ചങ്ങാതിമാരേ, ശത്രുക്കളേ...
ബി. അബുബക്കര്‍ ഒന്നാമന്‍ ചിക്കുന്‍ ഗുനിയ ബാധിച്ച് വിരലുകള്‍ കോച്ചി, ടൈപ്പു ചെയ്യാനാകാത്ത വിധം ക്ഷീണിതനായി ഒരു സ്വകാര്യ മേടിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കേട്ടെഴുതിയെടുക്കാമെന്നുവച്ചാല്‍, അളിയന് പറഞ്ഞുകൊടുക്കാനാകാത്തവിധത്തില്‍ ചുമയും ബാധിച്ചിരിക്കുന്നു. കേട്ടെഴുത്തുകാരന് കോട്ടുവായും വരുന്നു. ബി.അബുബക്കര്‍ രണ്ടാമനെ, ബെനഡിറ്റെ ക്രോചെയെന്നാണോ ബെനഡിറ്റ് ക്രോച് എന്നാണോ ബെടികൊണ്ട കോക്രോച്ച് എന്നാണോ യഥാര്‍ത്ഥത്തില്‍ ഉച്ചരിക്കേണ്ടത് എന്നു പഠിക്കാന്‍ വിദേശത്തേക്ക് അയച്ചിരിക്കുകയാണ്. എന്നിട്ടു ക്ലാസില്‍ക്കേറിയാമ്മതിയെന്നാ ഏഡുമാഷ് പറഞ്ഞേക്കുന്നത്.
ബി.അബുബക്കര്‍ മൂന്നാമന്‍ ബ്രോചേവാ രവരേ.... അഥവാ, ക്രോച്ചേ.... വാ.... ലവരേ... എന്ന കീര്‍ത്തനം തുടരെക്കേട്ടുകൊണ്ടിരിക്കുകയും ത്യാഗരാജകീര്‍ത്തനങ്ങളിലെ ഹരിമുദ്രകള്‍ ഹൈന്ദവബിംബങ്ങളോ എന്ന വിഷയത്തില്‍ ആള്‍ക്കാരുമായി തര്‍ക്കിച്ച് ജയിച്ച്, രേവതി പട്ടത്താനം കിട്ടിയിരിക്കുകയും ആണ്. സംഭവത്തിന്റെ പേര് രേവതി പട്ടത്താനം എന്നതു മാറ്റി സൈനബ പട്ടത്താനം എന്നാക്കണോ എന്ന് പുരസ്‌കാരസമിതി എഴുതിയ കത്തിന് സെക്കുലര്‍ മറുപടി എഴുതുന്ന തിരക്കിലുമാണദ്ദേഹം.
ബി.അബുബക്കര്‍ നാലാമന്‍ തന്റെ കൈവശമുണ്ടായിരുന്ന സിഗ്നിഫൈയേഴ്‌സ് ആന്റ് സിഗ്നിഫൈഡ്‌സ് എന്ന പുസ്‌തകത്തിലെ വിവരമെല്ലാം എഴുതിക്കഴിഞ്ഞു. അതിനാല്‍ ഇനി നിരൂപണമെഴുത്തു സാദ്ധ്യമല്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതൊക്കെക്കൊണ്ട് ബി.അബുബക്കര്‍മാര്‍ അഞ്ച്, ആറ്, ഏഴ് എന്നിവന്മാര്‍ ചേര്‍ന്നാണിത് എഴുതുന്നത്. അതിന്റേതായ തെറ്റുകുറ്റങ്ങളും മറ്റും കണ്ടേക്കും... തമ്പുരാനേ, ക്ഷമിക്കണേ...
ഒരുത്തന് ഒറ്റയ്‌ക്ക് ഇത്തറേം പുത്തിയൊന്നും പാടില്ലെന്നാണ് ഉദാരവല്‍ക്കരണകാലത്തെ ഉദീരണങ്ങള്‍. ഒരുത്തന് ഒറ്റയ്‌ക്ക് നിധികിട്ടിയാലും അത് നിലവറക്കുണ്ടില്‍ത്തന്നെ വയ്‌ക്കണമെന്നു പറയുന്നവര്‍ ഒരുത്തന് ഇത്തറേം പുത്തിയൊണ്ടെന്നു കണ്ടാല്‍ അതു പലര്‍ക്കായി പങ്കിട്ടുകൊടുക്കണമെന്നു പറയുന്നതിന്റെ യുക്തിയങ്ങോട്ടു പിടികിട്ടുന്നില്ല. ഒരുത്തന് ഇത്തറേം പുത്തിയുണ്ടെങ്കില്‍പ്പിന്നെ അവനെ മാര്‍ത്താണ്ടം ഡോക്‌ടറുടെ മാനസികരോഗാശുപത്രിയിലാക്കണമെന്നാണ് തലയില്ലാത്ത ആള്‍ക്കൂട്ടം പറയുന്നത്.
ഒരുത്തന്‍ തന്നെയാണോ ആണെങ്കില്‍ത്തന്നെ അവന്‍ വരത്തനാണോ മേത്തനല്ലേ എന്നെല്ലാമുള്ള ചോദ്യങ്ങളും ഭൂതക്കണ്ണാടി, ലോക്കല്‍ പോലീസ്, പോലീസ് നായ, ഫോറന്‍സിക് പൊടി എന്നിങ്ങനെയെല്ലാമായിട്ട് ഇറങ്ങുന്നവരില്‍ ബുദ്ധിജീവികളുമുണ്ടെന്നതാണു കഷ്‌ടം. മുണ്ടുരിഞ്ഞുനോക്കിയിട്ടുമാത്രം കഴുത്തു മുറിക്കണോ മുറിക്കണ്ടയോ എന്നു തീരുമാനമെടുക്കുന്ന ആളുകളുള്ള രാജ്യത്ത് ലേഖനമെഴുതുന്നവന്റെ പേര്, ജാതി, മതം, വിദ്യാഭ്യാസയോഗ്യത, ബുദ്ധിനിലവാരം എന്നിവയൊക്കെ കണ്ടുപിടിക്കാനും ഇവന്‍ അവനല്ലേ എന്ന് ഊഹക്കച്ചവടം നടത്താനും ബുദ്ധിയുള്ളവന്മാര്‍ക്കും എങ്ങനെ തോന്നുന്നു എന്നതു നടുക്കുന്ന കാര്യമാണ്.
ആരെഴുതിയാലും എന്തെഴുതുന്നു എന്നതല്ലേ കാര്യം. ഒരാള്‍ തന്റെ പേര് ഇന്നതാണെന്നു പറയുമ്പോള്‍, ഹേയ്... അങ്ങനെ വരില്ലല്ലോ എന്നു പറയാനും ഇത്രമാത്രം അന്വേഷിക്കാനും, ബി അബുബക്കര്‍ കള്ളപ്പേരില്‍ ചെറ്റപൊക്കാനും ജ്വല്ലറി കുത്തിത്തുറക്കാനും ബാങ്കുകൊള്ളയ്‌ക്കും മാലപൊട്ടിച്ചോണ്ടോടാനും ഒന്നുമല്ലല്ലോ എറങ്ങീരിക്കുന്നത്.
അതെഴുന്നയാള്‍ ഇതെഴുതുന്നയാള്‍ തന്നെയാണോ എന്നെല്ലാമുള്ള അന്വേഷണം എപ്പോഴെങ്കിലും പ്രസക്തമാകുന്നെങ്കില്‍, അത് എഴുത്തുകളുടെ ആശയവൈരുദ്ധ്യത്തിന്റെ പേരിലാവണം. ഇവിടെ പക്ഷേ, ആശയസാമ്യം വച്ചുകൊണ്ടാണ് പല ആളുകളുടെ പേരുകള്‍ ദിവന്‍തന്നെ ദവന്‍ എന്ന മട്ടില്‍ ആളുകള്‍ പൊക്കിപ്പറയുന്നത്. മറ്റേ രീതിയില്‍ ആളെ കണ്ടെത്താന്‍ ആഗ്രഹമുള്ളവര്‍ അകാലചരമം പ്രാപിച്ച പൈങ്കിളി നോവലിസ്റ്റ് മല്ലികാ ശ്രീകുമാറും കോഴിക്കോട്ടെ ഇബ്രാഹിം മാഷും ആരാണെന്ന് അന്വേഷിക്കട്ടെ.
ഇതിനിടെ, ഈ പറയപ്പെടുന്ന പേരുകാരില്‍ ചിലരെങ്കിലും താനാണ്, അല്ലെങ്കില്‍ താനും കൂടിയാണ് അബുബക്കറെന്നും പറയുന്നുവത്രേ... ഏതുംപോരാഞ്ഞ് കഴിഞ്ഞദിവസം ഗൂഗിള്‍ ബസില്‍ എന്റെയതേപേരുകാരന്‍ റ്റിക്കറ്റെടുത്തുപോലും. ഒരേപോലെ ലോകത്ത് ഏഴുപേരാകാമെങ്കില്‍ ഒരേ പേരില്‍ ലോകത്ത് എഴുപത്തയ്യായിരം പേരാകാം.
ഏതായാലും പ്രശസ്‌തിക്കുവേണ്ടിയല്ല ഈ കോളം എഴുതിത്തുടങ്ങിയത്. എഴുത്തുണ്ടാക്കുന്ന കള്‍ചറല്‍ റിസല്‍ട്ട് ഗുണപരമല്ലെന്നു കണ്ട് എഴുത്തുനിര്‍ത്താനും കോളം ഉപേക്ഷിക്കാനുമാണ് തുനിഞ്ഞത്. അപ്പോള്‍ എഡിറ്റന്‍ പറയുന്നത്, ഈ നെഗറ്റീവ് കമന്റുകള്‍ പഴുപ്പുചാട്ടമായി കണ്ടാല്‍ മതി, അബുബക്കറിന്റെ ആശയഗതിയോടു യോജിക്കുന്നവരുടെ വാക്കുകളും കണക്കിലെടുക്കണം എന്നാണ്.
അതിനിടെ, ജി.പി.രാമചന്ദ്രന്‍, സച്ചിദാനന്ദന്‍, കെ.പി.ജയകുമാര്‍ തുടങ്ങിയ അറിയപ്പെടുന്ന ചലച്ചിത്രസൈദ്ധാന്തികര്‍ അബുബക്കറുടെ അക്കാദമികനിലപാടുകള്‍ക്ക് പിന്തുണ നല്‌കുന്നതും കണ്ടു. പ്രതീഷ് പ്രകാശിനെയും അനൂപ് കിളിമാനൂരിനെയും ഡാലി ഡേവിസിനേയും പോലുള്ള സൈബര്‍ സഞ്ചാരികളും വന്ദനം പറയുന്നു. ഇതെല്ലാം ചേര്‍ന്നാണ്, എഴുത്തുണ്ടാക്കുന്നത് സാംസ്‌കാരിക സംവാദതലം തന്നെയാണെന്നുള്ള ഉറപ്പില്‍ എഴുത്തുതുടരുന്നത്. അബുബക്കറിപ്പോഴും എഴുതുന്നതിന് പലപ്പോഴായി ഇവരൊക്കെ നല്‍കിയ പിന്തുണയോടു നന്ദിപറയണം.
പിന്നെ, യശഃശരീരനായ എം കൃഷ്‌ണന്‍നായര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്, ചന്ദ്രനെ നോക്കി പട്ടികള്‍ കുരയ്‌ക്കും. പട്ടികുരകേട്ട് ചന്ദ്രന്‍ ഉദിക്കാതിരിക്കുകയും ചന്ദ്രിക പരക്കാതിരിക്കുകയും ചെയ്യുന്നില്ല. അമാവാസിക്ക് ഒരു ലീവെടുക്കുന്നതല്ലാതെ മൂപ്പര്‍ കൃത്യമായും ഡ്യൂട്ടിക്കു ഹാജരാകുന്നു.
തേജാഭായ് എന്ന ചിത്രമൊന്നും ഒരു റിവ്യു അര്‍ഹിക്കുന്ന ചിത്രമല്ല. ഈ റിവ്യു ചലച്ചിത്രനിരൂപണമെന്ന നിലയില്‍നിന്ന് വിട്ട് ഒരു സൂപ്പര്‍താരം എങ്ങനെയുണ്ടാകുന്നു എന്ന കാര്യവും ജനപ്രിയപ്രമേയങ്ങള്‍ മാറേണ്ടതില്ലാത്തതിന്റെ കാരണവും അന്വേഷിക്കുന്ന ഒന്നായിട്ടാണ് വിചാരിക്കുന്നത്. ഒന്നാംഭാഗം സൂപ്പര്‍താരങ്ങള്‍ ഉണ്ടാകുന്നത്. അതല്ലാതെ, തേജാഭായ് കണ്ടു ബേജാറായ് ചാകാറായ്‌പ്പോയ ഒരാള്‍ക്ക് ആ പടത്തെയെടുത്തു നിരൂപണം എഴുതാന്‍ ഒന്നും തന്നെയില്ല.
ആ അര്‍ത്ഥത്തില്‍ത്തന്നെയാണ് ബി.അബുബക്കര്‍ എന്ന നിരൂപകനെക്കുറിച്ചും കുന്നോളം എഴുതിയത്. അബുബക്കര്‍ ഒരു താരമാകുന്നെങ്കില്‍ അത് എങ്ങനെ, എന്തൊക്കെ ഘടകങ്ങള്‍ ചേര്‍ന്ന് എന്ന നിരൂപണവും കൂടിയാണത് എന്നു കരുതുന്നു. പൃഥ്വിരാജ് സൂപ്പര്‍താരമാകുമ്പോള്‍, അയാളുടെ കല്യാണമെന്ന്, വധുവേത്, മണ്‌ഡപം എവിടെയാണ്, മുഹൂര്‍ത്തം എത്രമണിയാണ്, ആദ്യരാത്രി എപ്പോഴാണ്, ഇത്രേം സൗന്ദര്യം മതിയോ വധുവിന്, ആള്‍ ശെരിക്കിനും മേനോത്തി തന്നെയാണോ... എന്നിങ്ങനെ എല്ലാം അറിയണമെന്നു തോന്നും പൊതുജനത്തിന്. ബി. അബുബക്കറിന് വായനക്കാരും വിപണിമൂല്യവും ഉണ്ടാകുമ്പോള്‍, അയാളുടെ പേരിതുതന്നെയാണോ, ആളെ എവിടെച്ചെന്നാല്‍ കാണാം, ജാതി, മതം, ലിംഗം എന്നിവയേത്, സുന്നത്തു നടത്തിയത് ഡോക്‌ടറോ ഒസ്സാനോ എന്നിങ്ങനെ എല്ലാം അറിയണമെന്നു തോന്നും പൊതുജനത്തിന്. ഒരുവന്‍ ബുദ്ധിജീവിയായാലും സംഘിയായാലും കമ്മുവായാലും ആണ്ടിയായാലും അവന്‍ വെറും പൊതുജനോം കൂടിയാകാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍പ്പിന്നെ, ആനപിടിച്ചാലും രക്ഷയില്ല.
സൂപ്പര്‍താരങ്ങള്‍ ഉണ്ടാകുന്നത്...
ഒരാള്‍ സൂപ്പര്‍താരമാകാന്‍ തീരുമാനിച്ചാല്‍ പിന്നെ അവനെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ല. അതിനു ചില ബാഹ്യവും ആന്തരികവുമായ ലക്ഷണങ്ങളുണ്ട്. അഭിനയിക്കേണ്ട സിനിമകളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതുമുതല്‍, താന്‍ ഓരോ ഷോട്ടിലും എങ്ങനെ പ്രത്യക്ഷപ്പെടണം എന്ന് ഉള്ളിലും പുറമേയും നിശ്ചയിക്കുന്നതുവരെ ആ ലക്ഷണങ്ങള്‍ നീളുന്നു. സിനിമ വീണ്ടും അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌ന്‍മെന്റ് എന്ന മള്‍ട്ടിപ്ലക്‌സ് നിലയിലേക്ക് നീങ്ങുന്ന ഈ കാലത്ത് ഇതിന് നാളിതുവരെയുണ്ടായിരുന്നതിലും കൂടുതല്‍ ആഴമുണ്ടെന്നു മാത്രം.
തന്നെപ്പറ്റിത്തന്നെ സിനിമയ്‌ക്കുള്ളില്‍ക്കൂടി പറയുക എന്നതാണ് ഒരു താരതന്ത്രം. മനുഅങ്കിളില്‍ ലാല്‍ ലാലായെത്തുന്നതും മുത്താരംകുന്നില്‍ മമ്മൂട്ടി മമ്മൂട്ടിയാകുന്നതും അബൂബക്കറിന്റെ റിവ്യൂവില്‍ അബൂബക്കറുടെ പേര് കൂടെക്കൂടെ എഴുതുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്.
തേജാഭായിയില്‍ നായിക നായകനോടു പറയുന്നു - "റോഷന്‍, എന്റെ വിവാഹമാണ്... വരന്‍ പൃഥ്വിരാജ്..."
നായകന്റെ മറുപടി - "ആ സിനിമാനടനോ?"
ഇത് ഒരു ചാട്ടയാണ്. തേജ ആയിട്ടഭിനയിക്കുന്ന പൃഥ്വിരാജ് സിനിമാനടന്‍ പൃഥ്വിരാജിനെപ്പറ്റി നടത്തുന്ന ഈ പരാമര്‍ശം താരനിര്‍മിതിയുടെ ഒരു ക്ലിയര്‍ എവിഡന്‍സാണ്.
ഇതെല്ലാം താരനിര്‍മിതിയുടെ ഘടകങ്ങള്‍ തന്നെയാണ്. ഇതിന്റെ ഏറ്റവും പ്രബലവും പ്രത്യക്ഷവുമായ മുഖമാണ് മുന്‍പു മുഖ്യനടനെ താരമാക്കി വാഴിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച ജനപ്രിയചിത്രങ്ങളുടെ ചേരുവകള്‍ ചേര്‍ത്ത് തന്നെത്തന്നെ വച്ചുകൊണ്ടുള്ള ചലച്ചിത്രങ്ങള്‍ ഉണ്ടാക്കുക എന്നത്. യവനികയിലെ പോലീസ് ഇന്‍സ്‌പെക്‌ടര്‍ പിന്നീടിങ്ങോട്ട് മലയാളസിനിമയിലെ പോലീസ് കഥാപാത്രനിര്‍മിതികളെ സ്വാധീനിച്ചത് ഇങ്ങനെയാണ്.
ഇങ്ങനെയുള്ള സൂത്രവാക്യങ്ങളുടെ മിശ്രിതമായിരുന്നു താന്തോന്നി, ത്രില്ലര്‍ തുടങ്ങിയ ചിത്രങ്ങള്‍. ഇവരണ്ടും പരാജയപ്പെട്ടത് ഒരളവോളം പൃഥ്വിരാജിന് തിരിച്ചടിയുമായി. ഇതിഹാസമാനമുള്ള, താനെന്ന വ്യക്തിയേക്കാളും താന്തോന്നിയിലെ വലിയവീട്ടില്‍ കുഞ്ഞുകുഞ്ഞിനെക്കാളും തലപ്പൊക്കവും അമാനുഷികതയും ദ്യോതിപ്പിക്കുന്ന കഥാപാത്രമായി വളരുക. പടര്‍ന്നങ്ങു പന്തലിക്കുക. അതു പൊതുജനം സര്‍ട്ടീറ്റെഴുതി അറ്റസ്റ്റു ചെയ്‌തുതന്നാല്‍ പിന്നെയെന്തുമാകാം എന്നതാണ് താരോദ്ദേശ്യം. ആ ലിറ്റ്‌മസ് ടെസ്റ്റായിരുന്നു ഉറുമി.
സിനിമാലോകത്തെ ഗസറ്റഡ് ഓപ്പീസറന്മാരായ പ്രേക്ഷകര്‍ ഉറുമി കണ്ട്, അതിന്റെ ഒറിജിനലുകളായ വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നിവയുമായി ഒത്തുനോക്കിയും പൃഥ്വിയുടെ ഫാന്‍സിഡ്രസ്സ്, മമ്മൂട്ടിയുടെ ഫാന്‍സിഡ്രസ്സ് എന്നീ ഫോട്ടോകളും ഒത്തുനോക്കിയും കീഴെ ഒപ്പിട്ടുകൊടുത്തു. അതോടെ, പൃഥ്വി സൂപ്പര്‍താരമായി. ഇനിവേണ്ടത് ആ കസേരയുറപ്പിക്കാനുള്ള കളികളാണ്. അതിന് മലയാളത്തിലാണെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇനീം സര്‍ട്ടീറ്റുവേണം.
മമ്മൂട്ടിയെപ്പോലെ ഉറുമി വീശിയാല്‍ മാത്രം പോരാ... മോഹന്‍ലാലിന്റെയാ തമാശക്കളീം കുസൃതീം ആള്‍മാറാട്ടക്കളീം കൂടി ഒറിജിനല്‍ ഒത്തുനോക്കി അറ്റസ്റ്റു ചെയ്‌ത കോപ്പിയുമായി വന്നാലേ അവന്‍ അവസാനത്തെ ചിരി ചിരിക്കൂ... പൃഥ്വിയുടെ ആ രണ്ടാമത്തെ സര്‍ട്ടീറ്റിന്റെ കോപ്പിയാണ് തേജാഭായ് എന്ന സിനിമ. അത് ഒത്തുനോക്കി ഒപ്പിട്ടുകൊടുക്കണോ വേണ്ടയോ എന്ന ചുമതലയാണ് പ്രേക്ഷകനു നിര്‍വഹിക്കാനുള്ളത്. അവ്വക്കറിതിലൊപ്പിടുന്നില്ല, അത്രമാത്രം. കാരണം, ഇത് ഒറിജിനലുകള്‍ നോക്കിയുണ്ടാക്കിയൊരു കള്ളസര്‍ട്ടിഫിക്കറ്റാണ്.
തമിഴ്‌നാട്ടില്‍ ഈയടുത്തിടെ ഒരു താരനിര്‍മാണകലാപമുണ്ടായി. പരുത്തിവീരനിലും സുബ്രഹ്മണ്യപുരത്തിലും ഒക്കെക്കൂടിയാണത് ഉണ്ടായത്. അതു കണ്ടതും കീഴ്‌ക്കെട നടക്കുന്നതും കീഴ്‌ക്കോടതി വിധികളും പരിഗണിക്കാത്ത മാതൃഭൂമി ആഴ്‌ചച്ചതിപ്പുകാരന്‍ (ആഴ്‌ചതോറുമുള്ള ചതി, ആഴത്തില്‍) താരത്തെ കുത്തിക്കൊന്ന തമിഴ്‌സിനിമ എന്നു പ്രാസം കാച്ചി.
പരുത്തിവീരനില്‍ അഭിനയിച്ച കാര്‍ത്തി ഇന്നു തമിഴ്‌സിനിമയില്‍ സൂപ്പര്‍താരമാണ്. സുബ്രഹ്മണ്യപുരത്തിലഭിനയിച്ച ജയ് എന്ന നായകന്‍ സൂപ്പര്‍താരമാകാന്‍ തുടര്‍ന്നുകളിച്ച കളി ഇനിയും വിജയം കണ്ടിട്ടില്ല. ആഴ്‌ചച്ചതിപ്പുകാരന്‍ കണക്കിലെടുക്കാതെ പോയ കീഴ്‌ക്കെടക്കാര്യം കമലും രജനിയുമൊക്കെ മൂന്നുമൂന്നരപ്പതിറ്റാണ്ടു മുന്‍പേ ഇതേപോലെ താരത്തെ കുത്തിക്കൊന്ന് താരമായവരാണെന്നതാണ്.
പതിനാറുവയതിലേ മുതല്‍ പുന്നകൈമന്നന്‍ വരെയുള്ള കമല്‍പരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക. രജനിയുടെ ഭൈരവി മുതല്‍ മുള്ളും മലരും വരെയുള്ള ചിത്രങ്ങളും ഇങ്ങനെ നോക്കാം.
മലയാളത്തിലും ഇവിടത്തേതായ താരസങ്കല്‌പങ്ങളനുസരിച്ചാണ് താരരൂപങ്ങള്‍ നിര്‍മിതമായിട്ടുള്ളത്. മമ്മൂട്ടി - ഭര്‍ത്താവ്, മോഹന്‍ലാല്‍ - കാമുകന്‍ എന്ന ആദ്യപ്രതിച്ഛായാ നിര്‍മാണം മുതല്‍ അത് വളര്‍ച്ചയ്‌ക്കനുസരിച്ച് ഊട്ടിയുറപ്പിക്കപ്പെട്ടു. ഇടയ്‌ക്ക് മമ്മൂട്ടിക്ക് തമിഴില്‍ സമ്മതിയുണ്ടായപ്പോള്‍ കനല്‍ക്കാറ്റു പോലെയുള്ള സിനിമകളിലൂടെ ഒരു രജനി ഇംപാക്‌ട് ഉണ്ടാക്കാന്‍ ശ്രമിച്ചത് മലയാളികള്‍ കൂട്ടത്തോടെ എതിര്‍ത്തതിനാല്‍ വേണ്ടെന്നു വച്ചതും ഓര്‍ക്കുക.
സൂപ്പര്‍താരനിര്‍മിതിയിലെ ഒരു പ്രധാനപ്പെട്ട സംഗതി കൂടി ഇനി പൃഥ്വിരാജ് സര്‍ട്ടീറ്റാക്കിമാറ്റാനുണ്ട്. അത് പ്രച്ഛന്നവേഷമത്സരത്തിലെ രണ്ടാം ഐറ്റമാണ്. അതായത്, ഗരിമയുള്ള ഇതിഹാസവേഷം ഉറുമിയിലൂടെ ഇട്ടതുപോലെ, ഇനിയൊരു ഞൊണ്ടിക്കാലനായോ, മുഖത്തു പൊള്ളലേറ്റവനായോ കൂനനായോ ഭിക്ഷക്കാരനായോ കൂടി അഭിനയിക്കണം (മൃഗയ, ഉയരും ഞാന്‍ നാടാകെ, പൊന്നുച്ചാമി, കുഞ്ഞിക്കൂനന്‍, പതിനാറു വയതിനിലേ, ഗുണാ, സൂര്യമാനസം, പരദേശി, വാനപ്രസ്ഥം, ശേഷം...). ഈ സിനിമകള്‍ വിജയിച്ചാല്‍ നന്ന് എന്നല്ലാതെ വിജയിക്കണമെന്നു നിര്‍ബന്ധമില്ല. പക്ഷേ, അതിന്റെ സര്‍ട്ടീറ്റുവേണം. ഈ സര്‍ട്ടീറ്റിനായി പൃഥ്വിരാജിന്റെ ആശയദാതാക്കള്‍ നോത്രദാമിലെ കൂനന്‍പോലുള്ള നോവലുകള്‍ വായിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, മേല്‍ച്ചൊന്ന സിനിമകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
ക്ലോസ് അപ്പുകളിലും പ്രൊഫൈല്‍ ഷോട്ടുകളിലും എങ്ങനെ തലവെട്ടിക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെ കണ്‍പീലികളും പുരികകങ്ങളും ഇളക്കണം, എന്നുവേണ്ട ചലനവ്യവസ്ഥകൊണ്ട് താരസ്വരൂപത്തെ സൃഷ്‌ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ദ്വന്ദ്വച്ഛായാപരിവേഷമായ തൂവാനത്തുമ്പികള്‍ മുതല്‍ ഉസ്‌താദുവരെയുള്ള സംഗതികളെ ഇവിടെ കാണാം. അതിനൊപ്പം വൈഡ് ആംഗിളില്‍ വിലസിനിന്ന് എക്കോയിട്ട് നെവര്‍ എവര്‍ എഗൈന്‍... എന്നൊക്കെയുള്ള കാച്ചും.
ഇപ്പറഞ്ഞപോലെയാണ് തേജാഭായിയിലെ 'ഡയഗോളുകള്‍'. ഓരോ ഡയഗോലും അതിന്റെ പഞ്ചും ഒക്കെ താരത്തെ മുന്‍പ് സൃഷ്‌ടിച്ചെടുത്തതിന്റെ വേറൊരുവിധമായ ആവര്‍ത്തനമാകണം. ദിത് ദതു തന്നെ എന്നു പ്രേക്ഷകനു തോന്നണം. എന്നിട്ട് അവരു ദിത് ദതല്ല, പുദുദാ... എന്ന് പറയുകയും വേണം. ചില്ലറപ്പണിയല്ല ഇതൊന്നും. താന്തോന്നിയില്‍ വേഷഭാവരൂപനിര്‍മിതിയും ഡയഗോലുകളും സംഘം മുതല്‍ ലേലം വരെ നാംകണ്ട നായകനിര്‍മാണസാമഗ്രികളായിരുന്നിട്ടും ജനം പറഞ്ഞത്, പോരാ... പോരാ... എന്നാണ്. അതുകൊണ്ടാണിപ്പോള്‍, ഈ തേജാഭായ്...
എന്റെ അഭിപ്രായത്തില്‍ ഈ ചിത്രം വിജയിച്ചു പണ്ടാരമടങ്ങിപ്പോട്ടെ എന്നാണ്. അല്ലെങ്കില്‍, ന്നേംകൂടെ സൂപ്പര്‍സ്റ്റാറായിട്ട് അങ്ങീകരിച്ചേപറ്റൂ എന്നു നിരാഹാരമിരിക്കുന്ന (നിരാഹാരത്തിന്റെ കാലമാണല്ലോ) പൃഥ്വിരാജ് ഇതുപൊട്ടിയാല്‍ ഇതിനേക്കാള്‍ വലിയ ഇണ്ടാസുമായിട്ടുവരും. അതും നമ്മളു കാണേണ്ടിവരും... അതുകൊണ്ട് അളിയോ... അളിയനും സൂപ്പര്‍സ്റ്റാറന്‍ തന്നെ... സമ്മതിച്ചു... നേരത്തേ പറഞ്ഞതും പിന്‍വലിച്ചു... കള്ളസര്‍ട്ടീറ്റിന്റെ കോപ്പിയെട്... എവിടാന്നാ ഒപ്പിട്ടുതന്നേക്കാം... ഇനിയൊന്നു നെലത്തുനിക്കാവോ? ഒരഞ്ചുമിനിറ്റ്?
മായാവി മുതല്‍ തേജാഭായ് വരെ...
ജനപ്രിയകലയുടെ അടിസ്ഥാനസ്വഭാവം തന്നെ അനുകരണമാണ്. കലയുടെ തന്നെ അടിസ്ഥാനസ്വഭാവം അനുകരണമാണെന്നും പറയാം. അനുകരണത്തിന്റെ അനുകരണമാണെന്ന പ്ലേറ്റോയുടെ കലാദര്‍ശനം പോലെ പ്രാചീനമാണ് അതിന്മേല്‍ നടന്ന പായാരങ്ങളും ടിപ്പണികളും.
1984ല്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമവന്നു വിജയിച്ചതിനെത്തുടര്‍ന്നാണ് കുട്ടികളെ ആകര്‍ഷിക്കാന്‍ ബാലരമയില്‍ അതേ കഥാപാത്രത്തെവച്ച് മായാവി എന്ന ചിത്രകഥ തുടങ്ങുന്നത്. വര്‍ഷങ്ങളായി മായാവിയുണ്ട്. കുട്ടിച്ചാത്തന്‍ പത്തുവര്‍ഷം കൂടുമ്പോള്‍ വീണ്ടും വരുന്നുമുണ്ട്. ഇതിനിടെ, ബാലരമയിലെ മായാവിയെന്ന ടൈറ്റില്‍ എടുത്ത് മമ്മൂട്ടിയെവച്ച് റാഫിമെക്കാര്‍ട്ടിന്‍മാര്‍ പടവും ചെയ്യുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മായാവി എന്നീ കഥാപാത്രങ്ങളുടെ വിജയത്തിനുശേഷമാണ് കുട്ടിച്ചാത്തന്‍ മഠങ്ങളുടെ ഇപ്പോഴത്തെ വ്യാപനവും ജനപ്രീതിയുമുണ്ടായതെന്നുള്ളതുറപ്പാണ്. ചില ഘടകങ്ങള്‍ എങ്ങനെ പരസ്‌പരം സ്വാധീനിക്കുന്നു എന്നതിന് ഇതിനേക്കാള്‍ നല്ലൊരുദാഹരണം പറയാനില്ല.
ജനപ്രിയമട്ടില്‍ ഫോര്‍മുല എന്നു വിളിക്കുന്ന സംഗതികള്‍ ഇങ്ങനെയാണുണ്ടായിവരുന്നത്. വിജയം നേടിയ ഒരു സിനിമയുടെ അടിസ്ഥാനവിജയഘടകങ്ങളെ അതേമട്ടിലോ അല്ലാതെയോ ആവര്‍ത്തിക്കുക വീണ്ടും വിജയം നേടാനുള്ള എളുപ്പവഴിയാണ്.
അനുകരണത്തിന്റെ മറ്റൊരു പ്രയോഗസാദ്ധ്യതയാണ് പാരഡിവല്‍ക്കരണം. ആധുനികോത്തരകലാസൃഷ്‌ടികളുടെ ഒരു രീതിയുംകൂടിയാണ് പാരഡിവല്‍ക്കരണം. സിദ്ധാന്തം അറിയാമെങ്കിലും ഇല്ലെങ്കിലും തന്റെ കാലത്തു സൂക്ഷ്‌മദൃഷ്‌ടിയോടെയിരിക്കുന്ന ഒരു കലാകാരന് ഇതിന്റെ നല്ല ഉപയോഗം വശഗമായെന്നുവരാം. അല്ലാത്ത മോശം സൃഷ്‌ടികളിലും ഇതു കടന്നുകൂടും. അതു നല്ലതോ ചീത്തയോ രണ്ടുമായതോ രണ്ടുമല്ലാത്തതോ ഒക്കെയായിത്തീരും.
മലയാളസിനിമയുടെ അവസ്ഥയില്‍ നോക്കിയാല്‍ ടി.വി.ചന്ദ്രന്റെ ഡാനിയില്‍ ഇതൊരു നല്ല അവസ്ഥയിലും അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈയില്‍ ഒരു പരിധിവരെ നല്ലതായ രീതിയിലും തേജാഭായ് പോലെയുള്ള സിനിമകളില്‍ രണ്ടുമല്ലാത്തവിധം കെട്ടരീതിയിലും അതു വരുന്നുണ്ട്. എന്നാലും സിനിമാലയോ രസികരാജയോ കാണുമ്പോള്‍ ചിരി വരുന്നവര്‍ക്ക് ഈ മിമിക്രിയും ചിരിയുണ്ടാക്കുകതന്നെ ചെയ്യും.
തേജാഭായിയിലെ ഓരോ കഥാപാത്രവും പാരഡിയും മിമിക്രിയുമാണ്. നായകനായ റോഷന്‍ എന്ന തേജ മോഹന്‍ലാലിന്റെ അനേകം കഥാപാത്രങ്ങളായിട്ടാണ് നില്‍ക്കുന്നത്. കൂടെയുള്ള സ്യൂട്ടുധാരികളെ (അവരില്‍ മോഹന്‍ രാജും അജിത്തുമൊക്കെ സ്യൂട്ടിനടിയില്‍ ലുങ്കിതന്നെയാണോ ഉടുത്തിരിക്കുന്നതെന്നു സംശയമുണ്ട്) ആ പഴയ വിഗ്രഹത്തെ ഊട്ടിയുറപ്പിക്കാന്‍ ഒരുക്കിനിര്‍ത്തിയിരിക്കുന്നു. റോഷന്റെ തമാശയിലൂടെയുള്ള പ്രേമം മുഴുവന്‍ ലാലേട്ടന്‍ മുതല്‍ ദിലീപേട്ടന്‍ വരെയുള്ള ഏട്ടന്മാരുടെ നമ്പരുകളുടെ മിമിക്രിയായിത്തീരുന്നു.
തമാശവേഷം കൂടി അഭിനയിച്ചേ താരമാകൂ എന്നു പൃഥ്വിരാജ് ശാഠ്യം പിടിച്ചിട്ടാണോ അതോ, ഇപ്പോള്‍ പ്രചാരത്തിലുള്ള എസ്എംഎസ്, ഇമെയ്ല്‍ തമാശകള്‍ പോലെ സര്‍ദാര്‍ജിയെയും ടിന്റുമോനെയും വരെ കടത്തിവെട്ടി പൃഥ്വി നേടിയിരിക്കുന്ന മികച്ച തമാശക്കാരന്‍ എന്ന സ്റ്റാറ്റസ് ഉപയോഗപ്പെടുത്താമെന്ന് ദീപു കരുതിയിട്ടാണോ ഇതു സംഭവിച്ചതെന്നറിയില്ല.
സുകുമാരന്‍ കുറുക്കന്‍ രാജാവായി, കിന്നാരം തുടങ്ങിയ സിനിമകളില്‍ ഹാസ്യം ഭംഗിയാക്കിയിട്ടുണ്ട്. ആ ഗുണം ഇന്ദ്രനു കിട്ടിയിട്ടുണ്ടെങ്കിലും പൃഥ്വിക്കു കിട്ടിയില്ല. പകരം, ഇന്ദുമതി ചന്ദ്രമതിയിലൂടെ ജനത്തെ ചിരിപ്പിച്ചുചിരിപ്പിച്ചു മണ്ണുകപ്പിച്ച മല്ലിക സുകുമാരന്റെ ഹാസ്യാഭിനയചാതുര്യം ആണു പൃഥ്വിക്കു കിട്ടിയിരിക്കുന്നത്. ചമ്മലും വ്യാജഞെട്ടലും മറ്റും കാണുമ്പോള്‍ മല്ലികയുടെ മുഖമാണ് പൃഥ്വിയുടെ കഴുത്തിനുമേല്‍ കാണുന്നത്. ബ്ലേഡേ, വണ്ടിയെടടാ... എന്ന ഡയലോഗുപോലും പാരഡി പോലെയാണ്.
അതുപോലെ, തന്റെ ഗുരുവായ പ്രിയദര്‍ശന്റെ ചിത്രങ്ങളിലെ ആള്‍മാറാട്ടനാടകവും ക്ലൈമാക്‌സ് വിവാഹവും പാരഡി ചെയ്‌താണ് ദീപു തിരക്കഥ ചമയ്‌ക്കുന്നത്. ടൈപ്പു കഥാപാത്രങ്ങളുടെ ഘോഷയാത്രയും പാരഡി തന്നെ. അക്കൂട്ടത്തില്‍ ജഗദീഷിനെയൊന്നും സഹിക്കില്ല (എന്റെ പൊന്നുജഗദീഷേ, നിങ്ങളീ മന്ദബുദ്ധിയാണെന്നു തോന്നിക്കാന്‍, കൊഞ്ചുന്നപോലെ വര്‍ത്താനം പറയുകയും കണ്ണുരുട്ടുകയും വേണ്ട, ഒരു ഹാസ്യനടനെന്ന നിലയില്‍ നിങ്ങളുടെ കാലം കഴിഞ്ഞു. ഇനി വേറെന്തെങ്കിലുമൊന്നു വിട്ടുപിടി).
ജഗതി ശ്രീകുമാര്‍ പലവട്ടം അവതരിപ്പിച്ച കള്ളസ്വാമിയുടെ വേഷം ജഗതിയുടെ മറ്റൊരു രൂപമായ സുരാജ് അവതരിപ്പിക്കുന്നു. കണ്ണാടിയിലെ സ്വന്തം രൂപം കാണുമ്പോള്‍ എന്നെയൊന്നും ചെയ്യല്ലേ... ഞാന്‍ മുള്ളാന്‍ വന്നതാണേ എന്നും മറ്റുമുള്ള ഈ തമാശകൊണ്ട് സുരാജ് എത്രകാലം ജീവിക്കും? വജ്രവും കരിക്കട്ടയും കാര്‍ബണ്‍ തന്നെ. ജഗതിയും സുരാജും ഹാസ്യനടന്മാര്‍തന്നെ. അക്ഷരാര്‍ത്ഥത്തില്‍ പേടിച്ചുതൂറുന്ന സുരാജിയന്‍ രംഗമുണ്ട് ഈ ചിത്രത്തില്‍. സത്യം പറഞ്ഞാല്‍ തിയറ്ററുമൊത്തം നാറുന്ന ദുര്‍ഗന്ധമാണേ ആ രംഗങ്ങളില്‍ ഉണ്ടായത്.
ഫമീലിയ എന്ന വിദേശസിനിമയുടെ അടിസ്ഥാനപ്രമേയമാണ് ദീപു തേജാഭായിക്കു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്നു തോന്നുന്നു. ഒരിക്കലും പുതുമ എന്നൊന്ന് ആവശ്യമില്ല എന്നതാണു സത്യം. പുതുമ ഒന്നിന്റെ അല്‌പം വ്യത്യസ്‌തമെന്നു തോന്നിക്കുന്ന ആവര്‍ത്തനം മാത്രമാണ്. അതുകൊണ്ടാണ് പഴയ സിനിമകള്‍ പുതിയ നടന്മാര്‍ ചെയ്യുന്നത്.
തേജാഭായ് എന്ന സിനിമയില്‍ മലയാളത്തിലെ ഒരുപാടു സിനിമകള്‍ നേരിട്ടുതന്നെ കടന്നുവരുന്നുണ്ട്. റോഷനും വേദികയും (വിവാഹവേദിയില്‍ വേധിക എന്നാണ് എഴുതിവച്ചിരിക്കുന്നത്. വധിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ ആ പേരാണ് കഥാപാത്രത്തിനും നടിക്കും ചേരുക) തമ്മില്‍ ഉടക്കുമ്പോള്‍ റോഷന് അവള്‍ മറുപടി കൊടുക്കുന്നത് ചാനല്‍ മാറ്റി പല സിനിമകള്‍ കാട്ടിക്കൊണ്ടാണ്. നായിക എത്രയോ കാലമായി നാം കാണുന്ന അതേ നായികതന്നെയെന്നും ഈ രംഗം മനസ്സിലാക്കിത്തരുന്നു.
പല സിനിമകളിലെ നായിക നായകനെ തിരസ്‌കരിക്കുന്ന രംഗങ്ങളുടെ ഒരു മിശ്രണമാണാ സീന്‍. പക്ഷേ, അവസാനം എല്ലാ നായികമാരെയും പോലെ, നായകന്റെ കൈകളില്‍ വീണുതേങ്ങുന്ന നായികാചിത്രത്തിലാണ് ടെലിവിഷനിലെ ചലച്ചിത്രവും തേജാഭായിയും എത്തിച്ചേരുന്നത്. ഇതിനിടെ, തേന്മാവിന്‍ കൊമ്പത്ത് തേജാഭായിയിലെ ഏഷ്യാനെറ്റില്‍ പിന്നോട്ടോടിയോ എന്നു സംശയമുണ്ട്.
സുരാജ് ഭീമന്‍ രഘുവിനോട് ഭീമന്‍ രഘുവിനെ അനുകരിച്ചുകാട്ടുന്നതും ഭീമന്‍ രഘുവിന്റെ തമാശപ്രകാടനത്തെപ്പറ്റിയുള്ള സിനിമവച്ചുള്ള ഡയലോഗും സലിംകുമാര്‍ പല നടന്മാരുടെ ശബ്‌ദം അനുകരിക്കുന്നതും പല സിനിമകളെയും ഓര്‍മിപ്പിക്കുന്നതും ഒരു മധുരക്കിനാവെന്ന പാട്ടും ഒക്കെ പാരഡികളാകുന്നു.
മമ്മൂട്ടി - മോഹന്‍ലാല്‍ യുഗത്തുടക്കത്തില്‍ കൗമാരത്തിളപ്പിന്റെ അടയാളമായെത്തിയ നടനാണ് റഹ്‌മാന്‍. അതിന്റെ പീക്കായിരുന്നു കാണാമറയത്തിലെ ആ പാട്ട്. അതിവിടെ പാരഡിയാകുമ്പോള്‍ (റീമിക്‌സ്) പുതിയൊരു താരത്തമ്പുരാനെ വാഴിക്കാനുള്ള ഉദ്ദേശ്യം വ്യക്തം.
ഇപ്പോള്‍ ഞാനൊരു ഡയലോഗാണു പറയേണ്ടത്... പക്ഷേ, ടൈം ഇല്ല എന്നൊക്കെയാണ് തേജാഭായിയില്‍ പൃഥ്വിയുടെ ഡയലോഗുകള്‍. റഹ്‌മാനു സംഭവിച്ചതൊക്കെ ആലോചിക്കുമ്പോള്‍, ഭഗവാനേ, പൃഥ്വിരാജിനു ടൈം അല്‌പം കൂടി കൊടുക്കണേ എന്നേ പ്രാര്‍ത്ഥിക്കാനുള്ളൂ.
പിന്നെ, ഈ ഗഡാഗഡിയന്‍ മലേഷ്യന്‍ ഡോണിനെ മലേഷ്യക്കാരാരും കാണേണ്ട. നാടകട്രൂപ്പു പോലെയുള്ള തേജാസ് അധോലോകസംഘം പ്രൈവറ്റ് ലിമിറ്റഡിന്റെ വീരസാഹസികതകളൊക്കെക്കണ്ടാല്‍ തങ്ങളെ എത്ര വിലകുറച്ചാണ് മലയാളികള്‍ മനസ്സിലാക്കുന്നതെന്നോര്‍ത്ത് മലേഷ്യക്കാര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്‌തുകളയും. ഈ ഡോണിന്റെ ആസ്ഥാനം കോലാലംപൂര്‍. കൊളം, അലമ്പ്... ഇങ്ങനെ ചില വാക്കുകളാണ് ആ സ്ഥലനാമത്തില്‍നിന്നു നിഷ്‌പന്നമാക്കാവുന്നത്. ഈ വാക്കുകള്‍ പ്രേക്ഷകരില്‍ ചിലര്‍ ഇടയ്‌ക്കൊക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇതിനുപുറമേയും മലയാളസിനിമ, പ്രത്യേകിച്ചു പ്രിയദര്‍ശന്‍ സിനിമകള്‍ തേജാഭായിയുടെ പല രംഗത്തും നേരിട്ടും അല്ലാതെയും അനുകരണമായും ഒക്കെ കടന്നുവരുന്നുണ്ട്. സിനിമ എന്നാല്‍ ഒറിജിനല്‍ അല്ല എന്നു സ്വന്തം കരിയര്‍ കൊണ്ടു വ്യക്തമാക്കിയ സംവിധായകനാണു പ്രിയന്‍. രണ്ടു പതിറ്റാണ്ടായി കാഞ്ചിവരമല്ലാതെ ഒരു മൗലികപ്രമേയം കൊണ്ടു സിനിമയേ ചെയ്‌തിട്ടില്ല പ്രിയന്‍. അതേ കലാദര്‍ശനത്തെയാണ് ദീപുവും പിന്തുടരുന്നത്. ഒറിജിനലല്ല, അനുകരണമാണു കലയെന്നു ദീപു കരുതുന്നു. അതില്‍ തെറ്റില്ല. പക്ഷേ, അതിനും വേണം അല്‌പം പ്രതിഭാശാലിത്വം.
പ്രിയദര്‍ശന്‍ മലയാളസിനിമയോടു ചെയ്യുന്ന മഹാദ്രോഹം അദ്ദേഹത്തിന്റെ ശിഷ്യരിലൂടെയാണ് പുറത്തുവരുന്നത്. താനേ കേമനായിപ്പാടൂ എന്നു കരുതുന്ന പണിക്കന്‍ മകനെപ്പോലും നന്നായി പഠിപ്പിക്കില്ലെന്നാണു ചൊല്ല്. പ്രിയന്‍ അങ്ങനൊരാളാണെന്നു കരുതാം. വിശ്വനാഥന്‍ (ഹരിഹരന്‍പിള്ള ഹാപ്പിയാണ്), സോനു ശിശുപാല്‍ (ജയം, കാലചക്രം, വാമനപുരം ബസ് റൂട്ട്) മുരളി നാഗവള്ളി (വാണ്ടഡ്, അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്) ദീപു കരുണാകരന്‍ (വിന്റര്‍, ക്രേസി ഗോപാലന്‍, ഇപ്പോ തേജാഭായ്) എന്നിവരൊക്കെ ആ കളരിയില്‍ നിന്നു വരുന്നവരാണ്.
പ്രിയപ്രിയന്‍, ദയവു ചെയ്‌തു സത്യം പറയണം. ഇനിയും ഇതുപോലെ എത്രയെണ്ണം കൂടിയുണ്ട് കൂട്ടത്തില്‍? പിടിച്ചതിനേക്കാള്‍ വലുതാണോ അളയിലുള്ളത്? നിലമറിഞ്ഞ് പദമൂന്നിപ്പോകാനാണ്...
ബി. അബുബക്കര്‍








