ഓസ്ലോ: ലോകത്തിന്റെ വിവിധഭാഗങ്ങളിലെ സ്ത്രീവിമോചക പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനോര്‍ജ്ജം നല്‍കിക്കൊണ്ട് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മൂന്ന് സ്ത്രീകള്‍ക്കാണ് നോബല്‍ സമ്മാനം കിട്ടിയത്.
ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലൈബീരിയന്‍ മനുഷ്യാവകാശപ്രവര്‍ത്തക ലീമബോവി, യെമനിലെ മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയുംചെയ്യുന്ന തവക്കുല്‍ കര്‍മാന്‍ എന്നീ വനിതകളാണ് ഇപ്രാവശ്യം സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിടുന്നത്.
സ്ത്രീകളുടെ സുരക്ഷ, സമാധാനശ്രമങ്ങളില്‍ പങ്കുചേരാനുള്ള അവരുടെ അവകാശം തുടങ്ങിയവയ്ക്കുവേണ്ടി അക്രമരഹിതമായ സമരം നയിച്ചവരാണ് ഈ മൂന്നുവനിതകളും എന്ന് നോബല്‍ സമിതി വിലയിരുത്തി.
ലൈബീരിയയുടെ പ്രസിഡന്റായ എലന്‍ ജോണ്‍സണ്‍ ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ ഉയര്‍ത്തഴുന്നേല്‍പ്പിനു ശ്രമിച്ച വ്യക്തിയാണ്.
രാജ്യത്തെ കലാപം അവസാനിപ്പിക്കാന്‍ പുതിയ സമരമുഖം തുറന്ന വ്യക്തിയാണ് ലീമ ബോവി. സ്ത്രീകളുടെ സേനയ്ക്ക് രൂപം നല്‍കി കലാപത്തിനറുതി വരുന്നതുവരെ ഭര്‍ത്താക്കന്മാരുമായി കിടത്തമില്ലെന്ന് പ്രഖ്യാപിച്ചത് രാജ്യത്ത് വന്‍മാറ്റത്തിനു വഴിയൊരുക്കി.
യെമന്‍ പ്രസിഡന്റ് അബ്ദുള്‍ സലേയുടെ ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന തവക്കുല്‍ കര്‍മാന്‍ വിമന്‍ ജേര്‍ണലിസ്റ്റ് വിത്തൌട്ട് ചെയിന്‍ എന്ന കൂട്ടായ്മയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു.








