ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് സാഹിത്യകാരന് ജൂലിയന്‍ ബാര്ണ്സിന്. 'ദ സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ്' എന്ന നോവലിനാണ് പുരസ്കാരം. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഇംഗ്ലീഷിലെഴുതുന്ന എഴുത്തുകാര്‍ക്കു ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാഹിത്യപുരസ്കാരമാണ് ബുക്കര്‍ പ്രൈസ്.
മുമ്പ് മൂന്നുവട്ടം മാന്‍ ബുക്കര്‍ പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട് ബാണ്‍സ്. പുരസ്കരിക്കപ്പെടുന്നത് ഇതാദ്യം. ഓരോ വായനയിലും പുതിയ ആഴങ്ങള്‍ വെളിപ്പെടുത്തുന്ന, മനോഹരരചനയാണ് 'ദ സെന്‍സ് ഓഫ് ആന്‍ എന്‍ഡിങ്' എന്ന് പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷ ഡെയിം സ്റ്റെല്ല റിമിങ്ടണ്‍ വിലയിരുത്തി. 50,000 പൗണ്ടാണ് (39 ലക്ഷംരൂപ) സമ്മാനത്തുക. ബുക്കര്‍ നേട്ടം ഏറെ സന്തുഷ്ടികരമെന്നാണ് ബാണ്‍സ് പ്രതികരിച്ചത്.
കാരള്‍ ബിര്ച് (ജാംറാക്സ് മെനാജെറി), പാട്രിക് ഡിവിറ്റ് (ദ സിസ്റ്റേഴ്സ് ആന്‍ഡ് ബ്രദേഴ്സ്), എസി എഡുഗ്യാന്‍ (ഹാഫ് ബ്ലഡ് ബ്ലൂസ്), സ്റ്റീഫന്‍ കെല്മാന് (പിജിയന്‍ ഇംഗ്ലീഷ്), എ.ഡി.മില്ലര്‍ (സ്നോഡ്രോപ്) എന്നിവരെയാണ് അവസാനറൗണ്ടില്‍ ബാണ്‍സ് മറികടന്നത്.
ലീസസ്റ്ററില്‍ 1946-ലാണ് ബാണ്‍സിന്റെ ജനനം.ഒരു ഡസനോളം നോവലുകളെഴുതി. ന്യൂ സ്റ്റേറ്റ്സ്മാന് മാസികയുടെ സാഹിത്യവിഭാഗം പത്രാധിപരാണ്. ഒബ്സര്‍വര്‍ മാസികയ്ക്കു വേണ്ടി കോളമെഴുതുന്നുമുണ്ട്.








