തൃശൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി മാസികയായ കേരളീയത്തിന്റെ കരുണാകരന് പതിപ്പിറങ്ങി. കേരളീയ ജീവിതത്തില്‍ കരുണാകരനെ അടയാളപ്പെടുത്തുന്നതെങ്ങനെയതിനെക്കുറിച്ച് ചിന്തകരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും എഴുതുന്നു. പി സി ഉണ്ണിച്ചെക്കന്, കെ വേണു, കെ പി സേതുനാഥ്, കെ എ മുഹമ്മദ്, കെ പി ജയകുമാര്‍, എം ജി രാധാകൃഷ്ണന്, ഷീബ അമീര്‍, നിരഞ്ജന്, സിവിക് ചന്ദ്രന്, എസ് ഭാസുരേന്ദ്രബാബു, സി ആര് നീലകണ്ഠന്, അഡ്വ. ജയശങ്കര്‍, സി ആര് പരമേശ്വരന്, വി മോഹനന്, ശംഭുദാസ് കെ എന്നിവരാണ് കേരളീയത്തിന്റെ കരുണാകരന് പതിപ്പില്‍ എഴുതിയിരിക്കുന്നത്.
കേരളം ഏറെ സ്നേഹിക്കുന്നുവെന്ന് മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിച്ച കരുണാകരന്റെ യഥാര്‍ത്ഥമുഖം/ ജീവിതം അടയാളപ്പെടുത്തുന്നതാണ് ഇതിലെ ഓരോ ലേഖനവും. നക്സലിസത്തോട് ആഭിമുഖ്യമുണ്ടായിരുന്ന, അടിയന്തിരാവസ്ഥക്കാലത്ത് ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ടി എന്‍ ജോയിയാണ് ഈ പ്രത്യേകപതിപ്പിന്റെ ഗസ്റ്റ് എഡിറ്റര്‍. കരുണാകരനെയും അടിയന്തിരാവസ്ഥയേയും കരുണാകരന്റെ ഭരണകാലത്തേയും മലയാളിയേയും അടുത്തുനിന്നും അകന്നുനിന്നും കാണാന്‍ ശ്രമിക്കുന്ന ലേഖനങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കേരളീയം പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ.
കരുണാകരന് പതിപ്പിന്റെ പ്രകാശനങ്ങളും സെമിനാറും തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ എന്നിവടങ്ങളില്വെച്ച് നടത്തുന്നു. ഭരണകൂടം ക്രിമിനലാകുമ്പോള്‍ സംഭവിക്കുന്നത് എന്ന വിഷയത്തില്‍ ചര്‍ച്ചയും സെമിനാറുമാണ് ഓരോ നഗരത്തിലും സംഘടിപ്പിക്കുന്നത്. കരുണാകരന്റെ കാലവും മലയാളിയും വിമര്‍ശിക്കപ്പെടുന്നു എന്നതാണ് ഈ പതിപ്പിനെ മികച്ചതാക്കുന്നത്.








