ചാനല്ക്കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ പ്രോഗ്രാം എക്സിക്യുട്ടീവുകള്‍ ഒഴുക്കുന്ന വിയര്‍പ്പ് ചില്ലറയല്ല. സ്വന്തം ചാനല്‍, സൌഹൃദചാനലുകള് എന്നിവയില്‍ തുടരെത്തുടരെ ഓര്‍മ്മപ്പെടുത്തലുകള്‍, പത്രങ്ങള്‍ വഴി പരസ്യങ്ങള്‍, സമ്മാനവാഗ്ദാനങ്ങള്‍ ... നിരവധി ആകര്ഷണപദ്ധതികളാണ് ഓരോദിവസവും അവര്‍ മെനഞ്ഞെടുക്കുന്നത്.
കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇനി ചെറിയ നഗരങ്ങളേയും ഗ്രാമങ്ങളേയും ലക്ഷ്യമിടുകയാണ് ചാനല്‍പ്രവര്‍ത്തകര്‍.
അതിനൊരു ഉദാഹരണമാണ് കോന്‍ ബനേഗാ ക്രോര്‍പതി എന്ന അമിതാഭ് ബച്ചന് പരിപാടി. സോണി ചാനലിലെ അതിന്റെ വീണ്ടും വരവില്‍ ഓഡിയോ പരസ്യങ്ങളിലൂടെ ചെറുനഗരവാസികളെ ആകര്‍ഷിക്കാനാണ് ചാനല്‍ ശ്രമിക്കുന്നത്.
മഹാരാഷ്ട്രയിലെ ബസ് സ്റ്റാന്‍ഡുകളില്‍ പലതവണ പരിപാടിയുടെ പരസ്യഗാനം കേള്‍പ്പിക്കുകയാണ് ചാനലിനുവേണ്ടി പരസ്യക്കാര്. സംസ്ഥാനത്തെ ഇടത്തരം നഗരങ്ങളിലുള്ളവര്‍ യാത്രയ്ക്ക് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സാണുപയോഗിക്കുന്നത്. ബസ് സ്റ്റാന്റുകളിലാകട്ടെ മറ്റു വിനോദപരിപാടികളുമില്ല. അതിനാല്‍ പരസ്യഗാനം ആളുകളെ പരിപാടിയെക്കുറിച്ച് ഓര്മ്മിപ്പിച്ചുകൊണ്ടേയിരിക്കുമെന്നാണ് ഓഡിയോ പരസ്യക്കാരുടെ പ്രതീക്ഷ.








