കേരളീയം കരുണാകരന് പതിപ്പില്‍ കെ വേണു എഴുതിയ ലേഖനം:
കെ കരുണാകരന്റെ നിര്യാണ സന്ദര്‍ഭം കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ നിലവാരത്തകര്‍ച്ച ഏതറ്റം വരെ എത്തിയിരിക്കുന്നു എന്നു കാണിച്ചുതരാന്‍ അവസരമൊരുക്കി. കരുണാകരന്റെ ഒട്ടും ആകര്‍ഷണീയമല്ലാത്ത ഇരുണ്ടവശങ്ങളെ വേണ്ടുവോളം തുറന്നുകാട്ടിക്കൊണ്ടിരുന്ന മാദ്ധ്യമങ്ങള്‍ ഒന്നടങ്കം നിര്യാണസമയത്ത് കരുണാകരനെ വാനോളം പാടിപ്പുകഴ്ത്താന്‍ മത്സരിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവുമധികം രാഷ്ട്രീയ കക്ഷിയെ പ്രതിനിധാനം ചെയ്ത് കേരളത്തിന് ഏറ്റവുമധികം ഭരണനേതൃത്വം കയ്യാളിയ ഒരു നേതാവിനോട് ജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം വൈകാരിക അടുപ്പം പുലര്‍ത്തുന്നത് സ്വാഭാവികമാണ്. കരുണാകരന്റെ അന്ത്യയാത്രയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഉടനീളം തടിച്ചുകൂടിയ ജനാവലിയെ കണ്ട മാദ്ധ്യമങ്ങള്‍ ആ വൈകാരികതയെ മുതലാക്കാന്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്.
കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ നേതൃത്വത്തില്‍ ദീര്‍ഘകാലം നിര്‍ണ്ണായക പങ്ക് വഹിച്ച ഒരു നേതാവ് അനുകരണീയനായി വാഴ്ത്തപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഏത് രീതിയിലാണ് പുതിയ തലമുറക്ക് മാര്ഗ്ഗദര്ശകമായിത്തീരുന്നതെന്ന് വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അത്തരം ഗൗരവപൂര്‍ണ്ണമായ ശ്രമങ്ങളൊന്നും നടത്താതെ ഉപരിപ്ലവത്തിലുള്ള സ്തുതിപാടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പുതിയ തലമുറയെ ബോധപൂര്‍വ്വം വഴി തെറ്റിക്കുന്നതിന് സമമാണ് മാദ്ധ്യമങ്ങളുടെ ഈ രീതി.
അരനൂറ്റാണ്ടോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവാണ് കെ. കരുണാകരന്. അങ്ങനെയുള്ള ഒരു നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ വസ്തുനിഷ്ഠമായിത്തന്നെ വിലയിരുത്തപ്പെടണം. എങ്കില്‍ മാത്രമേ പുതിയ തലമുറയ്ക്ക് അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പാലിക്കാനോ സ്വീകരിക്കാനോ ഉണ്ടോ എന്ന് തീരുമാനിക്കാനാകൂ. ഇത്തരമൊരു ഹ്രസ്വ പരിശോധനയാണ് ഇവിടെ ശ്രമിക്കുന്നത്.
കെ. കരുണാകരന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും മുഴച്ചുനില്‍ക്കുന്ന സംഭവം രാജന് കേസാണ്. ആ കേസില്‍ കരുണാകരനെതിരായ ഹൈക്കോടതി പരാമര്‍ശം മൂലം കരുണാകരന് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്നു എന്നതുമാത്രമല്ല ആ കേസിന്റെ പ്രാധാന്യം. അടിയന്തരാവസ്ഥ നല്കിയ അമിതാധികാരം ദുര്‍വിനിയോഗം ചെയ്തതിന്റെ ഫലമായുണ്ടായ അതിക്രമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി തീര്‍ന്നതായിരുന്നു രാജന് കേസ്.
1970-കളുടെ ആരംഭം മുതല്ക്കുതന്നെ നക്സലൈറ്റുകളെ നേരിടാനായി ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ അമിതാധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഒരു പോലീസ് വിഭാഗത്തെ പ്രത്യേകമായി വളര്‍ത്തിക്കൊണ്ടുവന്നത് ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്റെ വ്യക്തിപരമായ മുന്‍കയ്യിലായിരുന്നു. അമിതാധികാരങ്ങള്‍ കയ്യാളിയ ആ പോലീസ് വിഭാഗത്തിന് അടിയന്തരാവസ്ഥ നല്കിയ അധികാരം കൂടിയായപ്പോള്‍ എന്തും ചെയ്യാമെന്ന അവസ്ഥ വന്നു. കക്കയം, ശാസ്തമംഗലം, ഇടപ്പള്ളി എന്നീ പോലീസ് ക്യാമ്പുകള്‍ സൃഷ്ടിക്കുകയും അവയില്‍ വച്ച് അടിയന്തിരാവസ്ഥയെ എതിര്‍ക്കാന്‍ തയ്യാറായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യാനിടയായതും ഇതിന്റെ ഫലമായിട്ടാണ്. അതിനിടയ്ക്കാണ് രാജനും വര്‍ക്കല വിജയനും കൊല്ലപ്പെടാനിടയാവുന്നത്.
ഈ സംഭവവികാസങ്ങളില്‍ കരുണാകരന് എത്രത്തോളം പങ്കുണ്ട് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളോ തെളിവുകളോ ലഭ്യമല്ല. പക്ഷേ, അത്തരമൊരു അതിക്രമ പരമ്പരക്കുള്ള സാഹചര്യമൊരുക്കുന്നതില്‍ കരുണാകരന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. അത് ആര്‍ക്കും നിഷേധിക്കാനുമായില്ല.
കരുണാകരനും അനുയായികള്‍ക്കും ഇതിനൊരു മറുപടിയുണ്ട്. നക്സലൈറ്റുകള്‍ ഉയര്‍ത്തിയ ഭീഷണിയെ നേരിടുന്നതിനും അവരെ അടിച്ചമര്‍ത്തുന്നതിനും വേണ്ടിയാണ് കരുണാകരന് ശ്രമിച്ചതെന്നും കേരളീയ സമൂഹത്തിന് വേണ്ടി ചെയ്ത ആ സേവനത്തിന് കരുണാകരന് കിട്ടിയ പ്രതിഫലമാണ് മുഖ്യമന്ത്രി പദം നഷ്ടപ്പെടാനിടയാക്കിയതെന്നും അവര്‍ സമര്‍ത്ഥിക്കാറുണ്ട്. കരുണാകരന്റെ നിര്യാണം വരെ ഈ അവകാശവാദം ഉന്നയിക്കാറുള്ളത് കരുണാകരന് തന്നെയാണ്. പക്ഷേ, ഇപ്പോള്‍ ഇതുവരെ ഇത്തരം വാദമൊന്നും ഏറ്റുപിടിച്ചിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടിയെപ്പോലുള്ളവര്‍ അതാരംഭിച്ചിരിക്കുന്നു. കരുണാകരന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനേട്ടം നക്സലൈറ്റുകളെ അടിച്ചമര്ത്തിയതാണെന്നും കരുണാകരന് അങ്ങിനെ ചെയ്തതു കൊണ്ടാണ് ഇപ്പോള്‍ മറ്റു പലയിടത്തും മാവോയിസ്റ്റുകള്‍ തലപൊക്കുമ്പോള്‍ കേരളത്തില്‍ അങ്ങിനെ അനുഭവിക്കാത്തതെന്നും ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി.
കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും വാദമുഖങ്ങള്‍ക്ക് വസ്തുതാപരമായ യാതൊരു അടിസ്ഥാനവുമില്ല. ഇവിടത്തെ ജനാധിപത്യവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി വെല്ലുവിളിക്കുകയും അതിനെ തകര്‍ക്കാനായി അക്രമപ്രവര്ത്തനങ്ങളിലേര്പ്പെടുകയും ചെയ്യുന്ന നക്സലൈറ്റുകളെ അടിച്ചമര്‍ത്തണമെന്ന് തീരുമാനിക്കാനും നടപടികളെടുക്കാനും ജനാധിപത്യവ്യവസ്ഥയിലെ ഭരണാധികാരികള്‍ക്ക് അവകാശമുണ്ട്. അതവരുടെ ഉത്തരവാദിത്വവുമാണ്. അതില്‍ ഒരുതെറ്റുമില്ല. കരുണാകരന്റെ ലക്ഷ്യപ്രഖ്യാപനത്തെ ആരെങ്കിലും വിമര്‍ശിക്കുമെന്ന് തോന്നുന്നില്ല.
പക്ഷേ, ജനാധിപത്യപരമായ രീതികള്‍ സ്വീകരിച്ചുകൊണ്ടാണ് തങ്ങളുടെ ലക്ഷ്യം നേടേണ്ടത്. ഇവിടെയാണ് കരുണാകരന്റെ പാളിച്ച. ലക്ഷ്യം നേടാനായി അമിതാധികാരവും ജനാധിപത്യ വിരുദ്ധരീതികളും പ്രയോഗിക്കാനുള്ള ലൈസന്‍സ് നല്‍കുകയാണ് കരുണാകരന് ചെയ്തത്. അതുമൂലം ലക്ഷ്യം നേടാനായില്ല എന്ന് മാത്രമല്ല, വിപരീത ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കരുണാകരന്റെ രാഷ്ട്രീയ ചരിത്രം നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാഠം ഇതാണ്.
ഉമ്മന്‍ ചാണ്ടിയെപ്പോലുള്ളവര്‍ ഈ പാഠം ഉള്‍ക്കൊണ്ടില്ല എന്നതിന്റെ അര്‍ത്ഥം, മുഖ്യമന്ത്രി ആവാന്‍ തയ്യാറെടുത്തിരിക്കുന്ന അദ്ദേഹം ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിച്ചുകൂടെന്നില്ല എന്നതാണ്.
അടിയന്തരാവസ്ഥയില്‍പോലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പോലീസിനോ ഭരണാധികാരികള്‍ക്കോ അവകാശമുണ്ടായിരുന്നില്ല. പോലീസിന് കൂടുതല്‍ അധികാരം നല്‍കിയിരുന്നു. പക്ഷേ, അതും ചട്ടപ്രകാരം മാത്രമേ പ്രയോഗിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. കരുണാകരന്റെ പോലീസ് യാതൊരു നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് അമിതാധികാരപ്രയോഗം നടത്തിയിരുന്നത്. ആഴ്ചകളും മാസങ്ങളുമാണ് അറസ്റ്റുചെയ്തവരെ നിയമവിരുദ്ധ കസ്റ്റഡിയില്‍ വയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നത്. അത്തരം നിയമവിരുദ്ധ കസ്റ്റഡിയിലെ മര്‍ദ്ദനത്തിന്റെ ഫലമായിട്ടാണ് രാജനും വര്‍ക്കല വിജയനും കൊല്ലപ്പെട്ടത് എന്നതിന് അനവധി സാക്ഷികളുണ്ട്. പക്ഷേ, അവരുടെ ശരീരങ്ങള്‍ ഇപ്പോഴും അജ്ഞാതമായ രീതിയില്‍ നശിപ്പിക്കുകയാണുണ്ടായത്. മക്കളുടെ ശരീരഭാഗങ്ങള്‍ക്ക് എന്തുപറ്റി എന്ന രാജന്റെ അച്ഛന്റെയും വിജയന്റെ അമ്മയുടെയും ചോദ്യങ്ങള്‍ മലയാളി സമൂഹത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്ക്കുന്നു.
ഒരു സംസ്കൃത സമൂഹം ന്യായമായും ഉത്തരം പറഞ്ഞിരിക്കേണ്ടതായ ഒരു ചോദ്യമാണത്. ഉത്തരമില്ലാത്തിടത്തോളം കാലം മലയാളി സമൂഹത്തിന് ഇതൊരു തീരാക്കളങ്കമായി അവശേഷിക്കും. ഈ തീരാക്കളങ്കത്തിന് ഉത്തരവാദി കരുണാകരനല്ലാതെ മറ്റാരുമല്ലതാനും.
നക്സലൈറ്റു പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനായി കരുണാകരന് ഇതെല്ലാം ചെയ്തിട്ടും ആ പ്രസ്ഥാനം അടിയന്തിരാവസ്ഥയ്ക്കുശേഷം ഏറെ സജീവമാവുകയാണുണ്ടായത്. കരുണാകരന്റെ അടിച്ചമര്‍ത്തല്‍ കാലഘട്ടം 1970 മുതല്‍ 1977 വരെയായിരുന്നു. ആ ഘട്ടത്തില്‍ വലിയ അടിച്ചമര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ യുവാക്കളുടെയും സാധാരണക്കാരുടെയും ഇടയില്‍ നക്സലൈറ്റുകള്‍ ആകര്ഷണകേന്ദ്രങ്ങളാകുകയായിരുന്നു.
മര്‍ദ്ദനകഥകള്‍ അവരെ ഭയപ്പെടുത്തുകയല്ല അടുപ്പിക്കുകയാണ് ചെയ്തത്. ഒന്നൊന്നര ദശകക്കാലം നക്സലൈറ്റുകള്‍ കേരളത്തില്‍ സജീവമായി നില്‍ക്കാനുള്ള അടിസ്ഥാനം അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന് നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികള്‍ തന്നെയായിരുന്നു.
നക്സലൈറ്റുകള്‍ പിന്നീട് ഭീകരത കയ്യൊഴിച്ചത് പടിപടിയായിട്ടായിരുന്നു. കേരളത്തില്‍ ജന്മിത്തത്തിന് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു എന്ന വസ്തുതയും, ജനങ്ങള്‍ക്കിടയിലെ ജനാധിപത്യ രാഷ്ട്രീയ വളര്‍ച്ച ഭീകരതയോട് അകല്‍ച്ച സൃഷ്ടിക്കുന്നതും തിരിച്ചറിഞ്ഞുകൊണ്ട് നക്സലൈറ്റുകള്‍ സ്വയം ഭീകരപ്രവര്‍ത്തനങ്ങള്‍ കയ്യൊഴിയുകയായിരുന്നു. ലോകവ്യാപകമായി സംഭവിച്ച കമ്മ്യൂണിസ്റ്റുതകര്ച്ച സൃഷ്ടിച്ച പ്രത്യയശാസ്ത്രപ്രതിസന്ധിയും നക്സലൈറ്റുകളുടെ പുറകോട്ടടിയ്ക്ക് കാരണമായിത്തീര്‍ന്നു.
കരുണാകരന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് മറ്റൊരു പ്രത്യക്ഷങ്ങള്‍ കൂടിയുണ്ടായി. നിയമവിരുദ്ധ നടപടികള്‍ പലതും വിചാരണയ്ക്ക് വിധേയമാക്കപ്പെട്ടു. ജയറാം പടിക്കലും ലക്ഷ്മണയും ഉള്‍പ്പടെയുള്ള അനവധി പോലീസുകാര്‍ കേസുകളില്‍ പ്രതികളാക്കപ്പെട്ട് കോടതി വരാന്തകളില്‍ കാത്തു നില്‍ക്കേണ്ടി വന്നു. അവര്‍ മര്‍ദ്ദിച്ചവശരാക്കിയ നക്സലൈറ്റുകളുടെ മുന്നില്‍ പ്രതികളായി തിരിച്ചറിയല്‍ പരേഡില്‍ നിന്നു കൊടുക്കേണ്ടിവന്നു. ഈ അവസ്ഥ മൊത്തത്തില്‍ പോലീസ് സേനയില്‍ മനോവീര്യത്തകര്ച്ചയുണ്ടാക്കി. പിന്നീടുണ്ടായ നക്സലൈറ്റുകേസുകളിലൊക്കെ പോലീസ് പൊതുവില്‍ ഒരു നിസ്സംഗ സമീപനമാണെടുത്തത്.
കരുണാകരന്റെ കാലത്ത് നക്സലൈറ്റുകള്‍ക്കെതിരെ സ്വീകരിച്ച നിയമവിരുദ്ധ നടപടികളൊന്നും നക്സലൈറ്റുകളെ അടിച്ചമര്‍ത്താന്‍ സഹായകമായിട്ടില്ലെന്ന് മുകളില്പറഞ്ഞ വസ്തുതകളില്‍ നിന്ന് പകല്‍ പോലെ വ്യക്തമാണ്. അപ്പോള്‍ പിന്നെ അതിക്രമങ്ങള്‍ക്ക് ന്യായീകരണമായി പറയാറുള്ള വാക്കുകള്‍ക്ക് അടിസ്ഥാനമില്ലാതാകുകയാണ്. കരുണാകരന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ കേരളീയ സമൂഹത്തിന് തന്നെ ഒരു തീരാകളങ്കമായി അവശേഷിക്കുന്നു എന്നും ചുരുക്കം.
കരുണാകരന്റെ പൊതു രാഷ്ട്രീയജീവിതത്തില്‍ മാതൃകാപരമായിട്ടെന്തെങ്കിലും ഉണ്ടോ എന്നു കൂടി ചെറുതായിട്ടൊന്നു പരിശോധിക്കാം. അരനൂറ്റാണ്ടോളം കാലം കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണ്ണായക ഘടകമായി നിലനിന്ന ഒരു നേതാവിനെ വിലയിരുത്തുമ്പോള്‍ അയാള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തനശൈലിയിലും മൂല്യബോധത്തിലും മാതൃകാപരമായി എന്താണുള്ളതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ആ മാതൃകാനേതാവില് അനുകരണീയമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഏറ്റവും പ്രധാനമായി സത്യസന്ധത, അഴിമതിവിരുദ്ധത, നീതിനിഷ്ഠ, സാമൂഹ്യനന്മയോടുള്ള പ്രതിബദ്ധത എന്നിങ്ങനെ ഏതാനും ചിലതെങ്കിലുമാണ്. കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം ഗുണങ്ങള്‍ വല്ലതും പ്രകടമാണോ എന്ന് നോക്കാം.
തൃശൂര്‍ ജില്ലയിലെ ഒരു പ്രാദേശിക ട്രേഡ് യൂണിയന് പ്രവര്‍ത്തകനായിട്ടാണ് കരുണാകരന്റെ പൊതുജീവിതം ആരംഭിച്ചത്. നല്ല ട്രേഡ് യൂണിയന് സംഘാടകന്‍ എന്ന പേരും സമ്പാദിച്ചിരുന്നു. തൃശൂര്‍ ജില്ലയിലെ തട്ടില്‍ എസ്റ്റേറ്റിലെ ട്രേഡ് യൂണിയന് പ്രവര്‍ത്തകനായിരിക്കുമ്പോഴാണ് എസ്റ്റേറ്റ് മാനേജര്‍ കൊല്ലപ്പെടുന്നത്. കരുണാകരന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ആ കേസില്‍ പ്രതിയായതോടെയാവാം കരുണാകരനും പ്രതിയായി. സംഭവ സമയത്ത് കരുണാകരന് മറ്റൊരിടത്തായിരുന്നു എന്ന് തെളിയിക്കാന്‍ കള്ളസാക്ഷികളെ കോടതിയില്‍ അണിനിരത്തുകയാണുണ്ടായത്. ആരംഭത്തില്‍ തന്നെ പ്രകടമായി കണ്ട ഈ കള്ളത്തരങ്ങളും കുതന്ത്രങ്ങളും പിന്നീട് കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം കാണാമായിരുന്നു.
തട്ടില്‍ എസ്റ്റേറ്റ് വക ഭൂമി കാര്‍ഷിക സര്‍വ്വകലാശാലക്ക് വേണ്ടി വിറ്റ സന്ദര്‍ഭത്തില്‍ കരുണാകരനെതിരായി അഴിമതി ആരോപണം ഉയര്‍ന്നു വന്നു. കരുണാകരന്റെ പങ്ക് തെളിയിക്കുന്ന ഒരു കത്ത് നവാബ് രാജേന്ദ്രന് തന്നെ 'നവാബ്' മാസികയില്‍ പ്രസിദ്ധീകരിച്ചു. തന്റെ കയ്യില്‍ കത്ത് സുരക്ഷിതമല്ലെന്ന് കണ്ട രാജേന്ദ്രന് ആ കത്ത് അഴീക്കോടന്‍ രാഘവനെ ഏല്‍പ്പിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്റെ പോലീസ് ഈ കത്തിന് വേണ്ടി അഴീക്കോടനെ സമീപിച്ചു. അഴീക്കോടന്‍ ഈ കത്ത് തന്റെ പക്കലുണ്ടെന്ന് സമ്മതിക്കുക മാത്രമല്ല, ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ തെളിവായി ഹാജരാക്കാന്‍ പോവുകയാണെന്നും പറഞ്ഞു.
കോടതിയില്‍ പോകുമെന്നു പറഞ്ഞതിനു രണ്ടുദിവസം മുമ്പ് അഴീക്കോടന്‍ രാഘവന് തൃശൂരില്‍ വച്ച് കൊലചെയ്യപ്പെട്ടു. പ്രസ്തുത കത്ത്, അടക്കം ചെയ്തതെന്നു കരുതുന്ന ഒരു സ്യൂട്ട്കേസ് രാഘവന്റെ പക്കലുണ്ടായിരുന്നത് പോലീസ് കണ്ടെടുത്തുവെങ്കിലും പിന്നീട് ആരുമത് കണ്ടില്ല. കരുണാകരനെതിരെ ആ തെളിവ് നഷ്ടപ്പെട്ടതോടെ, ആ ആരോപണം വെറും ആരോപണം മാത്രമായി അവശേഷിച്ചു. കരുണാകരന്റെ രീതികള്‍ ഇങ്ങനെയൊക്കെയാണ്.
അടിയന്തിരാവസ്ഥയെ തുടര്‍ന്ന് മുഖ്യമന്ത്രി ആയി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് രാജന് കേസിന്റെ പേരില്‍ കരുണാകരന് രാജി വയ്ക്കേണ്ടിവന്നത്. 1982-87 കാലത്താണ് കരുണാകരന് കാലാവധി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ആയത്. കരുണാകരനെപ്പോലെ അധികാരമുപയോഗിച്ച് സമ്പത്ത് വാരിക്കൂട്ടിയ മറ്റൊരു മുഖ്യമന്ത്രി കേരളത്തിലില്ല, തികച്ചും നിസ്വനായി പൊതുപ്രവര്‍ത്തനരംഗത്ത് വന്ന കരുണാകരന് സമാഹരിച്ച കണക്കില്ലാത്ത സ്വത്തിനെക്കുറിച്ച് മക്കള്‍ക്ക് തന്നെ വേണ്ടത്ര വിവരമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഈ കാലയളവിലോ, പിന്നീട് അധികാരത്തില്‍ വന്ന 1991-95 കാലത്ത് കേരളത്തിന്റെ സമഗ്രവികസനത്തിന് വേണ്ടി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാന്‍ കരുണാകരന് ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങിനെ ഒരു സമീപനമേ കരുണാകരനുണ്ടായിരുന്നുള്ളൂ.
ദൈനംദിന രാഷ്ട്രീയത്തില്‍ കരുണാകരന്റെ ചടുലത നിര്‍വ്വഹണപരമായ കഴിവു പ്രകടിപ്പിക്കാന്‍ കരുണാകരനെ സഹായിച്ചിട്ടുണ്ട്. ആശ്രിതരെ സഹായിക്കാന്‍ കരുണാകരന് എന്തും ചെയ്യുമെന്ന് ശ്ലാഘിച്ചുകൊണ്ടാണ് ജനങ്ങള്‍ പറയാറുള്ളത്. പക്ഷേ ഈ സ്വഭാവം പഴയകാലത്തെ ഫ്യൂഡല്‍ പ്രമാണിമാരുടേതുപോലത്തെ പ്രവര്‍ത്തനശൈലിയാണ്. ആശ്രിതരെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഈ പ്രവര്‍ത്തനം അവസാനം വരെയും അദ്ദേഹം പിന്തുടര്ന്നിരുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കക്ഷിരാഷ്ട്രീയ നേതാവ് ഒരിക്കലും പിന്തുടരാന് പാടില്ലാത്ത ഒരു ശൈലിയാണിത്.
കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വടംവലിയില്‍ കരുണാകരന് എന്നും പിന്നില്‍ നിന്ന് ചരടുവലിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു. എതിര് ഗ്രൂപ്പുകാരും മുന്നണിയിലെ ഘടകകക്ഷികളുമൊക്കെ ചേര്‍ന്ന് 1995 ല്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാനായി അദ്ദേഹം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിനു ബദല്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തുക, എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക, എതിര് കക്ഷിക്ക് വോട്ടുചെയ്യാന്‍ പ്രചരണം നടത്തുക എന്നിങ്ങനെയുള്ള തരംതാണ വിമതപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ബദല്‍ പാര്‍ട്ടിയുണ്ടാക്കുന്നതും മറ്റൊരു അഖിലേന്ത്യാ പാര്‍ട്ടിയില്‍ ലയിക്കുന്നതും വരെയുള്ള സംഘടനാവിരുദ്ധപ്രവര്ത്തനങ്ങള് കരുണാകരന് നടത്തിയത് എന്തെങ്കിലും ആദര്‍ശത്തിന് വേണ്ടിയായിരുന്നില്ല. ഇടുങ്ങിയ വ്യക്തിതാല്പര്യങ്ങള്ക്കുവേണ്ടി മാത്രമായിരുന്നു.
അനുകരിക്കപ്പെടാന് പാടില്ലാത്ത ഒരു നേതാവ് എന്ന നിലയ്ക്ക് മാത്രമേ കെ.കരുണാകരനെ വിലയിരുത്താനാവൂ.
കെ വേണു
(കേരളീയത്തിന്റെ കരുണാകരന് പതിപ്പിറങ്ങി)
![]() |
| ഒരു കേരളീയം ലേഖനം. വായനക്കാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പതിനൊന്നുവര്‍ഷമായി തൃശുരുനിന്ന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി മാസികയാണ് കേരളീയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സമരങ്ങളെയും, കൂട്ടാഴ്മകളെയും അടയാളപ്പെടുത്തുക എന്ന ദൌത്യമാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. കേരളീയത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും മറ്റ് എഴുത്തുകളും malayal.amല്‍ വായിക്കാവുന്നതാണ്. കേരളീയം മാസികയ്ക്കും അതാതു ലേഖകന്മാര്ക്കും പകര്‍പ്പവകാശമുള്ള ഈ ലേഖനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളീയത്തിനാണ്. മലയാളം (malayal.am) ന്യൂസ് പോര്‍ട്ടലിന് ഈ വിഷയങ്ങളില്‍ ഇതേ അഭിപ്രായമായിക്കൊള്ളണമെന്നില്ല. കേരളീയത്തിന്റെ മേല്‍വിലാസം : കേരളീയം, കൊക്കാലെ, തൃശൂര്‍ 21 : 9446576943, 9446586943, 0487-2421385 e-mail : robinkeraleeyam@gmail.com |









