കൊച്ചി: 2009ല്‍ പുറത്തിറങ്ങിയ 'മാംഗോ ഷവര്‍' ഹിറ്റായത് 2011ല്‍. എന്‍ഡോസള്‍ഫാനെതിരെ സാക്ഷാല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ രംഗത്തെത്തിയതോടെയാണ് എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്ന ഡോക്യുമെന്ററിയും ശ്രദ്ധേയമാകുന്നത്. പാലക്കാട് മുതലമടയിലെ മാന്തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങളെക്കുറിച്ചാണ് 'മാംഗോ ഷവര്‍' എന്ന ഡോക്യുമെന്ററി പറയുന്നത്.
എറണാകുളം പ്രസ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇതിന്റെ പിന്നണിക്കാര്‍.
2009ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി മുതലമടയെ മറ്റൊരു കാസര്‍കോട് ആക്കരുതെന്ന സന്ദേശമാണ് നല്‍കുന്നത്. 'മാംഗോ ഷവര്‍' മുതലമടയില്‍ കീടനാശിനിയുടെ വ്യാപനത്തോടെ ഉടലെടുത്ത രോഗങ്ങളെക്കുറിച്ചും പറയുന്നുണ്ട്. കാസര്‍കോട്ട് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെങ്കില് മുതലമടയില്‍ ആളുകള്‍ ഇത് വെറും കൈകൊണ്ട് പ്രയോഗിക്കുകയാണ് ചെയ്യുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ മാമ്പഴം വിളയിക്കുന്ന മുതലമടയിലെ കര്‍ഷകര്‍ ഓരോ വര്‍ഷവും കച്ചവടക്കാര്‍ക്ക് തോട്ടങ്ങള്‍ മൊത്തവിലയ്ക്ക് ലേലത്തില്‍ നല്‍കുകയാണ് ചെയ്യുന്നത്. കച്ചവടക്കാര്‍ കൂടുതല്‍ ലാഭത്തിനുവേണ്ടി രാസകീടനാശിനികള്‍ ഉപയോഗിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.
അമിതമായ കീടനാശിനി പ്രയോഗം മൂലം പ്രദേശത്തെ കന്നുകാലികളും ശലഭങ്ങളുള്പ്പെടെയുള്ള പ്രാണികളും ചത്തൊടുങ്ങിയത് വാര്‍ത്തയായെങ്കിലും വിഷം തളിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നില്ല. 2010 മുതല്‍ കേരളമാകെ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ചയായെങ്കിലും അവയെല്ലാം കാസര്‍കോട് കേന്ദ്രീകരിച്ചാണ് നടന്നത്. സ്റ്റോക്ഹോം കണ്വെന്ഷന് 25ന് നടക്കുന്ന സാഹചര്യത്തില്‍ എന്ഡോസള്ഫാനുള്പ്പെടെ മനുഷ്യരാശിക്ക് ഹാനികരമായ എല്ലാ കീടനാശിനികളും നിരോധിക്കണമെന്നും 'മാംഗോ ഷവര്‍' പ്രവര്‍ത്തകര്‍ പറയുന്നു.
ഷിബു വെമ്പല്ലൂരാണ് സംവിധാനം. ഛായാഗ്രഹണം: അനില്‍കുമാര്‍. എഡിറ്റിങ്: രതീഷ് കക്കോട്ട്. നിര്‍മാണം: ദിനില്‍.








