ഭക്തിയുടെ രസങ്ങളെ സിരകളില്‍ നിറച്ച് തെരുവുകളിലും ഗ്രാമങ്ങളിലും ആള്‍ക്കൂട്ടത്തിലും തനിയേയും പാടിനടന്ന മിസ്റ്റിക് കവിയായിരുന്നു കബീര്‍ദാസ്. ലളിതമായ സങ്കീര്‍ണ്ണതകളെയും ഹൃദ്യമായ ഈണത്തില്‍ ഭക്തിയേയും പകര്‍ത്തിയ കബീറിന്റെ ജീവിതവും സംഗീതവും പുനരുജ്ജീവിപ്പിക്കുകയാണ് ജേര്‍ണി വിത്ത് കബീര്‍ എന്ന വിഭാഗത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് കേരള അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഷബ്നം വീര്‍മണി സംവിധാനം ചെയ്ത നാല് വീഡിയോ ഡോക്യുമെന്ററികള്‍.
ഹദ്- അന്ഹദ് എന്ന ചിത്രം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിഭജനങ്ങളെ കബീര്‍ രചിച്ച മതങ്ങളുടെയും അവയുടെ രാഷ്ട്രീയത്തിന്റെയും വരികളിലൂടെ നിര്‍ണ്ണയിക്കാന്‍ ശ്രമിക്കുന്നു. ഏതായിരുന്നു കബീറിന്റെ രാജ്യം, എന്തായിരുന്നു കബീര്‍ സ്വപ്നംകണ്ട ദേശീയത, തുടങ്ങിയ ചോദ്യങ്ങളെ ഇന്ത്യന്‍ നാടോടി ഗായകനായ പ്രഹ്ളാദ് ടിപന്യയുടെയും ഗവേഷകയായ ലിന്‍ഡ ഹെസ്സിന്റെയും ജീവിതങ്ങളെ കോര്‍ത്തിണക്കി അന്വേഷിക്കുകയാണ് ചലോ ഹമാര ദേശ് എന്ന ഡോക്യുമെന്ററി. പ്രഹ്ളാദിന്റെ ദളിത് അവസ്ഥകളിലൂടെ യാത്ര തുടരുന്ന ഷബ്നം കബീര്‍ ഘട ബസാര്‍ മെം എന്ന മൂന്നാമത്തെ ഡോക്യുമെന്ററിയില്‍ കബീറിലെ ആധ്യാത്മികവിശുദ്ധിയും മതേതരസ്വാഭാവവും കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. രണ്ടുമേഖലകളിലും തന്നെതന്നെ ഉള്‍ച്ചേര്‍ക്കുവാന്‍ ശ്രമിക്കുന്ന പ്രഹ്ളാദന്റെ മുമ്പില്‍ ഉയരുന്ന ചോദ്യങ്ങളും ആശങ്കകളും ശബ്നം വീര്‍മണി പ്രേക്ഷകരുടെ മുമ്പില്‍ എത്തിക്കുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയെ അതിശയിപ്പിച്ച സ്വരമായിരുന്നു കുമാര്‍ ഗന്ധര്വ്വയുടേത്. കൌമാരകാലത്തുതന്നെ കച്ചേരികള്‍ നടത്തുകയും സിനിമകളില്‍ പിന്നണി പാടുകയും ചെയ്ത് ക്ളാസ്സിക്കല്‍ സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കുമാര്‍ ഗന്ധര്‍വ്വ യൌവ്വനാവസ്ഥയില്‍ രോഗാതുരനായി മാറി. രോഗാവസ്ഥയിലാണ് കുമാര്‍ ഗന്ധര്‍വ്വ കബീര്‍ ഭക്തനായി മാറുന്നത്. പിന്നീട് കബീര്‍ സൂക്തങ്ങള്‍ പാടി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതപഥങ്ങളെ പകര്‍ത്തുകയാണ് കൊയി സുന്താ ഹെ എന്ന നാലാമത്തെ ഡോക്യുമെന്ററിയില്‍.
നാടോടിയായിട്ടാണ് കബീര്‍ ജീവിച്ചത്. ചിലര്‍ക്ക് ദൈവവും ചിലര്‍ക്ക് ഗുരുവും പിന്നെയുള്ള ലോകത്തിന് കവിയും ഗായകനും പൊരുളറിയാത്ത സമസ്യയുമായിരുന്നു. ചരിത്രത്തില്‍ കബീര്‍ ഒരു കാലഘട്ടമാണ്. കബീറിന്റെ ദര്‍ശനങ്ങളിലേക്കുള്ള മനോഹരമായ യാത്രയാണ് ഷബ്നം വീര്മണിയുടെ ഡോക്യുമെന്ററികള്‍ നടത്തുന്നത്.
ബിജി







