സ്റ്റോക്ക്ഹോം: പതിമൂന്നുവര്ഷത്തെ ഇടവേളയ്ക്ക് ശേഷം കവിതയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചു. സ്വീഡിഷ് കവിയായ തോമാസ് ട്രാന്‍സ്ട്രോമറാണ് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം സ്വന്തമാക്കി കവിതയെ ഈ ബഹുമതിയ്ക്കര്ഹമാക്കിയത്.
മനോഹരമായ ശൈലികൊണ്ട് ആസ്വാദകനെ യാഥാര്‍ത്ഥ്യത്തിന്റെ പുത്തന്തലത്തിലേയ്ക്ക് കൊണ്ടുപോകുന്നവയാണ് അദ്ദേഹത്തിന്റെ കവിതകള്‍ എന്ന് നോബല്‍ സമിതി വിലയിരുത്തി. തീക്ഷ്ണമായ അലങ്കാരങ്ങളുപയോഗിക്കുന്ന അദ്ദേഹത്തിന്റെ കവിതകള്‍ മലയാളം ഉള്‍പ്പടെ നിരവധി ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കവി ബാലചന്ദ്രന് ചുള്ളിക്കാടും ഇത്തവണ നോബല്‍ സമ്മാനത്തിനു പരിഗണിക്കുന്നവരില്‍ ഉള്‍പ്പെട്ടിരുന്ന കവി സച്ചിദാനന്ദനുമാണ് ട്രാന്‍സ്ട്രോമറിന്റെ കവിതകള്‍ മലയാളികള്‍ക്കായി വിവര്‍ത്തനം ചെയ്തിട്ടുള്ളത്.








