വൈദ്യശാസ്ത്രനോബല്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞന് ബ്രൂസ് ബ്യൂട്ലര്‍, ലക്സംബര്ഗുകാരന് ജൂള്‍സ് ഹോഫ്മാന്‍, കനേഡിയന്‍ ശാസ്ത്രജ്ഞനായ റാല്‍ഫ് സ്റ്റെയ്ന്മാന് എന്നിവര്‍ക്കാണ് നോബല്‍. ഇവരില്‍ സ്റ്റെയിന്മാന് മൂന്നുദിവസം ദിവസം മുമ്പു മരണമടഞ്ഞതിനാല്‍ നോബല്‍ പ്രഖ്യാപനം പ്രശ്നത്തിലായിട്ടുണ്ട്. മരണാനന്തരബഹുമതിയായി നോബല്‍ നല്‍കാറില്ലെന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. നോബല്‍ തീരുമാനിക്കുമ്പോള്‍ സ്റ്റെയ്ന്മാന് ജീവിച്ചിരിക്കുന്നുണ്ടായിരുന്നു.
രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കാണ് ഇവര്‍ നോബലിനര്ഹരായത്. ഇത് ഈ മേഖലയിലെ നിലിവിലിരുന്ന ധാരണകളെ ആകമാനം തിരുത്തിക്കുറിക്കാന്‍ പോന്നതായിരുന്നെന്ന് പുരസ്കാരസമിതി വിലയിരുത്തി.
അണുബാധ, അര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ഇവരുടെ ഗവേഷണഫലങ്ങള്‍ ആക്കംകൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴേകാല്‍ കോടി രൂപയോളമാണ് നോബല്‍ പുരസ്കാരത്തുക. ലോകത്തെ ഏറ്റവും ബഹുമാന്യമായ സമ്മാനമായാണ് നോബല്‍ അറിയപ്പെടുന്നത്.
പാന്‍ക്രിയാസ് ഗ്രന്ഥിക്കു ബാധിച്ച അര്‍ബുദം നിമിത്തമാണ് റാല്‍ഫ് മരണമടഞ്ഞത്.








