാധികാരികളോടുള്ള ഏറ്റുമുട്ടല്‍.
സ്വതന്ത്രഇന്ത്യയിലെ കറുത്ത ദിനങ്ങള്‍
1948നു ശേഷമുള്ള ഇരുണ്ടദിനങ്ങളായിരുന്നു അവ. കേന്ദ്രമന്ത്രിസഭയെപോലും വിശ്വാസത്തിലെടുക്കാതെ ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയായിരുന്നു ഇന്ദിരാഗാന്ധി. 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ആറ് വര്‍ഷത്തേക്ക് മത്സരിക്കാന്‍ പാടില്ലെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. ജൂണ്‍ 24ന് സോപാധിക സ്റ്റേ നേടിയെടുത്തശേഷം ബംഗാളിലെ അര്‍ദ്ധ ഫാസിസ്റ്റ് വാഴ്ചയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റേയെ വിളിച്ചുവരുത്തി അടിയന്തിരാവസ്ഥാ പ്രഖ്യാപനം ചെയ്ത് പ്രസിഡന്റിനെകൊണ്ട് ഒപ്പിടീക്കുകയായിരുന്നു. ജൂണ്‍ 26ന് 6.30ന് കേന്ദ്രമന്ത്രിസഭ വിളിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ഈ തീരുമാനത്തിന് അംഗീകാരം നേടിയെടുക്കുകയാണുണ്ടായത്. പി.ടി.ഐ. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് തന്നെ ഇതിന്റെ തെളിവാണ്. "കേന്ദ്രമന്ത്രിസഭ സ്ഥിതിഗതികള്‍ പരിഗണിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റിനോട് ചെയ്ത ശുപാര്‍ശ അംഗീകരിക്കുകയും ചെയ്തു". ഇതായിരുന്നു പത്രക്കുറിപ്പ്.
കോണ്ഗ്രസ്സിനുള്ളില്നിന്നുതന്നെ ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന കാലമായിരുന്നു അത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍പോലും ഇന്ദിരാഗാന്ധിക്ക് ഭൂരിപക്ഷം ഇല്ലായിരുന്നു. അവരെ എതിര്‍ത്ത രാംധന്‍ 156 വോട്ടും, അനുകൂലിച്ച കെ.പി. ഉണ്ണികൃഷ്ണന് 46 വോട്ടുമാണ് ലഭിച്ചത്. ഗരീബി ഹഠാവോ, ഭിക്കാരി ഹഠാവോ തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങള്‍ക്കു ജനങ്ങളുടെ ജീവിതത്തില്‍ കാര്യമായ ഫലമൊന്നും ഉണ്ടാകാതിരിക്കുകയും, ദരിദ്രരുടെ എണ്ണം പെരുകുകയും, വിലവര്‍ധന രൂക്ഷമാവുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്.
"റേപ്പ് ഓഫ് കറന്‍സി" എന്നു വി.കെ. കൃഷ്ണമേനോന് വിശേഷിപ്പിച്ച, രൂപയുടെ അവമൂലനത്തിന് തീരുമാനമെടുത്തതും പഞ്ചവത്സരപദ്ധതികള്‍ക്ക് മൂന്നു വര്‍ഷത്തോളം അവധി പ്രഖ്യാപിച്ചതും ഇന്ദിരാഭരണം നേരിട്ട പ്രതിസന്ധിയുടെ പ്രതിഫലനങ്ങളായിരുന്നു. 1967ലെ നക്സല്‍ബാരി കാര്‍ഷിക പ്രക്ഷോഭവും, 1969ലെ സി.പി.ഐ(എം.എല്‍)ന്റെ രൂപീകരണവും തുടര്‍ന്ന് അലയടിച്ചുയര്‍ന്ന വിപ്ലവശ്രമങ്ങളും അഴിമതിക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഗുജറാത്തിലെയും ബീഹാറിലേയും വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭങ്ങളും 1974ലെ ചരിത്രപ്രസിദ്ധമായ റെയില്‍വെ സമരവും കോണ്‍ഗ്രസ് ഭരണത്തിന്റെ അടിത്തറ പിടിച്ചുലച്ചു. നാഗര്‍വാല സംഭവവും, ആ കേസന്വേഷിച്ച കാശ്യപ് എന്ന പോലീസുദ്യോഗസ്ഥന്റെ ദുരൂഹമരണവും ലൈസന്‍സ് കുംഭകോണവും മാരുതി അഴിമതിയും, എല്‍.എന്‍.മിശ്രയുടെ ദാരുണമരണവും കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിലാണ് അലഹബാദ് വിധി വരുന്നതും, തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും.
അടിയന്തിരാവസ്ഥയും മലയാളിയും
"നല്ലുണ്ണിത്തമ്പുരാന് നാലുരുള്ത്തേരേറി
നാടു പിടിച്ചടക്കിയ കഥ കുഞ്ഞിരാമന് പറയുമ്പോള്‍
അങ്ങു താന്‍ അങ്ങുതാന്‍ സമസ്തവും"-കേരളത്തിലെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ നേതൃത്വത്തില്‍ അടിച്ചേല്‍പ്പിച്ച പോലീസ് രാജിലും അത് സൃഷ്ടിച്ച ശ്മശാനശാന്തതയിലും അഭിരമിച്ച മലയാളി ചുറ്റും നടന്നതൊന്നുമറിയാതെ ജീവിതം തള്ളിനീക്കി. അറിഞ്ഞവരെയാകട്ടെ ഭയം ഗ്രസിക്കുകയും നിശബ്ദരാക്കുകയും ചെയ്തു. ബ്രെഹ്തിന്റെ ഭയം എന്ന നാടകം നാസി ജര്മ്മനിയെക്കുറിച്ചുള്ളതാണ്. ഹിറ്റ്ലറുടെ ജര്‍മ്മനിയിലെത്തിയ ഒരു സഞ്ചാരി ഒരാളോട് ഇവിടെ ഭരിക്കുന്നതാര് എന്നു ചോദിക്കുന്നു. അദ്ദേഹം പറഞ്ഞ ഉത്തരം ഭയം എന്നായിരുന്നു. ആഭ്യന്തരമന്ത്രി കരുണാകരനും അദ്ദേഹത്തിന്റെ നരാധമന്മാരായ പോലീസ് മേധാവികളും ഇന്ദിരാ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്ന മുഴുവന്‍ ശക്തികളേയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പീഡിപ്പിക്കുകയായിരുന്നു എന്ന യഥാര്‍ത്ഥ്യം വായ്മൂടിക്കെട്ടിയ പത്രത്താളുകളില്‍നിന്ന് മലയാളിയെ തേടിയെത്തിയിരുന്നുമില്ല.
സി.പി.ഐ (എം.എല്‍)ന്റെ നേതൃത്വത്തില്‍ നടന്ന കായണ്ണ പോലീസ് സ്റ്റേഷനാക്രമണവും കുമ്പളം സംഭവവും പരാജയപ്പെട്ട മതിലകം സ്റ്റേഷനാക്രമണവും ഇന്ദിരാ ഫാസിസത്തെ വെല്ലുവിളിക്കാന്‍ നടത്തിയ ധീരോദാത്തമായ ശ്രമങ്ങളായിരുന്നു. ആര്.എസ്.എസ്., ജനസംഘം, സോഷ്യലിസ്റ്റുകള്‍, സംഘടനാ കോണ്‍ഗ്രസുകാര്‍, എം.എ. ജോണിന്റെ നേതൃത്വത്തിലുണ്ടായിരുന്നു പരിവര്‍ത്തനവാദികള്‍. സി.പി.എം. പ്രവര്‍ത്തകര്‍ തുടങ്ങിയ ഒട്ടേറെപ്പേര്‍ മിസയിലും, ഡി.ഐ.ആറിലുമായി ജയിലില്‍ എത്തിയിരുന്നു. പക്ഷേ ഇവര്‍ നടത്തിയ ചില സത്യാഗ്രഹങ്ങളും പ്രകടനവും മുദ്രാവാക്യം വിളികളും പൊതുസമൂഹത്തെ ഉണര്‍ത്താന്‍ പര്യാപ്തമായ ഒന്നായിരുന്നില്ല.
"അധികാരത്തില്‍ പാപം സത്യത്തെ വികൃതമാക്കുക മാത്രമല്ല, കാപട്യം സത്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും. സത്യമായും സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലും ശത്രുക്കള്‍ സൃഷ്ടിക്കുന്ന കടങ്കഥകളാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു".
ആര്‍തര്‍ മില്ലറുടെ ഈ നിരീക്ഷണം ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് രാജ്യമെമ്പാടും അരങ്ങേറിയത്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ധൈര്യപ്പെട്ടവനൊക്കെ കൊടിയപീഡനങ്ങള്ക്കിരയായി തടവറകളിലടയ്ക്കപ്പെട്ടു.
"മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുക എന്നത് സ്വാതന്ത്ര്യം അനുഭവിക്കുന്നവരുടെ ലക്ഷണമാണ്. അങ്ങനെ ചെയ്യാതിരിക്കുന്നവരാകട്ടെ അടിമപ്പെടാന്‍ സന്നദ്ധരായവരുടെ ലക്ഷണവുമാണ്".
അലന് പാറ്റന്‍ സൂചിപ്പിച്ചതുപോലെ അടിമപ്പെടാന്‍ സന്നദ്ധമായ മനസ്സുമായി ഭൂരിപക്ഷം മലയാളികളും ഉണ്ടുറങ്ങി കാലം തള്ളി നീക്കിയപ്പോള്‍ പീഡനപര്‍വ്വം തെരഞ്ഞെടുത്ത ഒരു കൂട്ടം മലയാളികള്‍ ബോധേശ്വരന്‍ ചോദിച്ചതുപോലെ 'സഹിക്കുകയോ ദാസ്യം, മരണമല്ലോ നല്ലൂ' എന്നു ചിന്തിച്ച് പോര്‍ക്കളത്തിലിറങ്ങി.
അടിയന്തരാവസ്ഥയും കരുണാകരനും
'ആയിരം വളവുള്ള കാഞ്ഞിരമരം' എന്നൊരു പ്രയോഗം മഹാകവി കുഞ്ഞിരാമന് നായരുടേതായുണ്ട്. ആ വിശേഷണത്തിന് സര്‍വ്വഥാ യോഗ്യനായ നേതാവായിരുന്നു കെ. കരുണാകന്. വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രമാണെന്ന് ഇടതുപക്ഷം ഇദ്ദേഹത്തിനെതിരെ ഉന്നയിച്ച വിമര്‍ശനം ആ കാഞ്ഞിരമരത്തിന്റെ കയ്പുനീര് ഏറെ അനുഭവപ്പെട്ടതുകൊണ്ടാണ്.
ചിത്രകല പഠിക്കാനായി തൃശൂരിലെത്തിയ കെ. കരുണാകരന് സീതാറാം മില്ലിലെ തൊഴിലാളിസമരത്തിനിടയില് കരിങ്കാലിപ്പണിയിലൂടെ ഐ.എന്‍.ടി.യു.സി. യൂണിയന് രൂപീകരിച്ചു. ആ ഇരട്ടപ്പേരിലാണ് അദ്ദേഹം പിന്നീട് ഏറെക്കുറെ വിശേഷിപ്പിക്കപ്പെട്ടത്. തട്ടില്‍ എസ്റ്റേറ്റ് സൂപ്രണ്ടിന്റെ വധം, നവാബ് രാജേന്ദ്രന്റെ അറസ്റ്റും പീഡിപ്പിക്കലും 67ലെ മാളയിലെ തെരഞ്ഞെടുപ്പ്, ഒമ്പത് അംഗങ്ങളുടെ പ്രതിപക്ഷ നേതൃസ്ഥാനം. തുടര്‍ന്ന് ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, എം.പി, കേന്ദ്രവ്യവസായമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച കരുണാകരനെ കോണ്ഗ്രസ്സുകാര് ലീഡറെന്നും ഭീഷ്മാചാര്യര്‍ എന്നും വിശേഷിപ്പിക്കുമ്പോള്‍ അടിയന്തരാവസ്ഥയിലെ കൊടിയ പാതകങ്ങളുടെ പേരിലായിരിക്കും അദ്ദേഹത്തെ കേരളം ഓര്‍ക്കുക.
അടിയന്തിരാവസ്ഥയ്ക്കുശേഷവും കീഴ്മാടും തങ്കമണിയും ഈച്ചരവാര്യരുടെ മരണത്തിനുശേഷം 'ഏത് ഈച്ചരവാര്യര്‍?' എന്ന അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന ചോദ്യവും മലയാളി മറക്കാന്‍ വഴിയില്ല. സഭയില്‍ കള്ളം പറഞ്ഞതിനു മുഖ്യമന്ത്രിസ്ഥാനം വിട്ടൊഴിയേണ്ടിവന്ന ഖ്യാതിയും അദ്ദേഹത്തെ വിട്ടുപോകാനിടയില്ല.
"അടിയന്തരാവസ്ഥയും കേന്ദ്രഗവണ്മെന്റ് നിര്‍ദ്ദേശിച്ച ഓരോ പരിപാടിയും നയവും അതിന്റെ സ്പിരിട്ടില് ഞാന്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ വീഴ്ച വരുത്താനോ വഴിവിട്ടുപോകാനോ ഞാന്‍ ശ്രമിച്ചിട്ടില്ല".
കരുണാകരന്റേതാണ് ഈ പ്രസ്താവന. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി തന്നെയായിരുന്നു അദ്ദേഹം. 'അടിയന്തരാവസ്ഥ ജനനന്മയ്ക്ക്' എന്ന മുദ്രാവാക്യത്തിനു പിന്നില്‍ അടങ്ങിയിരുന്ന ഭരണകൂട ഭീകരതയുടേയും പൗരാവകാശ ധ്വംസനങ്ങളുടേയും കേരളത്തിലെ നടത്തിപ്പുകാരനായിരുന്നു അദ്ദേഹം.
രാജന് കേസും കരുണാകരനും
"ശോകമൂകമായ കഥയുടെ അവസാനത്തില്‍ നാമെത്തുകയാണ്. നോവലുകളിലും ചലച്ചിത്രങ്ങളിലും ദണ്ഡനമുറകളും ഭീകരാലയങ്ങളും നാം കാണാറുണ്ട്. മനുഷ്യജീവിതവുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് നാം കരുതിപ്പോന്നത്. എന്നാല്‍ ഞങ്ങളുടെ മുന്നിലവതരിപ്പിച്ച ഈ കണ്ണീര് കഥയുടെ അവസാന അധ്യായം സീനിയര്‍ പോലീസുദ്യോഗസ്ഥര്‍ സംഘടിപ്പിച്ച പോലീസ് ക്യാമ്പില്‍ നടന്ന ക്രൂരവും പൈശാചികവുമായ മര്ദ്ദനങ്ങളെപ്പറ്റിയാണ് പറയുന്നത്".
(ഈച്ചരവാര്യര്‍ കൊടുത്ത ഹേബിയസ് കോര്‍പ്പസ് കേസില്‍ ജസ്റ്റിസ് പോറ്റിയും ജസ്റ്റിസ് ഖാലിദും എഴുതിയ വിധിന്യായത്തില്‍നിന്ന്).
ഈ ഹേബിയസ് കോര്‍പ്പസ് കേസില്‍ 1977 ഏപ്രില്‍ 21ന് രാജനെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഏപ്രില്‍ 19ന് വിവരമറിയിക്കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. ഈ കേസില്‍ കള്ളം പറഞ്ഞതിനാണ് ഹൈക്കോടതി അദ്ദേഹത്തിനെതിരെ കേസ് ചാര്‍ജ്ജ് ചെയ്തത്.
ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം സമര്‍പ്പിച്ച കേസ് സുപ്രീംകോടതിയില്‍ വാദം കേട്ടത് ജസ്റ്റിസ് ഗോസ്വാമിയും തുള്സാവുക്കറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ്.
"ജനങ്ങളാകെ ഇളകിക്കഴിഞ്ഞ ഒരു സംഭവത്തെപ്പറ്റി തനിക്ക് യാതൊന്നുമറിയില്ലെന്ന് ഔദ്യോഗികമായി എല്ലാ വിവരങ്ങളും വച്ചുകൊണ്ട് തനിക്കുമാത്രം അറിയാവുന്ന കാരണങ്ങളാല്‍ ഒരു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കെ മറുകാര്യം പൊതുജനതാല്പര്യം മുന്‍നിര്‍ത്തി വിചാരണയെ നേരിടേണ്ടതാണ്".
ഈ വിധിയോടെ ഒരു മാസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന്, വിട്ടിറങ്ങേണ്ടിവന്നു.
എം. സുകുമാരന്റെ "ജലജീവികളുടെ രോദനം" എന്നൊരു കഥയില്‍ ജയകൃഷ്ണന് എന്നൊരു പോലീസ് ഓഫീസറുണ്ട്. ജയറാം പടിക്കലിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം. ഈ പോലീസ് മേധാവി വിപ്ലവകാരികളെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. ചിലരെ കൊല്ലുകയും ചെയ്തു. എങ്കിലും വലിയൊരു ആത്മസംഘര്‍ഷം അദ്ദേഹം അനുഭവിക്കുന്നു. കൊല്ലാന്‍ കഴിയുന്നു, പക്ഷേ തോല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നതാണയാളുടെ ദുഃഖം. ഇത്തരം പോലീസ് മേധാവികള്‍ അഴിഞ്ഞാടിയത് കരുണാകരന്റെ തണലിലായിരുന്നു.
നക്സലൈറ്റുകളെ ഉന്മൂലനം ചെയ്തു എന്നതാണ് കരുണാകരന് കേരളത്തിലെ വലതുപക്ഷം കല്‍പ്പിച്ചുകൊടുക്കുന്ന ഭരണമികവിന്റെ സര്‍ട്ടിഫിക്കറ്റ്. പക്ഷെ തോല്‍പ്പിക്കാന്‍ കഴിയാത്ത മനസ്സുകളുമായി, ജയറാം പടിക്കല്‍മാര്‍ക്കും കരുണാകരനും പേടിസ്വപ്നമായി ഫീനിക്സ് പക്ഷികളെപ്പോലെ അവര്‍ ഇന്നും നിലനില്ക്കുന്നു എന്നതാണ് വസ്തുത. സ: പി. രാജനും, സ: വര്‍ക്കല വിജയനും തോരാത്ത കണ്ണീരുമായി മകനെ കാത്തിരുന്നൊരു അമ്മയും എന്നും വാതില്‍പ്പടി തുറന്നിട്ട് മകന്റെ കാലൊച്ചയ്ക്കായി കാത്തിരിക്കുന്ന ഒരച്ഛനും ഇന്നും മലയാളികളുടെ നൊമ്പരമാണ്. അവരുടെ ഭൗതികശരീരം എന്തുചെയ്തു എന്ന് പറയാനുള്ള ധാര്‍മ്മിക ബാധ്യതപോലും നിര്വ്വഹിക്കാത്തൊരു ഭരണാധികാരിയാണദ്ദേഹം.
ചില രഹസ്യങ്ങള്‍ ചിതയോടൊപ്പം പോകേണ്ടതാണെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ എഴുതിവെച്ചിട്ടുണ്ട്. രാജന്റേയും വര്‍ക്കല വിജയന്റേയും ഭൗതികശരീരം എന്തുചെയ്തുവെന്നും ഇവരുടെ കൊലയാളികള്‍ ആരാണെന്നും അറിയേണ്ടതുണ്ട്. അതിനായി ഏത് ചിത ചികയേണ്ടിവന്നാലും അധികപ്പറ്റാവുകയില്ല. അടിയന്തരാവസ്ഥയില്‍ രക്തസാക്ഷികളായവരും സ്വയമെരിഞ്ഞ് വെളിച്ചമായവരുമാണ് നമുക്ക് ജനാധിപത്യം തിരിച്ചുതന്നത്.
അടിയന്തരാവസ്ഥയും 77ലെ തിരഞ്ഞെടുപ്പും
1977ലെ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യ കോണ്‍ഗ്രസ്സിനെ നിലംപരിശാക്കി. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയുമടക്കം പ്രമുഖരെല്ലാം തോറ്റമ്പി. പക്ഷെ കേരളത്തില്‍ കോണ്‍ഗ്രസ് ഉജ്ജ്വല തിരിച്ചുവരവ് നടത്തുകയാണുണ്ടായത്. 20ല്‍ 20 പാര്‍ലമെന്റ് സീറ്റും 111 അസംബ്ലി സീറ്റും അവര്‍ നേടി. അതേവരെയുള്ള ഏറ്റവും വലിയ റെക്കോര്‍ഡാണിത്. ഇതുവരെ തിരുത്തിയിട്ടുമില്ല.
കേരളത്തെ ചില രാഷ്ട്രീയ നിരീക്ഷകര്‍ ഇന്ത്യയുടെ ബാരോമീറ്റര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. 77ലെ തെരഞ്ഞെടുപ്പില്‍ ഈ ബാരോമീറ്ററില്‍ കേരളത്തിന്റെ ഗ്രാഫ് കുത്തനെ താണു. മലയാളിക്ക് എക്കാലത്തും നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അത്. എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യം പല കോണുകളിലും ഉയര്‍ന്നു. അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്വേച്ഛാധിപത്യമുഖം ജനങ്ങള്‍ക്കു മുന്നില്‍ അനാവരണം ചെയ്യാന്‍ പ്രതിപക്ഷപാര്‍ട്ടിയായ സി.പി.എം പരാജയപ്പെട്ടതാണ് പ്രധാന കാരണം.
അടിയന്തരാവസ്ഥക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ മനം നൊന്താണ് ജനറല്‍ സെക്രട്ടറി സ്ഥാനം സുന്ദരയ്യ രാജിവച്ചത്. പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുമ്പില്‍ പ്രകടനം നടത്താനെത്തിയവരുടെ എണ്ണം ശുഷ്ക്കമായിരുന്നു. ചില പിക്കറ്റിങ്ങുകളും പ്രതിഷേധ പ്രകടനങ്ങളുമൊഴിച്ചാല് ശക്തമായ ബഹുജന പ്രതിഷേധമൊന്നും കേരളത്തില്‍ ഉയര്‍ന്നില്ല.
കോണ്‍ഗ്രസിന്റെ കുപ്രചരണങ്ങളെ മറികടക്കാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസ്സിന്റെ മാരീചവേഷത്തില്‍ ഭ്രമിച്ച മലയാളി അവരെത്തന്നെ വീണ്ടും അധികാരമേല്പ്പിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം "ഈശ്വരഭക്താ കരുണാകരാ, ഈച്ചരവാര്യരുടെ മകനെവിടെ?" എന്ന ചോദ്യം മലയാളികളുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു. കക്കയം ക്യാമ്പ് കഥ പറയുന്നു എന്ന ലഘുലേഖയും, ശവംതീനികള്‍ എന്ന നാടകവും മലയാളി മനസ്സുകളെ പിടിച്ചുലച്ചു. കേരളത്തിന്റെ ഓരോ മുക്കും മൂലയും തെരുവോരങ്ങളും കരുണാകരവാഴ്ചയുടെ ഭീകരതയറിഞ്ഞ് ഞെട്ടിത്തരിച്ചു. മുന്നണിബന്ധങ്ങളുടെ രസതന്ത്രം മാറ്റുന്ന വിധത്തില്‍ അത് പ്രതിപ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസ്പോലും കേരളത്തില്‍ പിളര്‍ന്നു. സി.പി.ഐ.യും, ആര്.എസ്.പിയും കോണ്‍ഗ്രസ് ബാന്ധവം ഉപേക്ഷിച്ച് സി.പി.എം. മുന്നണിയില്‍ ചേര്‍ന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപംകൊള്ളുന്നതിന്റെ പശ്ചാത്തലമിതാണ്. ഈ മുന്നണി 80ലെ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ വിജയം കൊയ്തെടുക്കുകയും ചെയ്തു.
1969ല്‍ അധികാരം നഷ്ടപ്പെട്ടതിനുശേഷം 11 വര്‍ഷം പ്രതിപക്ഷത്തിരുന്ന സി.പി.എമ്മിന് 80ല്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത് രാജന്റേയും വിജയന്റേയും രക്തസാക്ഷിത്വവും അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടവും മൂലമാണ്. ഇന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി തന്നെ അടിയന്തിരാവസ്ഥാവിരുദ്ധ പോരാട്ടത്തിന്റെ ഒരു ഉപോല്പന്നമാണ്. അടിയന്തരാവസ്ഥാ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണമെന്ന ആവശ്യത്തിനു നേരെ മുഖംതിരിച്ചിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഈ ചരിത്രയാഥാര്‍ത്ഥ്യത്തെയാണ് നിരാകരിക്കാന്‍ ശ്രമിക്കുന്നത്.
ബിനായക് സെന്മാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്നവര്‍, ഷാഹിനമാര്ക്കെതിരെ കള്ളക്കേസ്സെടുക്കുന്നവര്, ഇറോം ശര്മ്മിളമാരെ പത്തു വര്‍ഷമായി നിരാഹാരത്തിലേയ്ക്ക് തള്ളിവിടുന്നവര്‍, പാതയോരത്തെ പൊതുസമ്മേളനം നിരോധിക്കുന്ന കോടതികള്‍, വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളായി ജനാധിപത്യസമൂഹത്തിനു നേരെ ഇന്ന് തുറിച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥാവിരുദ്ധ പോരാളികളെ രാഷ്ട്രീയമായി അംഗീകരിക്കുന്നത് സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്കലായിരിക്കും. രാജന്റേയും വര്‍ക്കല വിജയന്റേയും ഭൗതികശരീരങ്ങള്‍ എന്തു ചെയ്തുവെന്നും അവരുടെ കൊലയാളികള്‍ ആരാണെന്നും അറിയാനുള്ള നിയമപോരാട്ടങ്ങള്‍ നടക്കുകയാണ്. ഈ പ്രക്ഷോഭങ്ങളോടൊപ്പം അണിചേരേണ്ടത് ജനാധിപത്യസമൂഹത്തിന്റെ കടമയും ഉത്തരവാദിത്തവുമാണ്.
പി സി ഉണ്ണിച്ചെക്കന്
(കേരളീയത്തിന്റെ കരുണാകരന് പതിപ്പിറങ്ങി)
![]() |
| ഒരു കേരളീയം ലേഖനം. വായനക്കാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പതിനൊന്നുവര്‍ഷമായി തൃശുരുനിന്ന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി മാസികയാണ് കേരളീയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സമരങ്ങളെയും, കൂട്ടാഴ്മകളെയും അടയാളപ്പെടുത്തുക എന്ന ദൌത്യമാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. കേരളീയത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും മറ്റ് എഴുത്തുകളും malayal.amല്‍ വായിക്കാവുന്നതാണ്. കേരളീയം മാസികയ്ക്കും അതാതു ലേഖകന്മാര്ക്കും പകര്‍പ്പവകാശമുള്ള ഈ ലേഖനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളീയത്തിനാണ്. മലയാളം (malayal.am) ന്യൂസ് പോര്‍ട്ടലിന് ഈ വിഷയങ്ങളില്‍ ഇതേ അഭിപ്രായമായിക്കൊള്ളണമെന്നില്ല. കേരളീയത്തിന്റെ മേല്‍വിലാസം : കേരളീയം, കൊക്കാലെ, തൃശൂര്‍ - 21 : 9446576943, 9446586943, 0487-2421385 e-mail : robinkeraleeyam@gmail.com |









