തിരു: ഇന്നു തുടങ്ങിയ മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി- ഷോര്‍ട്ട് ഫിലിം ചലച്ചിത്രമേളയിലെ പ്രധാന ആകര്‍ഷണമാണ് മ്യൂസിക് വീഡിയോകളുടെ മത്സര വിഭാഗം. സാഹിത്യം, സിനിമ, സംഗീതം എന്നിങ്ങനെ മനുഷ്യചരിത്രത്തെ അടയാളപ്പെടുത്തുന്ന മാധ്യമങ്ങളില്‍ സംഗീത വീഡോയോകള്ക്കും പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് രാജ്യാന്തരമേളയില്‍ ഇങ്ങനെയൊരു വിഭാഗംകൂടി ഉള്‍പ്പെടുത്തിയത്.
മത്സരവിഭാഗത്തില്‍ ഏഴ് സംഗീതചിത്രങ്ങളാണുള്ളത്. ഹരി എം. മോഹനന്റെ എലോണ്‍, കെ. പി. ജയശങ്കര്‍, അഞ്ജലി മോന്റേറിയോ എന്നിവരുടെ കബീര്‍സ് മദര്‍, റെജി സൈന്റെ മീ, അവിനാഷ് പ്രകാശിന്റെ ഓ ഗോഡ്, സൌരബ് ശങ്കറിന്റെ കലന്തര്‍, ജി. ഭരണിയുടെ സോങ് ഓഫ് കറന്‍സി, തഗ്വീര് സിംഗിന്റെ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മ്യൂസിക് വീഡിയോകള്‍.
മനുഷ്യസംസ്കാരത്തിന്റെ ചരിത്രത്തോളംതന്നെ പഴക്കമുള്ള സംഗീതം ലോകത്തിലെ ഏറ്റവും ജനപ്രിയമായ കലയാണ്. എന്നാല്‍ മ്യൂസിക് വീഡിയോകള്‍ക്ക് അല്പകാലത്തെമാത്രം ചരിത്രമാണ് പറയാനുള്ളത്. അമ്പതുകളുടെ ആദ്യംമുതല്‍ ലോകത്തെ പിടിച്ചുകുലുക്കിയ പല പാട്ടുകാരും പാട്ടുസംഘങ്ങളും മ്യൂസിക് വീഡിയോകളെയും കാര്യമായി പരിഗണിച്ചിരുന്നു.
ആദ്യകാലത്ത് സംഗീത പരിപാടികളുടെ നേര്‍പകര്‍പ്പുകളാണ് മ്യൂസിക് വീഡിയോകള്‍ എന്ന പേരില്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ പിന്നീട് മ്യൂസിക് വീഡിയോ എന്ന പേരില്‍തന്നെ പാട്ടുകളിറങ്ങാന് തുടങ്ങി. അറുപതുകളിലും എഴുപതുകളിലും ലോകസംഗീതത്തെ മാറ്റിമറിച്ച പല സംഗീതസംഘങ്ങളുടെയും ആല്‍ബങ്ങള്‍ ഇറങ്ങിയതോടെയാണ് മ്യൂസിക് വീഡിയോ എന്ന സങ്കല്‍പ്പംതന്നെ മാറിപ്പോയത്. ലോകത്തിലെ മുഴുവന്‍ പാട്ടുകാരെയും സ്വാധീനിച്ചത് പാശ്ചാത്യലോകത്തിന്റെ പാട്ടുകാര്‍ ആയിരുന്നു. യുദ്ധവും പ്രണയവും പ്രവാസവും ഒറ്റപ്പെടലും എന്നുവേണ്ട മാനുഷികവും ചരിത്രപരവുമായ എല്ലാ പ്രശ്നങ്ങളും വികാരങ്ങളും മ്യൂസിക് വീഡിയോകളിലൂടെ ആവിഷ്കരിക്കപ്പെട്ടു.
ഇന്ത്യന്‍ സംഗീതത്തില്‍ വീഡിയോകള്‍ ചിത്രീകരിച്ചുതുടങ്ങുന്നത് പാശ്ചാത്യ മ്യൂസിക് വീഡിയോകളുടെ ചുവടുപിടിച്ചായിരുന്നു. ലക്കി അലി, അലീഷ ചീനായ്, ദെലര്‍ മെഹന്ദി, എ. ആര്. റഹ്മാന്, ഫാല്‍ഗുനി പഥക് എന്നിവര്‍ക്കാണ് ഇന്ത്യന്‍ മ്യുസിക് വീഡിയോകളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമുള്ളത്. ഇവരുടെ ചരിത്രത്തെ പിന്തുടരുന്നവരുടെ വീഡിയോ ചിത്രങ്ങളാണ് മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.








