കേരളത്തില്‍ സോഷ്യല്‍ മീഡിയ അതിന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നു. ഈസ്റ്റേണ്‍ മുളകുപൊടിവിവാദം അതാണു് കാട്ടുന്നതു്. യുഎസിലേക്കു് കയറ്റുമതി ചെയ്യാന്‍ തയ്യാറാക്കിയ ഈസ്റ്റേണ്‍ മുളകുപൊടിയുടെ കണ്സൈന്മെന്റില് സ്പൈസസ് ബോര്‍ഡ് നടത്തിയ പ്രീഷിപ്മെന്റ് പരിശോധനയില്‍ സുഡാന് 4ന്റെ അംശം കണ്ടെത്തിയതിനെത്തുടര്ന്നു് മുളകുപൊടി കുഴികുത്തിമൂടിയതു് വന്‍ വിവാദമായി. മാദ്ധ്യമങ്ങള്‍ സംഘംചേര്‍ന്നു് വാര്‍ത്ത മുക്കി എന്നാരോപണമുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത കാട്ടുതീപോലെ പടരുകയായിരുന്നു. കമ്പനികള്‍ സോഷ്യല്‍ മീഡിയ എന്തുകൊണ്ടു് ഗൌരവമായി കാണണം എന്നു തെളിയിക്കുന്നതായിരുന്നു സംഭവവികാസങ്ങള്‍.
സോഷ്യല്‍ മീഡിയ ഇടപെടലില്‍ ഈസ്റ്റേണിനു സംഭവിച്ച ഇടര്ച്ചയാണു് പ്രശ്നത്തെ ആളിക്കത്തിച്ചതു്. കൊച്ചിയില്‍ നിന്നുള്ള സോള്‍ട്ട് മാങ്കോ ട്രീ എന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനിയെയാണ് ഈസ്റ്റേണ്‍ തങ്ങളുടെ സൈബര്‍ പ്രചാരണച്ചുമതലയേല്പ്പിച്ചത്. പ്രോ ആക്ടീവ് ആയി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഡെലിഗേഷന് എത്രമാത്രം പ്രശ്നകാരിയാവാം എന്നു് ആ തീരുമാനം തെളിയിച്ചു. നഗരത്തിലെ വാര്‍ത്തയെ നിഷേധിച്ചു ഫേസ്ബുക്കിലൂടെ ഈസ്റ്റേണ്‍ നടത്തിയ അവകാശവാദം തുടര്വിവാദങ്ങള്ക്കു നാന്ദിയാവുകയായിരുന്നു.
ഈസ്റ്റേണിന്റെ ഫേസ്ബുക്ക് പേജില്‍ തങ്ങള്‍ക്കെതിരായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കു മറുപടിയായി ഇംഗ്ലീഷിലും മലയാളത്തിലും ഓരോ വിശദീകരണക്കുറിപ്പ് നല്‍കിയിരുന്നു. പറഞ്ഞതിലേറെ പറയാതെവിട്ടിരിക്കുന്നു എന്ന തോന്നല്‍ ഉളവാകുന്ന രീതിയിലായിരുന്നു ഈ വിശദീകരണങ്ങള്‍. അവയിലെ പഴുതുകള്‍ കണ്ടെത്തി ചോദ്യമുയര്ത്തിയവര്ക്കു് തൃപ്തികരമായ മറുപടി ലഭിക്കാതെവരികയും എതിര്സ്വരമുയര്ത്തിയ കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടുകയും അവരെ വോളില്‍ തുടര്‍ന്നു പോസ്റ്റ് ചെയ്യുന്നതില്‍ നിന്നു വിലക്കുകയും ചെയ്തതോടെയാണു് ഈ വിഷയത്തെ അടുത്തതലത്തിലേക്കു് കൊണ്ടുപോകാന്‍ കമന്റര്മാരിലൊരാളായ ഹരീഷ് വാസുദേവന്‍ തയ്യാറാവുന്നതു്.
കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡുകളുടെ രണ്ടാമത്തെ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പരാജയമായിരുന്നു, ഇതു്. നിറപറ എന്ന റൈസ് ബ്രാന്‍ഡിന്റേതായിരുന്നു, ആദ്യ പരാജയം. നിറപറയുടെ അരി കഴുകുമ്പോള്‍ നിറം ഇളകിവരുന്നതു് ഫോട്ടോ സഹിതം റിസ് എന്ന ബ്ലോഗര്‍ ഗൂഗിള്‍ ബസില്‍ പോസ്റ്റ് ചെയ്തതോടെയാണു് അന്നു വിവാദം ആരംഭിക്കുന്നതു്. തുടര്‍ന്നു് ഇതേ പരീക്ഷണം നിരവധി ബ്ലോഗര്‍മാര്‍ ആവര്‍ത്തിച്ചു. ഓരോ തവണ കഴുകുമ്പോഴും അരിയില്‍ നിന്നു് നിറം അടര്ന്നുവരികയും ആറുതവണത്തെ കഴുകലോടുകൂടി അരി വെളുക്കുകയും ചെയ്യുന്നതായാണു് ബ്ലോഗര്‍മാര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതു്. എന്നാല്‍ ഇതു് തവിടിന്റെ നിറമാണെന്നും തങ്ങള്‍ ഒരുതരത്തിലുമുള്ള കൃത്രിമവര്ണ്ണങ്ങള് അരിയില്‍ ചേര്‍ക്കുന്നില്ലെന്നും നിറപറ വിശദീകരണം നല്കി.
അവിടംകൊണ്ടു നിര്‍ത്തേണ്ടതിനു പകരം ആരോപണം പവിഴം എന്ന കോമ്പീറ്റിങ് ബ്രാന്‍ഡിന്റെ ചെയ്തിയാണെന്നു പ്രഖ്യാപിച്ചും പ്രചാരണം ഏറ്റെടുത്തവര്ക്കെതിരെ സൈബര്‍ കേസ് ഭീഷണി മുഴക്കിയും നിറപറ രംഗത്തെത്തി. ഇതു് പ്രശ്നം കൂടുതല്‍ വഷളാകാനെ സഹായിച്ചുള്ളൂ. നിറപറ എന്ന ബ്രാന്‍ഡിനെതിരായ യുദ്ധമായിരുന്നില്ല, ബ്ലോഗര്‍മാര്‍ തുടങ്ങിവച്ചതു്. മറിച്ചു് ഭക്ഷ്യവസ്തുക്കളില്‍ സിന്തറ്റിക് എന്‍ഹാന്‍സേഴ്സ് ചേര്‍ക്കുന്നതിനെതിരായ പ്രതിഷേധമായിരുന്നു അതു്. അതിനാല്‍ തന്നെ, പവിഴം അരിയും കഴുകിയാല്‍ ഇതേപോലെ തന്നെയെന്നു് അതേ ബ്ലോഗര്‍മാര്‍ വീണ്ടും ഫോട്ടോ പോസ്റ്റിട്ടു് തെളിയിച്ചു.
നിറപറ പവിഴത്തിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ ലക്ഷ്യമാക്കിയതു് അതുതന്നെയാവാം. എല്ലാ ബ്രാന്‍ഡുകളും ഒരുപോലെ എന്നുവന്നാല്‍ തങ്ങള്‍ക്കു തത്ക്കാലത്തേക്കു് രക്ഷപ്പെടാമല്ലോ. എന്നാല്‍ എല്ലാവരും തെറ്റു ചെയ്യുന്നതു് തങ്ങള്‍ക്കും തെറ്റുചെയ്യാനുള്ള ലൈസന്‍സ് നല്കുന്നു എന്ന മട്ടിലുള്ള ന്യായീകരണമായേ അതിനെ സൈബര്‍ സമൂഹം വിലയിരുത്തിയുള്ളൂ.
ഈ വിവാദത്തില്‍ നിറപറ കോര്‍പ്പറേറ്റ് ഓഫീസിലെ പിആര്‍ വിഭാഗത്തിന്റെ പിടിപ്പുകേട് കൃത്യമായി വെളിയില്‍ വന്നു. സൈബര്‍ ലോകത്തു് തങ്ങള്‍ക്കെതിരായ പ്രചാരണങ്ങളെ സമചിത്തതയോടെ നേരിടാന്‍ വ്യക്തമായ പദ്ധതിയോ അതിനാവശ്യമായ സാന്നിദ്ധ്യം പോലുമോ അവര്‍ക്കുണ്ടായിരുന്നില്ല. ഇതു് അവരുടെ മാത്രം പോരായ്മയുമല്ല. കേരളത്തില്‍ നിന്നു് എത്ര കമ്പനി സിഇഒകള്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ സ്വയം കൈകാര്യം ചെയ്യുന്നുണ്ടു് എന്നു പരിശോധിക്കുക.
ഇന്ററാക്ടീവ് / ഡൈനാമിക് വെബ്സൈറ്റുകള്‍ ഇന്ത്യയിലെ പ്രമുഖ ബ്രാന്ഡുകള്ക്കുള്ളപ്പോള് കേരളത്തിലെ ബ്രാന്‍ഡുകള്‍ ഇപ്പോഴും ഫ്ളാഷ് യുഗത്തില്‍ തന്നെയാണു്. ഫേസ്ബുക്ക് പേജോ ട്വിറ്റര്‍ അക്കൌണ്ടോ ഒക്കെ സെറ്റപ്പ് ചെയ്തിട്ടുള്ളവര്‍ പോലും പരസ്യത്തില്‍ അവയുടെ ലിങ്ക് നല്കുന്നതിനപ്പുറം അവ കൃത്യമായി ഉപയോഗിക്കുന്നതുപോലുമില്ല. കേരളത്തില്‍ നിന്നുള്ള ഒരു പ്രമുഖ ഓട്ടോമൊബൈല്‍ മാസികയുടെ പരസ്യങ്ങളില്‍ സ്ഥിരമായി അവരുടെ എഡിറ്ററുടെ ഫേസ്ബുക്, ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ തെറ്റായാണു് അച്ചടിച്ചുവരുന്നതു് എന്നു് ടെക് എഴുത്തുകാരനായ വി കെ ആര്‍ശ് ചൂണ്ടിക്കാട്ടുന്നു.
അതേ സമയം ആത്മവിശ്വാസമുള്ള കമ്പനികള്‍ തങ്ങളുടെ പ്രൊഡക്റ്റിനെക്കുറിച്ചു് യൂസര്‍ റിവ്യൂസ് എഴുതാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കാറുമുണ്ടു്. സാംസങ് ഗ്യാലക്സി നോട്ടിനെക്കുറിച്ച് വിവിധ ഉപയോക്താക്കള്‍ എഴുതുന്ന കുറിപ്പുയകള് ട്വിറ്ററില്‍ @Samsung_India തേടിപ്പിടിച്ചു് ഷെയര്‍ ചെയ്യുന്നതു് ഉദാഹരണം.
ഈസ്റ്റേണിനു സംഭവിച്ചതു് സമാനതകളില്ലാത്ത social media flaw ആണു്. ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം വിമര്‍ശനങ്ങളോടു പ്രതികരിക്കാതെ വിടുന്നതിനേക്കാള്‍ ദോഷകരമാണു്, അവയോടു് hostile ആയി പ്രതികരിക്കുന്നതു് എന്നു് സോഷ്യല്‍ മീഡിയയില്‍ അല്പ്പമാത്രപരിചയമെങ്കിലും ഉള്ളവര്‍ക്കറിയാം. ആ നിലയ്ക്കു് ആരും മുതിരാത്ത മണ്ടത്തരമായിരുന്നു, സ്വന്തമായി ഒരു സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ടീമിനെ വാടകയ്ക്കെടുത്ത ഈസ്റ്റേണിനു പറ്റിയതു്.
ഇതു് salt mango treeയുടെ വീഴ്ചയായി കാണുന്നതില്‍ അര്‍ത്ഥമില്ല. ചെറുപ്പക്കാരുടെ ഈ സംരംഭം ചുരുങ്ങിയ കാലംകൊണ്ടു് സോഷ്യല്‍ മീഡിയ സ്പേസില്‍ ധാരാളം അനുഭവസമ്പത്തും വിജയവും നേടിയ കമ്പനി തന്നെയാണു്. കേരളത്തില്‍ നിന്നുള്ള പല സോഷ്യല്‍ മീഡിയ കമ്പനികളും ഫിലിം പ്രൊമോഷനില്‍ ഒതുങ്ങിനില്ക്കുമ്പോള് ഇതേ സ്പേസ് ഉപയോഗിച്ചു് ബ്രാന്‍ഡ് കോണ്‍ഷ്യസ്നെസ് വളര്‍ത്താമെന്നു തെളിയിച്ച കമ്പനിയാണു് അവര്‍.
അതേസമയം, ഇത്തരം mission critical ആയ അവസരങ്ങളില്‍ ഒരു third party promoterക്കു് ചെയ്യാവുന്ന കാര്യങ്ങളില്‍ ഒരു പരിധിയുണ്ടു്. കമ്പനി എന്താണെന്നും അവരുടെ പ്രോഡക്ടുകള്‍ എന്താണെന്നും പരിചയപ്പെടാനുള്ള സമയം പോലും ഇവര്‍ക്കു് ലഭിച്ചിരുന്നില്ല. അഥവാ, ഇത്തരം കാര്യങ്ങളില്‍ ഒരു layman knowledgeനപ്പുറം അവര്‍ക്കു് ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ല. സ്വാശ്രയമായ ഒരു സോഷ്യല്‍ മീഡിയ സ്റ്റ്രാറ്റജി ഈസ്റ്റേണിനും ഇല്ലാതെപോയി.
ഇത്തരം ഒരു ഇഴുകിച്ചേരല്‍ ഈസ്റ്റേണ്‍ ഗ്രൂപ്പും അവരുടെ സോഷ്യല്‍ മീഡിയ ആമും തമ്മില്‍ ഉണ്ടായിരുന്നില്ല എന്നുവേണം അനുമാനിക്കാന്‍. അല്ലാത്തപക്ഷം കേരളത്തിലെ പ്രധാനപ്പെട്ട പല മെയിലിങ് ലിസ്റ്റുകളിലും നടന്ന ചര്‍ച്ചകളില്‍ ഈസ്റ്റേണ്‍ കമ്പനിക്കു് അനുകൂലമായി ഉപയോഗിക്കാവുന്ന ഒട്ടേറെ പോയിന്റുകള്‍ വെളിയില്‍ വന്നിട്ടും അവയൊന്നും വേണ്ടുംവിധം ഉപയോഗിക്കാന്‍ ഇവയിലേക്കൊക്കെ ആക്സസ് ഉള്ള പ്രൊമോട്ടര്ക്കു് എന്തുകൊണ്ടു കഴിഞ്ഞില്ല? അതില്‍ കുറ്റംപറയേണ്ടതു് ഈസ്റ്റേണിനെ തന്നെയാണെന്നു വരുന്നു. ആറ്റില്‍ മുങ്ങി, ഇനി കുളിച്ചുകയറാം എന്നു വയ്ക്കുന്നതിനുപകരം അവര്‍ സോഷ്യല്‍ മീഡിയയുടെ പ്രഭാവത്തിനുമുന്നില്‍ പരുങ്ങുന്നതാണു കണ്ടതു്.
സാമ്പ്രദായിക പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ മീഡിയ ഇടപെടലിനു് സാരമായ വ്യത്യാസമുണ്ടു്. പല അബദ്ധങ്ങളും own up ചെയ്തുകൊണ്ടല്ലാതെ പോകാനാവില്ല എന്നതാണു് ഒന്നാംപാഠം. ആളുകള്‍ ചോദ്യങ്ങളുയര്ത്തിക്കൊണ്ടേയിരിക്കും. മാര്‍ക്കറ്റില്‍ എത്തിയ ബാച്ച് തിരികെവിളിച്ചു് അക്കാര്യവും അതിന്റെ കാരണവും വരെ സോഷ്യല്‍ മീഡിയയിലൂടെ അനൌണ്സ് ചെയ്ത അനുഭവങ്ങള്‍ ആഗോളതലത്തില്‍ ചില പ്രശസ്ത ബ്രാന്ഡുകള്ക്കുണ്ടു്. ഇങ്ങനെ ചെയ്യുന്നതിലൂടെ കമ്പനിയുടെ വിശ്വാസ്യത ഇടിയുകയല്ല, വര്‍ദ്ധിക്കുകയാണു്, ചെയ്യുക.
ഇടിവെട്ടുമ്പോള്‍ കൂണുമുളയ്ക്കുന്നതുപോലെ പൊടുന്നനെ വിടരുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഉപയോഗിച്ചു് ഒരു കമ്പനിക്കും സൈബര്‍ ഗെയിം കളിക്കാനാവില്ല. സോഷ്യല്‍ മീഡിയയിലെ പ്രധാനപ്പെട്ട ഇന്‍വെസ്റ്റ്മെന്റ് എന്നു പറയുന്നതു് പണമല്ല, സമയമാണു്. ആവശ്യത്തിനു സമയമെടുത്തു് വികസിപ്പിക്കുന്ന സോഷ്യല്‍ ഇന്റഗ്രിറ്റിയാണു് പ്രധാന ക്യാപിറ്റല്‍. മനോഹരമായ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്തും അച്ചടിമാദ്ധ്യമത്തിലെ പേജ് ത്രീ എക്സര്‍സൈസുകള്‍ പുനഃസൃഷ്ടിച്ചും പടുത്തുയര്‍ത്താവുന്ന കാര്യമല്ല, സൈബര്‍ ലോകത്തെ ലോയല്‍റ്റി.
അവിടെയാണു് ആനന്ദ് മഹീന്ദ്രയെ പോലുള്ളവരെ സ്തുതിച്ചുപോവുന്നതു്. മറ്റുള്ളവരുടെ നല്ല ട്വീറ്റുകള്‍ ഷെയര്‍ ചെയ്തും, മറുപടി എഴുതേണ്ടവയ്ക്കു് മറുപടി നല്‍കിയും, തന്റെ കച്ചവടവുമായി നേരിട്ടു ബന്ധമില്ലാത്ത വിഷയങ്ങളില്‍ പോലും ബുദ്ധിപൂര്‍വ്വം കമന്റു ചെയ്തും ആണു് മഹീന്ദ്ര ഈ തട്ടകത്തില്‍ കളിക്കുന്നതു്. കമ്പനിമേധാവിയായി മാറിനില്ക്കാതെ ആക്ടീവ് ആയി കമ്മ്യൂണിറ്റിയില്‍ ഇടപെടുന്നതുവഴി അദ്ദേഹം ആര്‍ജ്ജിച്ച സമ്മതി ഒന്നുവേറെതന്നെയാണു് (ഇത്തരം സമ്മതി അളക്കാന്‍ ഇന്നു് Klout പോലെയുള്ള ഉപകരണങ്ങളുമുണ്ടു്). അതാവട്ടെ, തന്മയത്വത്തോടുകൂടി തന്റെ ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്കു് അദ്ദേഹം ഉപയോഗപ്പെടുത്തുന്നുമുണ്ടു്. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ നായകന് നവാസ് മീരാനു് ഇല്ലാതെ പോയതും, അതാണു്.
പരസ്പരബഹുമാനത്തോടെയും വിരുദ്ധാഭിപ്രായങ്ങളുണ്ടാവുമെന്ന വസ്തുതയെ അംഗീകരിച്ചുകൊണ്ടും മാത്രമേ ഈ മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിടിച്ചുനില്‍ക്കാനാവൂ. അതല്ലാത്തപക്ഷം അല്പ്പകാലത്തേക്കു് ഉയര്ന്നുനില്ക്കുന്ന ഫേസ്ബുക് ലൈക്കുകള്‍ മാത്രമാവും റിസല്‍റ്റ്. ഞങ്ങള്‍ ചുരുങ്ങിയ കാലംകൊണ്ടു് ഇത്രയായിരം ലൈക്ക് സമ്പാദിച്ചു എന്നു മേനിപറയാമെന്ന ഗുണമേ അതുമൂലമുള്ളൂ. വെബ്സൈറ്റുകളുടെ പ്രീതി കണക്കുകൂട്ടാന്‍ ചിലര്‍ ഇപ്പോഴും അലെക്സാ റാങ്കിങ് പരിഗണിക്കുന്നതുപോലെ കണ്സല്റ്റന്സികള്ക്കു് ക്ലയന്റ്സിനെ പറ്റിക്കാന്‍ അതുമതിയാകുമെങ്കിലും ഇങ്ങനെ നേടിയ നിരീക്ഷകരോടു്/കേള്വിക്കാരോടു് സമഭാവനയോടെ ഇടപെടാന്‍ ക്ലയന്റ് കമ്പനികള്‍ തന്നെ ശീലിക്കാത്ത പക്ഷം വെറുതെ ചെലവഴിച്ച കാശുമാത്രമാവും, അവരുടെ സോഷ്യല്‍ മീഡിയ ഇന്‍വെസ്റ്റ്മെന്റ്.
സെബിന് എ. ജേക്കബ്









