വില്യം കെന്നഡി ലോറി ഡിക്സണ്‍ 1892ലാണു് തോമസ് എഡിസണിന്റെ നാമമാത്രമായ സഹായത്തോടെ കൈനെറ്റോസ്കോപ്പ് കണ്ടെത്തുന്നത്. ചലച്ചിത്രങ്ങള്‍ പ്രൊജക്റ്റ് ചെയ്യാനുള്ള ആദ്യകാല ഉപകരണമായിരുന്നു, ഇതു്. ഫിലിം റെക്കോര്‍ഡ് ചെയ്യാനുള്ള കൈനെറ്റോഗ്രാഫ് എന്ന ഉപകരണവും തോമസ് എഡിസണിന്റെ സ്റ്റുഡിയോ ആണു് വികസിപ്പിച്ചതു്. എന്നാല്‍ ഡിക്സണു് ഈ കണ്ടുപിടുത്തങ്ങളുടെ മേല്‍ ഒരവകാശവും ലഭ്യമായില്ല. പകരം, ഡിക്സണു് ജോലി നല്കിയ എഡിസണ് കണ്ടുപിടുത്തതിന്റെ ഉടമസ്ഥത അവകാശപ്പെട്ടു.
ഇതു് എഡിസണെ സംബന്ധിച്ചു് വലിയ അത്ഭുതമൊന്നുമായിരുന്നില്ല. ആധുനിക ഓട്ടോമൊബീല്‍ എഞ്ചിന് മെച്ചപ്പെടുത്താനും ഡിസൈന്‍ ചെയ്യാനുമായി 50,000 ഡോളര്‍ വാഗ്ദാനം ചെയ്തു് നികോളോ ടെസ്ല എന്ന റഷന്‍ എഞ്ചിനീയറെ കമ്മിഷന് ചെയ്ത എഡിസണ്, സംഗതി നടന്നുകഴിഞ്ഞപ്പോള്‍ ടെസ്ലയ്ക്കു് ആഴ്ചയില്‍ 25 ഡോളര്‍ വീതം ശമ്പളക്കൂടുതല്‍ മാത്രമാണു് നല്കിയതു്.
1897ല്‍ തോമസ് എഡിസണ് പിക്ചര്‍ ക്യാമറയുടെ ഫിലിമിന്റെയും പേറ്റന്റ് സ്വന്തമാക്കി. ഈ പേറ്റന്റുകളുടെ ബലത്തില്‍ 1901 ആയപ്പോഴേക്കും പേറ്റന്റ് നിയമലംഘനത്തിനു് 23 കേസുകളാണു് ലൈസന്‍സില്ലാത്ത ചലച്ചിത്രനിര്മ്മാതാക്കള്ക്കെതിരെ എഡിസണ് ഫയല്‍ ചെയ്തതു്. 1907ല്‍ യുഎസിലെ പരമോന്നതകോടതി എഡിസണിന്റെ പേറ്റന്റുകള്‍ ശരിവച്ചു. അതോടെ ഉപയോഗത്തിലിരിക്കുന്ന ഓരോ ക്യാമറയും അദ്ദേഹത്തിന്റെ പേറ്റന്റുകളെ ലംഘിക്കുന്നതായി മാറി. അതേ വരെ റോയല്‍റ്റി നല്‍കാതെ ക്യാമറ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എഡിസണു് ആകുമായിരുന്നില്ല. മിക്ക കമ്പനികളും റോയല്‍റ്റി നല്കുന്നതിനു് എതിരായിരുന്നുതാനും.
അതേ സമയം, ഈ റോയല്‍റ്റി നല്കാന് വിസമ്മതിച്ച സിനിമാക്കൊട്ടകകളും ചലച്ചിത്ര നിര്‍മ്മാതാക്കളും 'പൈറേറ്റു' ചെയ്ത, പേറ്റന്റ് ലംഘിച്ചുനിര്‍മ്മിച്ച ഉപകരണങ്ങളുപയോഗിച്ചു് പടമെടുത്തു പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ സ്വയം "ഇന്‍ഡിപ്പെന്‍ഡെന്റ്" എന്നുവിളിച്ചു. ബൌദ്ധികസ്വത്തവകാശലംഘകര് എന്നതിലും നല്ല പേരു് സ്വതന്ത്രര്‍ എന്നു പറയുന്നതുതന്നെ! വാര്‍ണര്‍ ബ്രോസ്, പാരാമൌണ്ട് പിക്ചേഴ്സ്, തുടങ്ങിയ കമ്പനികളായിരുന്നു, ഇവ. അതേ കമ്പനികള്‍ ഇന്നു് അവരുടെ ചലച്ചിത്രങ്ങളുടെ പകര്പ്പെടുക്കുന്നവരെ കടല്ക്കൊള്ളക്കാരെന്നും കുറ്റവാളികളെന്നും വിളിക്കുന്നു.
എഡിസണിന്റെ കമ്പനി ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചാണു് പ്രവര്‍ത്തിച്ചിരുന്നതു്. അവരുടെ പേറ്റന്റ് ലംഘനക്കേസുകള്‍ മൂലം നോര്‍ത്ത് അമേരിക്കയുടെ കിഴക്കന്‍ തീരനഗരങ്ങളില്‍ സിനിമ പിടിക്കുക, ലൈസന്സില്ലാത്തവര്ക്കു് തീര്‍ത്തും പ്രയാസമായി. ഇതില്‍നിന്നു രക്ഷപ്പെടാന്‍ ന്യൂയോര്‍ക്കില്‍ നിന്നു് കഴിയുന്നത്ര അകലത്തിലേക്കു് ഈ സ്റ്റുഡിയോകള്‍ തങ്ങളുടെ പ്രവര്‍ത്തനം മാറ്റി. അങ്ങനെയാണു് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ ഇന്നുനാം അറിയുന്ന ഹോളിവുഡ് സ്ഥാപിതമാകുന്നതു്. നിയമത്തിന്റെ ആനുകൂല്യം പറ്റാന്‍ കേരളത്തിലെ ചിട്ടിക്കമ്പനികള്‍ ജമ്മുവില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്നതുപോലെ ഒരു പരിപാടി.
ഭൌതികേതരമായ അവകാശങ്ങളെ ഇന്റര്‍നെറ്റ് കമ്പനികള്‍ മറികടക്കുന്നതായി ബഹളംവയ്ക്കുന്ന അതേ വ്യവസായികള്‍ ചുരുക്കത്തില്‍ അത്തരം അവകാശങ്ങളെ ലംഘിച്ചും മറികടന്നും തന്നെയാണു് ബിസിനസ് സ്ഥാപിച്ചതു്. എന്നുതന്നെയല്ല, യാതൊരു പകര്പ്പവകാശവിലക്കുകളുമില്ലാതെ ലഭ്യമായ എല്ലാ കഥകളും ഉപയോഗിച്ചു് അവര്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു് പണംവാരി. മറ്റുള്ളവരുടെ സര്‍ഗ്ഗാത്മകകൃതികള്‍ നയാപൈസ പ്രതിഫലം നല്‍കാതെ പകര്‍ത്തി (അവരുടെ ഭാഷയില്‍ കട്ടെടുത്തു്) ചലച്ചിത്രങ്ങളെടുത്തു. ഇന്നു് ആ കമ്പനികളില്‍ പലതും ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടംപിടിച്ചവയാണു്. അവയെല്ലാം മറ്റുള്ളവരുടെ സര്‍ഗ്ഗാത്മക കൃതികള്‍ പുനരുപയോഗിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രം സാധ്യമായതുമാണു്. ഇന്നു് മറ്റുള്ളവര്‍ എന്തുനിര്മ്മിക്കണം എന്നതിന്റെ മേലടക്കം, ഇവര്‍ അപ്രമാദിത്വത്തോളം വളര്‍ന്ന കുത്തകാവകാശം സൂക്ഷിക്കുന്നു. നിങ്ങള്‍ക്കു് എന്തെങ്കിലും റിലീസ് ചെയ്യണമെങ്കില്‍ അവരുടെ നിയമങ്ങളനുസരിക്കാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥരാണു്. 107% വരെ ലാഭമെടുത്തു് പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ അവര്‍ക്കായി നിര്‍മ്മിച്ച നിയമങ്ങളെ മറികടക്കാന്‍ സഹായിച്ചു എന്നതാണു്, ഇന്റര്‍നെറ്റ് ചെയ്ത സഹായം. ഇവരുടെ ഇപ്പോഴത്തെ ഹാലിളക്കവും ഇതിനാല്‍തന്നെ.
1915 ഒക്ടോബറില്‍ ഷെര്മാന് ആന്റി ട്രസ്റ്റ് ആക്റ്റ് ലംഘിച്ചുവെന്നു് കണ്ടെത്തി, എംപിസിസി പിരിച്ചുവിടാന്‍ കോടതി ഉത്തരവായി. ഇതോടെ ലോസ് ആഞ്ചലസ് കേന്ദ്രമാക്കി അതേവരെ നിയമവിരുദ്ധമായി സിനിമ പിടിച്ചിരുന്നവര്‍ എഡിസന്റെ കുത്തകയ്ക്കെതിരെ സ്വന്തം കുത്തക സ്ഥാപിച്ചു രംഗത്തെത്തി. ആദ്യം നിലവില്‍ വന്ന ഇന്‍ഡിപ്പെന്‍ഡന്റ് മൂവിങ് പിക്ചേഴ്സ് കമ്പനി അഞ്ചോളം ഇതര കമ്പനികളുമായി ചേര്‍ന്നു് ഇന്നുനാമറിയുന്ന യൂണിവേഴ്സല്‍ സ്റ്റുഡിയോസ് സ്ഥാപിച്ചു. ഇതിനിടെ എംപിസിസിയുടെ അപ്പീലും തള്ളിപ്പോയിരുന്നു. 100 മില്യന്‍ മതിപ്പുള്ള വ്യവസായത്തിന്റെ 80% വരെയും എഡിസണായിരുന്നു കൈകാര്യം ചെയ്തിരുന്നതു് എന്നു യുഎസ് നിയമകാര്യവകുപ്പു് കണ്ടെത്തി. തുടര്‍ന്നു് ആ സംഘടനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവായി. കോടീശ്വരന്മാര് തമ്മിലുള്ള ഈ യുദ്ധമത്രയും നടക്കുമ്പോഴും മോഷന്‍ പിക്ചര്‍ ക്യാമറ കണ്ടുപിടിച്ച വില്യം ഡിക്സണു് പ്രത്യേകിച്ചൊന്നും ലഭിച്ചില്ല. താന്‍ പേറ്റന്റ് ചെയ്ത സാങ്കേതിവിദ്യ കണ്ടെത്താന്‍ എഡിസണ് മെനക്കെട്ടിരുന്നില്ല. പുതുതായി നിലവില്‍ വന്ന ഹോളിവുഡ് കുത്തകവ്യവസായികളും അതിനു മെനക്കെട്ടിരുന്നില്ല. തന്റെ ജീവനക്കാരെ കവരാന്‍ നിയമം ഉപയോഗിക്കാമെന്നു് എഡിസണ് കണ്ടെത്തി. മറ്റുള്ളവരില്‍ നിന്നു് എഡിസണ് കൈക്കലാക്കിയതു് കവരാന്‍ അതേ നിയമത്തെ ഉപയോഗിച്ചു് വേറെയാളുകള്ക്കു് കഴിയുമെന്നു് എഡിസണ് മനസ്സിലാക്കിയുമില്ല.
എഡിസണു് റോയല്‍റ്റി നല്കാന് വിസമ്മതിച്ച മിക്ക കമ്പനികളും ഇന്നുമുണ്ടു്. ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ്, പാരമൌണ്ട് പിക്ചേഴ്സ്, വാര്‍ണര്‍ ബ്രോസ്, എംജിഎം, യൂണിവേഴ്സല്‍ സ്റ്റുഡിയോസ് എന്നീ പേരുകള്‍ എടുത്തുപറയണം. കോപ്പിറൈറ്റ് എന്‍ഫോഴ്സ്മെന്റിനെതിരെ അന്നു് ഏറ്റവുമധികം വാദിച്ച കമ്പനികളായിരുന്നു, ഇവ.
2006ല്‍ 9.49 ബില്യന്‍ ഡോളറിന്റെ വരുമാനമാണു് ഈ കമ്പനികള്‍ നേടിയതു്. ഈ പണമെല്ലാം പുതിയ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചതിലൂടെ ഉണ്ടായതാണു്. അതിനാവശ്യമായ മുടക്കുമുതലാകട്ടെ, നിയമവിരുദ്ധമായ പേറ്റന്റ് ലംഘിച്ചു നിര്‍മ്മിച്ച ഉപകരണങ്ങളുടെ സഹായത്തോടെ 1910 മുതലുള്ള വര്‍ഷങ്ങള്‍ സിനിമ പിടിച്ചതിലൂടെയും. നിക്ഷേപം നിയമവിരുദ്ധമാണെങ്കില്‍ ബോക്സ് ഓഫീസില്‍ നിന്നു്, വാടകയിനത്തില്‍, വില്‍പ്പനയിനത്തില്‍, എല്ലാമുള്ള റിട്ടേണ്‍സും നിയമവിരുദ്ധം തന്നെ. എഡിസണ് ജീവനക്കാരെ കൊള്ളയടിച്ചതുപോലെ തന്നെയാണു് ഹോളിവുഡും ഈ കൊള്ളലാഭം എടുത്തതെന്നു കാണാം. 2010 ആയപ്പോഴേക്കും ആറ് പ്രമുഖ ഫിലിം നിര്‍മ്മാണ കമ്പനികളും കൂടി ചലച്ചിത്രക്കമ്പോളത്തിന്റെ 84.5% തങ്ങളുടെ വരുതിയിലാക്കി. 1915ഓടെ തങ്ങളുടെ കുത്തക സ്ഥാപിതമായതിനെ തുടര്‍ന്ന് പാരമൌണ്ട് പിക്ചേഴ്സ് സ്റ്റുഡിയോ സിസ്റ്റം ആരംഭിച്ചു. മത്സരത്തെ തടസ്സപ്പെടുത്തുകയും സര്ഗ്ഗാത്മകപ്രവര്ത്തകരെയും വിതരണക്കാരെയും തീയേറ്ററുകളെയും പ്രൊഡക്ഷന്‍ സ്റ്റുഡിയോകളെയും തങ്ങളുടെ ഇച്ഛയ്ക്കൊത്തു നിയന്ത്രിക്കുകയും ചെയ്യുന്ന തലത്തിലേക്കു് ഈ സംവിധാനം പരിണമിച്ചു. മുപ്പതുകളിലും നാല്‍പ്പതുകളിലും ഇവര്‍ക്കെതിരെ ഷെര്മാന് ആന്റി ട്രസ്റ്റ് ആക്റ്റ് അനുസരിച്ചു് അന്വേഷണം നടന്നു. 1948ല്‍ പാരമൌണ്ട് പിക്ചേഴ്സിനെതിരെ ഇതേ നിയമമനുസരിച്ചു് പ്രൈസ് ഫിക്സിങ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി, യുഎസ് സുപ്രീം കോടതിയുടെ വിധി വന്നു. മുമ്പു് എഡിസണിന്റെ MPCCയ്ക്കു് എതിരെ വന്ന അതേ വിധി! പക്ഷെ ഇതുകൊണ്ടൊന്നും അവര്‍ പിന്തിരിഞ്ഞില്ല. നിയമത്തെ അവഗണിച്ചും ഈ ആറു കമ്പനികളും ചേര്‍ന്ന കാര്‍ട്ടല്‍ ചലച്ചിത്രവ്യവസായത്തിനു മേലുള്ള പിടി തുടര്‍ന്നു. 1980കളില്‍ ഹോളിവുഡ് കാര്‍ട്ടലിന്റെ പിടി ഏറ്റവുമയഞ്ഞ സമയത്തുപോലും ചലച്ചിത്രവിതരണത്തിന്റെ 64% അവരുടെ നിയന്ത്രണത്തിലായിരുന്നു. അതേ ഹോളിവുഡ് കാര്‍ട്ടല്‍ ഇന്നും തുടരുന്നു. വിപണിയുടെ ശക്തിയുപയോഗിച്ചു് വ്യക്തികളെ അവര്‍ വരുതിയിലാക്കുന്നു.
അവലംബം:








