സഞ്ചരിക്കുന്ന സ്വര്ണ്ണക്കടകള്പോലെയുള്ള ഒരു കൂട്ടം മനുഷ്യരെ ദിവസേന നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു എന്ന് കരുതുക-അത്തരമൊരു സമൂഹത്തെപ്പറ്റി ഏതുതരം നിഗമനങ്ങളിലാണ് നിങ്ങളെത്തിച്ചേരുക? തീര്‍ച്ചയായും അകം പൊള്ളയായ ഒന്ന് എന്ന മട്ടിലായിരിക്കും ആ വിലയിരുത്തലുകള്‍.
അങ്ങിനെയെങ്കില്‍ അന്തസ്സാരാശൂന്യമായ ഒരു സമൂഹമായി മലയാളി അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകള്‍ അവന്റെ/ അവളുടെ ശരീരം ഇന്ന് നിങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ലോകത്തിലേറ്റവുമധികം സ്വര്ണ്ണഭ്രമമുള്ള സമൂഹമായി കേരളം അതിവേഗം മാറിയിരിക്കുന്നു.
ഇന്ത്യയിലെ സ്വര്‍ണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കേരളത്തിലാണ് (ജനസംഖ്യയുടെ 3 ശതമാനമാണ് നാം എന്നോര്‍ക്കണം). 1978നെ അപേക്ഷിച്ച് 2003 ആയപ്പോഴേക്കും കേരളത്തിലെ സ്വര്‍ണ്ണ ഉപഭോഗം 300 മടങ്ങ് വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷങ്ങളില്‍ അത് വീണ്ടും വര്‍ദ്ധിച്ച് 400 ഇരട്ടിയായി മാറി.
1990-ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടകളുടെ എണ്ണം 1,100 ആയിരുന്നു. എന്നാല്‍ 2008 ആയപ്പോഴേക്ക് അത് 4000 ആയി വര്‍ദ്ധിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത 7000 കടകള്‍ വേറെയുമുണ്ട്.
നമ്മുടെ സംസ്ഥാനത്ത് ഒരു വര്‍ഷം നടക്കുന്ന സ്വര്‍ണ്ണവ്യാപാരം 130 കോടി ടണ്‍ ആണ്. ഇത് അമേരിക്കയില്‍ നടക്കുന്ന പ്രതിവര്‍ഷ വ്യാപാരത്തിന്റെ പകുതിയിലേറെയാണ്. 2010-ല്‍ അമേരിക്കയില്‍ ആകെ നടന്ന സ്വര്‍ണ്ണവ്യാപാരം 238.6 കോടി ടണ്ണാണ്. അമേരിക്കയിലെ ജനസംഖ്യ 40 കോടിയും കേരളത്തിലേത് 3.5 കോടിയുമാണ് എന്ന് ഈയവസരത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
സ്വര്‍ണ്ണത്തിന്റെ അനുകൂലികള്‍ അതിന്റെ നിക്ഷേപസാദ്ധ്യതകളെക്കുറിച്ച് വാചാലരാകാറുണ്ട്. പണപ്പെരുപ്പത്തിനെതിരായ മികച്ചൊരു മാര്‍ഗ്ഗമായി സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം പലപ്പോഴും ചൂണ്ടികാണിക്കപ്പെടുന്നു. ശുദ്ധമായൊരു വിഡ്ഡിത്തം മാത്രമാണിത്.
സ്വര്‍ണ്ണം വാങ്ങിയാല്‍ അത് അലമാരകളിലും ബാങ്ക് ലോക്കറുകളിലും പൂട്ടിവെയ്ക്കുകയാണ് ചെയ്യുന്നത്. ഈ നിക്ഷേപം ഒട്ടും പ്രത്യുല്‍പ്പാദനപരമല്ല. മറ്റേതെങ്കിലും ഉല്‍പ്പാദനമേഖലകളില്‍ ഉപയോഗപ്പെടേണ്ട ലക്ഷക്കണക്കിന് കോടി രൂപയാണ് കേരളത്തിലെ ബാങ്ക് ലോക്കറുകളില്‍ ഈ വിധത്തില്‍ മുടക്കാചരക്കായി കിടക്കുന്നത്. സമ്പദ്വ്യവസ്ഥയില് പണം നിര്‍വ്വഹിക്കേണ്ട ചാക്രികമായ മുന്നേറ്റത്തിന്റെ പങ്ക് വാസ്തവത്തില്‍ തടസ്സപ്പെടുകയാണ് ഇതുമൂലം ചെയ്തത്.
മലയാളിയുടെ സ്വര്‍ണ്ണഭ്രമം വര്‍ദ്ധിച്ചതോടെ കേരളത്തില്‍ മറ്റ് മേഖലകളിലെ നിക്ഷേപത്തിന്റെ തോത് വന്‍തോതില്‍ ഇടിഞ്ഞുപോയതായി കാണാം. അതായത്, കേരളീയ സമൂഹത്തെത്തന്നെ പിറകോട്ടടിക്കുന്ന ഒരു രാഷ്ട്രീയ പ്രശ്നമായി മലയാളിയുടെ മഞ്ഞലോഹാസക്തി മാറിയിരിക്കുന്നു എന്നര്‍ത്ഥം. കേരളത്തിന്റെ നിക്ഷേപസാദ്ധ്യതകളെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും വിവാദങ്ങളാക്കി വെടക്കാക്കുന്ന ചാനല്‍ ബുദ്ധിജീവികള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ചരിത്രപരമായ കാരണങ്ങളാല്‍ സ്വര്‍ണ്ണത്തോട് ഏറെ താല്പര്യമുള്ള ഒരു സമൂഹമാണ് നമ്മുടേത്. അതിന്റെ തുടര്‍ച്ചകള്‍ അതുകൊണ്ടുതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങള്‍ ഒരു സ്വര്‍ണ്ണാഭരണം ധരിക്കുന്നു എന്നതും സ്വര്‍ണ്ണത്തോട് നിങ്ങള്‍ക്ക് ആസക്തി ഉണ്ട് എന്നതും രണ്ട് കാര്യങ്ങളാണ്. താനൊരു സ്വര്‍ണ്ണ മൂക്കുത്തി അണിഞ്ഞാല്‍ സുന്ദരിയാകും എന്നൊരു പെണ്‍കുട്ടി കരുതിയാല്‍ അവള്‍ക്കെതിരെ വാളെടുക്കേണ്ട കാര്യമേയില്ല. അത് ആ കുട്ടിയുടെ സൌന്ദര്യബോധത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഒരു തലമാണ്. തീര്‍ച്ചയായും അത് അംഗീകരിക്കപ്പെടണം. പക്ഷെ, എന്റെ മകള്‍ കല്ല്യാണപ്പന്തലില്‍ നില്ക്കുമ്പോള് 150 പവന് സ്വര്‍ണ്ണമെങ്കിലും വേണം എന്നൊരാള്‍ കരുതുമ്പോള്‍ അത് കലര്‍പ്പില്ലാത്ത ആസക്തിയുടെയും സമൂഹവിരുദ്ധമായ സങ്കല്പ്പങ്ങളുടെയും ഒരു മിശ്രണമാണ്. അതായത് ആസക്തി എന്നത് നിശിതമായി എതിര്‍ക്കപ്പെടേണ്ട ഒരു രാഷ്ട്രീയ പ്രശ്നമാണ് എന്നര്‍ത്ഥം. കാരണം അത് മറ്റാരുടെയോ താല്പര്യപ്രകാരം കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ്.
വാസ്തവത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതില്‍ യുക്തിയുടെ ഒരു കണികപോലുമില്ല. നമ്മുടെ ജീവിതത്തെ നാം ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു തരത്തിലും മാറ്റിത്തീര്ക്കുന്നില്ല. ആഭരണങ്ങള്‍ എത്ര ധരിച്ചാലും നിങ്ങള്‍ക്ക് അസുഖങ്ങള്‍ വരാതിരിക്കുന്നില്ല. വിശക്കാതിരിക്കുന്നില്ല, സംഭവിക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും അപകടങ്ങളില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെടുന്നില്ല. പ്രത്യക്ഷമായോ പരോക്ഷമായോ പുതിയ എന്തെങ്കിലും സൌകര്യങ്ങള്‍ സ്വര്‍ണ്ണം നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നേയില്ല. മുടങ്ങിക്കിടക്കുന്ന പണത്തിന്റെയും മോഷണഭീതിയുടെയും അങ്കലാപ്പുകള്‍ മാത്രമേ അത് ബാക്കിവെക്കുന്നുള്ളു.
എന്നിട്ടും ഓരോ മലയാളിയും ഇപ്പോള്‍ കരുതുന്നത് കുറച്ചുകൂടി സ്വര്‍ണ്ണത്തിന്റെ ഉടമകളായി തങ്ങള്‍ മാറിയിരുന്നുവെങ്കില്‍ എന്നാണ്. യുക്തിയുടെ കണിക പോലുമില്ലാത്ത ഈ ആഗ്രഹങ്ങള്‍ വാസ്തവത്തില്‍ സ്വര്ണ്ണമുതലാളിമാര് കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. അതിന്റെ നേട്ടം തീര്‍ച്ചയായും അവര്ക്കുണ്ടായിട്ടുമുണ്ട്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍, ഒരു പഠനം പറയുന്നത്, വരുന്ന 25 വര്‍ഷത്തിനിടയില്‍ കേരളീയനഗരങ്ങളിലെ ഭൂമിയുടെ 75 ശതമാനത്തോളവും വന്‍കിട സ്വര്‍ണ്ണക്കടക്കാരുടെ അധീനതയിലാകും എന്നാണ്. യാതൊരു നിയന്ത്രണവും അടിസ്ഥാനവുമില്ലാതെ ഭൂമിയുടെ വില കുതിച്ചുകയറുന്നു എന്ന കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രശ്നവും ഇതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്.
ഈവിധം യുക്തിരഹിതമായ സ്വര്‍ണ്ണഭ്രമം സൃഷ്ടിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളും സിനിമാതാരങ്ങളും സ്വര്ണ്ണമുതലാളിമാരും ചേര്‍ന്ന അച്ചുതണ്ട് ഗൂഢമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പരസ്യപ്പണം മാധ്യമങ്ങളെ എല്ലായ്പ്പോഴും നിശ്ശബ്ദമാക്കാറുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെ സ്വര്ണ്ണമുതലാളിമാര് നിശ്ശബ്ദമാക്കിയെന്നുമാത്രമല്ല; അക്ഷയത്രീഥീയ പോലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ മത്സരിപ്പിക്കുകയും ചെയ്തു.
എല്ലാ അസംബന്ധങ്ങളും ഉപ്പുതൊടാതെ വിഴുങ്ങാന്‍ പാകത്തില്‍ ആഴം കുറഞ്ഞ ഒരു സമൂഹമായി നാം അതിവേഗത്തില്‍ മാറുകയാണ്.
സാമൂഹ്യപ്രതിബദ്ധതയോടെ മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങാനാണ് നടന് മോഹന്‍ലാല്‍ ചാനലുകളിലൂടെ രാവിലെ ഉപദേശിക്കുന്നത്. പണത്തിന് ബുദ്ധിമുട്ട് വരുമ്പോള്‍ സ്വര്‍ണ്ണം വീട്ടില്‍ വെച്ച് തെണ്ടിനടക്കേണ്ടെന്നും മണപ്പുറം ഫിനാന്സില്പോയി പണയം വെക്കാനുമാണ് ഒരുമണി വാര്‍ത്തക്ക് മുന്നേയുള്ള ഉപദേശം. സ്വര്‍ണ്ണം പണയം വെച്ച് പണം നിങ്ങളുടെ പോക്കറ്റിലായി എന്ന് ഉറപ്പായാല്‍ അഞ്ച് മണിയോടെ അദ്ദേഹം ചോദിക്കും: വൈകീട്ടെന്താ പരിപാടി? നാം കൂട്ടുകാര്‍ ചേര്‍ന്ന് പന്ത് കളിക്കാന്‍ പോകുന്നുണ്ടോ എന്നല്ല ആ ചോദ്യത്തിനര്‍ത്ഥം. മറിച്ച് മക്ഡൊവല്സിന്റെ ഒഴിയാത്ത കുപ്പികള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നാണ്. അയുക്തികളില് വട്ടം കറങ്ങുന്ന മലയാളി പൊതുബോധത്തിന്റെ മാത്രമല്ല; മുരടിപ്പിലൂടെ കടന്നുപോകുന്ന കേരളീയ സമ്പദ്വ്യവസ്ഥയുടെ കൂടി നഖചിത്രമാണ് മുകളില്‍ പറഞ്ഞ പരസ്യചക്രം.
മമ്മൂട്ടിക്കും, മോഹന്‍ലാലിനും, ജയറാമിനും മറ്റും പത്മ അവാര്‍ഡുകളും ലെഫ്റ്റനന്റ് കേണല്പദവികളും മറ്റു കിരീടങ്ങളും ചാര്‍ത്തിക്കിട്ടേണ്ടത് വന്‍കിട മുതലാളിമാരുടെ ആവശ്യങ്ങളായിത്തീര്ന്നത് അവരുടെ ജനപ്രീതിയെ എങ്ങനെ വില്‍പ്പനയ്ക്ക് വയ്ക്കാമെന്ന് മുതലാളി കണ്ടെത്തിയതുകൊണ്ടാണ്. അതുകൊണ്ടാണ് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സല്മാന്ഖാന് പത്മശ്രീ കിട്ടിയപ്പോള്‍ രാജ്യത്തിനുവേണ്ടി ഓടി യശസ്സുയര്‍ത്തിയ തങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു കൂട നിറയെ മണ്ണാങ്കട്ടകള്പോലും തരുന്നില്ലെന്ന് ഒളിമ്പ്യന്‍ മില്‍ഖാസിങ്ങ് തുറന്നടിച്ചത്.
മൂന്ന് സിനിമകളില്‍ മേജറായി വേഷം കെട്ടിയപ്പോള്‍ മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍പദവി! 80,000 രൂപ ശമ്പളം. നികുതിവെട്ടിപ്പ് നടത്തിയ ഇതേ മോഹന്‍ലാലിനും മമ്മൂട്ടിക്കും പത്മശ്രീ! പത്മശ്രീകളുടെ മേലാപ്പുകളും കേണല്പദവിയുടെ പച്ചക്കുപ്പായങ്ങളുമണിഞ്ഞ് സൂപ്പര്‍താരങ്ങള്‍ നേരെ പോകുന്നത് സ്വര്‍ണ്ണമുതലാളിമാരുടെ പരസ്യഷൂട്ടിംഗിനാണ്. സംസ്കാരങ്ങളുടെയും ജീവിതമൂല്യങ്ങളുടെയും അംബാസഡര്മാരാകേണ്ട അവര്‍ മഞ്ഞലോഹ ആസക്തിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി അധഃപതിക്കുന്ന കാഴ്ച അങ്ങേയറ്റം ലജ്ജാകരമാണ്.
കേരളത്തിലെ സ്വര്‍ണ്ണ ഉപഭോഗം വിവാഹമാര്ക്കറ്റിലാണ് പൊടിപൊടിക്കുന്നത്. സമ്പന്നനോ, ദരിദ്രനോ ആകട്ടെ, മലയാളി എപ്പോഴും ആഗ്രഹിക്കുന്നത് പരമാവധി സ്വര്‍ണ്ണം എന്നാണ്. ഭൂരിപക്ഷം ജനങ്ങളും കടം വാങ്ങിയാണ് വിവാഹത്തിനാവശ്യമായ സ്വര്‍ണ്ണം വാങ്ങുന്നത്. പെണ്‍കുട്ടികള്‍ ഒരു ഭാരമായി രക്ഷിതാക്കള്‍ക്ക് തോന്നുന്നത് വിവാഹസമയത്തെ ചെലവ് കണക്കാക്കികൂടിയാണ്.
കല്ല്യാണച്ചെലവുകളിലെ പ്രത്യുല്പ്പാദനപരമില്ലായ്മ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്നതേയുള്ളൂ. പെരുകുന്ന കടം, കുടുംബാന്തരീക്ഷത്തിലെ അസ്വസ്ഥത, ആത്മഹത്യ തുടങ്ങിയ സമകാലീന കേരളീയാവസ്ഥകള്ക്ക് ഇത് കൂടി ഒരു കാരണമാണ്.
അയ്യായിരം പേര്‍ക്ക് സദ്യയൊരുക്കാന്‍ മുതല്‍ അഞ്ഞൂറ് പവന്റെ സ്വര്‍ണ്ണാഭരണം വാങ്ങല്വരെയുള്ള സ്വപ്നങ്ങള്‍ മലയാളിയുടെ മാത്രം സ്വപ്നങ്ങളാണ്. എല്ലാത്തിനും പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുന്ന നാം, പാശ്ചാത്യലോകത്തെവിടെയെങ്കിലും ഇത്തരം കോമാളിത്തരങ്ങള്‍ നടക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണം.
കഴുത്തില്‍ മുറുകിക്കിടക്കുന്ന കണ്ഠാഭരണം മുതല്‍ വീതി കൂടിയ അരപ്പട്ടയും കൈമുട്ടുവരെ നീണ്ടുകിടക്കുന്ന വളകളും മോതിരങ്ങളും ഒക്കെയായി നൂറോ നൂറ്റമ്പതോ പവന് മഞ്ഞ ലോഹത്തില്‍ പൊതിഞ്ഞുനില്‍ക്കുന്ന മലയാളി നവവധുവിന്റെ ചിത്രം മനസ്സിലൊന്നു സങ്കല്‍പ്പിച്ചുനോക്കൂ. നമ്മുടെ സാംസ്കാരിക തകര്‍ച്ചയുടെ മാത്രമല്ല; സ്ത്രീ വിരുദ്ധതയുടെ കൂടി പ്രകടനമാണ് അത്. ആലുക്കാസും ഭീമയും പോലുള്ള സ്വര്‍ണ്ണക്കടകളുടെ പരസ്യപ്പലകയാവുകയാണ് സ്ത്രീ ശരീരങ്ങള്‍. മാത്രമല്ല; സ്ത്രീയൊരു പുരുഷക്കാഴ്ച മാത്രമായി മാറുകയും ചെയ്യുന്നു. സ്വര്‍ണ്ണം ഒരു നിക്ഷേപമാണ് എന്ന മറുവാദം പറയുന്നവരോട് എങ്കിലെന്തുകൊണ്ട് നൂറുപവന്‍ ധരിച്ച് പുരുഷന്മാര് വേദിയില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന ലളിതയുക്തി ഉന്നയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മനുഷ്യന് എന്നത് വലിയൊരാശയം കൂടിയാണ്. എന്നാല്‍ അതൊരു ശരീരം മാത്രമാണെന്ന മനുഷ്യവിരുദ്ധമായ ആശയമാണ് കേരളത്തില്‍ വന്‍തോതില്‍ ഉല്പ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ശരീരം, കാണാനും അനുഭവിക്കാനുമാണ് എന്ന് വന്നാല്‍ അതിനെ തൃപ്തിപ്പെടുത്താനുള്ള പരിശ്രമങ്ങളാണ് പിന്നെയുണ്ടാവുക. ഈ തൃപ്തിയുടെ പരിധി നിര്‍ണ്ണയിക്കാന്‍ സാധ്യമല്ലാത്തിടത്ത് ആസക്തി ആരംഭിക്കുകയായി.
സ്വര്‍ണ്ണം, മദ്യം, കാമം തുടങ്ങി എന്തിന്റെയും കൂടെ ആസക്തി എന്ന വാക്കുകൂടി ചേര്‍ക്കാവുന്ന വിധത്തില്‍ മലയാളിയുടെ വര്‍ത്തമാനം ശരീരകേന്ദ്രിത ജീവിതവീക്ഷണങ്ങള്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പെണ്‍വാണിഭങ്ങള്‍ വര്‍ദ്ധിക്കുന്നതും ഗുണ്ടാസംഘങ്ങള്‍ പെരുകുന്നതും മദ്യവില്‍പ്പന ദിനംപ്രതി റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്നതും ഈയൊരു പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടണം. ഇതിനോട് ചേര്‍ത്തുവെച്ച് കേരളീയ സമ്പദ്വ്യവസ്ഥയുടെ സമകാലീന പ്രവണതകളെ കൂടി പഠനവിധേയമാക്കാവുന്നതാണ്.
കാര്യങ്ങളെല്ലാം ശരി, പക്ഷെ, പൂച്ചക്ക് ആരാണ് മണികെട്ടുക? സ്വന്തം കാര്യത്തിലേക്ക് വരുമ്പോള്‍ ഓരോരുത്തരും കരുതുന്നത് അത് മറ്റാരെങ്കിലും ചെയ്യുമായിരിക്കും എന്നാണ്. ഈ കാപട്യം അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു. മഞ്ഞ ലോഹത്തിന്റെ മായാവലയങ്ങളെ നാം മുറിച്ചുകടക്കുകതന്നെവേണം. മനുഷ്യന് ഒരാശയമാണെന്നും ആശയം ഒരു ഭൌതികശക്തിയാണെന്നും മനസ്സിലാക്കണം.
വിരലിലണിയുന്ന മോതിരങ്ങളല്ല; തലയില്‍ വിരിയുന്ന ആശയങ്ങളാണ് ചരിത്രത്തില്‍ ഒരാളെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് ഒന്ന് പരിശ്രമിച്ചുനോക്കൂ-യഥാര്‍ത്ഥ മനുഷ്യരെ സംബന്ധിച്ച് വാക്കുകള്‍ വെറും വാക്കുകളല്ല; അവ പ്രവര്‍ത്തനങ്ങളാണ് എന്ന് തിരിച്ചറിയുന്നവരെയാണ് പ്രസ്ഥാനങ്ങള്‍ക്കും ആവശ്യം.
കെ. ജയദേവന്
(ഡിവൈഎഫ്ഐ പാലക്കാട് ജില്ലാപ്രസിഡന്റാണ് ലേഖകന്‍)






