പാട്ടെഴുത്തില്‍ കാല്പനികലാളിത്യവും ദാര്‍ശനികലാവണ്യവും സമന്വയിപ്പിച്ച കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പുതിയ ടെലിവിഷന്‍ പരമ്പരയാണ് പാട്ടുകളുടെ പാട്ട്. പാട്ടുകളും പാട്ടുകാരും നിറയുന്ന വ്യത്യസ്തമായൊരു ശില്പഘടനയാണ് ഈ പരമ്പരയ്ക്കുള്ളത്. പ്രധാനവേഷത്തിലഭിനയിക്കുന്നത് യുവഗായകനായ വിധു പ്രതാപാണ്.
മറ്റുവേഷങ്ങളില്‍ ലെന, പ്രേം പ്രകാശ്, വനിത കൃഷ്ണചന്ദ്രന് തുടങ്ങിയവരെത്തുന്നു. പാട്ടെഴുത്തും സംഗീതവും ശ്രീകുമാരന്‍ തമ്പി തന്നെയാണ് നിര്‍വഹിക്കുന്നത്. ഇതിനുപുറമേ പരമ്പരയുടെ രചനയും സംവിധാനവും കൂടി അദ്ദേഹം നിര്‍വഹിക്കുന്നു. യേശുദാസ് മുതല്‍ മലയാളത്തിലെ നാലു തലമുറകളില്‍പ്പെട്ട പ്രധാനഗായികാഗായകന്മാര് ഈ പരമ്പരയ്ക്കുവേണ്ടി പാടിയിരിക്കുന്നു.
പാട്ടുകാരനാകാന്‍ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ കഥയായിട്ടാണ് പാട്ടുകളുടെ പാട്ടിന്റെ പല്ലവി വിരിയുന്നത്. മലയാളസിനിമാഗാനരംഗത്ത് നിലനില്‍ക്കുന്ന എല്ലാത്തരം ദുഷ്പ്രവണതകളെയും ഈ പരമ്പരയിലൂടെ തുറന്നുകാട്ടാന്‍ ശ്രീകുമാരന്‍ തമ്പി ശ്രമിക്കുന്നുണ്ട്. പുതിയ പാട്ടുകള്‍ക്കൊപ്പം തന്റെതന്നെ ക്ലാസിക് ചലച്ചിത്രഗാനങ്ങളും ഈ പരമ്പരയില്‍ ശ്രീകുമാരന്‍ തമ്പി കോര്‍ത്തിണക്കിയിട്ടുണ്ട്.








