ഒരു കൊലപാതകം മലയാളികള്‍ക്ക് മോറല്‍ പൊലീസിംഗ് എന്ന മനോരോഗത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കി. പ്രമുഖപത്രങ്ങള്‍ ഈ വൈകൃതത്തെപ്പറ്റി മുഖപ്രസംഗമെഴുതി, ചാനലുകള്‍ ഗൌരവമായി ഈ കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ അപ്പോഴും ലൈംഗിക സദാചാരമാണ് മുഖ്യമായും വിഷയമായത്. അത്തരം കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നതില്‍ മോറല്‍ പൊലീസിങ്ങിലെന്ന പോലെത്തന്നെ ഒരു സുഖമുണ്ടല്ലോ.
അങ്ങനെ ഒരു വശത്ത് നമ്മള് വാചാലരാവുമ്പോഴും മറുവശത്ത് നാം മറ്റ് പല രീതികളില്‍ നമ്മുടെ വഴിവിട്ട 'സദാചാര' സംരക്ഷണം ആഘോഷിക്കുകയും ചെയ്തു. അതിന് നല്ലൊരുദാഹരണമാണ് വീടുവിട്ടുപോയൊരാളെ പൊലീസിന്റെ സഹായത്താല്‍ തിരിച്ചുകൊണ്ടുവന്നത് തങ്ങളുടെ നേട്ടമായി അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്ന മഴവില്‍ മനോരമയും കാണാമറയത്ത് എന്ന പേരില്‍ രേവതി അവതരിപ്പിക്കുന്ന അവരുടെ റിയാലിറ്റി ഷോയും.
"മഴവില്ലിലൂടെ ഒരു കുട്ടി കൂടണയുന്നു" എന്ന പേരില്‍ നവംബര്‍ 19ന് മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജില്‍ത്തന്നെ സ്വന്തം ലേഖകന്റേതായി വന്ന വാര്‍ത്തയാണ് ഈ കഥ നാടകീയമായി നമുക്കുമുന്നില്‍ അവതരിപ്പിച്ചത്: "കാണാമറയത്തുനിന്ന് ഒരു കുഞ്ഞുസൂര്യന്‍ തെളിഞ്ഞു വരുന്നു. മാഞ്ഞുപോയെന്നു കരുതിയൊരു മഴവില്ല് പതുക്കെ പതുക്കെ മനസിലേക്കു തെളിയുന്നു. സൂരജിനെ ഗോവയിലെ കോള്‍വ ബീച്ചില്‍നിന്നു കൈപിടിച്ചു കൊണ്ടുവരുമ്പോള്‍ പുതിയൊരു ജീവിതത്തിന്റെ ആഘോഷം ഒരു കുടുംബത്തില്‍ നിറയുകയാണ്. മഴവില്‍ മനോരമ ചാനലിലെ 'കാണാമറയത്തെന്ന പരിപാടി കെ.എസ്. സൂരജ് എന്ന കുട്ടിയെ തിരിച്ചുകിട്ടാനുള്ള വഴിയൊരുക്കി..."
തുടര്‍ന്ന് ഇയാള്‍ നാടുവിടാനുണ്ടായ സാഹചര്യവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വിവരിക്കുന്നുണ്ട് വാര്‍ത്തയില്‍: "ചെറിയ പ്രയാസങ്ങളുടെ കാലത്ത് മകന് സൂരജിനെ നന്നായി പഠിക്കാനായി തൃശൂരില്‍ ഒളരിയിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു വിട്ടു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായിരുന്നു ലക്ഷ്യം. പക്ഷേ, സൂരജ് ഇവിടെവച്ചു മറ്റു പലതിലേക്കുമാണു പ്രവേശിച്ചത്. ക്ളാസില്‍ പതുക്കെ പതുക്കെ ഹാജര്‍ കുറഞ്ഞു. സൂരജ് ക്ളാസില്‍ അതിഥിയായതോടെ സ്കൂള്‍ അധികൃതര്‍ വീട്ടിലേക്കു കത്തയച്ചു. അവസാനം സൂരജ് പഠനം മടുത്ത് ആരെയുമറിയിക്കാതെ നാടുവിട്ടു.
ഗോവയിലെത്തി വൈകാതെ ജോലി കിട്ടി. നന്നായി സംസാരിക്കുകയും മനോഹരമായി പെരുമാറുകയും ചെയ്യുന്ന പയ്യനു ബാറില്‍ ജോലി കിട്ടിയതില്‍ അദ്ഭുതമില്ല. വീടിനെ സൂരജ് മറന്നുപോയത്രെ..."
എന്‍ജിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് പഠിക്കാന്‍ പോയ ശേഷം നാടുവിട്ടയാള്‍ ഒരു വര്‍ഷത്തിലേറെ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അത് ഒരു 'കുട്ടി'യായിരിക്കാന്‍ തരമില്ലല്ലോ. 'കുട്ടി'യുടെ പ്രായമാകട്ടെ വാര്‍ത്തയില്‍ എവിടെയും പറയുന്നുമില്ല. അതൊഴിച്ച് ബാക്കിയെല്ലാ വിശദാംശങ്ങളും കൊടുത്തിട്ടുണ്ട്. അച്ഛന്റെ പേര്, അമ്മയുടെ പേര്, വീട്ടുപേര്, സ്വദേശം, കുടിയേറിയ ദേശം, എന്നിങ്ങനെ എല്ലാം. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇരുപതുവയസ്സുള്ള ഒരാളെപ്പറ്റിയാണ് ഈ വാര്‍ത്ത എന്നാണ്.
കാണാമറയത്ത് എന്ന പരിപാടിയില്‍ മാതാപിതാക്കളായ സുരേഷും വാസന്തിയും നഷ്ടപ്പെട്ട മകനെപ്പറ്റി പറഞ്ഞുകരഞ്ഞു. സൂരജിന്റെ ഫോട്ടോ കണ്ട് ഗോവയില്‍ സൂരജിനോടൊപ്പം ജോലി ചെയ്തിരുന്ന ഒരാള്‍ ചാനലിന് സൂരജിന്റെ ഇപ്പോഴത്തെ വിവരങ്ങള്‍ കൈമാറി. അങ്ങനെയാണ് "ഓപ്പറേഷന്റെ" തുടക്കം.
"ആദ്യം പരിപാടിക്കുവേണ്ടി ഗവേഷണം നടത്തുന്ന മനീഷ് മണ്ണിപൊയിലും ബിജു കാവുന്തറയുമാണ് ഗോവയിലെത്തിയത്. അവര്‍ ബാറില്‍ പോയി സൂരജിനെ രഹസ്യമായി കണ്ടെത്തി. തൊട്ടടുത്ത ദിവസം തൃശൂര്‍ അയ്യന്തോള്‍ പൊലീസിലെത്തി മഴവില്‍ സംഘവും വീട്ടുകാരും കാര്യം പറഞ്ഞു. സീനിയര്‍ സിവില്‍ ഓഫിസറായ ടി.ജി. ബിജുവിനെ ഗോവയ്ക്ക് മഴവില്‍ സംഘത്തോടൊപ്പം അയയ്ക്കാന്‍ സിഐ എ. രാമചന്ദ്രനും എസ്ഐ രഞ്ജിത്തും തീരുമാനിച്ചു.
കാണാമറയത്തിന്റെ നിര്‍മാതാവ് മനോജ് മനയിലും സംഘവും പൊലീസിനോടൊപ്പം ഗോവയിലെത്തി.ഗോവ പൊലീസിന്റെ സഹായത്തോടെ സൂരജിനെ ബാറില്‍നിന്നു തിരിച്ചെടുത്തു. മടങ്ങുമ്പോള്‍ സൂരജ് ഇവരോടു പറഞ്ഞു. അന്വേഷിച്ചുവന്നുവെന്നു സംശയം തോന്നിയ താന്‍ തൊട്ടടുത്ത ദിവസം മുംബൈയിലേക്കു കടക്കാനിരിക്കുകയായിരുന്നുവെന്ന്..."

പ്രായപൂര്‍ത്തിയായ ഒരാളെ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി അയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് പിടിച്ചുകൊണ്ടുവന്നു വീട്ടിലെത്തിക്കുന്നതാണ് പത്രം തങ്ങളുടെ ചാനലിന്റെ വീരകൃത്യമായി ആഘോഷിക്കുന്നത്. ഇത് മോറല്‍ പൊലീസിങ്ങല്ലെങ്കില് പിന്നെ മറ്റെന്താണ്?
മക്കളെ അവര്‍ക്കിഷ്ടമില്ലാത്ത വിഷയങ്ങള്‍ പഠിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് വളരെ സാധാരണമാണ് നമ്മുടെ സമൂഹത്തില്‍. നിര്‍ബ്ബന്ധിത വിദ്യാഭ്യാസത്തിന്റെ പ്രായം കഴിഞ്ഞാല്‍ അതുതന്നെ അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. അങ്ങനെ പഠനവും ജീവിതവും മടുത്ത് ഒരാള്‍ തന്റേതായൊരു ജീവിതം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ - വീടിനെ അയാള്‍ മറന്നു എന്ന് വാര്ത്താക്കുറിപ്പില്ത്തന്നെ പറയുന്നു - അതിനും നമ്മള് അയാളെ സമ്മതിക്കില്ല.
നിയമപരമായി അച്ഛനമ്മമാര്‍ക്ക് ഇവിടെ ചെയ്യാന്‍ പറ്റുമായിരുന്നത് മകനെ കാണാനില്ല എന്ന് പറഞ്ഞ് ഒരു കോടതിയില്‍ ഒരു ഹാബിയസ് കോര്‍പസ് പരാതി കൊടുക്കുകയാണ്. എന്നാല്‍ത്തന്നെയും ചാനലിനോ പൊലീസിനോ അയാളെ തട്ടിക്കൊണ്ടുപോരാന്‍ അവകാശമില്ല. അങ്ങനെ ഒരു പരാതി കിട്ടിയാല്‍ ആളെ കണ്ടുപിടിച്ച് കോടതിയില്‍ ഹാജരാക്കുക എന്നത് മാത്രമാണ് പൊലീസിന്റെ ജോലി. വീട്ടിലേക്ക് പോകാന്‍ ഇഷ്ടമില്ലെങ്കില്‍ കോടതിയില്‍ അയാള്‍ക്ക് അത് പറയുകയും ചെയ്യാം.
ഇതൊന്നുമല്ലാതെ കുറച്ച് ചാനല്‍ ഗുണ്ടകളും പൊലീസുകാരും ചേര്‍ന്ന് തന്ത്രപരമായി ഒരാളെ കുടുക്കി നാട്ടിലെത്തിക്കുമ്പോള്‍, നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ ബോംബെയിലേക്ക് കടന്നേനെ എന്ന് അയാള്‍ പറഞ്ഞതായി വാര്‍ത്ത തന്നെ സമ്മതിക്കുമ്പോള്‍, ഇതൊക്കെ ആഘോഷിക്കുന്നതില്‍ നമുക്ക് കിട്ടുന്ന സുഖം നീ എങ്ങനെ ജീവിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞുതരാം എന്ന് ഗുണദോഷിക്കാന്‍ ചെല്ലുന്ന സദാചാരസംരക്ഷകരുടേതുതന്നെയല്ലേ? അതില്‍ നിന്ന് കൊടിയത്തൂരിലെപ്പോലെയുള്ള പത്തിരുന്നൂറ് പേര് നോക്കിനില്‍ക്കെ ഏവരുടെയും മൌനസമ്മതത്തോടെ നടക്കുന്ന ഒരു കൊലപാതകത്തിലേക്ക് എത്ര ദൂരമുണ്ട്?
അടുത്ത ദിവസത്തെ (നവംബര്‍ 20) പത്രത്തില്‍ ചാനല്‍ പരിപാടിയുടെ പരസ്യം. കയ്യും കെട്ടി പുഞ്ചിരിച്ചുനില്ക്കുന്ന രേവതി. "ഞങ്ങള്‍ അഭിമാനിക്കുന്നു, നഷ്ടപ്പെട്ടെന്നു കരുതിയ ഒരു മകനെ കുടുംബത്തിനു തിരിച്ചേല്‍പ്പിച്ചതില്‍." വഴിവിട്ടുപോകുന്നു എന്ന് നമ്മള് കരുതുന്ന സ്ത്രീകളെയും പുരുഷന്മാരെയുമൊക്കെ തെറിവിളിച്ചും തല്ലിയുമൊക്കെ നന്നാക്കുന്നതില്‍ അഭിമാനിക്കുന്നതുപോലെത്തന്നെ.
* * * * * *
[ ഉത്തരകാലം എന്ന പോര്‍ട്ടലിനുവേണ്ടി 'സദാചാരം, കൊലപാതകത്തിലെത്തുന്നതിനു മുമ്പ്' എന്ന കുറിപ്പെഴുതിയത് നവംബര്‍ 19-നാണ്. അന്നത്തെ മനോരമ പത്രത്തില്‍ തന്നെയാണ് ആ കുറിപ്പിന് ഒരു തുടര്‍ച്ച എന്നപോലെ ഇതെഴുതാന്‍ പ്രേരണയായ വാര്‍ത്ത വന്നത്.]
മനോരമയില്‍ വന്ന വാര്‍ത്തയുടെ പൂര്‍ണ്ണരൂപം താഴെ. അവരുടെ ഓണ്‍ലൈന്‍ ലിങ്കില്‍ ഇപ്പോള്‍ ആ വാര്‍ത്ത ഇല്ല.
മഴവില്ലിലൂടെ ഒരു കുട്ടി വീടണയുന്നു
സ്വന്തം ലേഖകന്‍
തൃശൂര്‍: കാണാമറയത്തുനിന്ന് ഒരു കുഞ്ഞുസൂര്യന്‍ തെളിഞ്ഞു വരുന്നു. മാഞ്ഞുപോയെന്നു കരുതിയൊരു മഴവില്ല് പതുക്കെ പതുക്കെ മനസിലേക്കു തെളിയുന്നു. സൂരജിനെ ഗോവയിലെ കോള്‍വ ബീച്ചില്‍നിന്നു കൈപിടിച്ചു കൊണ്ടുവരുമ്പോള്‍ പുതിയൊരു ജീവിതത്തിന്റെ ആഘോഷം ഒരു കുടുംബത്തില്‍ നിറയുകയാണ്.
മഴവില്‍ മനോരമ ചാനലിലെ 'കാണാമറയത്തെന്ന പരിപാടി കെ.എസ്. സൂരജ് എന്ന കുട്ടിയെ തിരിച്ചുകിട്ടാനുള്ള വഴിയൊരുക്കി. കാണാതെ പോയി ഒരു വര്‍ഷത്തിനു ശേഷം ജീവിതത്തിന്റെ തിരക്കില്പ്പെട്ടൊരു കുട്ടിയുടെ തിരിച്ചുവരവ്.
തൃശൂര്‍ ഒളരി സ്വദേശിയായ കാര്യാട്ടുകര സുരേഷും ഭാര്യ വാസന്തിയും വയനാട്ടില്‍ ജ്വല്ലറി തുടങ്ങാനായാണ് ജന്മദേശം വിട്ടത്. ബത്തേരിയിലെ ബീനാച്ചി പിന്നെ അവരുടെ നാടായി.
ചെറിയ പ്രയാസങ്ങളുടെ കാലത്ത് മകന് സൂരജിനെ നന്നായി പഠിക്കാനായി തൃശൂരില്‍ ഒളരിയിലുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു വിട്ടു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായിരുന്നു ലക്ഷ്യം. പക്ഷേ, സൂരജ് ഇവിടെവച്ചു മറ്റു പലതിലേക്കുമാണു പ്രവേശിച്ചത്. ക്ളാസില്‍ പതുക്കെ പതുക്കെ ഹാജര്‍ കുറഞ്ഞു. സൂരജ് ക്ളാസില്‍ അതിഥിയായതോടെ സ്കൂള്‍ അധികൃതര്‍ വീട്ടിലേക്കു കത്തയച്ചു. അവസാനം സൂരജ് പഠനം മടുത്ത് ആരെയുമറിയിക്കാതെ നാടുവിട്ടു.
ഗോവയിലെത്തി വൈകാതെ ജോലി കിട്ടി. നന്നായി സംസാരിക്കുകയും മനോഹരമായി പെരുമാറുകയും ചെയ്യുന്ന പയ്യനു ബാറില്‍ ജോലി കിട്ടിയതില്‍ അദ്ഭുതമില്ല. വീടിനെ സൂരജ് മറന്നുപോയത്രെ. മഴവില്‍ മനോരമയില്‍ നടി രേവതി അവതരിപ്പിക്കുന്നൊരു പരിപാടിയുണ്ട്. കാണാതെ പോയ കുട്ടികളെ തേടുന്ന വേണ്ടപ്പെട്ടവരുടെ വിതുമ്പലാണ് ഈ പരിപാടി. കാണാമറയത്ത്. സുരേഷും വാസന്തിയും മകനെയോര്‍ത്തു പൊള്ളുന്ന നെഞ്ചുമായി ഈ പരിപാടിയിലെത്തി.ഗോവയില്‍ സൂരജിനോടൊപ്പം ജോലി ചെയ്തു കേരളത്തില്‍ തിരിച്ചെത്തിയൊരു ചെറുപ്പക്കാരന് മഴവില്‍ മനോരമയില്‍ സൂരജിന്റെ ഫോട്ടോയും അമ്മയുടെ തേങ്ങലും കണ്ടു. 'എനിക്കുറപ്പാണ് അതു സൂരജാണെന്ന്,' അദ്ദേഹം മഴവില്ലിനോടു പറയുന്നതോടെ അന്വേഷണം പുതിയ വഴിയിലേക്കു നീണ്ടു.
മഴവില്‍ സംഘം ഗോവയിലെത്തി. ആദ്യം പരിപാടിക്കുവേണ്ടി ഗവേഷണം നടത്തുന്ന മനീഷ് മണ്ണിപൊയിലും ബിജു കാവുന്തറയുമാണ് ഗോവയിലെത്തിയത്. അവര്‍ ബാറില്‍ പോയി സൂരജിനെ രഹസ്യമായി കണ്ടെത്തി. തൊട്ടടുത്ത ദിവസം തൃശൂര്‍ അയ്യന്തോള്‍ പൊലീസിലെത്തി മഴവില്‍ സംഘവും വീട്ടുകാരും കാര്യം പറഞ്ഞു. സീനിയര്‍ സിവില്‍ ഓഫിസറായ ടി.ജി. ബിജുവിനെ ഗോവയ്ക്ക് മഴവില്‍ സംഘത്തോടൊപ്പം അയയ്ക്കാന്‍ സിഐ എ. രാമചന്ദ്രനും എസ്ഐ രഞ്ജിത്തും തീരുമാനിച്ചു.
കാണാമറയത്തിന്റെ നിര്‍മാതാവ് മനോജ് മനയിലും സംഘവും പൊലീസിനോടൊപ്പം ഗോവയിലെത്തി. ഗോവ പൊലീസിന്റെ സഹായത്തോടെ സൂരജിനെ ബാറില്‍നിന്നു തിരിച്ചെടുത്തു. മടങ്ങുമ്പോള്‍ സൂരജ് ഇവരോടു പറഞ്ഞു, അന്വേഷിച്ചുവന്നുവെന്നു സംശയം തോന്നിയ താന്‍ തൊട്ടടുത്ത ദിവസം മുംബൈയിലേക്കു കടക്കാനിരിക്കുകയായിരുന്നുവെന്ന്. എവിടെവച്ചാണു വഴി പിഴച്ചുതുടങ്ങിയതെന്നു സൂരജിന് അറിയില്ല. എവിടെവച്ചാണു വീട് മറന്നതെന്നും അറിയില്ല. പക്ഷേ, ജീവിതം ലഹരികള്‍ക്കിടയില്‍ ചുവടുവയ്ക്കുമ്പോഴും അമ്മയോടും അച്ഛനോടുമൊരു സ്നേഹത്തിന്റെ തുണ്ട് എവിടെയോ ബാക്കിയുണ്ടായിരുന്നു.
കാണാമറയത്തുനിന്ന് ആ വാത്സല്യം മഴവില്ലുപോലെ മാനത്ത് തെളിഞ്ഞു. അയ്യന്തോള്‍ പൊലീസ് സ്റ്റേഷനിലെത്തിയ സൂരജ് അച്ഛനും അമ്മയ്ക്കും അനുജത്തി ഒനീവയ്ക്കുമൊപ്പം വീട്ടിലേക്കു മടങ്ങി. ഇന്നു രാവിലെ എസ്ഐ കെ.എം. അബ്ദുള്‍ റഹ്മാന് കുട്ടിയെ കോടതിയില്‍ ഹാജരാക്കും. മഴവില്ലിലൂടെ ഒരു കുട്ടി വീടണയുന്നു. പൊലീസ് സ്റ്റേഷനില്നിന്നിറങ്ങുമ്പോള് സൂരജിന്റെ അമ്മ പറഞ്ഞു, 'കാണാതെ പോയ എല്ലാ കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനയാണ് എന്റെ ജന്മം. അവര്‍ക്കുവേണ്ടി വേണ്ടപ്പെട്ടവര്‍ ഒഴുക്കുന്ന കണ്ണീരു കണ്ട് ഓരോ കുട്ടിയും തിരിച്ചുവരാനായി മാത്രമാണ് ഇനിയെന്റെ പ്രാര്‍ഥന.
സുദീപ് കെ എസ് / ബോബി കുഞ്ഞു








