കേരളത്തിന്റെ നാലാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന് ഇന്നു കൊടിയുയരും. ചലച്ചിത്ര അക്കാദമിയില്‍ പ്രിയദര്ശന് ചെയര്മാന് ആയതിനുതൊട്ടുപിന്നാലെയാണ് ഇത്തവണത്തെ മേളയെന്ന പ്രത്യേകതയുമുണ്ട്. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്നുവൈകിട്ട് ആറരയ്ക്ക് കൈരളി തിയറ്ററില്‍ സിനിമാക്കാര്യങ്ങളുടെ ചുമതലകൂടിയുള്ള വനം, സ്പോര്‍ട്സ് മന്ത്രിയും ചലച്ചിത്രനടനുമായ കെ.ബി.ഗണേശ്കുമാര്‍ നിര്‍വഹിക്കും.
മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സുഹാസിനി മുളേയ് ആണ്. ഗതാഗത-ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍, അക്കാദമി ചെയര്മാന് പ്രിയദര്ശന്, തിരുവനന്തപുരം മേയര്‍ അഡ്വ.കെ.ചന്ദ്രിക, സാംസ്കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടനശേഷം, ഉദ്ഘാടനചിത്രമായ വോനാങ് സോരി എന്ന ദക്ഷിണാഫ്രിക്കന്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ലീ ചുങ് റ്യോട്ട് ആണ് ചിത്രത്തിന്റെ സംവിധായകന്.
മേള ഓഗസ്റ്റ് നാലിന് സമാപിക്കും.
മേളയില്‍ 25 രാജ്യങ്ങളില്‍നിന്നായി 200ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, അനിമേഷന്‍, മ്യൂസിക് വിഡിയൊ, ക്യാംപസ് ഫിക്ഷന്‍ എന്നീ മത്സരങ്ങളില്‍ 70 ചിത്രങ്ങള്‍. അഫ്ഗാനിസ്ഥാന്, തായ്ലന്ഡ്, ഫിലിപ്പീന്‍സ്, ജോര്‍ദാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സ്ത്രീ സംവിധായകരുടെ 17 ചിത്രങ്ങള്‍ മേളയിലുണ്ടാകും. ഫ്രാന്‍സിലെ പ്രധാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ ക്ലയര്മോന്റേ ഫെസ്റ്റിവലില്‍ നിന്നുള്ള 12 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ശാസ്ത്ര സംബന്ധിയായ നാലും പ്രശസ്ത സംവിധായകര്‍ അവരുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിച്ചുള്ള ഹോം വിഡിയൊ വിഭാഗത്തില്‍ 11 ചിത്രങ്ങളുമുണ്ടായിരിക്കും. വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറോളം പ്രതിനിധികള്‍ മേളയ്ക്കെത്തും. എല്ലാ ദിവസവും വിവിധ വിഷയങ്ങളെക്കുറിച്ചു ചര്‍ച്ചയും ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.








