ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര മിനിസ്ക്രീനില്‍ എത്തുന്നു. ഒരു റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രിയങ്ക മിനിസ്ക്രീനില്‍ എത്തുന്നത്. കളേഴ്സ് ചാനലിലെ ഖത് രോണ് കെ ഖിലാഡി എന്ന സാഹസിക റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രിയങ്കയുടെ മിനിസ്ക്രീനിലേക്കുള്ള രംഗപ്രവേശനം. പ്രമുഖ ചാനലായ എഎക്സ്എന്‍ സംപ്രേക്ഷണം ചെയ്യുന്ന യുഎസ് റിയാലിറ്റി ഷോ ഫിയര്‍ ഫാക്ടറിന്റെ ഹിന്ദിപ്പതിപ്പാണ് ഖത് രോണ് കെ ഖിലാഡി.
പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ പല സാഹസിക പരിപാടികളിലൂടെ കടന്നു പോവണം. വിജയികളാവുന്നവര്ക്കു ലക്ഷങ്ങളാണ് സമ്മാനമായി ലഭിക്കുന്നത്. ഐപിഎല്‍ മല്‍സരങ്ങളുടെ കാലമായതുകൊണ്ട് ഐപിഎല്‍ സ്പെഷ്യല്‍ എഡിഷനാണു കളേഴ്സില് സംപ്രേഷണം ചെയ്യുക. സ്പെഷ്യല്‍ എഡിഷനില്‍ ഐപിഎല്‍ താരങ്ങളാണു പങ്കെടുക്കുക. മല്‍സരത്തില്‍ പങ്കെടുക്കാന്‍ പതിമൂന്നു താരങ്ങള്‍ ഇതിനകം സന്നദ്ധത അറിയിച്ചു കഴിഞ്ഞു.
ഇന്ത്യയിലേയും വിദേശത്തേയും ക്രിക്കറ്റ് താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. നേരത്തെ തന്നെ ഈ പരിപാടി കളേഴ്സില് സംപ്രേക്ഷണം ചെയ്തു വന്നിരുന്നതാണ്. മുമ്പ് നടന് അക്ഷയ് കുമാറായിരുന്നു അവതാരകന്. ഈ വര്‍ഷവും അക്ഷയ് കുമാര്‍ തന്നെയായിരിക്കും അവതാരകന് എന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ പ്രിയങ്കയാവും അവതാരകയെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
പരിപാടിയുടെ സ്റ്റൈല്‍ മൊത്തത്തില്‍ മാറ്റുകയാണെന്നും, അതുകൊണ്ടാണ് അക്ഷയ് കുമാറിനെ മാറ്റി പകരം പ്രിയങ്കയെ അവതാരക ആക്കിയതെന്നും കളേഴ്സിന്റെ പ്രോഗ്രാം മേധാവി അശ്വിനി യാര്ദ്ദി വ്യക്തമാക്കി. താന്‍ അവതാരകയാകുന്ന റിയാലിറ്റി ഷോ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. പുതിയ റിയാലിറ്റി ഷോയില്‍ അവതാരകയായ പ്രിയങ്ക മുന്‍ അവതാരകനെ പുകഴ്ത്താനും മറന്നില്ല.
യഥാര്‍ത്ഥ ഖിലാഡി അക്ഷയ് തന്നെയാണെന്ന് പ്രിയങ്ക വ്യക്തമാക്കി. തനിക്കൊരിക്കലും അക്ഷയ് കുമാര്‍ ചെയ്യുന്നത് ചെയ്യാനാവില്ല. അദ്ദേഹമാണ് ഈ പരിപാടിയെ ഇത്രയും ജനപ്രീയമാക്കിയത്. അദ്ദേഹത്തിന്റെ അവതരണരീതി വളരെ നല്ലതായിരുന്നു - പ്രിയങ്ക പറഞ്ഞു.
2009 നടന്ന ഷോയില്‍ മോഡലുകളും നടിമാരുമടക്കം 13 വനിതകള്‍ പങ്കെടുത്തിരുന്നു. അക്ഷയ് കുമാറാണ് ആ പരിപാടിയെ വന്‍വിജയമാക്കി മാറ്റിയത്.








