ഡോക്യുമെന്ററികള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവയ്ക്ക് വിപണിയില്ലെന്നുള്ളതാണെന്നും ഡോക്യുമെന്ററികള്‍ ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകളുപയോഗിച്ച് മാര്‍ക്കറ്റു ചെയ്യപ്പെടുകയാണു വേണ്ടതെന്നും ഡോക്യുമെന്ററി ചലച്ചിത്രകാരനായ സമീര്‍ മോഡി. തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന, ശരത് ചന്ദ്രന് അനുസ്മരണസംവാദത്തില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോഡി.
ഡോക്യുമെന്ററി നിര്‍മാണരംഗത്തെ പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തിലായിരുന്നു സംവാദം. ടെലിവിഷനെയും ഉപയോഗപ്പെടുത്തി ഡോക്യുമെന്ററികളുടെ മാര്‍ക്കറ്റിംഗ് സാദ്ധ്യമാക്കണമെന്നു മോഡി കൂട്ടിച്ചേര്‍ത്തു.
ഡോക്യുമെന്ററി വാങ്ങാന്‍ തല്പരായ ആളുകളും സ്ഥാപനങ്ങളുമുണ്ടെന്നും അവ കണ്ടെത്താന്‍ ചലച്ചിത്രകാരന്മാര്ക്കു വേണ്ട സംവിധാനം ഉണ്ടാകുകയും വേണമെന്ന് ചലച്ചിത്രപ്രവര്ത്തകയായ ഗാര്‍ഗി സെന്‍ അഭിപ്രായപ്പെട്ടു. ഡോക്യുമെന്ററികളുടെ ദൈര്‍ഘ്യം ഒരു പ്രധാനപ്രശ്നമാണെന്നും ഗാര്‍ഗി പറഞ്ഞു.
ഹോം വീഡിയോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച പങ്കജ് ഋഷികുമാര്‍ പറഞ്ഞത്, പഴയ കാലത്ത് ഹോം വീഡിയോകള്‍ ആളുകള്‍ അനുഭവങ്ങളുടെയും ഓര്‍മകളുടെയും പകര്ത്തായിട്ടാണ് കണ്ടിരുന്നതെന്നാണ്. ഇന്ന് എല്ലാവരും ക്യാമറകള്‍ ക്ലിക്ക് ചെയ്ത് എല്ലാം പകര്‍ത്തുന്നു. തന്റെ പിതാവ് ഒരു തിയറ്റര്‍ ഉദ്ഘാടനം ചെയ്യുന്നതടക്കമുള്ള ഹോം വീഡിയോ തന്റെ ശേഖരത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെസ്റ്റിവല്‍ ആഗസ്റ്റ് നാലിനു സമാപിക്കും.








