ആഗസ്റ്റ് 24 മുതല്‍ മൂന്നു ദിവസങ്ങളായി നന്ദേഡ് ജില്ലയിലെ മാഹുരില്‍ നടന്ന ഡി.വൈ.എഫ്.ഐയുടെ മഹാരാഷ്ട്ര സംസ്ഥാനസമ്മേളനം സമാപിച്ചു. ഔറംഗാബാദില്‍ നിന്നുള്ള അഡ്വ.ഭഗവന്‍ ഭോജ്ഗെ ആണ് പുതിയ സംസ്ഥാന പ്രസിഡന്റ്. സെക്രട്ടറി മുംബൈയില്‍ നിന്നുള്ള മലയാളി കൂടിയായ പ്രീതി ശേഖറും.
പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു പ്രീതി ശേഖര്‍ കോട്ടയം, കഞ്ഞിക്കുഴി സ്വദേശിനിയാണ്. മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയായ അവര്‍ ഭര്‍ത്താവ് കെ കെ പ്രകാശനൊപ്പം വസായിയില്‍ ആണ് താമസം. കോട്ടയം ബസേലിയസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുന്‍ തലവന്‍ പ്രൊഫ. ചന്ദ്രശേഖരന്റെ മകളാണ്. മുംബൈയിലെ ചര്‍ച്ച് ഗേറ്റ് - വിരാര്‍ വെസ്റ്റേണ്‍ ലൈന്‍ യാത്രക്കാരുടെ, പാതയിരട്ടിപ്പിനും കൂടുതല്‍ ലോക്കല്‍ ട്രെയിനുകള്‍ക്കും വേണ്ടിയുള്ള സമരത്തിന്റെ മുമ്പന്തിയിലുണ്ടായിരുന്ന ഇവര്‍ ഫേസ്ബുക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും സജീവമാണ്. ഇന്ത്യയിലെ നഴ്സിങ് സമരങ്ങള്‍ക്ക് തുടക്കമിട്ട ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രി സമരസഹായസമിതിയുടെ ചെയര്‍പേഴ്സണ്‍ ആയിരുന്നു. ഡിവൈഎഫ്ഐയുടെ മുംബൈ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ യൂനിവേര്സിറ്റിയില് ഗവേഷകയായ പ്രീതി ശേഖറിന് പുറമേ മുംബൈയില്‍ നിന്ന് തന്നെയുള്ള കെ.എസ് രഘു, നാസിക്കില്‍ നിന്നുള്ള ഫ്രാന്‍സിസ് ചാക്കോ എന്നീ മലയാളികളും ഇക്കുറി സംസ്ഥാനസമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
റായ്ഗഡില്‍ നിന്നുള്ള ഭാസ്കര്‍ പാട്ടീലിനെ പുതിയ ട്രഷറര്‍ ആയും സമ്മേളനം തെരഞ്ഞെടുത്തു. 35 അംഗസംസ്ഥാന കമ്മിറ്റിക്ക് പുറമേ 13 അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.
24ന് അഖിലേന്ത്യാസെക്രട്ടറി തപന്‍ സിന്‍ഹ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ 16 ജില്ലകളിലെ ഒരു ലക്ഷത്തില്‍പ്പരം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പേര് പങ്കെടുത്തു. സമാപന സമ്മേളനം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഡി.വൈ.എഫ്.ഐ സ്ഥാപക സെക്രട്ടറിയുമായ മഹേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നും പൂര്‍ണ്ണമായും പിന്തിരിയുകയും കോര്‍പറേറ്റ് താല്പര്യങ്ങള്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നയപരിപാടികളെ സമ്മേളനം ശക്തമായി വിമര്‍ശിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലത്തില്‍ സാധാരണക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വിലയിരുത്തി. അത്തരം നയങ്ങള്‍ക്കെതിരായ ശക്തമായ യുവജനപ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കും.
കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്തുവിലകൊടുത്തും തടയുമെന്നും പ്രമേയം വ്യക്തമാക്കുന്നു. നവ ഉദാരവദ്ക്കരണത്തിന്റെ ഭാഗമായി അഴിമതിയുടെ രൂപവും ആഴവും മാറുകയാണെന്നും കല്‍ക്കരിപ്പാട അഴിമതിയുയുള്പ്പെടെയുള്ളവ ഇത്തരത്തിലുള്ളതാണെന്നും കാണാം. അതുകൊണ്ട്തന്നെ കോര്പ്പറേറ്റുകളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിശാലമായ ലോക്പാല്‍ അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി.
പെണ്‍ഭ്രൂണഹത്യക്കും ലിംഗവിവേചനത്തിനുമെതിരായ നിയമ നടപടികള്‍ കര്‍ശനമാക്കുക, മഹാരാഷ്ട്രയില്‍ ഒഴിഞ്ഞു കിടക്കുന്ന 18 ലക്ഷത്തോളം സര്‍ക്കാര്‍ തസ്തികകളില്‍ ഉടനടി നിയമനം നടത്തുക, ദേശീയ നാഗരിക തൊഴിലുറപ്പുപദ്ധതി സുതാര്യമായി നടപ്പിലാക്കുക, സമ്പൂര്‍ണ്ണ യുവജന-കായിക നയം പ്രഖ്യാപിക്കുക, സ്വകാര്യമേഖലയിലും ദളിത്-ആദിവാസി സംവരണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ലണ്ടന്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ സമ്മേളനം പ്രത്യേക പ്രമേയത്തിലൂടെ അഭിനന്ദിച്ചു.








