ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാര്‍ഥത്തില്‍ പച്ചക്കള്ളമാണ്. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്ത് ശീലമുള്ളവരെ തെരഞ്ഞെടുത്ത് ഇവിടേയ്ക്ക് അയച്ചത് എങ്ങിനെ നിഷ്കളങ്കമാകും? അടിയന്തരാവസ്ഥാ തടവുകാരനായിരുന്ന ശംഭുദാസ്. കെ എഴുതുന്നു . കേരളീയം കരുണാകരന് പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം :
കെ. കരുണാകരനെക്കുറിച്ച് പെട്ടെന്ന് ഓര്‍മ്മ വരുക അതിവേഗതയിലുള്ള അദ്ദേഹത്തിന്റെ ബെന്‍സ് കാര്‍ യാത്ര വികലാംഗരാക്കിയവരെക്കുറിച്ചാണ്. ആയിരത്തിലധികം വരും ആ വേഗതയുടെ തിക്താനുഭങ്ങള്‍ അനുഭവിക്കുന്നവര്‍. അവരെ സംഘടിപ്പിക്കാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ കരുണാകരന് മരിച്ച ദിവസം ഇവരേയും കൂട്ടി ആ മൃതശരീരം കാണാന്‍ ഒരു ജാഥയായി പോകാന്‍ ആഗ്രഹിച്ചിരുന്നു. തേരാളിയായ കൃഷ്ണനെ ഭജിക്കുന്നതുകൊണ്ടായിരിക്കണം അയാള്‍ക്ക് ഇത്ര സ്പീഡ്.
അടിയന്തരാവസ്ഥയിലെ പീഡനങ്ങള്‍ക്ക് കരുണാകരന് ഉത്തരാവാദിയായിരുന്നോ എന്നാണ് മറ്റൊരു ചോദ്യം. ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാര്‍ഥത്തില്‍ പച്ച കള്ളമാണ്. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്ത് ശീലമുള്ളവരെ തെരഞ്ഞെടുത്ത് ഇവിടേയ്ക്ക് അയച്ചത് എങ്ങിനെ നിഷ്കളങ്കമാകും?
ടോര്‍ച്ചര്‍ വിദഗ്ധരെ ഇവിടേയ്ക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത് ഒന്നും അറിയാതെയാവില്ല എന്ന് ഉറപ്പാണ്. ഉദ്യോഗസ്ഥരല്ലല്ലോ അത് തീരുമാനിക്കുന്നത്. അന്തിമ തീരുമാനം തലപ്പത്ത് നിന്നാണല്ലോ ഉണ്ടാകുക.
42 ലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പരിചയമില്ലാത്തതാണ് ഉരുട്ടല്‍. ഞാനും ഇതിന് മുന്‍പ് ഉരുട്ടലിനെപ്പറ്റി കേട്ടിട്ടില്ല. ടോര്‍ച്ചര്‍ വിദഗ്ധരായ മുരളീകൃഷ്ണ ദാസിനെ വിളിച്ച് വരുത്തിയത് എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ്.
വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഒരു കെട്ടിടത്തിലാണ് കക്കയം ക്യാമ്പ് ഉണ്ടായിരുന്നത്. അന്ന് എം. എന്‍. ഗോവിന്ദന് നായരായിരുന്നു വൈദ്യുതി മന്ത്രി. അപ്പോള്‍ അയാളും അറിഞ്ഞിരിക്കേണ്ടതാണ് രാജന്റെ മരണവും അവിടെ നടക്കുന്ന കാര്യങ്ങളുമൊക്കെ. ഇപ്പോള്‍ ആ കെട്ടിടം പൊളിച്ചുമാറ്റിയിരിക്കുകയാണ്. അത് ഒരു വലിയ കെട്ടിടമായിരുന്നു. ഞാന്‍ ഉണ്ടായിരുന്ന മുറിയില്‍തന്നെ നാല്പത് നാല്‍പ്പത്തി രണ്ടോളം പേരുണ്ടായിരുന്നു. പിന്നെ കുറേ ഉദ്യോഗസ്ഥരും ഓഫീസും മറ്റും. ഇതെല്ലാം കരുണാകരന് അറിയാതെ നടക്കില്ല.
എന്റെ സഹപാഠി ഒരു എം. എസ്. പി. ക്കാരനുണ്ടായിരുന്നു അവിടെ, വേലായുധന്. മൂന്നു ദിവസം വെള്ളവും ഭക്ഷണവും ഇല്ലായിരുന്ന ഞങ്ങള്‍ക്ക് ഈ കക്ഷിയാണ് ഇളനീര് കൊണ്ടുവന്ന് കക്കുസില്‍ കൊണ്ടുപോകാനായി ഭാവിച്ച് കൂട്ടിക്കൊണ്ടുപോയി ഇളനീര് തന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷം ഞാന്‍ വേലായുധനെ കണ്ട് രാജന്റെ കാര്യം ചോദിച്ചപ്പോള്‍ മരിച്ചു എന്ന് മാത്രമേ അറിയൂ എങ്ങിനെ എന്നറിയില്ല എന്നാണ് പറഞ്ഞത്.
ഉരുട്ടലിന്റെ ഇരയാണ് രാജന്. ഉരുട്ടലിന്റെ ഭവിഷ്യത്ത് അവര്‍ പ്രതീക്ഷിച്ച് കാണില്ല. ബഞ്ചില്‍ കെട്ടിയിട്ട് വായയില്‍ അടിവസ്ത്രം തിരുകി അഞ്ചാറ് പോലീസുകാര്‍ തുടരെ തുടരെ ഉരുട്ടുമ്പോള്‍ ഇങ്ങനെ വരുമെന്ന് ഒരുപക്ഷെ കരുതിയിരിക്കില്ല.
രാജന് മരിച്ചതിനുശേഷം പുലിക്കോടനെ ക്യാമ്പിലേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അതിന് മുമ്പ് പുലിക്കോടന് അര്‍ദ്ധ രാത്രിയില്‍ കള്ളു കുടിച്ച് വന്ന് എല്ലാവരേയും ചവിട്ടി ഉണര്‍ത്തി മര്‍ദ്ദിക്കാറുണ്ടായിരുന്നു. അയാള്‍ക്ക് അത് ഒരു വിനോദമായിരുന്നു. അഞ്ചാറ് പോലീസുകാരാണ് ആസ്വദിച്ചുകൊണ്ട് ഉരുട്ടല്‍ നടത്തിയിരുന്നത്. കൃഷ്ണന് നായരൊക്കെയായിരുന്നു ഏറ്റവും ക്രൂരന്.
എന്നെ പിടിക്കാന്‍ മുരളീകൃഷ്ണ ദാസാണ് ഇവിടെ വന്നത്. 15 വണ്ടി പോലീസുമായി. കഴുത്തില്‍ തോക്ക് ചൂണ്ടി ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. പളുങ്ക് കണ്ണുകളുള്ള, വിദേശ സിനിമാ നടനെപ്പോലെയുള്ള, ഉയരമുള്ള, മനുഷ്യന്. അയാള്‍ ടോര്‍ച്ചര്‍ എക്സപര്ട്ടാണ്. ഇത്തരം ഒരു ടോര്‍ച്ചര്‍ വിദഗ്ധന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇവിടേയ്ക്ക് വിളിച്ചുകൊണ്ടുവന്നത് എങ്ങിനെ ഒന്നുമറിയാതെയാണെന്ന് പറയാന്‍ കഴിയും? വളരെ ക്രൂരമായെടുത്ത തീരുമാനംതന്നെയാണത്. അവര്‍ എന്താണ് ചെയ്യുക എന്ന് നന്നായി മനസ്സിലാക്കിയുള്ള തീരുമാനമായിരുന്നു അത്. കരുണാകരന് എടുത്ത ക്രൂരമായ തീരുമാനം.
കെ ശംഭുദാസ്
(കേരളീയത്തിന്റെ കരുണാകരന് പതിപ്പിറങ്ങി)
![]() |
| ഒരു കേരളീയം ലേഖനം. വായനക്കാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പതിനൊന്നുവര്‍ഷമായി തൃശുരുനിന്ന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി മാസികയാണ് കേരളീയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതി സമരങ്ങളെയും, കൂട്ടാഴ്മകളെയും അടയാളപ്പെടുത്തുക എന്ന ദൌത്യമാണ് ഈ പ്രസിദ്ധീകരണത്തിനുള്ളത്. കേരളീയത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും മറ്റ് എഴുത്തുകളും malayal.amല്‍ വായിക്കാവുന്നതാണ്. കേരളീയം മാസികയ്ക്കും അതാതു ലേഖകന്മാര്ക്കും പകര്‍പ്പവകാശമുള്ള ഈ ലേഖനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളീയത്തിനാണ്. മലയാളം (malayal.am) ന്യൂസ് പോര്‍ട്ടലിന് ഈ വിഷയങ്ങളില്‍ ഇതേ അഭിപ്രായമായിക്കൊള്ളണമെന്നില്ല. കേരളീയത്തിന്റെ മേല്‍വിലാസം : കേരളീയം, കൊക്കാലെ, തൃശൂര്‍ 21 : 9446576943, 9446586943, 0487-2421385 e-mail : robinkeraleeyam@gmail.com |









