അങ്കം രണ്ട് - രംഗം മൂന്ന്
സൈനികത്താവളം.
(പ്രൊഫസര്‍ കാസ്യോമാസ്ക് അണിഞ്ഞ് കാവല്‍ നില്ക്കുന്ന ഇയാഗോയുടെ അടുത്തേക്ക് നീങ്ങുന്നു.)
കാസ്യോ : കാവലിരിക്കുകയാണ്, അല്ലേ? തുടര്‍ച്ചയായ മൂന്നാമത്തെ രാത്രിയല്ലേയിത്?
ഇയാഗോ : അതുകൊണ്ട്?
കാസ്യോ : തുര്‍ക്കിക്കപ്പലുകളുടെ നീക്കം ശ്രദ്ധിക്കാന്‍ മറ്റൊരോഫീസര്ക്കും പറ്റില്ല എന്ന് ജനറല്‍ ഒഥെല്ലോ കരുതുന്നതുപോലെ തോന്നും. ഇത് അനീതിയാണ്, ഇയാഗോ.
ഇയാഗോ : ആരോടുള്ള അനീതി?
കാസ്യോ : നിങ്ങളോട്. തുടര്‍ച്ചയായി മൂന്നു രാത്രി കാവലിരിക്കാന്‍ ഓരോഫീസറോടും ആവശ്യപ്പെടുന്നത് ശരിയല്ല.
ഇയാഗോ : എനിക്കതൊരു പ്രശ്നമല്ല, കാസ്യോ.
കാസ്യോ : നിങ്ങള്‍ക്കു പ്രശ്നമാണോ എന്നതല്ല കാര്യം. എനിക്കു പ്രശ്നമാണ്. നിങ്ങള്‍ക്ക് വിശ്രമം ആവശ്യമാണ്. അത് നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുവരുത്തും.
ഇയാഗോ : നിങ്ങള്‍ എന്താണ് പറഞ്ഞു വരുന്നത്?
കാസ്യോ : ഓ, ഒരുപക്ഷേ, നിങ്ങള്‍ വിവരമറിഞ്ഞില്ലായിരിക്കും. ഒഥെല്ലോ പറഞ്ഞില്ലേ?
ഇയാഗോ : എന്തു വിവരം?
കാസ്യോ : ഡ്യൂക്കിന്റെ ദൂതന് എത്തിയിരിക്കുന്നു. നാളെ കാലത്തുതൊട്ട് - നിങ്ങള്‍ ഇതറിയേണ്ടതായിരുന്നു - നാളെ കാലത്തുതൊട്ട് സൈപ്രസിലെ സേനാധിപന് ഞാനായിരിക്കും. ഒഥെല്ലോയെ അവര്‍ തിരിച്ചു വിളിക്കുയാണ്.
ഇയാഗോ : ഡെസ്ഡിമോണ അച്ഛനെഴുതിയ കത്ത്.
കാസ്യോ : ഡെസ്ഡിമോണയുടെ കത്തോ?. നിങ്ങള്‍ക്ക് അതേപ്പറ്റി എന്തറിയാം?
ഇയാഗോ : നിങ്ങള്‍ക്കുവേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ടു, എന്നുമാത്രം.
കാസ്യോ : ശരിയാണ്. പക്ഷേ, ഒരടുത്ത സുഹൃത്ത് എപ്പോഴും ചെയ്യുമെന്ന് നാം പ്രതീക്ഷിക്കുന്ന കാര്യം മാത്ര
മാണത്.
ഇയാഗോ : നിങ്ങള്‍ തമ്മില്‍ എത്ര അടുപ്പമുണ്ട്, കാസ്യോ?
കാസ്യോ : ഇയാഗോ, എന്റെ സംസ്കാരം നിങ്ങളുടെ ഈ വാക്കുകള്‍ അമാന്യമാണെന്നു കണക്കാക്കും.
ഇയാഗോ : കാസ്യോ, നിങ്ങളുടെ ചെയ്തികള്‍ എന്റെ വാക്കുകളേക്കാള്‍ അമാന്യമാണെന്ന് കണക്കാക്കുന്നതാണ് എന്റെ സംസ്കാരം.
കാസ്യോ : നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍, ഞാനിപ്പോള്‍ എന്റെ വാക്കുകളിലും ചെയ്തികളിലും അങ്ങേയറ്റം ശ്രദ്ധ കാണിക്കും. അല്ലെങ്കില്‍, നിങ്ങള്‍ക്ക് കടുത്ത ശകാരം ഏറ്റുവാങ്ങേണ്ടിവരും.
ഇയാഗോ : എപ്പോള്‍, എവിടെ വച്ചാണ് ഈ ശകാരമുണ്ടാവുക?
കാസ്യോ : നിങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റമൊന്നുമുണ്ടാവുന്നില്ലെങ്കില്, ഇതാ, ഇന്നുരാത്രി തന്നെ, ഇപ്പോള്‍!
ഇയാഗോ : കാസ്യോ, ഞാന്‍ ആ ശകാരം അര്‍ഹിക്കുന്നു! അതെ, എന്നെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. പക്ഷേ, അതിനുമുമ്പ് ഒരു കാര്യം. നിങ്ങള്‍ ഡെസ്ഡിമോണയില് നിന്നു സ്വീകരിച്ച ആ തൂവാല തിരിച്ചെത്തിക്കണമെന്നു പറയാന്‍ ജനറല്‍ ഒഥെല്ലോ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഡെസ്ഡിമോണയ്ക്കു നല്കിയ സമ്മാനമാണത്.
കാസ്യോ : വീണ്ടും ചീത്ത പെരുമാറ്റം, അല്ലേ, ഇയാഗോ? ഇറ്റലിയിലെ നടപ്പനുസരിച്ച്, കടം വാങ്ങിയ വസ്തുക്കള്‍ കടം നല്കിയ ആളിനു തന്നെയാണ് തിരിച്ചു കൊടുക്കേണ്ടത്. ആ തൂവാല സേനാധിപന്റെ ഭാര്യയ്ക്ക് ഞാന്‍ തിരിച്ചു കൊടുക്കുന്നതാണ്; നാളെ കാലത്ത്.
ഇയാഗോ : സേനാധിപന്റെ ആഗ്രഹം അത് ഇന്നു രാത്രി തന്നെ തിരിച്ചു കിട്ടണമെന്നാണ്.
കാസ്യോ : ഇയാഗോ, നിങ്ങളുടെ ധിക്കാരപരമായ പെരുമാറ്റം എനിക്കിഷ്ടപ്പെടുന്നില്ല.
ഇയാഗോ : എങ്കില്‍ ശകാരിക്കൂ, എന്നെ നേരേയാക്കു, കാസ്യോ! നിങ്ങളൊരു വെനീഷ്യന്‍ പ്രഭു; ഞാനാകാട്ടെ, പഠിപ്പും വിവരവുമില്ലാത്ത ഒരു പരുക്കന്‍ മൂറിഷ് പട്ടാളക്കാരന്. മൂറുകള്‍ പഴഞ്ചന്‍ ആയോധനമുറകളാണ് ശീലിച്ചിട്ടുള്ളതെന്നും, അതുകൊണ്ട് വാളും കഠാരയും ശരിയായ മട്ടില്‍ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് എന്നെ പഠിപ്പിക്കാമെന്നും ഇടയ്ക്കൊരു നാള് നിങ്ങള്‍ വാക്കു തന്നത് ഓര്‍മ്മയില്ലേ? ആ വാഗ്ദാനം നിറവേറ്റൂ, കാസ്യോ. ഈ പുത്തന്‍ കല ഞാന്‍ പഠിക്കട്ടെ. നോക്കൂ, ഞാന്‍ തയ്യാറായാണ് വന്നിരിക്കുന്നത് (വാളൂരുന്നു) ദേ, ഈ വാളും, പിന്നെ (കഠാരയെടുക്കുന്നു) ഈ കഠാരയും. എന്നെ പഠിപ്പിക്കൂ, കാസ്യോ. പഠിക്കാന്‍ ഞാന്‍ വെമ്പുകയാണ്.
കാസ്യോ : ദേ, തനിക്കു ഞാന്‍ സര്വ്വമുന്നറിയിപ്പും തന്നതാണ്.
ഇയാഗോ : പഠിപ്പിക്കൂ, കാസ്യോ, ഞാന്‍ അപേക്ഷിക്കുകയാണ്! എനിക്കു യഥാര്‍ത്ഥ വിദ്യാഭ്യാസം ആവശ്യമാണ്.
കാസ്യോ : (വാളും കഠാരയും എടുക്കുന്നു) എന്റെ മുന്നറിയിപ്പ് പരിഗണിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചു. ശരി, ഇനി, എന്റെ ക്രോധം എന്തെന്നറിയുക. സ്വയം രക്ഷിച്ചുകൊള്ളൂ!
(അവര്‍ പോരാടുന്നു)
ഇയാഗോ : (പരിഹാസത്തോടെ) അയ്യോ! ഞാനോടുകയാ, ഓടി രക്ഷപ്പെടുകയാ, നിലവിളിക്കുകയാ! അയ്യോ! രക്ഷിക്കണേ! കാസ്യോയുടെ മൂര്‍ച്ചയുള്ള വാളില്‍ നിന്ന് എന്നെ രക്ഷിക്കണേ! അല്ലെങ്കില്‍ എന്നെ തുണ്ടം തുണ്ടമായി വെട്ടിക്കീറും! ഇംഗ്ലീഷുകാരന് സായ്പ് പരിശീലിപ്പിച്ച കാസ്യോ യൂറോപ്പിലെ ഏറ്റവും നല്ല വാള്പോരാളിയാണ്. അയ്യോ! പക്ഷേ, പക്ഷേ, ദേ, ഈ ഇയാഗോ യൂറോപ്പുകാരനല്ല എന്ന കാര്യം കാസ്യോ മറക്കുന്നു. ആഫ്രിക്കക്കാര്‍ക്കും വാള്പയറ്റിനെപ്പറ്റി ചിലതൊക്കെ അറിയാമെന്ന കാര്യം മറക്കുന്നു. ദേ, ഇവിടെ, ഇവിടെ വെട്ടുക, കാസ്യോ. അവിടെയല്ല, ഇവിടെ, ഇവിടെ. വാള്, കഠാര, വാള്... ഞാന്‍ ശരിക്ക് പഠിക്കുന്നുണ്ടോ, കാസ്യോ? ഉണ്ടോ? നല്ല ശിഷ്യനാണോ ഞാന്‍? പറയൂ. നിങ്ങള്‍ പഠിപ്പിക്കുന്ന രീതി എനിക്കിഷ്ടമായി. പക്ഷേ, പക്ഷേ, ഈ പാഠം ഭയങ്കര ബോറാ! മതി, കാസ്യോ, മതി. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം, ഇങ്ങനെ!
(കാസ്യോയെ കുത്തി മുറിവേല്‍പ്പിക്കുന്നു)
പ്രൊഫസര്‍ : (കാസ്യോ മാസ്ക് വലിച്ചു മാറ്റിക്കൊണ്ട്) അയ്യോ! എനിക്കു മുറിവേറ്റിരിക്കുന്നു! മാഡം! മാഡം!
(സ്ത്രീ പ്രവേശിക്കുന്നു)
സ്ത്രീ : എമീലിയ. എമീലിയ എന്നാണെന്റെ പേര്.
(പ്രോപ്സുമായി കളിക്കാര്‍ പ്രവേശിക്കുന്നു. അവര്‍ പ്രൊഫലര്ക്കു ചുറ്റും നില്ക്കുന്നു)
പ്രൊഫസര്‍ : ഇപ്പോള്‍, ഈ നിമിഷം നിങ്ങളുടെ പേര് എന്റെ പ്രശ്നമല്ല. ദേ, കണ്ടില്ലേ, ചോരയൊലിക്കുന്നത് കണ്ടില്ലേ? കണ്ടില്ലേ? അയ്യോ!
സ്ത്രീ : ഛെ, ഛെ! ദേ, ഇവിടെയിരിക്കൂ (പ്രൊഫസറെ മടിയില്‍ തലചായ്ച്ചു കിടത്തുന്നു) ഓ, ചെറിയൊരു മുറിവ്. എന്റെ ചെറുവിരലിന്റത്രയും മാത്രം വലിപ്പത്തില്‍.
പ്രൊഫസര്‍ : ഡോക്ടറെ വിളിക്കൂ! വേഗം, വേഗം!
സ്ത്രീ : ദേ, പിള്ളേരെപ്പോലെ കളിക്കാതെ. ആ തൂവാലയെടുക്കൂ. (പ്രൊഫസര്‍ തൂവാലയെടുത്തു മുറിവില്‍ വയ്ക്കുന്നു) ദേ, ചോരയോട്ടം നിന്നു.
പ്രൊഫസര്‍ : ഇന്ഫെക്ഷന്! ഇന്ഫെക്ഷനാവും!
സ്ത്രീ : (അല്പം വീഞ്ഞ് മുറിവിലേക്ക് ഒഴിക്കുന്നു) ഒരിത്തിരി മദ്യം അത് നേരേയാക്കിക്കൊള്ളും.
പ്രൊഫസര്‍ : ഇത് ഭ്രാന്താണ്!
സ്ത്രീ : ഭ്രാന്തോ? എങ്ങനെ?
പ്രൊഫസര്‍ : എനിക്കു ശരിക്കും പരിക്ക് പറ്റിയേനെ.
സ്ത്രീ : എന്നുവെച്ചാല്‍, ഞങ്ങളുടെ കളിയുടെ രീതി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്ന്, അല്ലേ? ഞങ്ങള്‍ പരുക്കന്മാരാണെന്ന് നിങ്ങള്‍ കരുതുന്നു, അല്ലേ?
പ്രൊഫസര്‍ : അതെ, ഈ കളി എനിക്കിഷ്ടമാകുന്നില്ല. ഞാനൊരു പണ്ഡിതനാണ്, അതല്ലാതൊന്നുമല്ല. ഇങ്ങനെയൊരു വിഡ്ഢിത്തത്തില്‍ ഞാന്‍ പെട്ടുപോയതെങ്ങനെയെന്ന് എനിക്കു മനസ്സിലാവുന്നില്ല. മാത്രമല്ല, നിങ്ങളുടെ കഥ ഒട്ടും വിശ്വസനീയമല്ല താനും. യഥാര്‍ത്ഥത്തില്‍ എന്താണോ സംഭവിച്ചത്, അതേപ്പറ്റിയുള്ള നിങ്ങളുടെ വക്രമായ കാഴ്ചപ്പാടിനു യോജിക്കുംവിധം സര്‍വകാര്യങ്ങളും നിങ്ങള്‍ വളച്ചൊടിക്കുകയാണ്.
സ്ത്രീ : എന്നുവച്ചാല്‍, ഞങ്ങള്‍ സത്യമാണു പറയുന്നതെന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ല, അല്ലേ?
പ്രൊഫസര്‍ : അല്ലെങ്കില്‍, ഇങ്ങനെ പറയാം. നടന്നു കഴിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍, വസ്തുനിഷ്ഠതയോടെ സത്യം കാണാന്‍ നിങ്ങള്‍ക്കു കഴിയുമോയെന്ന് ഞാന്‍ സംശയിച്ചു തുടങ്ങുകയാണ്.
സ്ത്രീ : ഓ, വസ്തുനിഷ്ഠതയെപ്പറ്റിയാണ് നാം സംസാരിച്ചു കൊണ്ടിരുന്നത് എന്നു ഞാന്‍ അറിഞ്ഞില്ല. സംഭവത്തെപ്പറ്റിയുള്ള ഞങ്ങളുടെ കാഴ്ചപ്പാട് എന്തെന്നറിയാന്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ ധരിച്ചത്.
പ്രൊഫസര്‍ : അതു ശരിതന്നെ. പക്ഷേ, ഞാനൊരു കാര്യം തുറന്നു പറയട്ടെ. ഞാനൊരു പണ്ഡിതനാണ്. വസ്തുതയും ഭാവനയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
സ്ത്രീ : അതു ശരി. അപ്പോള്‍, നിങ്ങള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് ഞങ്ങള്‍ കാണുന്ന കാര്യങ്ങളല്ല, മറിച്ച് നിങ്ങള്‍ സ്വയം കാണുന്ന കാര്യങ്ങള്‍ മാത്രമാണ്, അല്ലേ?
പ്രൊഫസര്‍ : ഞാന്‍ പറയുന്നതിതാണ്: ഞാന്‍ പരിശീലനം സിദ്ധിച്ചിട്ടുള്ള ഒരു നിരീക്ഷകനാണ്. നിങ്ങള്‍ നല്കുന്ന വിവരങ്ങളെ മറ്റിടങ്ങളില്‍ നിന്നു കിട്ടുന്ന വിവരങ്ങളുമായി തട്ടിച്ചുനോക്കി, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെപ്പറ്റി ഏതാണ്ട് കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരുകയെന്നതാണ് എന്റെ ജോലി. ഒരു പണ്ഡിതനെന്ന നിലയില്‍ എനിക്കു നിങ്ങള്‍ പറയുന്ന സര്‍വകാര്യങ്ങളും അതേപടി മുഖവിലയ്ക്കെടുക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം.
സ്ത്രീ : അതു ഞാന്‍ മനസ്സിലാക്കുന്നു.
പ്രൊഫസര്‍ : ഗുഡ്. ഇനിയും മുന്നോട്ടു പോകുന്നതിനു മുന്‍പ് ഈ കാര്യം വ്യക്തമാക്കണമെന്ന് എനിക്കു തോന്നി.
സ്ത്രീ : അതു നേരത്തേ വ്യക്തമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. സാരമില്ല, ഇപ്പോള്‍ ഞാനതു മനസ്സിലാക്കുന്നു.
പ്രൊഫസര്‍ : (ശ്വാസം പിടിച്ചുകൊണ്ട്) ഗുഡ്!
സ്ത്രീ : ഇനി നമുക്ക് തുടരാമോ? ഏതാണ്ട് അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്, നാം. ഇവിടെ വച്ച് കഥയുടെ കുതിപ്പ് തടയുന്നത് നാണക്കേടാണ്.
പ്രൊഫസര്‍ : ഒരു നിമിഷം, എന്റെ ശ്വാസമൊന്ന് നേരെയാവട്ടെ.
സ്ത്രീ : മറ്റൊരു കാര്‍ഡ് എടുക്കൂ, പെട്ടെന്ന്!
(പ്രൊഫസര്‍ കാര്‍ഡെടുക്കുന്നു) മറുവശം നോക്കൂ.
(അത് ഡെഡ്സിമോണയുടെ കാര്‍ഡാണ്)
പ്രൊഫസര്‍ : ഡെസ്ഡിമോണ? ഞാന്‍... ഞാന്‍...
സ്ത്രീ : അതെ, ഡെസ്ഡിമോണ! (കളിക്കാര്‍ സ്ത്രീ ആവശ്യപ്പെടുന്നതനുസരിച്ച് വസ്ത്രങ്ങളും മറ്റും നല്കുന്നു) നെക്ക്ലേസ് കൊടുക്കൂ. (കളിക്കാരന്-3 പ്രൊഫസറെ നെക്ക്ലേസ് അണിയിക്കുന്നു.) നിശാവസ്ത്രം. (പ്രൊഫസര്‍ മനസ്സില്ലാമനസ്സോടെ നിശാവസ്ത്രം അണിയാന്‍ തുടങ്ങുന്നു. സ്ത്രീ തടയുന്നു.) നോ, നോ! ആദ്യം ഷര്‍ട്ട് അഴിച്ചു മാറ്റൂ. (പ്രൊഫസര്‍ പ്രതിഷേധിക്കുന്നു) സത്യാന്വേഷികള്‍ക്ക് അധൈര്യപ്പെടാനോ അനാവശ്യമായ മാന്യത നടിക്കാനോ അവകാശമില്ല! (പ്രൊഫസര്‍ ഷര്‍ട്ട് അഴിച്ചു മാറ്റുന്നു, പാന്റ്സ് അഴിക്കാന്‍ തുടങ്ങുന്നു) വേണ്ട! ഗൗണ്‍ അണിഞ്ഞതിനു ശേഷം അതൂരിയാന് മതി. (ഗൗണ്‍ അണിയുന്നു) യെസ്, ഇനി പാന്റ്സ് അഴിക്കാം. (പ്രൊഫസര്‍ നിശാവസ്ത്രം തിരിച്ചാണിട്ടിരിക്കുന്നത്)
പ്രൊഫസര്‍ : ഇത് തിരിച്ചാണിട്ടിരിക്കുന്നത്. അയ്യോ! എന്റെമുറിവ്! വീണ്ടും ചോരയൊലിക്കുന്നു. ഗൗണിലൊക്കെ രക്തക്കറ പുരളുന്നു.
സ്ത്രീ : സാരമില്ല. ഇനി, അങ്കി. (കളിക്കാരന്-5 പ്രൊഫസറെ മേലങ്കി അണിയിക്കുന്നു) മുഖംമൂടി. (കളിക്കാരന്-3 മുഖംമൂടി അണിയിക്കുന്നു. സ്ത്രീ ഒരു നിമിഷം പ്രൊഫസറുടെ പുത്തന്‍ രൂപം ശ്രദ്ധിച്ചു കൊണ്ടു നില്ക്കുന്നു) ഡെസ്ണിമോണ - നല്ലവളായ വെളുത്ത സുന്ദരി!
പ്രൊഫസര്‍ : അപ്പോള്‍, അപ്പോള്‍ നിങ്ങള്‍?
സ്ത്രീ : ഞാന്‍ കറുത്തവനായ മൂര്‍; ഒഥെല്ലോ!
എല്ലാവരും : ഒഥെല്ലോ! ഒഥെല്ലോ!
(കളിക്കാര്‍ സ്ത്രീക്ക് ഒഥെല്ലോയുടെ മാസ്ക്, ബര്നൂസ്, കഠാര എന്നിവ നല്കുന്നു)
സ്ത്രീ : ഇത് നമ്മുടെ കിടപ്പറ. ഇനി, അധികം താമസിയാതെ, ലോകത്തിനു മുന്നില്‍ നീ എന്നെ ഒരു പടുവിഡ്ഢിയാക്കിത്തീര്ത്തെന്ന ആരോപണവുമായി ഞാനിവിടെ എത്തിച്ചേരും. അതുവരെ-
(ഡെസ്ഡിമോണയെ പിടിച്ചു തള്ളുന്നു. ഡെസ്ഡിമോണ പോകുന്നു.)
ഡോ.വി.സി.ഹാരിസ്
(തുടരും)








