പുതുമുഖസംവിധായകനായ എം.ശരവണന് സംവിധാനം ചെയ്ത് 2011 സെപ്തംബര്‍ മാസം പുറത്തിറങ്ങിയ തമിഴ്സിനിമയാണ് എങ്കേയും എപ്പോതും. 'ഗജിനി', 'ഏഴാം അറിവ്' മുതലായ ചിത്രങ്ങളിലൂടെ പ്രശസ്തനായ എ.ആര്. മുരുഗഡോസ് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. ജയ്, അഞ്ജലി, അനന്യ, ഷര്‍വാനന്ദ് മുതലായവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം സാമാന്യം നല്ല പ്രതികരണമാണ് തമിഴ് സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.
സിനിമ അതിന്റെ നേര്‍ക്കാഴ്ചയില്‍ വളരെ ലളിതമാണ്. തമിഴ് സിനിമാസ്വാദകര്‍ പൊതുവെ 'ന്യൂ വേവ്' എന്ന് സംബോധന ചെയ്യുന്ന രൂപവും ഭാവവുമാണ് ഈ സിനിമയും പിന്‍പറ്റുന്നത്. താടി വളര്‍ത്തിയ നായകകഥാപാത്രങ്ങള്‍, മേക്കപ്പില്ലാത്ത പെണ്‍കഥാപാത്രങ്ങള്‍ , റോഡപകടമെന്ന ഏകബിന്ദുവില്‍ പര്യവസാനിക്കുന്ന ഒന്നിലധികം കഥാതന്തുക്കള്‍, മനപ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള വയലന്‍സ് മുതലായവയില്‍ നിന്നും ഈ സിനിമയും വിടുതല്‍ നേടുന്നില്ല.
എങ്കിലും 'എങ്കേയും എപ്പോതും' വ്യത്യസ്തമാവുന്നത് അതിന്റെ നേര്‍ക്കാഴ്ചയില്‍ നിന്നല്ല മറിച്ച് ഇതേ പാതയില്‍ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് സാമൂഹ്യശാസ്ത്രപരമായ വിവിധതരം വായനകള്‍ക്ക് കുറേയേറെ സാധ്യതകള്‍ ഈ പടം നല്‍കുന്നുണ്ട് എന്നതുകൊണ്ടാണ്.
കുറേയേറെ സംഭവവികാസങ്ങള്‍ക്കൊടുവില്‍ പ്രണയബദ്ധരായിത്തീരുന്ന കതിരേശനും അഞ്ജലിയും കതിരേശന്റെ സ്വന്തം നാടായ അരസൂറിലേക്ക് ബസ്സില്‍ യാത്ര തിരിക്കുന്നു. അതേ സമയം താന്‍ സ്നേഹിക്കുന്ന അജ്ഞാതനായ ചെറുപ്പക്കാരനെ അന്വേഷിച്ച് ചെന്നൈ നഗരത്തില്‍ എത്തി നിരാശയായി തിരിച്ചു പോകേണ്ടി വരുന്ന അമുതയും തിരുച്ചിയിലേക്കുള്ള മടക്കബസ്സില് യാത്ര തിരിക്കുകയാണ്. സമാന്തരമായി അമുതയെ അന്വേഷിച്ച് തിരുച്ചിയില്‍ എത്തുന്ന അജ്ഞാതനായ ചെറുപ്പക്കാരന് തിരുച്ചിയില്‍ നിന്നും ചെന്നൈക്കുള്ള ബസ്സില്‍ യാത്ര തിരിക്കുന്നു [ഇതേ ബസ്സിലാണ് കതിരേശനും അഞ്ജലിയും ഉള്ളത്]. ഒടുവില്‍ ചെന്നൈ-ട്രിച്ചി ഹൈവേയില്‍ ഒരിടത്ത് വച്ച് രണ്ട് ബസ്സും തമ്മില്‍ കൂട്ടിയിടിക്കുന്നു. ഇത്രയുമാണ് പ്രധാന പ്ലോട്.
ഇത് രണ്ടുമല്ലാതെ വിദ്യാര്‍ത്ഥികളായ രണ്ട് യാത്രക്കാര്‍ തമ്മില്‍ ബസ്സില്‍ വച്ചുണ്ടാകുന്ന മറ്റൊരു പ്രണയകഥ കൂടി സിനിമയിലുണ്ട്. സിനിമയില്‍ അത്ര പ്രസക്തമല്ലാത്ത ഈ കഥാപാത്രങ്ങളും ഈ ആസ്വാദനത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് വഴിയേ കാണാം.
സിനിമയിലെ മുഖ്യകഥാപാത്രങ്ങളെല്ലാം തന്നെ സാധാരണക്കാരായ മനുഷ്യാത്മാക്കള്‍ തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വിവിധ ദ്വന്ദങ്ങളെ നേരിടേണ്ടി വരികയോ സ്വയം പ്രതിനിധീകരിക്കുകയോ ചെയ്യുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് ഇവിടെ കുറിക്കുന്നു.
ഗ്രാമവും നഗരവും എന്ന ദ്വന്ദം
നഗരത്തിലെത്തുന്ന ഗ്രാമീണന്റെ സ്ഥലകാലവിഭ്രമങ്ങള് ഒരുപാട് സിനിമകളില്‍ വിവിധകാലങ്ങളിലായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു കാലത്തെ ഹിന്ദിസിനിമകളില്‍ സ്ഥിരം രംഗങ്ങളിലൊന്നായിരുന്നു തൊഴില്‍ തേടി മുംബൈയിലെത്തിച്ചേരുന്ന നായകനെ റെയില്‍വേ സ്റ്റേഷനില്‍ ഏതെങ്കിലും മോഷ്ടാക്കള്‍ കൊള്ള ചെയ്യുന്നത്. 'യേ മുംബൈ ഹെ മേരീ ജാന്‍' എന്ന വഴിപോക്കന്റെ ഉപദേശത്തില്‍ അവസാനിക്കുന്ന ഇത്തരം സീനുകള്‍ ഇല്ലാതെ ഗോവിന്ദ, ഷാരൂഖ് ഖാന് സിനിമകള്‍ ഇറങ്ങില്ല എന്നായിരുന്നു അവസ്ഥ. എങ്കിലും വെറും ഉപരിപ്ലവങ്ങളായ ചില നര്മരംഗങ്ങളില് ഒതുങ്ങി നിന്നുവെന്നല്ലാതെ ഒരിക്കല്‍പോലും നഗര-ഗ്രാമീണദ്വന്ദങ്ങളെ വിശകലനം ചെയ്യുന്ന സിനിമകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം - 'നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം' പോലെ ചില അപൂര്‍വതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍.
അമുദയും പേരറിയാത്ത ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധം - ഗൗതം എന്നാണ് ചെറുപ്പക്കാരന്റെ പേരെന്ന് ക്ലൈമാകില്‍ അമുദ അറിയുന്നുണ്ട് - അതില്‍ തന്നെ പ്രത്യേകിച്ച് അമുദയുടെ കഥാപാത്രം, ഈ ദ്വന്ദത്തെ സ്വജീവിതത്തില്‍ നേരിട്ടറിയുന്നുണ്ട്. ഗ്രാമത്തിലെ ജോലിക്ക് പത്രാസും ശമ്പളവും പോരെന്ന നഗരവാസിയായ ചേച്ചിയുടെ അഭിപ്രായത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയാണ് അമുദ ഇന്റര്‍വ്യൂവിനായി ചെന്നൈ എത്തുന്നത്. ബസ് സ്റ്റേഷനില്‍ പ്രതീക്ഷിച്ചതിന് പ്രകാരം സ്വീകരിക്കാന്‍ ചേച്ചിക്ക് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ അമുദ അസ്വസ്ഥയാകുന്നു. ചേച്ചിയില്‍ നിന്നും അവള് മനസിലാക്കിയ നഗരം കള്ളന്മാരും വിശ്വസിക്കാന്‍ കൊള്ളാത്തവരും തിങ്ങിനിറഞ്ഞതാണ്.
മറ്റു വഴികള്‍ ഇല്ലാതെ ബസ് സ്റ്റാന്‍ഡില്‍ വച്ച് അജ്ഞാതനായ ഒരു ചെറുപ്പക്കാരന്റെ സഹായം അമുദ തേടുന്നു. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം വരെ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുകയും ആ ദിവസം ഒരുമിച്ച് ചിലവിടുകയും ചെയ്യുന്നു. ആ യാത്രയ്ക്കിടെ കല്പനകള്ക്കപ്പുറത്തുള്ള യഥാര്ത്ഥനഗരജീവിതം അമുദ കണ്ടറിയുന്നു.
സ്ത്രീ-പുരുഷ ദ്വന്ദങ്ങള്‍
കതിരേശന്റെയും അഞ്ജലിയുടെയും കഥാപാത്രങ്ങള്‍ സ്ത്രീ-പുരുഷബന്ധങ്ങളിലെ വ്യവസ്ഥാപിതമായ ചട്ടക്കൂടുകളോട് നിരന്തരം പോരടിച്ചുകൊണ്ടാണ് മുന്നേറുന്നത്. സ്വതവേ നാണം കുണുങ്ങിയായ കതിരേശനും എന്നാല്‍ അങ്ങേയറ്റം പക്വമതിയും യാഥാര്ഥ്യബോധമുള്ളവളുമായ അഞ്ജലിയും സ്ഥിരം പാത്രസങ്കല്പങ്ങളെ പരസ്പരം വച്ചുമാറുന്നുണ്ട്.
ഇവര്‍ തമ്മില്‍ ഉരുത്തിരിയുന്ന സ്നേഹബന്ധത്തിനിടയില്‍ ഒരിക്കല്‍ പോലും അഞ്ജലിയുടെ മേല്‍ ഏതെങ്കിലും തരത്തിലുള്ള അധികാരം സ്ഥാപിക്കുവാന്‍ കതിരേശനു സാധിക്കുന്നില്ല. അതേ സമയം അഞ്ജലി പതിവില്‍ കവിഞ്ഞ രീതിയില്‍ അധികാരബോധമുള്ളവളുമാണ്. ഒരു രംഗത്തില്‍ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം കതിരേശന്റെ വീട്ടിലെത്തി ചീട്ടുകളിക്കുന്ന അഞ്ജലിയെ നമുക്കു കാണാം. ഒപ്പം ചീട്ടുകളിക്കുന്ന വനിതകള്‍ക്കായി ചായയൊരുക്കി നല്ക്കുന്ന കതിരേശനെയും
ഉദാഹരണത്തിനു ഒരു ചെറിയ സംഘട്ടനത്തിനൊടുവില്‍ തന്റെ മുറിവില്‍ മരുന്നു പുരട്ടുന്ന അഞ്ജലിയോട് 'നീ ഡോക്ടറാണോ?' എന്ന് കതിരേശന് ചോദിക്കുന്നുണ്ട്. 'അല്ല നഴ്സാണ്' എന്ന മറുപടിയോട് കതിരേശന് പ്രതികരിക്കുന്നത് 'ഓ നേഴ്സായിരുന്നോ' എന്ന പുച്ഛവും നിരാശയും കലര്‍ന്ന മറുപടിയിലൂടെയാണ്. ഇത് സ്വാഭാവികമായും അഞ്ജലിയെ കുപിതയാക്കുന്നു. അതേ സമയം അമുദയെ സംബന്ധിച്ചേടത്തോളം 'തന്റെ രക്ഷകന്' എന്ന റോള്‍ ഏറ്റെടുക്കാന്‍ ഗൗതം പര്യാപ്തനാണോ എന്നാണ് അവള്‍ക്കറിയേണ്ടത്. ഗൗതമിന്റെ സ്ത്രീസഹപ്രവര്ത്തകരിലൊരാള് അവനെ വളരെക്കാലം ആരാധിച്ചു പിറകെ നടന്നിരുന്നു എന്നത് അവളെ സന്തുഷ്ടയാക്കുന്നുണ്ട്.
അമുത-ഗൗതം ജോടികള്‍ തമ്മിലുള്ള പ്രണയരംഗങ്ങളുടെ നേര്‍വിപരീതമായിട്ടാണ് അഞ്ജലി-കതിരേശന് ജോടികളുടെ പ്രണയരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അമുതയെന്ന വിദ്യാസമ്പന്നയായ ഗ്രാമീണയെ സംബന്ധിച്ചേടത്തോളം പേരറിയാത്ത തന്റെ കാമുകന് ഒരു സംരക്ഷകന്റെയും അമ്മൂമ്മക്കഥയിലെ രാജകുമാരന്റെയും പരിവേഷമാണുള്ളത്. ഗൗതം ഉപേക്ഷിക്കുന്ന കിംഗ്സ് സിഗററ്റ് പാക്കറ്റ് ഇടയ്ക്കിടെ ബാഗില്‍ നിന്നും പുറത്തെടുത്ത് അതില്‍ നോക്കി തന്റെ ഭാവി വൈവാഹിക ജീവിതത്തെ സ്വപ്നം കാണുന്നതാണ് അമുതയെ സംബന്ധിച്ചേടത്തോളം പ്രണയം.
അതേ സമയം അഞ്ജലി എന്ന നഴ്സ് യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്നവളും വിവാഹജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് വച്ചു പുലര്‍ത്തുന്നവളുമാണ്. കതിരേശനെന്ന അപക്വമതി ബന്ധത്തില്‍ സൃഷ്ടിക്കാവുന്ന വിടവുകളെ സംബോധന ചെയ്യാന്‍ അഞ്ജലി പ്രാപ്തയാണ്. അമുദയുടെ സങ്കല്പത്തില് വിരിയുന്ന അവരുടെ പ്രണയരംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അഞ്ജലിയുടെയും കതിരേശന്റെയും യഥാര്‍ത്ഥമായ പ്രണയരംഗങ്ങള്‍ സ്വാഭാവികമായും ശരീരങ്ങള്‍ തമ്മിലുള്ള ആകര്‍ഷണവും കൂടെ ഉള്‍പ്പെട്ടതാണ്. ഇത് തീര്‍ത്തും ഒരു ആകസ്മികതയായി കാണാന്‍ കഴിയില്ല. ഭാവനയിലെയും യാഥാര്‍ത്ഥ്യത്തിലെയും മനുഷ്യബന്ധങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് ഇവിടെ പ്രകടമാണ്.
ഇവിടെയാണ് മൂന്നാമത്തെ പ്രണയകഥ കൂടെ ചേര്‍ത്തുവായിക്കേണ്ടത്. ബസ്സില്‍ പരസ്പരം കണ്ടിഷ്ടപ്പെടുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കുകള്‍ കൊണ്ടല്ല, ശരീരഭാഷ കൊണ്ടാണ് പ്രണയം പരസ്പരം പ്രകടിപ്പിക്കുന്നത്. മേല്പറഞ്ഞ രണ്ടു തരം പ്രണയബന്ധങ്ങളുടെ നേര്പകുതിയിലെവിടെയോ ആണ് ഈ കഥാപാത്രങ്ങള്‍ നിലകൊള്ളുന്നത്. ഇവിടെ ആരും ആരുടെ മേലും വ്യക്തമായ അധികാരം സ്ഥാപിക്കുന്നില്ല. ഒടുവില്‍ തന്നെ പരിചയപ്പെടുത്താനായി ആണ്‍കുട്ടി പ്രയോഗിക്കുന്ന 'സൂത്രവിദ്യ' മൊബൈല്‍ ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നു എന്ന മട്ടില്‍ തന്റെ പേരും മേല്‍വിലാസവും ഫോണ്‍നമ്പറും പെണ്‍കുട്ടി കേള്‍ക്കെ ഉറക്കെപ്പറയുന്നു എന്നതാണ്. പെണ്‍കുട്ടി മടിച്ചു നില്‍ക്കാതെ ഇതേ വിദ്യ തിരിച്ചും പ്രയോഗിക്കുന്നു. തന്റെ കപടഫോണ്സംഭാഷണത്തിനൊടുവില് പെണ്‍കുട്ടി പയ്യന് കേള്‍ക്കാനായി ഇത്രയും കൂടെ ഉറക്കെ പറയുന്നു. 'ഞാനിതൊക്കെ ഇങ്ങനെ പറയുന്നതെന്തിനാണെന്ന് നീ ആശ്ചര്യപ്പെടുന്നുണ്ടാവും, നിനക്കാവാമെങ്കില്‍ പിന്നെന്താ എനിക്കിതൊക്കെ ആയ്ക്കൂടേ?'
വ്യക്തി-കുടുബം എന്ന ദ്വന്ദം
അഞ്ജലിയെ സംബന്ധിച്ചേടത്തോളം കതിരേശന് ഒരു വിവാഹജീവിതത്തിനു എത്ര മാത്രം പ്രാപ്തനാണ് എന്നത് പ്രധാനമാണ്. അത് കണ്ടേത്തേണ്ടത് സ്വന്തം ചുമതലയാണെന്ന ബോധ്യവും അവള്‍ക്കുണ്ട്. മുന്‍ബന്ധങ്ങളുടെ പേരില്‍ തന്നെ കതിരേശന് സംശയിക്കുമോ, പ്രായത്തിനു മൂത്ത തന്നെ വിവാഹം കഴിച്ചത് മണ്ടത്തരമായി എന്ന് സുഹൃത്തുക്കള്‍ പറഞ്ഞാല്‍ കതിരേശന് അതില്‍ വീഴുമോ, തുടങ്ങി കതിരേശന് എച്ചൈവി പോസിറ്റീവാണൊ എന്ന് വരെ പരീക്ഷിച്ചറിയാന്‍ അതിനാല്‍ തന്നെ അഞ്ജലി മടിക്കുന്നുമില്ല.
പരിണാമഗുപ്തിയില്‍ അമുദയുടെയും ഗൗതമിന്റെയും ഭാവനാത്മകമായ പ്രണയം ഭാവിയെക്കുറിച്ചുള്ള (നേരിയതെങ്കിലും) സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് അവസാനിക്കുമ്പോള്‍ അഞ്ജലിയുടെ പ്രണയം കതിരേശനെ നഷ്ടപ്പെടുക എന്ന എന്നെന്നേക്കുമായ യാഥാര്‍ത്ഥ്യത്തെ നേരിട്ടുകൊണ്ട് അവസാനിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ ഒരു സമൂഹാംഗമെന്ന നിലയിലും സ്ത്രീ-പുരുഷബന്ധങ്ങളിലെ പങ്കാളികളില്‍ ഒരാള്‍ എന്ന നിലയിലും ഒരു വ്യക്തി നേരിടേണ്ടിവരുന്ന സ്വത്വപ്രതിസന്ധികളെ ഒന്നിലധികം കോണുകളില്‍ നിന്നു വരച്ചു കാണിക്കുവാന്‍ സാധിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രസക്തി.
ശ്രീഹരി എസ്









